Monday, November 25, 2024

5ജി കാന്‍സറിനു കാരണമാകുമോ?

എല്ലായിടത്തും 5ജി യുഗം ആരംഭിച്ചിരിക്കുന്നു. 5ജി മൂലം കാൻസർ രോഗം വരുമെന്ന് ചിലർ എഴുതുന്നു. 5ജി യഥാർത്ഥത്തിൽ കാന്‍സറിനു കാരണമാകുമോ? എന്താണ് സത്യാവസ്ഥ? പ്രശസ്ത കാൻസർ സർജൻ ഡോ. ജോജോ ജോസഫ് എഴുതുന്നു.

ഇന്ത്യ 5ജി യുഗത്തിലേക്ക് കടന്നിരിക്കുകയാണ്. രാജ്യത്തെ പ്രധാന നഗരങ്ങളിലൊക്കെയും 5ജി അവതരിപ്പിച്ചു കഴിഞ്ഞു. അടുത്ത രണ്ടു വർഷത്തിനുള്ളിൽ രാജ്യം സമ്പൂർണ്ണ 5ജി സംവിധാനത്തിലേക്ക് എത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ തുടരുകയാണ്. ഇതിനിടയിലാണ് ചിലർ സംശയങ്ങളുമായി രംഗപ്രവേശനം ചെയ്യുന്നത്.

രാജ്യം 5ജി സംവിധാനത്തിലേക്കു മാറുമ്പോൾ റേഡിയേഷനും അതിനോടനുബന്ധിച്ച് കാൻസർ രോഗത്തിനുള്ള സാധ്യതയും വർദ്ധിക്കുകയില്ലേ? ഒളിഞ്ഞും തെളിഞ്ഞും പലരും പറഞ്ഞുകേൾക്കുന്ന ഒരു സംശയമാണിത്. ഇതിന് വ്യക്തമായ ഒരു ഉത്തരം നൽകുകയാണ് കാരിത്താസ് കാൻസർ ഇൻസ്റ്റിറ്റിയൂട്ടിലെ സീനിയർ കൺസൾട്ടന്റ് കാൻസർ സർജനായ ഡോ. ജോജോ വി. ജോസഫ്.

5ജി- യുടെ നേട്ടങ്ങൾക്കൊപ്പം റേഡിയേഷനും അനുബന്ധ രോഗങ്ങളും വർദ്ധിക്കുമെന്നു വാദിക്കുന്നവർ ഏറെയാണ്. പലപ്പോഴും സാമൂഹ്യമാധ്യമങ്ങളുടെ പിൻബലത്തിൽ ഇത്തരം ആശയങ്ങൾ മറ്റുള്ളവരിലേക്ക് എത്തിക്കുന്നതിന് നിരവധി ആളുകൾ ശ്രമിക്കുന്നുണ്ട്. ഇത്തരം അബദ്ധ ധാരണകളെയും ആശയങ്ങളെയും അപ്പാടെ വിശ്വസിക്കുന്ന ആളുകളുടെ എണ്ണവും കാലക്രമേണ കൂടിവരുന്നതായിട്ടാണ് കാണുന്നത്. എന്നാൽ 5ജി- യും കാൻസറും തമ്മിൽ എന്തെങ്കിലും തരത്തിലുള്ള ബന്ധമില്ല എന്നതാണ് വാസ്തവം. ഒപ്പം 2ജി, 3ജി, 4ജി സേവനങ്ങൾ വന്നപ്പോഴും ഇത്തരം വാദഗതികൾ വ്യാപകമായിരുന്നു.

