ആകാശത്തിലേക്കു പറന്നുയരുന്ന വിമാനങ്ങൾ കൗതുകത്തോടെയും ഒപ്പം ആകാംക്ഷയോടെയുമാണ് നാം നോക്കിക്കാണുന്നത്. എന്നാൽ ഈ കൗതുകവും ഇഷ്ടങ്ങളുമെല്ലാം ഭീതിയാക്കിയ, കണ്ണീരാക്കിമാറ്റിയ ഒരു മാസമായിരുന്നു ഡിസംബർ. ഒരു വർഷം അവസാനിക്കാനിരിക്കെ, ഡിസംബർ മാസം കടന്നുപോകുമ്പോൾ ലോകത്തിൽ വിവിധ ഭാഗങ്ങളിലായി നടന്ന ആറ് വിമാനാപകടങ്ങളിൽ പൊലിഞ്ഞത് 236 ജീവനുകളാണ്.
സാൻഫ്രാൻസിസ്‌കോ എയർപോർട്ടിന് തൊട്ടടുത്ത് വച്ചുണ്ടായ അപകടത്തിൽ രണ്ട് പൈലറ്റുമാർ കൊല്ലപ്പെട്ട സംഭവത്തോടെയാണ് ഈ മാസത്തെ വിമാനാപകടങ്ങളുടെ പരമ്പര ആരംഭിക്കുന്നത്. പുന്റെ ഡെൽ എസ്റ്റെ എയർപോർട്ടിൽ നിന്ന് സാൻ ഫെർനാഡൊ എയർപോർട്ടിലേക്കു പോയ ഫെറി വിമാനമാണ് അന്ന് തകർന്നത്. അതിനുശേഷം ഡിസംബർ 17 നാണ് ഹവായിയിലെ ഹൊനൊലോലുവിൽ അപകടമുണ്ടായത്. കമാക എയർ എൽ. എൽ. സി. യുടെ നിയന്ത്രണത്തിലുള്ള വിമാനം പറന്നുയർന്ന ഉടൻ നിയന്ത്രണം നഷ്ടപ്പെട്ട് തകരുകയായിരുന്നു. ഈ അപകടത്തിലും പൈലറ്റുമാർ രണ്ടുപേരും കൊല്ലപ്പെട്ടു.
അതിനുശേഷം അടുത്ത അപകടം സംഭവിക്കുന്നത് ഡിസംബർ 22 നാണ്. ഈ അപകടത്തിൽ ഒരു കുടുംബത്തിലെ പത്തു പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. 17 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വിമാനത്തിന്റെ ഉടമസ്ഥനും ബിസിനസുകാരനുമായ ലൂയിസ് ക്ലോഡിയോ ഗലേസിയാണ് വിമാനം ഓടിച്ചിരുന്നത്. വിനോദയാത്രയ്ക്കുശേഷം കുടുംബത്തോടൊപ്പം സാവോ പോളയിലെ തന്റെ വീട്ടിലേക്കു മടങ്ങുമ്പോഴായിരുന്നു വിമാനം തകർന്നുവീണത്.
അന്നുതന്നെ മറ്റൊരു വിമാനാപകടവും നടന്നു. പാപ്പുവ ന്യൂ ഗിനിയയിലായിരുന്നു ആ അപകടം സംഭവിച്ചത്. നോർത്ത് കോസ്റ്റ് ഏവിയേഷന്റെ ബ്രിട്ടെൻ-നോർമാൻ ബി. എൻ-2ബി-26 ഐലൻഡർ വിമാനമാണ് തകർന്നത്. വിമാനത്തിലുണ്ടായിരുന്ന അഞ്ചുപേരും കൊല്ലപ്പെട്ടു.
ലോകം ക്രിസ്തുമസ് ആഘോഷത്തിൽ മുഴുകിയിരിക്കുമ്പോഴാണ് റഷ്യൻ വ്യോമതിർത്തിക്കുള്ളിൽ അക്താകുവിൽ അസർബയ്ജാന്റെ വിമാനം ജെ-28243 തകർന്നുവീണത്. ഈ അപകടത്തിൽ പൈലറ്റും സഹ പൈലറ്റുമുൾപ്പെടെ 38 പേർ മരിച്ചു. 29 പേർക്ക് ഗുരുതരമായി പരിക്കേറ്റു. പിന്നീട് സംഭവിച്ചതാണ് ഈ വർഷത്തെ ദുരന്തങ്ങളിൽ ഏറ്റവും മാരകമായത്. ഈ അപകടത്തിൽ ബാങ്കോക്കിൽനിന്ന് 181 പേരുമായി സഞ്ചരിച്ച ജെജു എയർ വിമാനമാണ് ദക്ഷിണ കൊറിയയിലെ മുവാൻ രാജ്യാന്തര വിമാനത്താവളത്തിൽ ലാൻഡിങ്ങിനിടെ അപകടത്തിൽപെടുന്നത്. ഈ ദുരന്തത്തിൽ 179 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. രണ്ടുപേർക്കു മാത്രമാണ് ആ ദുരന്തത്തെ അതിജീവിക്കാൻ കഴിഞ്ഞതും.