Wednesday, November 27, 2024

ക്വാറന്റൈന്‍ കേന്ദ്രത്തില്‍ ദുരിതം പേറി, ഷാങ്ഹായ് നഗരത്തിലെ വയോധികര്‍

ചൈനയിലെ ഷാങ്ഹായ് നഗരത്തില്‍ അഞ്ച് ആഴ്ചയായി നീണ്ടുനില്‍ക്കുന്ന ലോക്ക്ഡൗണ്‍ മൂലം ബുദ്ധിമുട്ടുകയാണ് നഗരത്തിലെ ആയിരക്കണക്കിന് പ്രായമായ ആളുകള്‍. മാര്‍ച്ച് ആദ്യം വൈറസ് പൊട്ടിപ്പുറപ്പെട്ടതിനുശേഷം, 500,000-ത്തിലധികം ആളുകള്‍ പോസിറ്റീവായി. അവരില്‍ ഏകദേശം 10,000 പേര്‍ 80 വയസ്സിനു മുകളില്‍ പ്രായമുള്ളവരാണ്.

രോഗം ബാധിച്ചവരോ അവരുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തുന്നവരോ ആയ എല്ലാവരെയും സര്‍ക്കാര്‍ നടത്തുന്ന ക്വാറന്റൈന്‍ കേന്ദ്രത്തിലേക്ക് അയക്കണമെന്നാണ് ചൈനയുടെ കോവിഡ് നിയമത്തില്‍ ആവശ്യപ്പെടുന്നത്. അതുകൊണ്ടുതന്നെ വയോധികരും ഇത്തരം കേന്ദ്രങ്ങളിലേയ്ക്ക് മാറേണ്ടതായി വരുന്നു.

ഇത്തരം കേന്ദ്രങ്ങളില്‍ നൂറുകണക്കിന് ആളുകളെ ഒരുമിച്ചു താമസിപ്പിക്കുന്നത് വെല്ലുവിളിയാണ്. അടഞ്ഞുകിടക്കുന്ന ടോയ്ലറ്റുകളും കവിഞ്ഞൊഴുകുന്ന ചവറ്റുകുട്ടകളുമുള്ള വൃത്തിഹീനമായ സാഹചര്യങ്ങളും വെളിപ്പെടുത്തുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ അടുത്തിടെ വൈറലായിരുന്നു.

അത്തരത്തിലുള്ള ഒരു കേന്ദ്രത്തിലുള്ള തന്റെ 90 വയസ്സുള്ള മുത്തശ്ശി, വൃത്തിഹീനമായ അവസ്ഥകളോട് മല്ലിടുകയാണെന്നും, ശരിയായി ഉറങ്ങാന്‍ കഴിയാതെയും, സ്വയം സംരക്ഷിക്കാന്‍ ശേഷിയില്ലാതെയും വലയുകയാണെന്നും ഷാങ്ഹായിലെ ഒരു സ്ത്രീ വെളിപ്പെടുത്തുന്നു.

അസുഖം മൂലം മുത്തശ്ശിയുടെ ഒരു കാലിന് മരപ്പുണ്ട്. നടക്കാനും ബുദ്ധിമുട്ടാണ്. ടോയ്ലറ്റ് ബ്ലോക്ക് അവരുടെ കിടക്കയില്‍ നിന്ന് 100 മീറ്ററിലധികം അകലെയാണ്. അതിനാല്‍ അവിടേയ്ക്കുള്ള നടത്തം ഒഴിവാക്കുന്നതിനായി അവര്‍ വെള്ളം കുടിക്കുന്നത് പോലും ഒഴിവാക്കാന്‍ ശ്രമിക്കുകയാണ്.

ഭാഗ്യവശാല്‍ ക്വാറന്റൈന്‍ കേന്ദ്രത്തില്‍ മനുഷ്യത്വമുള്ള ഒരു സ്ത്രീയുണ്ട്. അവര്‍ എന്റെ മുത്തശ്ശിയെ ടോയ്ലറ്റില്‍ കൊണ്ടുപോകുകയും ഭക്ഷണം കഴിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. എന്റെ മുത്തശ്ശി അവിടെ തനിച്ചായിരുന്നെങ്കില്‍, അവര്‍ക്ക് അതിജീവിക്കാന്‍ കഴിയുമായിരുന്നില്ല. പ്രായമായ ആളുകള്‍ക്ക് അത്തരം ചുറ്റുപാടുകളുമായി പൊരുത്തപ്പെടാന്‍ കഴിയില്ല’. പേരു വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ആ സ്ത്രീ പറയുന്നു.

