Tuesday, June 2, 2026

എബോള പ്രതിരോധിക്കാൻ കോംഗോയ്ക്ക് ചൈനയുടെ അടിയന്തിര സഹായം; വിദഗ്ദ്ധ മെഡിക്കൽ സംഘങ്ങളെ അയക്കും

ആഫ്രിക്കൻ രാജ്യമായ കോംഗോയിൽ പടർന്നുപിടിക്കുന്ന എബോള രോഗബാധയെ പ്രതിരോധിക്കുന്നതിനായി ചൈന അടിയന്തിര മാനുഷിക സഹായങ്ങൾ പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി രോഗബാധിത പ്രദേശങ്ങളിൽ സേവനം ചെയ്യുന്നതിനായി ചൈനയിൽ നിന്നുള്ള പ്രത്യേക മെഡിക്കൽ വിദഗ്ദ്ധ സംഘങ്ങളെ ഉടൻ തന്നെ അങ്ങോട്ട് അയക്കുമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു. കോംഗോ കൂടാതെ ആഫ്രിക്കൻ യൂണിയൻ, ആഫ്രിക്കൻ രോഗ നിയന്ത്രണ കേന്ദ്രം എന്നിവയ്ക്കും എബോളയ്ക്കെതിരെയുള്ള പോരാട്ടത്തിൽ ചൈന പൂർണ്ണ പിന്തുണ ഉറപ്പുനൽകിയിട്ടുണ്ട്.

ലോകാരോഗ്യ സംഘടനയുടെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം കോംഗോയിലും ഉഗാണ്ടയിലുമായി ഇതുവരെ 134 പേർക്ക് എബോള രോഗബാധ സ്ഥിരീകരിക്കുകയും അതിൽ 18 മരണങ്ങൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ മെയ്  15-ന് രോഗബാധ പ്രഖ്യാപിച്ചതിനു ശേഷം ആയിരത്തിലധികം ആളുകളാണ് ഇപ്പോൾ രോഗലക്ഷണങ്ങളോടെ നിരീക്ഷണത്തിൽ കഴിയുന്നത്. കോംഗോയിലെ മൂന്ന് കിഴക്കൻ പ്രവിശ്യകളെയാണ് നിലവിൽ ഈ മാരക വൈറസ് ബാധ വലിയ രീതിയിൽ ബാധിച്ചിട്ടുള്ളതെന്നാണ് ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നത്.

അതേസമയം എബോള വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ചില വിദേശ രാജ്യങ്ങൾ ഏർപ്പെടുത്തിയ യാത്രാ വിലക്കുകൾ പുനഃപരിശോധിക്കണമെന്ന് ലോകാരോഗ്യ സംഘടനയുടെ തലവൻ ആവശ്യപ്പെട്ടു. അമേരിക്ക, കാനഡ തുടങ്ങിയ രാജ്യങ്ങൾ കോംഗോ, ഉഗാണ്ട തുടങ്ങിയ ഇടങ്ങളിൽ നിന്നുള്ളവർക്ക് വിസ നിഷേധവും യാത്രാ നിയന്ത്രണങ്ങളും ഇതിനോടകം തന്നെ ഏർപ്പെടുത്തിയിട്ടുണ്ട്. അതിർത്തി പങ്കിടുന്ന അയൽരാജ്യങ്ങൾ പോലും അതിരുകൾ അടയ്ക്കുന്ന സാഹചര്യത്തിൽ ഇത്തരം നിയന്ത്രണങ്ങൾ ഒഴിവാക്കണമെന്നാണ് അന്താരാഷ്ട്ര ആരോഗ്യ സംഘടന ആവശ്യപ്പെടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News