Tuesday, November 26, 2024

പ്ലാസ്റ്റിക് മാലിന്യം ഉപയോഗപ്രദമായ ഇന്ധന സ്രോതസ്സായി മാറ്റാനാകുമോ?

ലോകമെമ്പാടും, ഓരോ വര്‍ഷവും 400 ദശലക്ഷത്തിലധികം ടണ്‍ പ്ലാസ്റ്റിക് ഉല്‍പ്പാദിപ്പിക്കപ്പെടുന്നുണ്ട്. ഏകദേശം മനുഷ്യരാശിയുടെ മൊത്തം ഭാരത്തിന് സമമാണത്. അവയില്‍ ഏകദേശം 85% വും മാലിന്യക്കൂമ്പാരമായി മാറുകയാണ് ചെയ്യുന്നത്. അവിടെ അത് നൂറുകണക്കിന്, ഒരുപക്ഷേ ആയിരക്കണക്കിന്, വര്‍ഷങ്ങളോളം നിലനില്‍ക്കുകയും ഗുരുതര പരിസ്ഥിതി പ്രശ്‌നമായി മാറുകയും ചെയ്യുന്നു.

ലോകമെമ്പാടുമുള്ള പ്ലാസ്റ്റിക് ഉല്‍പ്പാദനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. 2060-ഓടെ ഇത് മൂന്നിരട്ടിയാകുമെന്നാണ് പ്രതീക്ഷിക്കുന്നതും. എന്നാല്‍, ഇത്തരത്തിലുള്ള പ്ലാസ്റ്റിക് മാലിന്യക്കൂമ്പാരങ്ങള്‍ ഭാവിയിലെ എണ്ണപ്പാടങ്ങളാകുമെന്നാണ് കേംബ്രിഡ്ജ് സര്‍വകലാശാലയിലെ എനര്‍ജി ആന്‍ഡ് സസ്‌റ്റെയ്‌നബിലിറ്റി പ്രൊഫസറായ പ്രൊഫ. എര്‍വിന്‍ റെയ്സ്നര്‍ പറയുന്നത്.

‘ഫലപ്രദമായി ഉപയോഗിക്കാന്‍ സാധിച്ചാല്‍ പ്ലാസ്റ്റിക്, ഫോസില്‍ ഇന്ധനത്തിന്റെ മറ്റൊരു രൂപമാണ്. അത് ഊര്‍ജ്ജത്തിലും രാസഘടനയിലും സമ്പന്നമാണ്. അത് ഞങ്ങള്‍ അണ്‍ലോക്ക് ചെയ്‌തെടുക്കാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ പ്ലാസ്റ്റിക്കുകള്‍ നിര്‍മ്മിക്കുന്ന കെമിക്കല്‍ ബോണ്ടുകള്‍ നീണ്ടുനില്‍ക്കുന്നവയാണ്’. പ്രൊഫ. എര്‍വിന്‍ പറയുന്നു. ആ കെമിക്കല്‍ ബോണ്ടുകള്‍ തകര്‍ക്കുന്നതിനും പ്ലാസ്റ്റിക്കില്‍ മൂടപ്പെട്ടിരിക്കുന്ന ഭൂമിയുടെ വിലയേറിയ വിഭവങ്ങള്‍ വീണ്ടെടുക്കുന്നതിനുമുള്ള ഏറ്റവും നല്ല മാര്‍ഗം കണ്ടെത്താനുള്ള പരിശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്.

