വയനാട് കേരളത്തിന്റെ കണ്ണീരായി മാറുന്ന കാഴ്ചയാണ് നമ്മൾ കാണുന്നത്. അപ്രതീക്ഷിതമായിരുന്നു വയനാട്ടിലെ മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളിലുണ്ടായ ഉരുൾപൊട്ടൽ. അവിടെനിന്നും ഇപ്പോൾ ആംബുലൻസിന്റെ ശബ്ദത്തോടൊപ്പം ഉറ്റവരെ ഓർത്തുള്ള നിലവിളികളും മുഴങ്ങുകയാണ്. മരണസംഖ്യ ഓരോ നിമിഷവും ഉയരുന്നു. ഇത് നമ്മുടെ നാടിന്റെ മുഴുവൻ വേദനയാണ്. നമുക്കും ഈ ദുഃഖത്തിൽ പങ്കുചേരാം; രക്ഷാപ്രവർത്തനത്തിനായി ഒന്നിക്കാം. തുടർന്നു വായിക്കുക.
ഉരുൾപൊട്ടലുണ്ടായ വയനാട്ടിലെ മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളിൽ ആംബുലൻസിന്റെ ശബ്ദത്തോടൊപ്പം ഉറ്റവരെ ഓർത്തുള്ള നിലവിളികളും മുഴങ്ങുന്നു. ഓരോ നിമിഷവും മരണസംഖ്യ ഉയരുകയാണ്. ഒരുവശത്ത് രക്ഷാപ്രവർത്തകരുടെ വരവും പ്രതീക്ഷിച്ച് കാതോർത്തിരിക്കുന്നവർ; മറുവശത്ത് രക്ഷപെട്ടവർ. രക്ഷപ്പെട്ടെങ്കിലും, തങ്ങളുടെ വിരൽത്തുമ്പിൽനിന്നും ഒലിച്ചുപോയ പ്രിയപ്പെട്ടവർ എവിടെയാണെറിയാതെ ആധിയോടെ കാത്തിരിക്കുകയാണവർ. ഉരുൾപൊട്ടൽ ദുരന്തമുണ്ടായ മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളിലെ ചില വാർത്തകളിലൂടെ ഒരു സഞ്ചാരം.
ഒരു പ്രദേശത്തെയാകെ വിഴുങ്ങിയ ഉരുൾപൊട്ടലുണ്ടായി മണിക്കൂറുകൾ പിന്നിടുമ്പോഴും രക്ഷാപ്രവർത്തനംപോലും ആഗ്രഹിക്കുന്നതുപോലെ കഴിയാത്ത സാഹചര്യമാണ് മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളിൽ ഇപ്പോഴുള്ളത്. കാരണം, അത്രമേൽ ഗുരുതരവും ഭീകരവുമായ സാഹചര്യമാണ് ഇവിടെ സംജാതമായിരിക്കുന്നത്.
രക്ഷാപ്രവർത്തനം അതീവദുഷ്‌കരം
കൂറ്റൻപാറകളും തകർന്നടിഞ്ഞ കെട്ടിടാവശിഷ്ടങ്ങളും കുപ്പിച്ചില്ലുകളും കുത്തിയൊലിച്ച് ഒഴുകുന്ന മഴവെള്ളപ്പാച്ചിലും… മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളിലെ ദുരന്തമുഖത്തേക്ക് രക്ഷാപ്രവർത്തകർക്ക് ഇനിയും കടന്നുചെല്ലാൻ സാധിക്കാത്ത സാഹചര്യമാണിപ്പോൾ. ഹെലികോപ്റ്റർ അയച്ചിട്ടുണ്ടെങ്കിലും കാലാവസ്ഥ പ്രതികൂലമായാൽ അതും കാര്യക്ഷമമായി പ്രവർത്തിപ്പിക്കാൻ കഴിയാത്ത അവസ്ഥ. രക്ഷാപ്രവർത്തകരുടെ വരവും പ്രതീക്ഷിച്ച് നൂറുകണക്കിന് ആളുകളാണ് പലയിടങ്ങളിലായി കുടുങ്ങിക്കിടക്കുന്നത്. അവരിൽ പലരും മുറിവേറ്റവരും ഗുരുതരമായ അവസ്ഥയിലുള്ളവരുമാണ്. പകൽ അവസാനിക്കാറാകുമ്പോൾ ഉറ്റവരെയും ഉടയവരെയും പ്രതീക്ഷിച്ച് കാത്തിരിക്കുന്നവരുടെയും നെഞ്ചിടിപ്പ് ഏറുകയാണ്.
