25, മാര്‍ച്ച് 2021: ഭാരതത്തിന്റെ സമുദ്രാതിര്‍ത്തിയില്‍ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡും നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയും ചേര്‍ന്ന് രവിഹാന്‍സി എന്ന ചരക്ക് കപ്പല്‍ പിടികൂടി. നര്‍ക്കോട്ടിക്ക് ബ്യൂറോയുടെ ചെന്നൈ സോണല്‍ യൂണിറ്റ്, കപ്പല്‍ കസ്റ്റഡിയിലെടുത്ത് വിഴിഞ്ഞം തുറമുഖത്തടുപ്പിച്ച് പരിശോധന നടത്തി. 320.323 കിലോഗ്രാം ഹെറോയ്‌നും അഞ്ച് എ.കെ 47 തോക്കുകളും 1000 റൗണ്ട് വെടിയുതിര്‍ക്കാവുന്ന 9 എംഎം തിരകളും കപ്പലില്‍ നിന്ന് കണ്ടെത്തി.
കപ്പല്‍ജോലിക്കാരെ ചോദ്യം ചെയ്തതില്‍ നിന്ന് ലഭിച്ച വിവരമനുസരിച്ച് കേരളത്തിലും, കര്‍ണ്ണാടകയിലും, തമിഴ്‌നാട്ടിലും റെയ്ഡുകളും അറസ്റ്റുകളുമുണ്ടായി. ഇന്ത്യയില്‍ പൊതുവെ വന്‍വിപത്തായി മാറിക്കഴിഞ്ഞിരിക്കുന്ന നര്‍ക്കോട്ടിക്‌സും ഭീകരവാദവും ചേര്‍ന്നുള്ള പുതിയ കൂട്ടുകെട്ടില്‍നിന്ന് സ്വാഭാവികമായും രൂപപ്പെടാവുന്ന പുതിയ ഭീഷണിയായ ആയുധക്കടത്ത് കേരളത്തിലും വേരുപിടിക്കാനുള്ള സാധ്യതകളിലേക്കാണ് എന്‍ ഐ എ റിപ്പോര്‍ട്ട് വിരല്‍ ചൂണ്ടുന്നത്. ദൈവത്തിന്റെ സ്വന്തം നാടിനെ കാത്തിരിക്കുന്ന ഭീകരമായൊരു പതനത്തിന്റെ സൂചനകളും മുന്നറിയിപ്പുമാണ് ഈ ലേഖനം.
കേരളത്തില്‍ ആയുധ ഇടപാടുകളിലേക്ക് വിരല്‍ ചൂണ്ടുന്ന സംഭവങ്ങള്‍
രവിഹാന്‍സി എന്ന കപ്പലും 2021 മാര്‍ച്ച് 25 ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സംഭവവും മാത്രമല്ല കേരളവുമായി ബന്ധപ്പെട്ട ആയുധങ്ങളുടെ ഇടപാടുകളിലേക്ക് വിരല്‍ ചൂണ്ടുന്നത്. മറ്റു ചില സംഭവങ്ങളും കേസുകളും ഇത്തരമൊരു മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
– ആംസ് ആക്ട് പ്രകാരം (THE ARMS ACT, 1959) കേരളത്തില്‍ 2023ല്‍ മാത്രം 119 കേസുകള്‍ ആണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 2022 ല്‍ 122 ഉം 2021 ല്‍ 121 കേസുകളുമാണുള്ളത്.
– 2018 ഡിസംബര്‍ മാസത്തില്‍ രവി പൂജാരി എന്ന അധോലോക നേതാവിന്റെ രണ്ട് വാടകക്കൊലയാളികള്‍ കൊച്ചി പനമ്പിള്ളി നഗറില്‍ ലീന മരിയ പോളിന് നേരെ വെടിയുതിര്‍ത്തു.
