ലെയോ പാപ്പയുടെ ഇക്വറ്റോറിയൽ ഗിനിയയിലെ അപ്പസ്തോലിക സന്ദർശനത്തിന്റെ രണ്ടാം ദിവസമായ ഏപ്രിൽ 22 ബുധനാഴ്ച തിരക്കേറിയ ചടങ്ങുകളാണ് നിശ്ചയിച്ചിരിക്കുന്നത്. രാവിലെ തന്നെ പാപ്പ രാജ്യത്തിന്റെ ഹൃദയഭാഗത്ത് ഗാബോൺ അതിർത്തിയോട് ചേർന്നുകിടക്കുന്ന മോംഗോമോ (Mongomo) നഗരത്തിലേക്ക് വിമാനമാർഗം യാത്ര തിരിച്ചു.
രാജ്യത്തെ പ്രധാന വംശീയവിഭാഗമായ ‘ഫാങ്’ ജനതയുടെ കേന്ദ്രമായി അറിയപ്പെടുന്ന നഗരമാണ് മോംഗോമോ. 1990 കളിലെ എണ്ണപര്യവേഷണത്തിനു ശേഷം വലിയ വികസനപ്രവർത്തനങ്ങൾ നടന്ന ഈ നഗരത്തിലെ ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ ബസിലിക്കയിൽ മാർപാപ്പ വിശുദ്ധ കുർബാന അർപ്പിക്കും. തുടർന്ന് അവിടെയുള്ള ‘പോപ്പ് ഫ്രാൻസിസ് ടെക്നോളജിക്കൽ സ്കൂൾ’ ലെയോ പാപ്പ സന്ദർശിക്കും.
മോംഗോമോയിലെ ചടങ്ങുകൾക്കു ശേഷം മാർപാപ്പ, ബാത നഗരത്തിലേക്ക് തിരിക്കും. അവിടത്തെ ജയിൽ സന്ദർശിക്കുന്ന പാപ്പ തടവുകാരുമായി ആശയവിനിമയം നടത്തും. ശേഷം ഉച്ചകഴിഞ്ഞ്, 2021 മാർച്ച് ഏഴിനുണ്ടായ സ്ഫോടനത്തിൽ ഇരകളായവരുടെ സ്മാരകത്തിൽ പ്രാർഥന നടത്തും. വൈകുന്നേരം 6.10 ന് ബാത സ്റ്റേഡിയത്തിൽ വച്ച് യുവാക്കളുമായും കുടുംബങ്ങളുമായും മാർപാപ്പ കൂടിക്കാഴ്ച നടത്തും.
ഈ ചടങ്ങുകൾക്കു ശേഷം പാപ്പ തിരികെ മലാബോയിലേക്ക് മടങ്ങും. മാർപാപ്പയുടെ ആഫ്രിക്കൻ സന്ദർശനത്തെ വലിയ ആവേശത്തോടെയാണ് പ്രാദേശിക ജനത വരവേൽക്കുന്നത്.

