‘അമ്മേ, അച്ഛന്‍ എപ്പോള്‍ വീട്ടില്‍ വരും?’ ശാന്തി ദേവിയുടെ രണ്ട് പെണ്‍മക്കള്‍ വര്‍ഷങ്ങളായി എല്ലാ ദിവസവും അവരോട് ചോദിച്ചിരുന്ന ചോദ്യമാണിത്. അച്ഛന്‍ ജോലിക്ക് പോയിരിക്കുകയാണെന്നും ഉടന്‍ വീട്ടിലേക്ക് വരുമെന്നും അവള്‍ എപ്പോഴും മറുപടിയും പറയുമായിരുന്നു. വര്‍ഷങ്ങള്‍ കടന്നുപോകുമ്പോഴും മക്കളുടെ ചോദ്യവും ശാന്തിയുടെ മറുപടിയും അതേപടി തുടര്‍ന്നു.
ഈ രണ്ട് പെണ്‍കുട്ടികളുടെ പിതാവ്, ചന്ദ്രശേഖര്‍ ഹര്‍ബോള – ഒരു ഇന്ത്യന്‍ പട്ടാളക്കാരനായിരുന്നു. 1984 ല്‍ സിയാച്ചിന്‍ ഹിമാനിയില്‍ പട്രോളിംഗ് ഓപ്പറേഷനില്‍ അദ്ദേഹത്തെ കാണാതായി. ഇന്ത്യ-പാകിസ്ഥാന്‍ അതിര്‍ത്തിയോട് ചേര്‍ന്ന് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യുദ്ധഭൂമിയെന്നറിയപ്പെടുന്ന സ്ഥലത്താണ് 20 അംഗ യൂണിറ്റ് ഹിമപാതത്തില്‍ കുടുങ്ങിയത്.
ഈ ഭൂപ്രദേശം മനുഷ്യര്‍ക്ക് അധിവസിക്കാന്‍ അനുയോജ്യമല്ല. എന്നാല്‍ 1984-ല്‍ ഹിമാനിയെച്ചൊല്ലിയുള്ള ഒരു ഹ്രസ്വ യുദ്ധത്തെത്തുടര്‍ന്ന് ഇരുവിഭാഗങ്ങളിലേയും സൈനികര്‍ അവിടെ തമ്പടിച്ചു. ഇതിനിടെ ഉണ്ടായ ഹിമപാതത്തില്‍ അനേകം സൈനികര്‍ മരിച്ചു. 15 മൃതദേഹങ്ങള്‍ കണ്ടെടുത്തിരുന്നുവെങ്കിലും ഹര്‍ബോളയെ ഉള്‍പ്പെടെ അഞ്ച് പേരെ കാണാതായി.
അദ്ദേഹത്തെ കാണാതായതായി പ്രഖ്യാപിക്കുമ്പോള്‍ മൂത്തമകള്‍ കവിതയ്ക്ക് എട്ട് വയസ്സും ഇളയ മകള്‍ ബബിതയ്ക്ക് നാല് വയസ്സുമായിരുന്നു. ഏകദേശം നാല് പതിറ്റാണ്ടുകള്‍ക്ക് ശേഷം, ഇക്കഴിഞ്ഞ ദിവസം അവര്‍ക്ക് ഒടുവില്‍ അവരുടെ പിതാവിനെക്കുറിച്ചുള്ള വാര്‍ത്ത ലഭിച്ചു. പക്ഷേ അത് അവര്‍ പ്രതീക്ഷിച്ച തരത്തിലുള്ളതായിരുന്നില്ല.
കഴിഞ്ഞയാഴ്ച സിയാച്ചിന്‍ ഹിമാനിയില്‍ ഹര്‍ബോളയുടെ മൃതദേഹം കണ്ടെത്തിയതായി സൈന്യം അറിയിച്ചു. ഇത് അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ഹൃദയം തകര്‍ക്കുന്ന വാര്‍ത്തയായിരുന്നു. കാരണം ഹര്‍ബോള ജീവിച്ചിരിപ്പുണ്ടാകുമെന്ന് അവര്‍ പ്രതീക്ഷിച്ചിരുന്നു. അദ്ദേഹത്തെ പാകിസ്ഥാന്‍ സൈന്യം പിടികൂടിയിരിക്കാമെന്നും ഒരു ദിവസം, അദ്ദേഹം മടങ്ങി വരുമെന്നും അവര്‍ കരുതി.
എന്നാല്‍ ഈ ആഴ്ച ഹര്‍ബോളയുടെ മൃതദേഹം ഉത്തരാഖണ്ഡിലെ അവരുടെ ഗ്രാമത്തിലേക്ക് കൊണ്ടുവന്നപ്പോള്‍ അവരുടെ കാത്തിരിപ്പ് ദുരന്തത്തില്‍ അവസാനിച്ചു. അവിടെ അദ്ദേഹത്തെ പൂര്‍ണ സൈനിക ബഹുമതികളോടെ സംസ്‌കരിച്ചു.
ശാന്തി ദേവിയെ സംബന്ധിച്ചിടത്തോളം, കഴിഞ്ഞ 38 വര്‍ഷം രണ്ട് കാര്യങ്ങള്‍ മാത്രമായിരുന്നു ജീവിതലക്ഷ്യം. തന്റെ പെണ്‍മക്കളെ തന്നാല്‍ കഴിയുന്നത്ര നന്നായി വളര്‍ത്തുക, ഹര്‍ബോള എന്നെങ്കിലും തിരിച്ചുവരണമെന്ന് പ്രാര്‍ത്ഥിക്കുക.
