ഇന്നത്തെ കുട്ടികളിൽ വായനാശീലം കുറഞ്ഞുവരുന്നതായി കാണാൻ സാധിക്കും. ഡിജിറ്റൽ ലോകത്തിന്റെ സ്വാധീനമാണ് കുട്ടികളിൽ വായന കുറയുന്നതിന്റെ ഒരു പ്രധാനപ്പെട്ട കാരണം. എങ്കിലും ഒരു കുട്ടിക്ക് വളർത്തിയെടുക്കാൻ കഴിയുന്ന ഏറ്റവും മൂല്യവത്തായ ശീലങ്ങളിൽ ഒന്നാണ് വായന. വായന കുട്ടികളെ അക്കാദമികമായി വളരാൻ സഹായിക്കുക മാത്രമല്ല, സഹാനുഭൂതി വളർത്തുകയും ഭാവന വളർത്തുകയും ചെയ്യുന്നു.
കുടുംബങ്ങളെ സംബന്ധിച്ചിടത്തോളം, കുട്ടികളുടെ മനസ്സിനെ പുഷ്ടിപ്പെടുത്തുന്ന കഥകളാൽ പരിപോഷിപ്പിക്കാനും അവരെ സദ്ഗുണമുള്ളതും പ്രചോദനാത്മകവുമായ കാര്യങ്ങളിലേക്ക് നയിക്കാനും വായനയിലൂടെ സാധിക്കും. വായിക്കാൻ മടിയുള്ള ഒരു കുട്ടിയിൽ എങ്ങനെ വായന പ്രോത്സാഹിപ്പിക്കാൻ സാധിക്കും. അതിനായി അവരെ സഹായിക്കുന്നതിനുള്ള ചില ആശയങ്ങൾ ഇതാ.
1. വായന കുടുംബജീവിതത്തിന്റെ ഭാഗമാക്കുക
മാതാപിതാക്കളോ, സഹോദരങ്ങളോ പുസ്തകങ്ങൾ വായിക്കുന്നത് ആസ്വദിക്കുന്നത് കാണുമ്പോൾ, കുട്ടികൾക്കും വായനയോട് ആഗ്രഹം തോന്നാൻ സാധ്യതയുണ്ട്. ഒരു നിശ്ചിത സമയം വായനയ്ക്കായി കുടുംബാംഗങ്ങൾ എല്ലാവരും ചിലവഴിക്കുക. അത്താഴത്തിനുശേഷമോ അല്ലെങ്കിൽ ഉറങ്ങുന്നതിനു തൊട്ടുമുമ്പോ അതിനായി മാറ്റിവയ്ക്കാം. വായനയുടെ ഇടയ്ക്ക് ആസ്വദിക്കാൻ എന്തെങ്കിലും മധുരപലഹാരങ്ങളും ആകാം. ഇത് വായനയെ ആസ്വാദ്യകരവും കുടുംബത്തിലെ ഊഷ്മളമായ മുഹൂർത്തവുമാക്കി മാറ്റാൻ കുട്ടികളെ സഹായിക്കുന്നു.
2. കുട്ടികളുടെ താൽപര്യങ്ങൾ പിന്തുടരുക
കുട്ടികളുടെ താൽപര്യങ്ങൾ അപ്രതീക്ഷിതമോ, നിസ്സാരമോ എന്നു തോന്നിയാലും അവരുടെ താൽപര്യങ്ങളുമായി പൊരുത്തപ്പെടുന്ന പുസ്തകങ്ങൾ തിരഞ്ഞെടുക്കാൻ അവരെ അനുവദിക്കുക. നിങ്ങളുടെ കുട്ടി ശരിക്കും സ്പോർട്സിൽ താൽപര്യമുള്ള ആളാണെകിൽ അത്ലറ്റുകളുടെ പുസ്തകങ്ങളോ, ജീവചരിത്രങ്ങളോ കണ്ടെത്താൻ ശ്രമിക്കുക. മൃഗങ്ങൾ, സാഹസികത, ഫാന്റെസി, കോമിക് പുസ്‌തകങ്ങൾ എന്നിവ ഇഷ്ടപ്പെടുന്നെങ്കിൽ അവർക്ക് അത്തരം പുസ്തകങ്ങൾക്കുള്ള സാഹചര്യം ഒരുക്കുക. ഓർക്കുക, വായന ആകർഷകമാക്കുക എന്നതാണ് ലക്ഷ്യം. കാലക്രമേണ, നിങ്ങൾക്ക് കൂടുതൽ നല്ല പുസ്തകങ്ങളിലേക്ക് അവരെ നയിക്കാൻ സാധിക്കും. അവരുടെ അഭിരുചികളെ മാനിക്കുന്നതിലൂടെ അവരുടെ താൽപര്യങ്ങളെ വിലമതിക്കുകയാണ് ചെയ്യുന്നത്.
3. ഒരുമിച്ച് ഉറക്കെ വായിക്കുക
പുസ്‌തകങ്ങൾ ഉറക്കെ വായിക്കുന്നത് കേൾക്കുന്നതിലൂടെ കൊച്ചുകുട്ടികൾ മാത്രമല്ല, മുതിർന്ന കുട്ടികൾപോലും പ്രയോജനം നേടുന്നു. മാത്രമല്ല, അവർ സ്വന്തമായി തിരഞ്ഞെടുക്കാത്ത കഥകളോട് ഒരു ആഭിമുഖ്യം വളർത്താനും ഇടയാകും. മാറിമാറി വായിക്കുക, വ്യത്യസ്ത ശബ്‌ദങ്ങൾ ഉപയോഗിക്കുക. അതിലൂടെ സാഹസികതയും മൂല്യങ്ങളും അർഥവത്തായ ചർച്ചകൾക്കും കാരണമാകും.
