Wednesday, April 22, 2026

ഭൂമി കൂടുതൽ തിളങ്ങുന്നു; പക്ഷേ മാറ്റങ്ങൾ പ്രവചനാതീതം: നാസയുടെ പുതിയ പഠനം

ബഹിരാകാശത്ത് നിന്ന് നോക്കുമ്പോൾ നമ്മുടെ ഭൂമി ഓരോ വർഷവും കൂടുതൽ തിളക്കമുള്ളതായി മാറിക്കൊണ്ടിരിക്കുകയാണ്. എന്നാൽ ഈ പ്രകാശത്തിന്റെ വിന്യാസവും തീവ്രതയും മുൻപത്തേക്കാൾ ഏറെ സ്ഥിരമല്ലാത്തതായിരിക്കുന്നുവെന്ന് പുതിയ പഠനങ്ങൾ വെളിപ്പെടുത്തുന്നു. നാസയുടെ ധനസഹായത്തോടെ യൂണിവേഴ്സിറ്റി ഓഫ് കണക്റ്റിക്കട്ട് University of Connecticut), യേൽ സ്കൂൾ ഓഫ് എൻവയോൺമെന്റ് എന്നിവടങ്ങളിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തലുകളുള്ളത്. ഈ മാസത്തെ നേച്ചർ ജേണലിൽ പ്രസിദ്ധീകരിച്ച ഈ പഠനം, 1.1 ദശലക്ഷത്തിലധികം സാറ്റലൈറ്റ് ചിത്രങ്ങൾ വിശകലനം ചെയ്താണ് തയ്യാറാക്കിയിരിക്കുന്നത്. മനുഷ്യന്റെ ഇടപെടലുകൾ രാത്രികാലങ്ങളെ എങ്ങനെയൊക്കെ മാറ്റിയെഴുതുന്നു എന്ന് ഓരോ പിക്സലിലൂടെയും പരിശോധിക്കുന്ന ഈ രീതിയെ ഗവേഷകർ “ഭൂമിയുടെ ഹൃദയമിടിപ്പ്” (Heartbeat of the planet) എന്നാണ് വിശേഷിപ്പിക്കുന്നത്. ഇന്ന് ലോക ഭൗമദിനത്തിൽ ഈ കണ്ടുപിടുത്തത്തിന് ഏറെ പ്രാധാന്യമുണ്ട്.

16 ശതമാനം വർധനവ്

2014-നും 2022-നും ഇടയിലുള്ള കാലയളവിൽ ഭൂമിയിലെ കൃത്രിമ പ്രകാശത്തിന്റെ അളവിൽ ആകെ 16% വർധനവ് ഉണ്ടായതായി പഠനം ചൂണ്ടിക്കാട്ടുന്നു. സാധാരണയായി, രാത്രികാല വെളിച്ചം കൂടുന്നത് സാമ്പത്തിക വളർച്ചയുടെയും വികസനത്തിന്റെയും അടയാളമായാണ് ശാസ്ത്രജ്ഞർ കണക്കാക്കുന്നത്. എന്നാൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ ഈ വളർച്ചയുടെ സ്വഭാവം പാടെ മാറിയിരിക്കുന്നു.

എന്തുകൊണ്ട് ഈ മാറ്റങ്ങൾ അസ്ഥിരമാകുന്നു?

ഭൂമിയുടെ തിളക്കം കൂടുന്നുണ്ടെങ്കിലും അത് ഒരേ ക്രമത്തിലല്ല സംഭവിക്കുന്നത്. ഇതിന് പ്രധാനമായും മൂന്ന് കാരണങ്ങളാണുള്ളത്- കോവിഡ്-19 മഹാമാരി, സാമ്പത്തിക ആഘാതങ്ങൾ, പുതിയ നിയമങ്ങൾ. ലോകമെമ്പാടുമുള്ള ലോക്ക്ഡൗണുകൾ രാത്രികാല പ്രകാശത്തിന്റെ താളം തെറ്റിച്ചു. തകരുന്ന ആഗോള സമ്പദ്‌വ്യവസ്ഥ പലയിടങ്ങളിലും രാത്രികാല വെളിച്ചം കുറയാൻ കാരണമായി. പ്രകാശ മലിനീകരണം തടയാൻ രാജ്യങ്ങൾ ഏർപ്പെടുത്തിയ കർശന നിയന്ത്രണങ്ങൾ എന്നിവ കാരണമാണെന്ന് പഠനത്തിൽ പറയുന്നു.

ആഗോളതലത്തിലെ വൈരുദ്ധ്യങ്ങൾ

ആഗോളതലത്തിൽ പ്രകാശത്തിന്റെ തീവ്രതയിൽ 34% വർധനവുണ്ടായെങ്കിലും, ചില രാജ്യങ്ങൾ ബോധപൂർവ്വം വെളിച്ചം കുറയ്ക്കുന്നതായി പഠനം പറയുന്നു. ചൈനയും ഉത്തരേന്ത്യയും അതിവേഗത്തിലുള്ള നഗരവൽക്കരണം മൂലം ലോകത്ത് ഏറ്റവും കൂടുതൽ തിളങ്ങുന്ന മേഖലകളായി തുടരുന്നു. ജനസംഖ്യ വർധിക്കുന്നതിനനുസരിച്ച് യു.എസിന്റെ പടിഞ്ഞാറൻ തീരത്തെ നഗരങ്ങൾ കൂടുതൽ പ്രകാശപൂരിതമായി. ഊർജ്ജ സംരക്ഷണത്തിന് മുൻഗണന നൽകുന്ന യൂറോപ്യൻ രാജ്യങ്ങളിൽ പ്രകാശ മലിനീകരണം ഗണ്യമായി കുറഞ്ഞു. ഫ്രാൻസ് (33%), യു.കെ (22%), നെതർലാൻഡ്‌സ് (21%) എന്നിവിടങ്ങളിൽ പ്രകാശത്തിന്റെ തീവ്രത കുറഞ്ഞു.

ഭൂമി തിളങ്ങുന്നത് വികസനത്തിന്റെ അടയാളമാണെങ്കിലും, അമിതമായ പ്രകാശം പ്രകൃതിയുടെ സന്തുലിതാവസ്ഥയെ ബാധിക്കുന്നുണ്ട്. ഊർജ്ജ സംരക്ഷണത്തിനായി യൂറോപ്യൻ രാജ്യങ്ങൾ സ്വീകരിക്കുന്ന മാതൃക ആഗോളതലത്തിൽ ചർച്ച ചെയ്യപ്പെടേണ്ടതാണ്. വരും വർഷങ്ങളിൽ വികസനവും പരിസ്ഥിതി സംരക്ഷണവും എങ്ങനെ ഒത്തുപോകുന്നു എന്നതിന്റെ കൃത്യമായ സൂചനയായിരിക്കും ബഹിരാകാശത്ത് നിന്നുള്ള ഈ ‘രാത്രി വെളിച്ചങ്ങൾ’.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News