– 2019 മെയ് മാസത്തില്‍ മയക്കുമരുന്നും ആയുധങ്ങളുമായി കാറില്‍ സഞ്ചരിക്കുകയായിരുന്ന എറണാകുളം സ്വദേശികളെ പോലീസ് അറസ്റ്റ് ചെയ്യുന്നു.
– നവംബര്‍ 2020, ഒക്കല്‍ സ്വദേശി ആദില്‍ ഷായ്ക്ക് നേരെ അഞ്ചംഗ സംഘം പിസ്റ്റളില്‍ നിന്ന് വെടിയുതിര്‍ക്കുന്നു.
– 2021 ജൂലൈ 30 ന് കോതമംഗലത്ത് ഡെന്റല്‍ വിദ്യാര്‍ത്ഥിനിയെ രാഖില്‍ എന്ന യുവാവ് വെടിയുതിര്‍ത്ത് കൊല ചെയ്യുന്നു. ആയുധം വന്നത് ബീഹാറില്‍ നിന്നായിരിക്കണം എന്ന അനുമാനം.
– ഒക്ടോബര്‍ 2022 രാജന്‍ പോള്‍ എന്ന വ്യക്തി മരട് ബാറില്‍ വെച്ച് ജീവനക്കാര്‍ക്ക് നേരെ വെടിയുതിര്‍ക്കുന്നു.
– 2023 നവംബര്‍ മട്ടാഞ്ചേരിയില്‍ ഒരു യുവാവിന് വാക്കു തര്‍ക്കത്തിനൊടുവില്‍ വെടിയേല്‍ക്കുന്നു.
– 2023 ജൂണ്‍ മാസത്തില്‍ കേരളത്തിലേക്ക് പിസ്റ്റളുകളും മറ്റ് വെടിക്കോപ്പുകളുമായി വരുമ്പോള്‍ ടിപി ചന്ദ്രശേഖരന്‍ കേസിലെ ഒരു പ്രതിയെ ബാംഗ്ലൂര്‍ പോലീസ് അറസ്റ്റ് ചെയ്യുന്നു.
– 2023 ജൂലൈ മാസത്തില്‍ എന്‍ ഐ എ മഞ്ചേരിയിലും മറ്റു പലയിടങ്ങളിലുമുള്ള വ്യാപകമായ റെയ്ഡില്‍ പിഎഫ്‌ഐ ആയുധ പരിശീലന കേന്ദ്രങ്ങളും ട്രെയിനിങ് സെന്ററുകളും ആയുധങ്ങളും കണ്ടെത്തുന്നു.
വര്‍ഷംതോറും കേരളത്തിലെ ആയുധഇടപാടുകളില്‍ ആനുപാതികമായ വളര്‍ച്ച ഉണ്ടാകുന്നുണ്ടെന്ന് ഈ കണക്കുകളും സംഭവങ്ങളും വ്യക്തമാക്കുന്നുണ്ട്.
ആയുധ വ്യാപാര സാധ്യതകള്‍
1. ഭൂമിശാസ്ത്രപരമായ കാരണങ്ങള്‍
590 മീറ്ററോളം നീളുന്ന സമുദ്രാതിര്‍ത്തി കേരളത്തിന്റെ പ്രത്യേകതയാണ്. ആഗോളതലത്തില്‍ത്തന്നെ മയക്കുമരുന്നിന്റെ പ്രധാന ഉത്പാദന വിപണന കേന്ദ്രങ്ങളായ ഗോള്‍ഡന്‍ ക്രസന്റില്‍ നിന്നും (അഫ്ഗാനിസ്ഥാന്‍, ഇറാന്‍, പാകിസ്ഥാന്‍) ഗോള്‍ഡന്‍ ട്രയാങ്കിളില്‍ നിന്നും(മ്യാന്മാര്‍, ലാഓസ്, തായ്‌ലാന്‍ഡ്) ഉള്ള മയക്കുമരുന്ന് ഉത്പന്നങ്ങളുടെ പ്രധാന ട്രാന്‍സിറ്റ് പോയിന്റ് അറേബ്യന്‍ സമുദ്രമാണ്. കേരളത്തിലേക്കുള്ള ദേശീയ പാതകളും മറ്റ് വഴികളും ആയുധക്കടത്തലിന് സഹായകമാകുന്നുണ്ട്.
