Monday, November 25, 2024

പൗരത്വ ഭേദഗതി നിയമം; അറിയേണ്ടതെല്ലാം

പൗരത്വ ഭേദഗതി നിയമം 2019 നിയമം നടപ്പാക്കുമെന്ന പ്രഖ്യാപനത്തോടെ ഇടവേളക്ക് ശേഷം സിഎഎ വീണ്ടും ചര്‍ച്ചയില്‍ സജീവമാകുകയാണ്. നിയമം നടപ്പാകുന്നതോടെ പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മുസ്ലീങ്ങളല്ലാത്ത കുടിയേറ്റക്കാര്‍ക്ക് പൗരത്വം നല്‍കുന്നതിനുള്ള വഴി ഒരുക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. സിഎഎ നിയമങ്ങള്‍ പുറപ്പെടുവിക്കുന്നതോടെ, 2014 ഡിസംബര്‍ 31 വരെ ബംഗ്ലാദേശ്, പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്ന് ഇന്ത്യയിലെത്തിയ അമുസ്ലിം കുടിയേറ്റക്കാര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്നതിനുള്ള നടപടികള്‍ മോദി സര്‍ക്കാര്‍ ആരംഭിക്കും.

ഹിന്ദുക്കള്‍, സിഖുകാര്‍, ജൈനര്‍, ക്രിസ്ത്യന്‍ വിഭാഗക്കാര്‍ക്കാണ് പൗരത്വം നല്‍കുക. 2019 ഡിസംബറിലാണ് ഏറെ വിവാദമായ സിഎഎ പാസാക്കിയത്. തുടര്‍ന്ന് രാജ്യത്തുടനീളം പ്രതിഷേധങ്ങളുണ്ടായി. തുടര്‍ന്ന് നിയമം കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയിരുന്നില്ല. എന്നാല്‍, 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പൗരത്വ ഭേദഗതി നിയമം (സിഎഎ) അപ്രതീക്ഷിതമായി കേന്ദ്രം വിജ്ഞാപനം ചെയ്തു. നിയമം നടപ്പാക്കുന്നതിനായി 2020 മുതല്‍, ആഭ്യന്തര മന്ത്രാലയം പാര്‍ലമെന്ററി കമ്മിറ്റിയില്‍ നിന്ന് പതിവായി സമയം നീട്ടിച്ചോദിക്കുകയായിരുന്നു.

എന്താണ് പൗരത്വ (ഭേദഗതി) നിയമം

2019-ല്‍ പാസാക്കിയ പൗരത്വ ഭേദഗതി നിയമപ്രകാരം, അയല്‍രാജ്യങ്ങളില്‍ മതപരമായ പീഡനം നേരിടുന്ന ആറ് ന്യൂനപക്ഷ സമുദായങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ക്ക് ഇന്ത്യന്‍ പൗരത്വത്തിന് അപേക്ഷിക്കാന്‍ അനുമതി നല്‍കുന്നു. മതപരമായ പീഡനം മൂലം 2014 ഡിസംബര്‍ 31-ന് മുമ്പ് പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് കുടിയേറിയ ഹിന്ദു, സിഖ്, ജൈന, ബുദ്ധ, പാഴ്സി, ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കാണ് പൗരത്വം ലഭിക്കുക.

സിഎഎ മുസ്ലീങ്ങള്‍ ഉള്‍പ്പെടെയുള്ള പൗരന്മാരെ ഒരുതരത്തിലും ബാധിക്കില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. മുകളില്‍ പറഞ്ഞ ആറ് രാജ്യങ്ങളിലെ ന്യൂനപക്ഷ സമുദായങ്ങളല്ലാതെ, മറ്റു വിദേശികള്‍ക്ക് സിഎഎ പ്രകാരം പൗരത്വത്തിന് അപേക്ഷിക്കാനാകില്ല. നേരത്തെയും രാജ്യങ്ങളില്‍ നിന്നുള്ള വ്യക്തികള്‍ക്ക് ഇന്ത്യ പൗരത്വം വാഗ്ദാനം ചെയ്തിരുന്നു. ശ്രീലങ്കയില്‍ നിന്നുള്ള തമിഴ് വിഭാഗം, ബര്‍മ്മയില്‍ നിന്നുള്ള വ്യക്തികള്‍, 1970കളിലെ അട്ടിമറിയെ തുടര്‍ന്ന് ഉഗാണ്ടയില്‍ നിന്നുള്ളവര്‍ എന്നിവരുള്‍പ്പെടെ വിവിധ ഗ്രൂപ്പുകള്‍ക്ക് ഇന്ത്യ മുമ്പ് പൗരത്വവും പുനരധിവാസവും വാഗ്ദാനം ചെയ്തിട്ടുണ്ട്.

ഇന്ത്യന്‍ കാഴ്ചപ്പാടില്‍ ആരാണ് അനധികൃത കുടിയേറ്റക്കാര്‍?

