ചെറുപ്പത്തിൽത്തന്നെ കുട്ടികളിൽ ആത്മവിശ്വാസം വളർത്തുന്നവരാകാൻ പരിശ്രമിക്കുക. അത് അവരുടെ മുമ്പോട്ടുള്ള ജീവിതത്തെ വളരെയധികം സഹായിക്കും. ചെറുപ്പം മുതലേ കൊച്ചുകൊച്ചു കാര്യങ്ങളിൽ ഉത്തരവാദിത്വമുള്ളവരാകാൻ കുട്ടികളെ ശീലിപ്പിക്കുന്നത് അവരിൽ ആത്മവിശ്വാസം വളർത്താനുതകും. അതിനുള്ള അവസരങ്ങൾ സൃഷ്ടിക്കുക എന്നതാണ് പ്രധാനപ്പെട്ട കാര്യം. ചെറിയ കുറവുകളുണ്ടായാലും അവയെ ശാന്തതയോടെ തിരുത്തി മുന്നോട്ടുപോകാനുള്ള പ്രോത്സാഹനം കൊടുക്കേണ്ടത് മാതാപിതാക്കളാണ്.
അമിതമായ അതിരുകൾ ജീവിതവളർച്ചയിൽ വിലങ്ങുതടിയാകും
കുട്ടികളുടെ വളർച്ചയും നന്മയും കരുതി നാം കൽപിക്കുന്ന അമിതമായ അതിരുകൾ അവരെ ആത്മവിശ്വാസമില്ലാത്തവരും ധൈര്യമില്ലാത്തവരും ആക്കും. അതിനാൽ ക്രിയാത്മകമായി തീരുമാനങ്ങളെടുക്കാനും ചിന്തിച്ചു പെരുമാറാനുമുള്ള അവസരങ്ങൾ വീട്ടിൽനിന്നുതന്നെ അഭ്യസിപ്പിക്കേണ്ടത് ആവശ്യമാണ്. അത് ഭാവിയിൽ കൂടുതൽ ധൈര്യമുള്ളവരാകാൻ അവരെ സഹായിക്കും.
അമിതമായ ശിക്ഷാനടപടികൾ ഒഴിവാക്കുക
ഒരു ചെറിയ തെറ്റിനുപോലും അമിതമായി ശിക്ഷിക്കുകയും ശകാരിക്കുകയും ചെയ്യുന്നത് കുട്ടികളുടെ മാനസികവളർച്ചയെ ബാധിക്കും. ഭാവിയിൽ, അവർ എല്ലാ ഉത്തരവാദിത്വങ്ങളിൽനിന്നും ഒഴിഞ്ഞുമാറുന്നവരായിത്തീരാന്‍ ഇത്തരം രീതികൾ കാരണമാകും. തെറ്റുകൾ ഉണ്ടാകുമ്പോൾ അത് ആവർത്തിക്കാതിരിക്കാൻ അവരെ കാര്യം പറഞ്ഞു ബോധ്യപ്പെടുത്തുക; ഒപ്പം നല്ല കാര്യങ്ങൾ ചെയ്യുമ്പോൾ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക. പ്രോത്സാഹനം കിട്ടിവളരുന്ന കുഞ്ഞുങ്ങൾ കൂടുതൽ ക്രിയേറ്റീവായ സ്വഭാവമുള്ളവരായിത്തീരും.
പ്രശ്നങ്ങൾക്കു പരിഹാരമുണ്ടെന്ന ബോധ്യം കുട്ടികളിൽ വളർത്തുക
ബുദ്ധിമുട്ടേറിയ ജീവിതാനുഭവങ്ങൾ ഉണ്ടാകുമ്പോൾ നിരാശപ്പെടാതെ അവയെ സ്വീകരിക്കാനുള്ള പ്രചോദനം മാതാപിതാക്കൾ കുട്ടികള്‍ക്കു നൽകണം. നിസ്സാരപ്രശ്നങ്ങളുടെ പേരിൽ വിഷാദരോഗത്തിനും ആത്മഹത്യാപ്രവണതയിലേക്കും കുട്ടികൾ നീങ്ങുന്ന ഒരു സാഹചര്യത്തിലാണ് നാം ഇന്ന് ജീവിക്കുന്നത്. അതിനാൽ, എല്ലാ പ്രശ്നങ്ങൾക്കും ജീവിതത്തിൽ പരിഹാരമുണ്ടെന്ന സത്യം തിരിച്ചറിയാൻ കുട്ടികൾക്കു പ്രചോദനം നൽകുന്ന മാതാപിതാക്കൾ ഇന്ന് കാലഘട്ടത്തിന്റെ ആവശ്യമാണ്.