2. വര്‍ദ്ധിച്ചു വരുന്ന മയക്കുമരുന്ന് ഉപഭോഗം
2020 നവംബര്‍ മാസത്തില്‍ പ്രസിദ്ധീകരിച്ച കെസിബിസി ജാഗ്രത ന്യൂസിലാണ് നര്‍ക്കോട്ടിക് ഭീകരത കേരളത്തില്‍ പിടിമുറുക്കുന്നതായി മറ്റാരും മുന്നറിയിപ്പു നല്‍കുന്നതിന് മുന്‍പ് സൂചനകള്‍ പ്രസിദ്ധീകരിച്ചത്. ആ മുന്നറിയിപ്പുകളെ ശരിവെയ്ക്കുന്ന തരത്തിലാണ് കേരളത്തില്‍ മയക്കുമരുന്ന് വ്യാപനം അനേകമടങ്ങ് വര്‍ദ്ധിച്ചത്. നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം 2022 ല്‍ ഇന്ത്യയില്‍ ഏറ്റവും അധികം മയക്കുമരുന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ള സംസ്ഥാനം കേരളമാണ്. 26619 കേസുകളാണ് ചഉജട ആക്ട് പ്രകാരം ആ വര്‍ഷം കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. തൊട്ടു താഴെയുള്ള മഹാരാഷ്ട്രയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതിന്റെ ഇരട്ടിയോളം വരും അത്.
മയക്കുമരുന്ന് കേസുകളിലെ പതിന്മടങ്ങ് വര്‍ദ്ധന കേരളം മയക്കുമരുന്ന് ഭീകരവാദത്തിന്റെ നീരാളിപ്പിടുത്തത്തില്‍ അകപ്പെട്ടു കഴിഞ്ഞു എന്നതിന്റെ സൂചനയാണ് നല്‍കുന്നത്. തുടരെത്തുടരെ മയക്കുമരുന്ന് കടത്തി വിട്ട് സുരക്ഷിതമെന്ന് തെളിയുന്ന പാതകളാണ് മനുഷ്യരെയും ആയുധങ്ങളെയും കടത്താന്‍ തീവ്രവാദസംഘടനകള്‍ ഉപയോഗിക്കുന്നതെന്നാണ് യുഎന്‍ കേന്ദ്രങ്ങള്‍ മുന്നറിയിപ്പു നല്‍കുന്നത്. അത്തരത്തില്‍ ചിന്തിച്ചാല്‍ നമ്മുടെ യുവജനങ്ങളുടെ ഞെരമ്പുകള്‍ മാത്രമല്ല, കേരളത്തിലേക്കുള്ള രക്തധമനികളായ നമ്മുടെ റോഡുകളിലും തീരദേശങ്ങളിലും മയക്കുമരുന്നും ആയുധങ്ങളും നിറയുകയാണെന്ന് വ്യക്തം.
അതിജാഗ്രതാ സൂചനകള്‍
സമീപകാലങ്ങളില്‍ ലോകരാഷ്ട്രീയത്തില്‍ വന്നിട്ടുള്ള വ്യതിയാനങ്ങളും ആഗോളതലത്തിലുള്ള ചില മാറ്റങ്ങളും കേരളത്തെ ആയുധങ്ങള്‍ ശേഖരിക്കാനും വില്‍പനനടത്താനുമുള്ള സുരക്ഷിത കേന്ദ്രമെന്ന നിലയില്‍ ഉപയോഗിക്കാനുള്ള സാധ്യതകള്‍ക്ക് ആക്കം വര്‍ദ്ധിപ്പിക്കുന്നുണ്ട്.