1955 ലെ പൗരത്വ നിയമം അനുസരിച്ച്, വ്യാജമായ രേഖകളോടെയോ രേഖകള്‍ ഇല്ലാതെയോ സാധുവായ പാസ്പോര്‍ട്ട് ഇല്ലാതെയോ ഇന്ത്യയില്‍ പ്രവേശിക്കുന്നയാളാണ് അനധികൃത കുടിയേറ്റക്കാര്‍. വിസ കാലാവധിക്കപ്പുറം താമസിക്കുന്ന വ്യക്തികളെയും അനധികൃത കുടിയേറ്റക്കാരായി പ്രഖ്യാപിക്കും.

എപ്പോഴാണ് ബില്ലില്‍ പ്രശ്നം ഉയര്‍ന്നത്?

2014 ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ്, അയല്‍രാജ്യങ്ങളില്‍ പീഡിപ്പിക്കപ്പെടുന്ന ഹിന്ദുക്കള്‍ക്ക് പൗരത്വം നല്‍കുമെന്ന് ബിജെപി വാഗ്ദാനം ചെയ്തിരുന്നു. ഹിന്ദുക്കള്‍ക്ക് അഭയം നല്‍കുമെന്നും അഭയാര്‍ഥികളെ സ്വാഗതം ചെയ്യുമെന്നും ബിജെപി തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ പറഞ്ഞു.

ഏതൊക്കെ പാര്‍ട്ടികള്‍ പൗരത്വ ഭേദഗതി ബില്ലിന് എതിര് നില്‍ക്കുന്നു, എന്തുകൊണ്ട്?

പൗരത്വ ഭേദഗതി ബില്ല് പാസാക്കിയാല്‍ പാര്‍ട്ടിയുമായുള്ള ബന്ധം അവസാനിപ്പിക്കുമെന്ന് ബിജെപിയുടെ സഖ്യകക്ഷിയായ അസം ഗണ പരിഷത്ത് മുന്നറിയിപ്പ് നല്‍കിയിരുന്നു. കൃഷക് മുക്തി സംഗ്രാം സമിതി, വിദ്യാര്‍ത്ഥി സംഘടനയായ ഓള്‍ അസം സ്റ്റുഡന്റ്‌സ് യൂണിയന്‍ തുടങ്ങിയ എന്‍ജിഒകളും ബില്ലിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. കോണ്‍ഗ്രസും ഓള്‍ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ടും ഉള്‍പ്പെടെ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും മതത്തിന്റെ അടിസ്ഥാനത്തില്‍ വ്യക്തിക്ക് പൗരത്വം നല്‍കുന്ന ആശയത്തെ എതിര്‍ക്കുന്നു. ബില്ല് നിയമമാക്കിയാല്‍ പുതുക്കിയ ദേശീയ പൗരത്വ രജിസ്‌ട്രേഷനെ (എന്‍ആര്‍സി) അസാധുവാക്കുമെന്നും വാദമുണ്ട്.

ബില്ല് ദേശീയ ജനതയുടെ സാംസ്‌കാരികവും ഭാഷാപരവുമായ സ്വത്വത്തിന് വിരുദ്ധമാണ് എന്നാണ് ബില്ലിനെ എതിര്‍ക്കുന്ന പാര്‍ട്ടികളും പ്രവര്‍ത്തകരും അഭിപ്രായപ്പെടുന്നത്. വൈവിധ്യമാര്‍ന്ന സമൂഹമുള്ള മിസോറാമും മറ്റ് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളും പൗരത്വ ബില്ല് അവതരിപ്പിക്കരുതെന്ന് സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചിരുന്നു.

2019 ജനുവരിയില്‍, പൗരത്വ ഭേദഗതി ബില്ല് വീണ്ടും പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രഖ്യാപിച്ചതിന് പിന്നാലെ മണിപ്പൂര്‍, നാഗാലാന്‍ഡ്, മേഘാലയ എന്നിവിടങ്ങളില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. കേന്ദ്രം ബില്ല് നടപ്പാക്കിയാല്‍ ഐക്യരാഷ്ട്രസഭയുടെ ഇടപെടല്‍ തേടുമെന്ന് നാഗാലാന്‍ഡ് ആന്‍ഡ് നോര്‍ത്ത് ഈസ്റ്റ് ഫോറം ഓഫ് ഇന്‍ഡിജിനസ് പീപ്പിള്‍ (ചഋഎകജ) അന്ന് പറഞ്ഞിരുന്നു.

പൗരത്വ ഭേദഗതി ബില്ലിനെതിരെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നടന്ന പ്രതിഷേധം

പൗരത്വ ഭേദഗതി ബില്ല് ഇന്ത്യയെ രണ്ടായി വിഭജിക്കുന്ന ഒന്നായിരുന്നു. ഇന്ത്യയിലുടനീളമുള്ള ഹിന്ദു അഭയാര്‍ത്ഥി കമ്മ്യൂണിറ്റികള്‍ സര്‍ക്കാര്‍ നീക്കം ആഘോഷമാക്കിയപ്പോളഅക, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ ഭൂരിഭാഗവും ശക്തമായി പ്രതിഷേധിച്ചു. പൗരത്വ ഭേദഗതി ബില്ല് വിരുദ്ധ പ്രതിഷേധങ്ങളുടെ പ്രഭവകേന്ദ്രമായി ഗുവാഹത്തി മാറി. ബില്ല് പാസാക്കിയാല്‍ സംസ്ഥാനങ്ങളുടെ ജനസംഖ്യാ ക്രമം തന്നെ മാറ്റിമറിക്കപ്പെടുമെന്ന് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനങ്ങള്‍ പറഞ്ഞു. നിലവില്‍, വടക്കുകിഴക്കന്‍ പ്രദേശങ്ങളില്‍ ബംഗ്ലാദേശി കുടിയേറ്റക്കാര്‍ക്കെതിരെ പ്രതിഷേധം നടക്കുന്നുണ്ട്.