4. വായനയ്ക്കായി പ്രത്യേക ഇടം
വായനയ്ക്കായി പ്രത്യേക ഇടം സജ്ജമാക്കുക. സുഖപ്രദമായ ഒരു കസേര, ഒരു ചെറിയ പുസ്തക ഷെൽഫ്, നല്ല വെളിച്ചം എന്നിവ സജ്ജമാക്കുന്നതിലൂടെ വായനയോട് താൽപര്യം ഉണ്ടാക്കാം. അങ്ങനെ കുട്ടികൾ പോകാൻ ആഗ്രഹിക്കുന്ന ഒരു സ്ഥലമാക്കി അവിടം മാറ്റുക. അവർ മുമ്പ് പരിഗണിക്കാത്ത പുസ്തകങ്ങൾ ഉൾപ്പെടെ പുസ്‌തകങ്ങൾക്കൊപ്പം സ്റ്റോക്ക് ചെയ്യുക.
5. ഓഡിയോ ബുക്കുകൾ പരിചയപ്പെടുത്തുക
കുട്ടികളെ കഥകളിൽ മുഴുകിനിർത്താനുള്ള മികച്ച മാർഗമാണ് ഓഡിയോ ബുക്കുകൾ. പ്രത്യേകിച്ച് ദീർഘദൂര കാർ യാത്രകളിലോ, ജോലികൾ ചെയ്യുമ്പോഴോ ഓഡിയോ ബുക്കുകൾ ശ്രവിക്കുന്നത് ഒരു പുസ്തകം വായിക്കുന്നതുപോലെതന്നെ പ്രയോജനകരവും അവരുടെ പദസമ്പത്തും ഗ്രാഹ്യവും വർധിപ്പിക്കാൻ സഹായിക്കുകയും ചെയ്യും. കുട്ടികൾ ആസ്വദിച്ചേക്കാവുന്ന ഓഡിയോ ബുക്കുകൾ പരിചയപ്പെടുത്താൻ ശ്രമിക്കുക. തുടർന്ന് കൂടുതൽ വായിക്കാൻ താൽപര്യമുള്ളപ്പോൾ ആ പുസ്തകങ്ങൾ വായിക്കാൻ അവരെ പ്രോത്സാഹിപ്പിക്കുക.
6. കുട്ടിക്കാലത്ത് നിങ്ങൾ വായിച്ച പുസ്തകങ്ങൾ പരിചയപ്പെടുത്തുക
മാതാപിതാക്കൾ തങ്ങളുടെ മക്കളുടെ പ്രായത്തിൽ വായിച്ച പുസ്തകങ്ങൾ അവരെ പരിചയപ്പെടുത്തുക. മാതാപിതാക്കൾ ഈ പുസ്‌തകങ്ങളെ ഇഷ്ടപ്പെട്ടിരുന്നു എന്നറിയുന്നത് അവ മൂല്യവത്തായതായി കാണാൻ കുട്ടികളെ കൂടുതൽ സഹായിക്കും.
7. വായിക്കാനുള്ള കുട്ടികളുടെ പരിശ്രമങ്ങളെ പ്രശംസിക്കുക
വായിക്കാനുള്ള കുട്ടികളുടെ പരിശ്രമങ്ങളെ പ്രശംസിക്കുക. അവർ ദിവസത്തിൽ കുറച്ച് പേജുകൾ മാത്രം പൂർത്തിയാക്കിയാലും വായനയോടുള്ള അവരുടെ പ്രതിബദ്ധതയിൽ നിങ്ങൾ അഭിമാനിക്കുന്നുവെന്ന് അവരെ അറിയിക്കുക. ഒരു പുതിയ പുസ്‌തകം പരീക്ഷിച്ചതിന്, അവർക്ക് താൽപര്യമുണർത്തുന്ന കാര്യത്തെക്കുറിച്ച് നിങ്ങളോട് പറഞ്ഞതിന് കുട്ടികളെ അഭിനന്ദിക്കുക.
വായനയെ സ്നേഹിക്കാൻ കുട്ടികളെ സഹായിക്കുന്നത് ഒരു പൂന്തോട്ടം നട്ടുപിടിപ്പിക്കുന്നതുപോലെയാണ്. ഇതിന് അൽപം ശ്രദ്ധ ആവശ്യമാണ്. എന്നാൽ, താമസിയാതെ നിങ്ങൾ പ്രതീക്ഷിക്കാത്ത വിധത്തിൽ അവ പൂക്കും. വായനയോടുള്ള ഇഷ്ടം മറ്റ് ലോകങ്ങളിലേക്കുള്ള വാതിലുകൾ തുറക്കുകയും അവരുടെ മൂല്യങ്ങളെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. വായന ആജീവനാന്ത സന്തോഷത്തിന്റെയും വളർച്ചയുടെയും ഉറവിടമായി മാറ്റാൻ നമുക്ക് അവരെ പ്രോത്സാഹിപ്പിക്കാം.