1. എല്‍റ്റിറ്റിഇയുടെ രണ്ടാം വരവ്
രവിഹാന്‍സി എന്ന കപ്പലിലെ റെയ്ഡിനെത്തുടര്‍ന്ന് പിടികൂടിയവര്‍ക്ക് എല്‍റ്റിറ്റിഇ ബന്ധം ഉണ്ടായിരുന്നു എന്നത് ശ്രദ്ധേയമാണ്. 1990 കളില്‍ കംബോഡിയ ആഗോളതലത്തില്‍ ആയുധമാര്‍ക്കറ്റില്‍ നിര്‍ണ്ണായകശക്തിയാകുന്നതിന് പ്രവര്‍ത്തിച്ച പ്രധാനഘടകം എല്‍റ്റിറ്റിഇ ആണ്. എകെ സീരീസ് റൈഫിളുകള്‍ മുതല്‍, സ്റ്റെണ്‍ ഗണ്ണുഗളും, മോര്‍ട്ടാറുകളും ലാന്‍ഡ്‌മൈനുകളും സ്‌ഫോടകവസ്തുക്കളും അടങ്ങിയ കപ്പലുകള്‍ കമ്പോഡിയയില്‍ നിന്ന് ജാഫ്‌ന തുറമുഖത്തെത്തുകയും അവിടെ നിന്ന് യൂറോപ്യന്‍, അമേരിക്കന്‍, പശ്ചിമേഷ്യന്‍ മാര്‍ക്കറ്റുകളിലേക്ക് വേര്‍തിരിച്ച് അയയ്ക്കുകയും ചെയ്തിരുന്നു എന്നാണ് ഇന്റലിജന്‍സ് വൃത്തങ്ങള്‍ പറയുന്നത്.
തെക്കന്‍ ഏഷ്യയിലെ മയക്കുമരുന്ന് പാതകളെ ആയുധക്കടത്തിന്റെ പാതകളാക്കി ഈ മേഖലയില്‍ പുതിയൊരു ചരിത്രം കൂടെയാണ് എല്‍റ്റിറ്റിഇ അന്ന് സൃഷ്ടിച്ചത്. എല്‍റ്റിറ്റിഇ യുഗം അവസാനിച്ചെന്ന് ലോകം ഒരിക്കല്‍ കരുതിയെങ്കിലും, സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങള്‍, കാനഡ തുടങ്ങിയ ഇടങ്ങളില്‍ ഇപ്പോഴും നിലനില്‍ക്കുന്ന ചില ഗ്രൂപ്പുകള്‍ എല്‍റ്റിറ്റിഇയുടെ തിരിച്ചുവരവിനായുള്ള ശ്രമം നടത്തുന്നതായുള്ള ചില സൂചനകള്‍ അന്തര്‍ദേശീയ മാധ്യമങ്ങള്‍ പലപ്പോഴായി നല്‍കിയിട്ടുണ്ട്.
2019 ശ്രീലങ്കന്‍ സ്‌ഫോടനക്കേസിലെ അണിയറപ്രവര്‍ത്തകരില്‍ ഒരാളായ റിയാസ് അബൂബക്കര്‍ എന്ന മലയാളിയെ അറസ്റ്റ് ചെയ്തതും ഇതിനോട് ചേര്‍ത്തു വായിക്കേണ്ടതാണ്. 2016 ല്‍ അഫ്ഗാനില്‍ ഐഎസിലേക്ക് ചേരാന്‍ പോയ 22 പേരുമായി ബന്ധം ഉള്ളതായി സംശയിക്കപ്പെടുന്ന വ്യക്തിയാണ് റിയാസ് അബൂബക്കര്‍. പാക്കിസ്ഥാന്‍ ചാരസംഘടനയായ ഐഎസ്‌ഐ, ഐസിസ്, എല്‍റ്റിറ്റിഇ എന്നിവര്‍ ചേര്‍ന്ന് ശ്രീലങ്ക അടിസ്ഥാനപ്പെടുത്തി രൂപപ്പെടുത്തിയേക്കാവുന്ന ഈ നീക്കത്തില്‍ കേരളം ഇവര്‍ക്ക് ഇന്ത്യയിലേക്ക് ആയുധങ്ങളുടെയും മയക്കുമരുന്നിന്റെയും പാത വളരെ എളുപ്പത്തില്‍ തുറന്നെടുക്കാവുന്ന ഏറ്റവും പ്രധാന മേഖലയാണ്.