പൗരത്വ ബില്‍ 2019 പ്രകാരമുള്ള ഇളവുകള്‍

ബില്ലില്‍ നിന്ന് വടക്കുകിഴക്കന്‍ മേഖലയിലെ ചില പ്രദേശങ്ങളെ ഒഴിവാക്കിയിട്ടുണ്ട്. അസം, മേഘാലയ, മിസോറാം, ത്രിപുര എന്നിവിടങ്ങളിലെ ആദിവാസി മേഖലകള്‍ക്ക് ബില്ല് ബാധകമല്ല. ഇതോടെ അരുണാചല്‍ പ്രദേശ്, നാഗാലാന്‍ഡ്, മിസോറാം എന്നിവയ്ക്കൊപ്പം മേഘാലയ, അസം ത്രിപുര എന്നീ സംസ്ഥാനങ്ങളുെട ചില ഭാഗങ്ങളും ബില്ലിന്റെ പരിധിയില്‍ നിന്ന് വിട്ടുനില്‍ക്കും.

ഒസിഐ കാര്‍ഡ് ഉടമകള്‍ക്കുള്ള ഭേദഗതികള്‍

പൗരത്വ ബില്ല് അനുസരിച്ച്, ഒരു വിദേശിക്ക് അവര്‍ ഇന്ത്യന്‍ വംശജനാണെങ്കില്‍ അല്ലെങ്കില്‍ അവരുടെ പങ്കാളി ഇന്ത്യന്‍ വംശജനാണെങ്കില്‍ ഓവര്‍സീസ് സിറ്റിസണ്‍സ് ഓഫ് ഇന്ത്യ (ഒസിഐ) ആയി രജിസ്റ്റര്‍ ചെയ്യാം. ഒസിഐ കാര്‍ഡ് ഉടമകള്‍ക്ക് ഇന്ത്യയിലേക്ക് യാത്ര ചെയ്യാനും രാജ്യത്ത് ജോലി ചെയ്യാനും പഠിക്കാനുമുള്ള അവകാശവും മറ്റ് ആനുകൂല്യങ്ങളും പൗരത്വ ഭേദഗതി ബില്ല് നല്‍കുന്നുണ്ട്.

ബില്ലിന്റെ നിലവിലെ അവസ്ഥ

പൗരത്വ ഭേദഗതി ബില്ല് ലോക്സഭയില്‍ വിശദമായി ചര്‍ച്ച ചെയ്ത ശേഷം 2016-ല്‍ സംയുക്ത സെലക്ട് കമ്മിറ്റിക്ക് വിട്ടു. പാര്‍ലമെന്ററി സമിതി അംഗങ്ങള്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളുടെ പല ഭാഗങ്ങളും സന്ദര്‍ശിക്കുകയും വിവിധ സംഘടനകളുമായി ബില്ലിനെക്കുറിച്ച് ചര്‍ച്ച ചെയ്യുകയും ചെയ്തു. 2019 ജനുവരി എട്ടിന് ബില്ല് ലോക്‌സഭയില്‍ പാസാക്കി. രാജ്യസഭയില്‍ അവതരിപ്പിക്കുന്നതിന് മുമ്പ്, ലോക്സഭയുടെ കാലാവധി അവസാനിച്ചതിനാല്‍ 2019 ജൂണ്‍ 3-ന് ബില്ല് അസാധുവായി. തുടര്‍ന്ന് 2019 ഡിസംബര്‍ 11ന് രാജ്യസഭ ബില്ല് പാസാക്കുകയായിരുന്നു.

ഇന്ന്(11032024) പൗരത്വ നിയമഭേദഗതി പ്രാബല്യത്തില്‍ വന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട ചട്ടങ്ങളും ആഭ്യന്തര മന്ത്രാലയം വിജ്ഞാപനം ചെയ്തിട്ടുണ്ട്. വിജ്ഞാപനത്തില്‍ പറയുന്നതനുസരിച്ച് നിശ്ചിത രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയില്‍ അഭയാര്‍ത്ഥികളായെത്തിയ ആറ് വിഭാഗക്കാര്‍ക്ക് പൗരത്വം ലഭിക്കും. പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് 2014 ഡിസംബര്‍ 31 ന് മുന്‍പ് ഇന്ത്യയിലെത്തിയ ഹിന്ദു, സിഖ്, ജൈന, ക്രിസ്ത്യന്‍, ബുദ്ധ, പാര്‍സി മത വിശ്വാസികള്‍ക്കാകും പൗരത്വം ലഭിക്കുക.

 

 

Latest News