ഫോസിൽ ഇന്ധനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിന്റെ ഭാഗമായി ആണവോർജ്ജ ഉൽപ്പാദനം വൻതോതിൽ വർദ്ധിപ്പിക്കാൻ ചൈന തയ്യാറെടുക്കുന്നു. രൂപകൽപ്പന മുതൽ നിർമ്മാണം വരെയുള്ള എല്ലാ ഘട്ടങ്ങളും ഒരേസമയം 50 പ്രോജക്റ്റുകളിൽ കൈകാര്യം ചെയ്യാൻ തങ്ങൾക്ക് സാധിക്കുമെന്ന് ചൈനീസ് ആണവ അതോറിറ്റി അറിയിച്ചു.അമേരിക്ക-ഇറാൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇന്ധന ലഭ്യതയിൽ ഉണ്ടായേക്കാവുന്ന പ്രതിസന്ധി മറികടക്കാനും ഫോസിൽ ഇന്ധനങ്ങളിലുള്ള ആശ്രയം കുറയ്ക്കാനുമാണ് ചൈനയുടെ ഈ നീക്കം.
ചൈന ന്യൂക്ലിയർ എനർജി അസോസിയേഷൻ (CNEA) ഈ ആഴ്ച പുറത്തിറക്കിയ റിപ്പോർട്ടിലാണ് രാജ്യത്തിന്റെ ഈ വൻ മുന്നേറ്റത്തെക്കുറിച്ച് വ്യക്തമാക്കുന്നത്. നിലവിൽ 125 ദശലക്ഷം കിലോവാട്ട് ആണവോർജ്ജ ശേഷിയുള്ള ചൈന, ഈ മേഖലയിൽ ആഗോളതലത്തിൽ ഒന്നാം സ്ഥാനത്താണ്. ചൈനയിൽ ഇപ്പോൾ 60 വാണിജ്യ ആണവ റിയാക്ടറുകൾ പ്രവർത്തിക്കുന്നുണ്ട്. 36 എണ്ണത്തിന്റെ നിർമ്മാണം പുരോഗമിക്കുന്നു. ഇത് ആഗോളതലത്തിൽ നടക്കുന്ന ആകെ ആണവ റിയാക്ടർ നിർമ്മാണത്തിന്റെ പകുതിയിലധികം വരും.
2030-ഓടെ അമേരിക്കയെ മറികടന്ന് ലോകത്തിലെ ഏറ്റവും വലിയ ആണവോർജ്ജ ഉൽപ്പാദകരാകാനാണ് ചൈന ലക്ഷ്യമിടുന്നത്. 2040-ഓടെ ആണവോർജ്ജ ശേഷി 200 ജിഗാവാട്ടിലേക്ക് എത്തിക്കാനും പദ്ധതിയുണ്ട്. മൂന്ന്, നാല് തലമുറകളിൽപ്പെട്ട അത്യാധുനിക ആണവ സാങ്കേതിക വിദ്യകളിലും ചെറുകിട മോഡുലാർ റിയാക്ടറുകളിലും ചൈന വലിയ പുരോഗതി കൈവരിച്ചതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