2. അല്‍ഖ്വയ്ദയുടെ വേഷംമാറല്‍
9/11 വേള്‍ഡ് ട്രെയ്ഡ് സെന്റര്‍ ആക്രമണത്തിന് ശേഷം അല്‍ക്വയ്ദ അവരുടെ ഓപ്പറേഷനല്‍ രീതികളില്‍ മാറ്റം വരുത്തുന്നതായാണ് കാണാന്‍ കഴിയുന്നത്. ആസൂത്രണത്തിലെ പാളിച്ചകളേല്‍പ്പിച്ച പരാജയങ്ങളും ഇറാഖിലും അഫ്ഗാനിലും ശക്തമായ അമേരിക്കന്‍ തിരിച്ചടികളില്‍ തങ്ങളുടെ നേതൃത്വത്തിലെ ശക്തന്മാരെ നഷ്ടപ്പെട്ടതും, സുരക്ഷിതമായി പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കാന്‍ സാധിക്കാത്തവിധം കൂച്ചുവിലങ്ങിട്ടതും അവരെ മാറ്റിച്ചിന്തിപ്പിച്ചിരുന്നു. അതിനാല്‍ത്തന്നെ ആഗോളഭീകരവാദ ഗ്രൂപ്പുകളുടെ പുറകിലെ അദൃശ്യശക്തിയായി മാറുകയാണ് അല്‍ക്വയ്ദ ചെയ്തത്. സാമ്പത്തിക സഹായങ്ങള്‍, ആയുധപരിശീലനം, ആയുധങ്ങള്‍, ആശയങ്ങള്‍ ഇവ നല്‍കുന്ന ആശയബൗദ്ധിക കേന്ദ്രമായി ഈ സംഘടന മാറി.
പ്രാദേശിക രാഷ്ട്രീയ പ്രശ്‌നങ്ങളില്‍ ഇടപെട്ട് ചെറുസംഘടനകളെയടക്കം ശക്തമാക്കി ഒന്നിപ്പിക്കാനുള്ള നിര്‍ദ്ദേശങ്ങളും സാമ്പത്തിക സഹായങ്ങളും നല്‍കി നല്ലൊരു സപ്പോര്‍ട്ട് ബേസ് തയ്യാറാക്കുകയാണവര്‍ ഇപ്പോള്‍ ചെയ്യുന്നത്. തുടര്‍ ആക്രമണങ്ങള്‍ക്കുള്ള പോരാളികളെ അഫ്ഗാനിലോ മറ്റേതെങ്കിലും രഹസ്യതാവളങ്ങളിലോ പരിശീലനം നല്‍കി തയ്യാറാക്കിക്കൊണ്ടിരിക്കുന്നതായാണ് ലഭിക്കുന്ന സൂചനകള്‍. കേരളത്തിലാരംഭിച്ച് ഭാരതത്തില്‍ വ്യാപിച്ച പല സമരനീക്കങ്ങളുടെയും മുദ്രാവാക്യങ്ങളുടെയും പിന്നില്‍ ഇത്തരമൊരു രീതി വ്യക്തമായിരുന്നു. മഞ്ചേരിയിലടക്കം പല പിഎഫ്‌ഐ കേന്ദ്രങ്ങളിലും എന്‍ഐഎ നടത്തിയ റെയ്ഡില്‍ സായുധ പരിശീലനകേന്ദ്രങ്ങളും, ആയുധങ്ങളും കണ്ടെത്തുകയും, പരിശീലകരെ പിടികൂടുകയും ചെയ്തിരുന്നു. അല്‍ക്വയ്ദയോ ഇതേ രീതി പിന്തുടരുന്ന മറ്റേതെങ്കിലും ഗ്രൂപ്പുകളോ ഇവിടെ സജീവമായിക്കൊണ്ടിരിക്കുന്നുണ്ടെന്ന് വ്യക്തം.
