Friday, April 11, 2025

മരണഭീതിയാല്‍ അഭയം തേടിയെത്തിയവരെ തിരിച്ചയച്ച് തായ്‌ലന്‍ഡ്; ത്രിശങ്കുവില്‍ യാതനകളുമായി മ്യാന്‍മര്‍ അഭയാര്‍ത്ഥികള്‍

മ്യാന്‍മറില്‍ നിന്നുള്ള ഹേയും കുടുംബവും ഇപ്പോള്‍ തായലന്‍ഡ് അതിര്‍ത്തിയിലെ നദീതീരത്തെ ഉയരമുള്ള പുല്ലുകള്‍ക്കിടയിലാണ് ജീവിക്കുന്നത്. തങ്ങളെ ആവശ്യമില്ലാത്ത രാജ്യത്തിനും തങ്ങളെ കൊല്ലാന്‍ തയാറായ സൈന്യമുള്ള സ്വന്തം രാജ്യത്തിനും ഇടയില്‍ കുടുങ്ങിരിക്കുകയാണ് അവര്‍. ഇരു രാജ്യങ്ങളെയും വിഭജിക്കുന്ന മോയി നദിക്കരയില്‍ കൂടാരമടിച്ചാണ് സമാനമായ അവസ്ഥയിലുള്ള നൂറുകണക്കിന് അഭയാര്‍ത്ഥികളോടൊപ്പം അവരിപ്പോള്‍ കഴിയുന്നത്. നദിക്കരയിലെ ജീവിതം ഭയാനകമാണ്. താത്കാലിക ടെന്റുകളില്‍ പ്രായമായവര്‍ക്കും കുട്ടികള്‍ക്കും അതിജീവിക്കാന്‍ വളരെ ബുദ്ധിമുട്ടാണ്. കാലാവസ്ഥയും അസുഖങ്ങളും വെല്ലുവിളിയാണ്. കനത്ത് മഴ പെയ്താല്‍ കൂടാരത്തിനുള്ളില്‍ വെള്ളം നിറയും.

കഴിഞ്ഞ ഫെബ്രുവരിയില്‍ മ്യാന്‍മറില്‍ പട്ടാളം ഭരണം പിടിച്ചടക്കിയതിന് ശേഷം വര്‍ദ്ധിച്ചുവരുന്ന അക്രമങ്ങളില്‍ നിന്ന് രക്ഷതേടി ഡിസംബര്‍ 16 നാണ് ഹേയും ഭര്‍ത്താവും അവരുടെ 3 വയസ്സുള്ള മകളെയും 10 വയസ്സുള്ള മകനെയും പിടിച്ച് വെടിയൊച്ചകളുടെ നടുവിലൂടെ വീടുവിട്ട് ഓടിയത്. മ്യാന്‍മറില്‍ സുരക്ഷിതമായി നില്‍ക്കാന്‍ കഴിയില്ലെന്ന് അവര്‍ക്കറിയാമായിരുന്നു. അങ്ങനെയാണ് അവര്‍ നദി കടന്ന് തായ്ലന്‍ഡിലെത്തിയത്. ‘ഞങ്ങള്‍ക്ക് തിരികെ പോകണമെന്നു തന്നെയാണ് ആഗ്രഹം. പക്ഷേ ഞങ്ങള്‍ക്ക് വീടില്ല, ടോയ്ലറ്റുകളില്ല, പണമുണ്ടാക്കാന്‍ മാര്‍ഗമില്ല. ഭക്ഷണവും മറ്റ് സാമഗ്രികളും വിരളമാണ്. എന്നിട്ടും തായ് അധികാരികള്‍ പ്രവേശനം അനുവദിക്കാന്‍ വിസമ്മതിച്ചു’. ഹേ പറഞ്ഞു.

ഇനി വീണ്ടും മ്യാന്‍മറിലേക്ക് മടങ്ങുന്നത് അവളെയും അവളുടെ കുടുംബത്തെയും മരണ ഭീഷണിയിലാക്കും. എന്നിട്ടും  മ്യാന്‍മറിലേയ്ക്ക് പോകാനാണ് തായ് അധികാരികള്‍ അവരെ നിര്‍ബന്ധിക്കുന്നത്. മ്യാന്‍മറിന്റെ ഭരണകക്ഷിയായ സൈന്യവുമായുള്ള അവരുടെ ബന്ധം അപകടത്തിലാക്കാതിരിക്കാനാണ് തായ്‌ലന്‍ഡ് ഇതിലൂടെ ശ്രമിക്കുന്നുതെന്ന് ഹേ പറയുന്നു. അവര്‍ ഞങ്ങളോട് മടങ്ങിപ്പോകാന്‍ പറഞ്ഞപ്പോള്‍, എന്തുകൊണ്ടാണ് ഞങ്ങള്‍ക്ക് വീട്ടിലേക്ക് മടങ്ങാന്‍ കഴിയാത്തതെന്ന് ഞങ്ങള്‍ കരഞ്ഞുകൊണ്ട് വിശദീകരിച്ചതായും ഹേ പറയുന്നു.