ഹര്‍ബോളയെ കാണാതായതിനെ തുടര്‍ന്നുള്ള നാളുകളില്‍ നഴ്സിംഗില്‍ പരിശീലനം നേടിയ ശാന്തി ബാഗേശ്വര്‍ ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ജോലിയില്‍ പ്രവേശിച്ചു. പെണ്‍മക്കളുടെ വിദ്യാഭ്യാസത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. എല്ലാവരും നിര്‍ബന്ധിച്ചിട്ടും പുനര്‍വിവാഹത്തെക്കുറിച്ച് അവള്‍ ചിന്തുച്ചതു പോലുമില്ല. കാരണം അവള്‍ ഒരിക്കലും പ്രതീക്ഷ കൈവിട്ടില്ല. ഭര്‍ത്താവ് വരുമെന്ന പ്രതീക്ഷയിലുള്ള കാത്തിരിപ്പ് ഓരോ ദിവസവും നിരാശയില്‍ അവസാനിക്കുമെങ്കിലും അത് ശാന്തി ദേവിയുടെ പ്രതീക്ഷകളെ തകര്‍ത്തില്ല.
”എന്റെ മക്കള്‍ക്ക് അവരുടെ അച്ഛന്‍ ഒരു ദിവസം തിരിച്ചു വരുമെന്ന് ഞാന്‍ ഉറപ്പ് നല്‍കിയിരുന്നു,” ശാന്തി ദേവി തന്റെ ഭര്‍ത്താവിന്റെ ചിത്രം നോക്കി വേദനയോടെ പറഞ്ഞു.
ഇപ്പോള്‍ ആ പ്രതീക്ഷകളെല്ലാം തകര്‍ന്നുവെന്ന് വിശ്വസിക്കാന്‍ അവര്‍ പാടുപെടുകയാണ്.
മൃതദേഹം കണ്ടെത്തിയത്
ഒരു സൈനിക യൂണിറ്റിന്റെ പതിവ് പട്രോളിംഗിനിടെയാണ് അവര്‍ ഒരു ബങ്കര്‍ കണ്ടത്. അടുത്ത് ചെന്നപ്പോള്‍ ഒരു മൃതദേഹം കണ്ടെത്തി. ലോഹക്കഷണത്തില്‍ കൊത്തിവെച്ച ഹര്‍ബോളയുടെ ആര്‍മി ഐഡി നമ്പര്‍ അപ്പോഴും കേടുകൂടാതെയിരുന്നു. അവര്‍ വിവരം ആസ്ഥാനത്തെ അറിയിക്കുകയും രേഖകള്‍ വിശദമായി പരിശോധിച്ച ശേഷം മൃതദേഹം കാണാതായ സൈനികന്‍ ചന്ദ്രശേഖര്‍ ഹര്‍ബോളയുടേതാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. തുടര്‍ന്ന് സൈന്യം കുടുംബവുമായി ബന്ധപ്പെട്ടു.
ഹൃദയഭേദകമായ രംഗങ്ങള്‍
ഇപ്പോള്‍ 46 വയസ്സുള്ള കവിതയും 42 വയസ്സുള്ള ബബിതയും ഹര്‍ബോളയുടെ മൃതദേഹം കയറ്റിയ ട്രക്ക് വരുമ്പോള്‍ അമ്മയോടൊപ്പം കാത്തുനില്‍ക്കുകയായിരുന്നു. അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ ബന്ധുക്കളും അയല്‍വാസികളും പൊതുജനങ്ങളുമടക്കം വന്‍ ജനാവലി തടിച്ചുകൂടിയിരുന്നു. ചന്ദ്രശേഖര്‍ ഹര്‍ബോള അമര്‍ രഹേ (ചന്ദ്രശേഖര്‍ ഹര്‍ബോള അനശ്വരനായിരിക്കും) എന്ന മുദ്രാവാക്യങ്ങളാല്‍ ആ പ്രദേശം പ്രതിധ്വനിച്ചു. അവിടെയുണ്ടായിരുന്ന എല്ലാവരുടെയും കണ്ണുകള്‍ നിറഞ്ഞിരുന്നു. കുടുംബം ഇപ്പോഴും ഞെട്ടലിലാണ്. എന്നാല്‍ തന്റെ രാജ്യത്തെ സേവിക്കുന്നതിനിടയില്‍ ഹര്‍ബോള തന്റെ ജീവന്‍ ബലിയര്‍പ്പിച്ചതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നുവെന്നും അവര്‍ പറയുന്നു.
കാണാതായ മറ്റ് സൈനികര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ സൈന്യം അവസാനിപ്പിച്ചിട്ടില്ലെന്ന് ഹര്‍ബോളയുടെ ശവസംസ്‌കാര വേളയില്‍ അവിടെയുണ്ടായിരുന്ന ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. ‘ഈ വേനല്‍ക്കാലത്ത് സിയാച്ചിന്‍ ഹിമാനികള്‍ ഉരുകാന്‍ തുടങ്ങിയപ്പോള്‍, നഷ്ടപ്പെട്ട ജവാന്മാര്‍ക്കായുള്ള തിരച്ചില്‍ വീണ്ടും ആരംഭിച്ചു, ഞങ്ങള്‍ ഹര്‍ബോളയെ കണ്ടെത്തി. മറ്റുള്ളവരെയും കണ്ടെത്തുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു’. അദ്ദേഹം പറഞ്ഞു.