3. റഷ്യ യുക്രൈന്‍ യുദ്ധവും ഐഎസും
ആയുധ മാര്‍ക്കറ്റുകളെ ചൂടുപിടിപ്പിക്കുന്നത് യുദ്ധങ്ങളാണ്. എല്ലാ ആയുധഫാക്ടറികളും ഉത്പാദനത്തിന്റെ തോതിലും ആയുധങ്ങളുടെ മികവിലും മത്സരത്തിലേര്‍പ്പെടുന്നതും യുദ്ധങ്ങള്‍ ഉണ്ടാകുമ്പോഴാണ്. യുദ്ധത്തിന് മുമ്പേ തന്നെ ആഗോള മാര്‍ക്കറ്റിലെ ചെറു തോക്കുകളുടെ നിര്‍മ്മാണത്തില്‍ മുന്നിലായിരുന്നു യുക്രൈന്‍. യുദ്ധമാരംഭിച്ചതിന് ശേഷവും അവിടേക്ക് ഒഴുകിയത് ചെറുതും വലുതുമുള്‍പ്പടെ അനേകം ആയുധങ്ങളാണ്.
ഇതേ പോലെ തന്നെയാണ് റഷ്യന്‍ ചേരിയും. എന്നാല്‍ റഷ്യ – യുക്രൈന്‍ യുദ്ധത്തില്‍ ഇന്ത്യയ്ക്ക് ജാഗ്രതാ നിര്‍ദ്ദേശം അവിടെയുള്ള ഇന്ത്യന്‍ എംബസിയില്‍ നിന്നുണ്ടായിരുന്നു. യുദ്ധമേഖലയിലെത്തുന്നുവെന്നു പറയപ്പെടുന്ന ആയുധങ്ങള്‍ വന്‍തോതില്‍ കാണാതാവുന്നുണ്ടെന്നും അവ ഇന്ത്യയടക്കം പല സൗത്ത് ഏഷ്യന്‍ രാജ്യങ്ങളിലും കുമിഞ്ഞുകൂടാനിടയുണ്ടെന്നുമായിരുന്നു ആ മുന്നറിയിപ്പ്.
വര്‍ധിച്ചുകൊണ്ടിരിക്കുന്ന മയക്കുമരുന്ന് ഉപയോഗവും കേസുകളും, വലിയ വാര്‍ത്തകളല്ലാതായി മാറിക്കൊണ്ടിരിക്കുന്ന ആയുധ ഉപയോഗവും ആയുധക്കടത്ത് കേസുകളും മാറിക്കൊണ്ടിരിക്കുന്ന കേരളത്തെക്കുറിച്ചുള്ള സൂചനകളാണ് നല്‍കുന്നത്. തീവ്രവാദ സംഘടനകള്‍ക്കും മയക്കുമരുന്ന് മാഫിയകള്‍ക്കും ഇഷ്ടപ്പെട്ട മുനമ്പായി കേരളം മാറിക്കൊണ്ടിരിക്കുന്നത് ശുഭസൂചനയല്ല. ഭരണകൂടവും മാധ്യമങ്ങളും വളരെ ഗൗരവമായി ഈ വിഷയം പരിഗണിക്കുകയും കൂടുതല്‍ ശ്രദ്ധ ചെലുത്തുകയും വേണം.
ഫാ. ജസ്റ്റിന്‍ കാഞ്ഞൂത്തറ MCBS