മ്യാന്‍മറിന്റെ അതിര്‍ത്തി പ്രദേശങ്ങളില്‍, വംശീയ ന്യൂനപക്ഷ സായുധ ഗ്രൂപ്പുകള്‍ പതിറ്റാണ്ടുകളായി കൂടുതല്‍ സ്വയംഭരണത്തിനായുള്ള ശ്രമത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ പോരാടുകയാണ്. സൈന്യം ഭരണം ഏറ്റെടുത്തതിന് ശേഷം കൂടുതല്‍ ഏറ്റുമുട്ടലുകള്‍ ഉണ്ടാകുന്നു. പതിറ്റാണ്ടുകള്‍ക്കിടയിലെ ഏറ്റവും മോശമായ പോരാട്ടമാണ് ഇപ്പോഴുള്ളത്.

കഴിഞ്ഞ വര്‍ഷം ഭരണം ഏറ്റെടുത്തതിനുശേഷം, മ്യാന്‍മറിന്റെ സൈന്യം 1,700-ലധികം ആളുകളെ കൊന്നൊടുക്കുകയും 13,000-ത്തിലധികം പേരെ അറസ്റ്റ് ചെയ്യുകയും കുട്ടികളെയും സ്ത്രീകളെയും പുരുഷന്മാരെയും പീഡിപ്പിക്കുകയും ചെയ്തു. മ്യാന്‍മറില്‍ അര ദശലക്ഷത്തിലധികം ആളുകള്‍ കുടിയൊഴിപ്പിക്കപ്പെട്ടു. സൈന്യം ഭരണം ഏറ്റെടുത്തതിനുശേഷം 48,000 പേര്‍ അയല്‍രാജ്യങ്ങളിലേക്ക് പലായനം ചെയ്തുവെന്ന് അഭയാര്‍ഥികള്‍ക്കായുള്ള യുഎന്‍ ഹൈക്കമ്മീഷണര്‍ അറിയിച്ചു. ഏകദേശം 17,000 മ്യാന്‍മര്‍ അഭയാര്‍ത്ഥികള്‍ തായ്ലന്‍ഡില്‍ സുരക്ഷ തേടിയതായി തായ് സര്‍ക്കാര്‍ വൃത്തങ്ങള്‍ കണക്കാക്കുന്നു.

തായ്ലന്‍ഡില്‍ എത്തുന്നവര്‍ക്ക് അഭയാര്‍ത്ഥി ക്യാമ്പുകളില്‍ താമസിക്കാന്‍ അനുവാദമില്ല. പകരം, ജനത്തിരക്കേറിയ കന്നുകാലി തൊഴുത്തുകളിലേക്കോ ടാര്‍പോളിനും മുളയും കൊണ്ടുണ്ടാക്കിയ തരിശിട്ട കൂടാരങ്ങളിലേക്കോ അവര്‍ തരംതാഴ്ത്തപ്പെട്ടിരിക്കുന്നു. മ്യാന്‍മറിന്റെ സൈന്യം ഗ്രാമങ്ങള്‍ പിടിച്ചെടുക്കുകയും വീടുകള്‍ കത്തിക്കുകയും കുഴിബോംബുകള്‍ സ്ഥാപിക്കുകയും ചെയ്തിട്ടും തായ് അധികാരികള്‍ അവരെ പിന്നീട് തിരിച്ചയച്ചതായി അഭയാര്‍ഥികളും സഹായ സംഘങ്ങളും പറയുന്നു.

മ്യാന്‍മറിലെ സംഘര്‍ഷം, അക്രമം, പീഡനം എന്നിവയില്‍ നിന്ന് പലായനം ചെയ്യുന്ന അഭയാര്‍ത്ഥികളെ അവരുടെ ജീവിതവും സ്വാതന്ത്ര്യവും അപകടത്തിലാകുന്ന സ്ഥലത്തേക്ക് നിര്‍ബന്ധിതമായി തിരിച്ചയക്കരുതെന്ന് UNHCR ശക്തമായി നിര്‍ദേശിക്കുന്നുണ്ട്. അന്താരാഷ്ട്ര അഭയാര്‍ത്ഥി നിയമമനുസരിച്ച്, തങ്ങളുടെ ജീവന്‍ അപകടത്തിലായേക്കാവുന്ന രാജ്യങ്ങളിലേക്ക് ആളുകളെ തിരികെ അയയ്ക്കുന്നത് വിലക്കുന്നുണ്ടെങ്കിലും, മ്യാന്‍മര്‍ സൈന്യത്തിന്റെ ഭീഷണി രൂക്ഷമായതിനെ തുടര്‍ന്ന് തങ്ങളുടെ രാജ്യത്തേയ്ക്ക് പലായനം ചെയ്ത് എത്തിയ ആയിരക്കണക്കിന് ആളുകളെ തായ്ലന്‍ഡ് നാട്ടിലേക്ക് തിരിച്ചയച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. അതാണിപ്പോള്‍ ഹേയെയും മറ്റ് മ്യാന്‍മര്‍ അഭയാര്‍ത്ഥികളെയും ത്രിശങ്കുവിലാക്കിയിരിക്കുന്നത്.