മെക്കാനിക്കല്‍ റീസൈക്ലിംഗിലൂടെ പാഴായ പ്ലാസ്റ്റിക്ക് കഴുകി, ഉരുക്കി പരിഷ്‌കരിക്കുമ്പോള്‍, കാലക്രമേണ പ്ലാസ്റ്റിക്കിന്റ ഗ്രേഡ് കുറയുകയും ഗുണനിലവാരമില്ലാത്ത ഉല്‍പ്പന്നങ്ങള്‍ക്ക് കാരണമാവുകയുമാണ് ചെയ്യുന്നത്. പ്ലാസ്റ്റിക് വ്യവസായം മികച്ച രീതിയിലാകണമെങ്കില്‍ കെമിക്കല്‍ റീസൈക്ലിംഗാണ് നടത്തേണ്ടത്. അവിടെ മാലിന്യ പ്ലാസ്റ്റിക്കിന്റെ രാസഘടന മാറ്റാന്‍ അഡിറ്റീവുകള്‍ ഉപയോഗിക്കുന്നു. അത് അസംസ്‌കൃത വസ്തുക്കളായി, ഒരുപക്ഷേ പെട്രോളും ഡീസലും പോലെയുള്ള ഇന്ധനം ഉണ്ടാക്കാന്‍ ഉപയോഗിക്കാവുന്ന വസ്തുക്കളാക്കി മാറ്റുന്നു. എന്നാല്‍ ആ സമീപനം നിലവില്‍ ചെലവേറിയതും കാര്യക്ഷമമല്ലാത്തതുമാണ്. പരിസ്ഥിതി ഗ്രൂപ്പുകള്‍ ഇതിനെതിരെ വിമര്‍ശനം ഉന്നയിക്കുകയും ചെയ്തിട്ടുണ്ട്.

എന്നാല്‍ പ്ലാസ്റ്റിക്കും CO2 ഉം ഒരേ സമയം രണ്ട് രാസ ഉല്‍പന്നങ്ങളാക്കി മാറ്റാന്‍ കഴിയുന്ന ഒരു പ്രക്രിയ പ്രൊഫ റെയ്സ്നറും അദ്ദേഹത്തിന്റെ സംഘവും വികസിപ്പിച്ചെടുത്തിട്ടുണ്ട്. എല്ലാം സൂര്യപ്രകാശത്താല്‍ പ്രവര്‍ത്തിക്കുന്നതുമാണ്. സാങ്കേതികവിദ്യയിലൂടെ CO2, പ്ലാസ്റ്റിക് എന്നിവയെ സിന്ഗാസാക്കി മാറ്റുന്നു. ഹൈഡ്രജന്‍ പോലുള്ള സുസ്ഥിര ഇന്ധനങ്ങളുടെ പ്രധാന ഘടകമാണിത്. ഇത് ഗ്ലൈക്കോളിക് ആസിഡ് ഉത്പാദിപ്പിക്കുന്നു. ഇത് സൗന്ദര്യവര്‍ദ്ധക വ്യവസായത്തില്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ഒരു രാസപ്രവര്‍ത്തനത്തെ ത്വരിതപ്പെടുത്തുന്ന രാസ സംയുക്തങ്ങള്‍, കാറ്റലിസ്റ്റുകള്‍, ഒരു ലൈറ്റ് അബ്‌സോര്‍ബറിലേക്ക് സംയോജിപ്പിച്ചാണ് ഈ സിസ്റ്റം പ്രവര്‍ത്തിക്കുന്നത്.

‘ഈ പ്രക്രിയ ഊഷ്മാവിലും മുറിയിലെ മര്‍ദ്ദത്തിലും പ്രവര്‍ത്തിക്കുന്നതാണ്. സൂര്യപ്രകാശം ഏല്‍ക്കുമ്പോള്‍ പ്രതികരണങ്ങള്‍ യാന്ത്രികമായി പ്രവര്‍ത്തിക്കുന്നു. മറ്റൊന്നും ആവശ്യമില്ല. ഈ പ്രക്രിയ ദോഷകരമായ മാലിന്യങ്ങളൊന്നും ഉത്പാദിപ്പിക്കുന്നില്ല’. പ്രൊഫസര്‍ റെയ്സ്നര്‍ ഉറപ്പുനല്‍കുന്നു. റീസൈക്കിള്‍ ചെയ്യാനാവാത്ത പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കൈകാര്യം ചെയ്യാനും തന്റെ സംവിധാനത്തിന് കഴിയുമെന്ന് പ്രൊഫ. റെയ്‌നര്‍ പറയുന്നു.