കുടുംബപ്രേക്ഷകരെ ഏറെ ചിന്തിപ്പിച്ച ‘ഹോം’ എന്ന മലയാള ചലച്ചിത്രത്തിൽ ഒലിവർ ട്വിസ്റ്റ്‌ പറയുന്ന ഒരു ഡയലോഗുണ്ട്: “ഇടിമിന്നൽ വഴി റേഡിയേഷൻ ഉണ്ടാകും; ആ കുന്ത്രാണ്ടം ഒന്ന് മാറ്റിവയ്ക്ക്.” ചിത്രത്തിന്റെ ക്ലൈമാക്സിൽ ഒലിവർ ട്വിസ്റ്റ്‌ തന്റെ തെറ്റ് തിരുത്തിപ്പറയുന്നതും കാണാം. “മക്കളേ ടാ, നീ പറഞ്ഞതാടാ ശരി. മൊബൈലിൽ കൂടി ഇടിമിന്നൽ ഏക്കൂല. ഞാൻ ഇന്റർനെറ്റിൽ നോക്കി” ഒലിവർ പറഞ്ഞുനിർത്തുന്നു. ഇതേ അവസ്ഥയാണ് മൊബൈൽ ജനറേഷനുകൾ ക്യാൻസർ രോഗത്തിനു കാരണമാകുമെന്ന പ്രചാരണങ്ങൾ.

ഒലിവർ ട്വിസ്റ്റിനു സംഭവിച്ചതുപോലെ ആരെങ്കിലും പറയുന്ന വസ്തുനിഷ്ടമല്ലാത്ത  പ്രവചനങ്ങളെ നമ്മുടെ ജീവിതത്തിൽ തിരുത്തേണ്ടത് അനിവാര്യമാണ്. അതിനാൽ തന്നെ വ്യാജപ്രചാരവാദികളുടെ മുൻപിൽ പന്ത്രണ്ടാം തരത്തിലെ ഫിസിക്സ് പാഠപുസ്തകം തുറക്കുകയാണ് ജോജോ ഡോക്ടർ.

നമ്മുടെ പ്രധാന ഊർജ്ജസ്രോതസ് സൂര്യനാണ്‌. തരംഗങ്ങൾ ചലിക്കുന്നതിലൂടെയാണ് ഊർജ്ജം ഭൂമിയിലേക്ക് എത്തുന്നത്. ഈ തരംഗങ്ങളെ ഇലക്ട്രോ മാഗ്നറ്റിക് വേവ് എന്നു വിളിക്കുന്നു. ഏറ്റവും എനർജി കുറവുള്ള റേഡിയോ വേവുകൾ, മൈക്രോ വേവുകൾ, ഇൻഫ്രാറെഡ്, വിസിബിൾ ലൈറ്റ് (അതായത് നമുക്ക് പരസ്പരം കാണാൻ സാഹായിക്കുന്നവ), അൾട്രാ വയലറ്റ് തുടങ്ങി എനർജി കൂടിയ എക്സ്റേസ്, ഗാമ റേസ് എന്നിങ്ങനെ ഏഴായിട്ടാണ് ഇലക്ട്രോണിക് തരംഗങ്ങളെ തിരിച്ചിരിക്കുന്നത്. ഇതിൽ മനുഷ്യരിൽ റേഡിയേഷൻ വഴി രോഗം ഉണ്ടാകാൻ സാധ്യതയുണ്ടെങ്കിൽ അത് അയണൈസേഷൻ റേഡിയേഷൻ വഴി ആയിരിക്കും.

അയണൈസേഷൻ എന്നാൽ എന്ത്?

