Sunday, July 5, 2026

കോംഗോയിൽ ആശ്വാസകിരണം; എബോള ചികിത്സയ്ക്കായുള്ള പരീക്ഷണങ്ങൾ ആരംഭിച്ചു

ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ (DRC) പടർന്നുപിടിക്കുന്ന മാരകമായ എബോള വൈറസ് ബാധയ്‌ക്കെതിരെയുള്ള പരീക്ഷണ ചികിത്സകൾക്ക് തുടക്കമിട്ടതായി ലോകാരോഗ്യ സംഘടന അറിയിച്ചു. പരീക്ഷണത്തിന്റെ ഭാഗമായി ആദ്യ രോഗിയെ പ്രവേശിപ്പിച്ചതായി ഡബ്ല്യു.എച്ച്.ഒ തലവൻ ടെഡ്രോസ് അഥാനോം ഗെബ്രിയേസസ് വ്യക്തമാക്കി.

രണ്ട് പ്രത്യേക ചികിത്സാ രീതികളാണ് ഈ ഘട്ടത്തിൽ പരീക്ഷിക്കുന്നത്. കോംഗോയിലെ ഇൻസ്റ്റിറ്റ്യൂട്ട് നാഷണൽ ഡി റെഷെർഷെ ബയോമെഡിക്കൽ (INRB), ബെൽജിയത്തിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മെഡിസിൻ, യുകെയിലെ ഓക്സ്ഫോർഡ് സർവകലാശാല എന്നീ പ്രമുഖ ഗവേഷണ സ്ഥാപനങ്ങളാണ് ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിൽ നടക്കുന്ന ഈ അന്താരാഷ്ട്ര പരീക്ഷണത്തിന് പിന്നിൽ പ്രവർത്തിക്കുന്നത്.

നിലവിൽ അതിവേഗം പടരുന്ന ‘ബുന്ദിബുഗ്യോ’ (Bundibugyo) എന്ന എബോള വൈറസ് വകഭേദമാണ് കോംഗോയിൽ നാശം വിതയ്ക്കുന്നത്. ഈ പ്രത്യേക വകഭേദത്തിന് നിലവിൽ അംഗീകൃത വാക്സിനുകളോ ഫലപ്രദമായ ചികിത്സകളോ ലഭ്യമല്ല. ലോകാരോഗ്യ സംഘടനയുടെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം കോംഗോയിൽ മാത്രം ഇതുവരെ 1,400-ലധികം ആളുകൾക്ക് രോഗം സ്ഥിരീകരിക്കുകയും 438 പേർ മരണപ്പെടുകയും ചെയ്തിട്ടുണ്ട്. രോഗബാധയുടെ പശ്ചാത്തലത്തിൽ ആഗോള ആരോഗ്യ അടിയന്തരാവസ്ഥ ഡബ്ല്യു.എച്ച്.ഒ പ്രഖ്യാപിച്ചിരുന്നു. കോംഗോയ്ക്ക് പുറമെ അയൽരാജ്യമായ ഉഗാണ്ടയിൽ 20 കേസുകളും രണ്ട് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഫ്രാൻസിലും ഒരാൾക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News