ലോകമെമ്പാടുമുള്ള ഗവേഷകര്‍ അനാവശ്യ പ്ലാസ്റ്റിക്ക് ഉപയോഗപ്രദമാക്കാനുള്ള വഴികള്‍ തേടുകയാണ്. വിഘടിപ്പിക്കുമ്പോള്‍ പ്ലാസ്റ്റിക് മൂലകങ്ങള്‍ ഡിറ്റര്‍ജന്റുകള്‍, ലൂബ്രിക്കന്റുകള്‍, പെയിന്റുകള്‍, ലായകങ്ങള്‍, ബയോമെഡിക്കല്‍ ആപ്ലിക്കേഷനുകളില്‍ ഉപയോഗിക്കുന്നതിനുള്ള ബയോഡീഗ്രേഡബിള്‍ സംയുക്തങ്ങള്‍ എന്നിവയുള്‍പ്പെടെ എണ്ണമറ്റ പുതിയ ഉല്‍പ്പന്നങ്ങളാക്കി മാറ്റാനാകും.

പോളിമറുകളെ – വളരെ വലിയ തന്മാത്രകളാല്‍ നിര്‍മ്മിതമായ പദാര്‍ത്ഥങ്ങളെ – വിഘടിപ്പിക്കുന്നതിനുള്ള വഴികള്‍ പ്രകൃതിയും കണ്ടെത്തിയിട്ടുണ്ട്, ചില എന്‍സൈമുകളെ. കെമിക്കല്‍ റീസൈക്ലിംഗിന് സമാനമായ രീതിയില്‍ എന്‍സൈമുകള്‍ പ്ലാസ്റ്റിക്കിനെ തകര്‍ക്കുന്നു. എന്നിരുന്നാലും, എന്‍സൈമുകള്‍ ഉപയോഗിച്ച് സിന്തറ്റിക് തുണിത്തരങ്ങള്‍ റീസൈക്കിള്‍ ചെയ്യുന്നത് എളുപ്പമല്ല. ചായങ്ങളും മറ്റ് രാസ വസ്തുക്കളും ചേര്‍ക്കുന്നതിനാല്‍ സ്വാഭാവിക പ്രക്രിയയില്‍ അവ നശിപ്പിക്കുന്നത് ബുദ്ധിമുട്ടാക്കുന്നു. എങ്കിലും തങ്ങള്‍ പുതുതായി കണ്ടെത്തുന്ന എന്‍സൈമുകള്‍ക്ക് അവയെ നശിപ്പിക്കാന്‍ കഴിയുമെന്ന് തന്നെയാണ് ഈ ഗവേഷകര്‍ വിശ്വസിക്കുന്നത്.

പ്രൊഫ. റെയ്സ്നറുടെ സംഘം വാണിജ്യവല്‍ക്കരണത്തിന്റെ ദിശയിലേക്ക് കുഞ്ഞു ചുവടുകള്‍ നടത്തുകയാണ്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ കൂടുതല്‍ സങ്കീര്‍ണ്ണമായ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കാന്‍ അവര്‍ പദ്ധതിയിടുന്നു. പൂര്‍ണ്ണമായും സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു റീസൈക്ലിംഗ് പ്ലാന്റ് വികസിപ്പിക്കുന്നതിന് ഈ സാങ്കേതികവിദ്യ ഉപയോഗിക്കാമെന്ന് അവര്‍ പ്രതീക്ഷിക്കുന്നു. ഓരോ വര്‍ഷവും ഏകദേശം 600 ദശലക്ഷം ടണ്‍ സിങ്കാസ് ഇതിനകം തന്നെ ഉല്‍പ്പാദിപ്പിക്കപ്പെടുന്നുണ്ടെന്ന് പ്രൊഫ റെയ്സ്നര്‍ പറയുന്നു. പക്ഷേ ഇത് പ്രധാനമായും ഫോസില്‍ ഇന്ധനങ്ങളില്‍ നിന്നാണ്. ‘നമുക്ക് സിങ്കാസ് നിര്‍മ്മിക്കാന്‍ കഴിയുമെങ്കില്‍, മിക്കവാറും എല്ലാ പെട്രോകെമിക്കല്‍ വ്യവസായങ്ങളിലും അത് ഉപയോഗിക്കാനും സുസ്ഥിരമാക്കാനും കഴിയും’. പ്രൊഫ റെയ്സ്നര്‍ പ്രത്യാശിക്കുന്നു.

Latest News