Tuesday, June 2, 2026

സുഡാനിൽ കോളറ പടർന്നുപിടിക്കുന്നു; പടിഞ്ഞാറൻ കോർദോഫാനിൽ 77 മരണം; അടിയന്തര യോഗം വിളിച്ച് ആരോഗ്യ മന്ത്രാലയം

ആഭ്യന്തര യുദ്ധവും മെഡിക്കൽ സാമഗ്രികളുടെ ദൗർലഭ്യവും മൂലം വലയുന്ന സുഡാനിൽ കോളറ ബാധിച്ച് മരണസംഖ്യ ഉയരുന്നു. സുഡാനിലെ പടിഞ്ഞാറൻ കോർദോഫാൻ പ്രവിശ്യയിൽ മെയ് 27 വരെയുള്ള കണക്കുകൾ പ്രകാരം 77 പേർ കോളറ ബാധിച്ച് മരണപ്പെട്ടതായി ഫെഡറൽ ആരോഗ്യ മന്ത്രാലയം ഞായറാഴ്ച അറിയിച്ചു. ഇതേതുടർന്ന് രാജ്യത്തെ ആരോഗ്യസ്ഥിതി വിലയിരുത്താൻ മന്ത്രാലയം അടിയന്തര ഏകോപന യോഗം വിളിച്ചുചേർത്തു.

പടിഞ്ഞാറൻ കോർദോഫാനിൽ ഇതുവരെ 308 പേർക്കാണ് കോളറ സ്ഥിരീകരിച്ചത്. ഇതിൽ 99 രോഗികൾ സുഖം പ്രാപിച്ചപ്പോൾ 32 പേർ ഇപ്പോഴും ചികിത്സയിലാണ്. രോഗബാധിത പ്രദേശങ്ങളിലേക്ക് പ്രവേശിക്കുന്നതിനും മെഡിക്കൽ സാമഗ്രികൾ എത്തിക്കുന്നതിനുമുള്ള ബുദ്ധിമുട്ടുകളാണ് രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളിയെന്ന് യോഗം വിലയിരുത്തി.

ആരോഗ്യ മന്ത്രി ഹൈതം മുഹമ്മദ് ഇബ്രാഹിമിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അന്താരാഷ്ട്ര പങ്കാളിത്ത സംഘടനകളുടെ പ്രതിനിധികളും പങ്കെടുത്തു. കോളറ പ്രതിരോധത്തിന് പുറമെ ചില ആഫ്രിക്കൻ രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്ത എബോള സുഡാനിലേക്ക് പടരാതിരിക്കാനുള്ള മുൻകരുതലുകളും യോഗം ചർച്ച ചെയ്തു. മെയ് അവസാനത്തോടെയാണ് പടിഞ്ഞാറൻ കോർദോഫാനിൽ കോളറ പൊട്ടിപ്പുറപ്പെട്ടത്. നേരത്തെ രാജ്യത്ത് പടർന്നുപിടിച്ച കോളറ മാസ് വാക്സിനേഷനിലൂടെ നിയന്ത്രണവിധേയമാക്കിയതായി പ്രഖ്യാപിച്ച് ആറാഴ്ചയ്ക്ക് ശേഷമാണ് പുതിയ തരംഗം ഉണ്ടായിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News