അൾട്രാ വയലറ്റ് കഴിഞ്ഞുള്ള എക്സറേസും ഗാമ റേയിസും വളരെയധികം എനർജിയുള്ളതായതിനാൽ ഇത് ഏതെങ്കിലും മോളിക്യൂളിലോ, ആറ്റത്തിലോ തട്ടുമ്പോൾ ആ ആറ്റത്തിലെ ഏതെങ്കിലും ഒരു ഇലക്ട്രോണിനെ അതിൽ നിന്നും വിഘടിപ്പിക്കുന്നു. ഇതാണ് അയണൈസേഷൻ പ്രക്രിയ. അയണൈസേഷനു ശേഷിയുള്ള എക്സ്‌ റെയ്‌സോ, ഗാമ റെയ്‌സോ മനുഷ്യശരീരത്തിൽ പതിക്കുമ്പോൾ അത് കോശങ്ങൾക്കുള്ളിലെ ഡിഎൻഎ പാർട്ടിക്കിളിൽ എത്തിച്ചേരുകയും അവിടെ ഒരു കെമിക്കൽ റിയാക്ഷൻ ഉണ്ടാവുകയും ഇത് നമ്മുടെ ഡിഎൻഎ- ക്ക് തകരാറുണ്ടാക്കുകയും ചെയ്യുന്നു. ഇങ്ങനെ ഡിഎൻഎ- ക്ക് കേടുപാടുകൾ സംഭവിക്കുന്ന കോശങ്ങൾ ഒന്നുകിൽ നശിച്ചുപോകുന്നു. ചെറിയ കേടുപാടുകളാണ് സംഭവിക്കുന്നതെങ്കിൽ കോശങ്ങൾ മുമ്പോട്ടു പോവുകയും ചെയ്യുന്നു. അനിയന്ത്രിതമായ വളർച്ചയുണ്ടാകുന്ന കോശങ്ങളാണ് പിന്നീട് കാൻസറിന്‌ കാരണമായി മാറുന്നത്.

5ജി തരംഗങ്ങൾ അപകടകാരികളല്ല

നമ്മൾ ആശയവിനിമയത്തിനായി ഉപയോഗിക്കുന്നത് എനർജി കുറഞ്ഞ റേഡിയോ വേവുകളാണ്. അതിനാൽ തന്നെ മനുഷ്യരുടെ ഡിഎൻഎ- ക്ക് യാതൊരു തകരാറും അവ സൃഷ്ടിക്കുന്നില്ല. ഇത് നോൺ അയണൈസേഷൻ റേഡിയേഷൻ ആണ്. 2ജി, 3ജി, 4ജി തുടങ്ങിയവയൊക്കെ വ്യത്യസ്ത ജനറേഷനുകളിലെ മൊബൈൽ സിഗ്നലുകളാണെങ്കിലും ഇവ തമ്മിൽ ക്വാളിറ്റിയിലും മറ്റ് ടെക്നിക്കൽ കാര്യങ്ങളിലും മാത്രമാണ് വ്യത്യാസം. മറിച്ച് വ്യാജപ്രചാരവാദികൾ പ്രചരിപ്പിക്കുന്നതുപോലെ ഇതിൽ റേഡിയേഷൻ വർദ്ധന ഒന്നുമില്ല. അതിനാൽ തന്നെ 5ജി സംവിധാനത്തോട് മുഖംതിരിക്കൽ വേണ്ട.

ഈ വിവരങ്ങൾ, അറിവുകൾ മനസിൽ സൂക്ഷിക്കാം. പുതിയതും പഴയതുമായ തലമുറകൾക്ക് പറഞ്ഞുകൊടുക്കുകയും ചെയ്യാം. രാജ്യം ‘6ജി’യെക്കുറിച്ച് ചിന്തിക്കുമ്പോൾ ശാസ്ത്രീയമായി യാതൊരു അടിത്തറയുമില്ലാത്ത വിവരങ്ങളുടെ മറപറ്റി അത്തരക്കാരുടെ ആശയങ്ങളുടെ പ്രചാരകരാകാതെയിരിക്കണമെന്ന് പറഞ്ഞുകൊണ്ടാണ് ഫിസിക്സ് പുസ്തകം ജോജോ ഡോക്ടർ മടക്കുന്നത്. ഒപ്പം കാലത്തിനൊപ്പം മുന്നേറാൻ ഒരു ആഹ്വനവും അദ്ദേഹം നൽകുന്നു.

രഞ്ചിന്‍ ജെ. തരകന്‍

രഞ്ചിന്‍ ജെ. തരകന്‍

 

 

Latest News