ഐക്യരാഷ്ട്രസഭയുടെ അഭയാര്‍ത്ഥി കണ്‍വെന്‍ഷനില്‍ ഒപ്പുവെച്ചിട്ടില്ലാത്ത തായ്ലന്‍ഡ്, മ്യാന്‍മറിലെ അഭയാര്‍ത്ഥികള്‍ സ്വമേധയാ തങ്ങളുടെ മാതൃരാജ്യത്തേക്ക് മടങ്ങണമെന്ന് നിര്‍ബന്ധിക്കുന്നു. പീഡനമോ ശിക്ഷയോ ഉപദ്രവമോ നേരിടേണ്ടിവരുന്ന ഒരു രാജ്യത്തേക്ക് ആളുകളെ തിരിച്ചയക്കരുതെന്ന് അനുശാസിക്കുന്ന എല്ലാ അന്താരാഷ്ട്ര നോണ്‍-റീഫൂള്‍മെന്റ് നിയമങ്ങളും തങ്ങള്‍ പാലിച്ചിട്ടുണ്ടെന്നും തായ്ലന്‍ഡ് തറപ്പിച്ചുപറയുന്നു.

‘അതിര്‍ത്തിയുടെ മ്യാന്‍മര്‍ ഭാഗത്തെ സ്ഥിതി മെച്ചപ്പെട്ടതിനാല്‍, തായ് അധികാരികള്‍ മ്യാന്‍മര്‍ ഭാഗത്തേക്ക് സ്വമേധയാ മടങ്ങാന്‍ അഭയാര്‍ത്ഥികള്‍ക്ക് സൗകര്യമൊരുക്കിയതായി തായ്ലന്‍ഡ് വിദേശകാര്യ മന്ത്രാലയ വക്താവ് താനി സംഗ്രാട്ട് പറഞ്ഞു. തായ്ലന്‍ഡ് പ്രതിജ്ഞാബദ്ധതയോടെയാണ് പ്രവര്‍ത്തിക്കുന്നതെന്നും ആവശ്യമുള്ളവരെ സഹായിക്കുമെന്നും ദീര്‍ഘകാല മാനുഷിക പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കുന്നത് തുടരുമെന്നും, മ്യാന്‍മറില്‍ നിന്നുള്ള ആയിരക്കണക്കിന് ആളുകള്‍ അഭയം തേടിയ തായ്ലന്‍ഡിലെ തക് പ്രവിശ്യയുടെ ഗവര്‍ണര്‍ സോംചായ് കിച്ചരോന്റന്‍ഗ്രോജ് പറഞ്ഞു. നിയമവിരുദ്ധമായി പ്രവേശിക്കുന്നവരെയാണ് തിരിച്ചയയ്ക്കുന്നതെന്നും അല്ലാത്തവര്‍ക്ക് എല്ലാ അടിസ്ഥാന സൗകര്യങ്ങളും നല്‍കുന്നുണ്ടെന്നും അവര്‍ വാദിക്കുന്നു’.

തായ് അതിര്‍ത്തിയില്‍ തുടരുന്നവര്‍ ശാരീരികമായി മാത്രമല്ല, നിയമപരമായ അനിശ്ചിതത്വത്തിലുമാണ്. നിരവധിപ്പേര്‍ ചൂഷണത്തിന് ഇരയാകുന്നുണ്ട്. കുടിയിറക്കപ്പെട്ടവരെ അറസ്റ്റോ നാടുകടത്തലോ ചെയ്യുന്നത് ഒഴിവാക്കാന്‍, അനൗദ്യോഗിക രേഖകള്‍ ഇടനിലക്കാര്‍ വഴി വലിയ തുക കൊടുത്ത് അഭയാര്‍ത്ഥികള്‍ക്ക് തായ് പോലീസില്‍ നിന്ന് വാങ്ങേണ്ടി വരുന്നു. കാര്‍ഡുകള്‍ ഇല്ലെങ്കില്‍, അഭയാര്‍ഥികള്‍ തായ് അധികാരികളുടെ കൂടുതല്‍ ഉപദ്രവമോ അറസ്റ്റോ നേരിടേണ്ടി വരുന്ന സാഹചര്യമാണുള്ളത്.

‘തിരികെ സ്വന്തം വീട്ടിലേക്ക് പോകണം, അവിടെ മനസമാധാനമായി കഴിയാനുള്ള സാഹചര്യം ഉണ്ടാകണം, മറ്റൊന്നും ഞങ്ങള്‍ക്ക് വേണ്ട’. ഇതാണ് നിസ്സഹായതയോടെ നാടുവിട്ട ഈ അഭയാര്‍ത്ഥികള്‍ ഓരോരുത്തരുടേയും ആഗ്രഹവും പ്രാര്‍ത്ഥനയും…

 

Latest News