തന്റെ മുത്തശ്ശിക്ക് മരുന്നുകളോ ശരിയായ ചികിത്സയോ ലഭിക്കുന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പരമ്പരാഗത ചൈനീസ് മരുന്നുകള്‍ മാത്രമാണ് കോവിഡ് രോഗലക്ഷണങ്ങളെ ചികിത്സിക്കുന്നതിന് കൊടുക്കുന്നത്. എന്നിരുന്നാലും, സുഖം പ്രാപിച്ച് കേന്ദ്രം വിടാനുള്ള ആഗ്രഹത്തില്‍, മുത്തശ്ശി അവര്‍ക്ക് നല്‍കിയതെല്ലാം കഴിക്കുന്നുണ്ട്. പക്ഷേ ഇത് വയറിളക്കം ഉള്‍പ്പെടെയുള്ള വിവിധ രോഗാവസ്ഥകളിലേക്ക് നയിച്ചതായി അവരുടെ ചെറുമകള്‍ അവകാശപ്പെടുന്നു.

മുത്തശ്ശിയെ പുറത്തെത്തിക്കാനോ അല്ലെങ്കില്‍ അവരെ ശരിയായി പരിപാലിക്കാന്‍ കഴിയുന്ന ഒരു ആശുപത്രിയിലേക്കെങ്കിലും എത്തിക്കാനോ അവള്‍ തീവ്രമായി ആഗ്രഹിക്കുന്നു. എന്നാല്‍ പരിശോധനാഫലം നെഗറ്റീവാകുന്നത് വരെ അവരെ പുറത്ത് വിടില്ലെന്ന് കമ്മ്യൂണിറ്റി അധികൃതര്‍ പറഞ്ഞു.

‘ഞാന്‍ മുത്തശ്ശിയെ വിളിച്ചപ്പോള്‍, എനിക്ക് വീട്ടില്‍ പോകണം, എനിക്ക് ഉടന്‍ വീട്ടിലേക്ക് പോകണമെന്ന് അവര്‍ ആവര്‍ത്തിച്ചു. എന്റെ അപ്പൂപ്പനെ ഓര്‍ത്തും മുത്തശ്ശിക്ക് വിഷമമുണ്ട്.’

കോവിഡ് പോസിറ്റീവായ 91 വയസ്സുള്ള തന്റെ മുത്തച്ഛനെയും ഏതെങ്കിലും കേന്ദ്രത്തിലേക്ക് ബലമായി കൊണ്ടുപോകുമെന്ന ഭയത്തിലാണ് അവരിപ്പോള്‍. വധശിക്ഷയ്ക്ക് തുല്യമാണ് ഈ പ്രായമുള്ളവരോട് അധികാരികള്‍ ചെയ്യുന്നതെന്നും അവര്‍ പറയുന്നു. അവളുടെ മുത്തച്ഛന്‍ ഒരു സ്‌ട്രോക്കിന്റെ ഫലമായി കിടപ്പിലാണ്. കൂടാതെ പ്രമേഹവും രക്തസമ്മര്‍ദ്ദവും ഉണ്ട്. പരസഹായമില്ലാതെ അയാള്‍ക്ക് ടോയ്ലറ്റില്‍ പോകാന്‍ കഴിയില്ല, കൂടാതെ വീട്ടിലെ ഒരു ലൈവ്-ഇന്‍ കെയററെയാണ് ആശ്രയിക്കുന്നത്.

അദ്ദേഹത്തിന് കൊവിഡ് ലക്ഷണങ്ങള്‍ വളരെ കുറവാണെന്ന് അദ്ദേഹത്തിന്റെ കൊച്ചുമകള്‍ പറയുന്നു. ഇതുവരെ വരണ്ട ചുമ മാത്രമേയുള്ളൂ. വീട്ടില്‍ വിശ്രമം മാത്രമാണ് അദ്ദേഹത്തിന് വേണ്ടത്, അവള്‍ പറഞ്ഞു. ഒരു കമ്മ്യൂണിറ്റി ഉദ്യോഗസ്ഥനോട് ഞാന്‍ പറഞ്ഞു, ‘നിങ്ങള്‍ അദ്ദേഹത്തെ ക്വാറന്റൈന്‍ കേന്ദ്രത്തിലേക്ക് അയച്ചാല്‍, നിങ്ങള്‍ അദ്ദേഹത്തെ മരിക്കാന്‍ നിര്‍ബന്ധിക്കുകയാണെന്ന്,” അവള്‍ പറഞ്ഞു.

എന്നാല്‍ സര്‍ക്കാര്‍ ഉത്തരവുകള്‍ പാലിക്കണമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ബലം പ്രയോഗിച്ച് പിടിച്ചുകൊണ്ടുപോയാല്‍ നടപടിയെടുക്കുമെന്ന് അവളുടെ കുടുംബം പറഞ്ഞു. അവര്‍ ‘സീറോ കോവിഡ്’ എന്ന ലക്ഷ്യം കൈവരിക്കാന്‍ പ്രായമായവരുടെ ജീവിതം ബലിനല്‍കുകയാണ്. കുടുംബം പറയുന്നു.

Latest News