മൃതദേഹങ്ങൾക്കരികെ ഉറ്റവരെ തിരിച്ചറിയാൻ ബന്ധുക്കൾ
മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളിലുണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് നിരവധി മൃതദേഹങ്ങൾ കണ്ടെടുത്തിട്ടുണ്ട്. മേപ്പാടി സർക്കാർ ആശുപത്രിയിൽ നാല്പത്തിലധികം പേരുടെ മൃതദേഹങ്ങളാണ് വെള്ളത്തുണിയിൽ പൊതിഞ്ഞുസൂക്ഷിച്ചിട്ടുള്ളത്. സമീപത്തെ മറ്റ് ആശുപത്രികളിലും മൃതദേഹങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. ഉറ്റവരെയും ഉടയവരെയും അന്വേഷിച്ച് നിരവധിപേരാണ് കണ്ണീരോടെ ആശുപത്രിയിൽ എത്തിച്ചേരുന്നത്. പലരെയും ഇനിയും തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. തങ്ങളുടെ പ്രിയപ്പെട്ടവർ ആകരുതേ എന്ന പ്രാർത്ഥനയോടെയാണ് ഓരോ മൃതദേഹത്തിനരികെയും അവർ എത്തുന്നത്. മൃതദേഹങ്ങളുമായി എത്തുന്ന ആംബുലൻസിന്റെ ശബ്ദം ഒരു നടുക്കംപോലെ അവരുടെ ചെവികളിൽ മുഴങ്ങുന്നുണ്ട്. രക്ഷപെട്ടവർ തങ്ങളുടെ പ്രിയപ്പെട്ടവരെ തേടി ആധിയോടെ നടക്കുന്ന കാഴ്ച അത്യന്തം ഹൃദയഭേദകമാണ്.
പ്രാണനുവേണ്ടി ഓടിയവരുടെ ജീവനെടുത്ത് മഴവെള്ളപ്പാച്ചിൽ
പുലർച്ചെ ഉണ്ടായ ഉരുൾപൊട്ടലിൽ, എന്താണ് സംഭവിക്കുന്നതെന്ന് അറിയുന്നതിനു മുൻപുതന്നെ പലരും കുത്തിയൊഴുകിവന്ന ഉരുൾപൊട്ടലിൽ നിമിഷനേരംകൊണ്ട് അപ്രത്യക്ഷമായി. ചിലർ, കൂടെയുള്ളവരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ വിരൽത്തുമ്പിൽനിന്നും നഷ്ടമായ പ്രിയപ്പെട്ടവരെ ഓർത്തു വിതുമ്പുന്നു. മറ്റുചിലർ പ്രാണരക്ഷാർഥം ഓടുന്നതിനിടയിൽ ഞൊടിയിടയിൽ അപ്രത്യക്ഷരായി. ഹൃദയഭേദകമാണ് ദുരന്തമുഖത്തെ പല വെളിപ്പെടുത്തലും കാഴ്ചകളും. ദുരന്തമുഖത്തേക്ക് കൂടുതൽ ചെല്ലുന്തോറും കാണുന്നത് അതിഭീകരവും ഹൃദയഭേദകവുമായ കാഴ്ചകളാണ്.
ഉരുൾപൊട്ടൽ ദുരന്തം: മുഖ്യമന്ത്രിയെ ഫോണിൽ വിളിച്ച് പ്രധാനമന്ത്രി
വയനാട്ടിലുണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് പ്രധാനമന്തി നരേന്ദ്ര മോദി, മുഖ്യമന്ത്രിയുമായി ഫോണിൽ സംസാരിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. ഉരുൾപൊട്ടലിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ടുലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും കേന്ദ്രസർക്കാർ വാഗ്ദാനം ചെയ്തു.
കേന്ദ്രസഹമന്ത്രി ജോർജ് കുര്യൻ കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നും എല്ലാവിധ സഹായങ്ങളും വാഗ്ദാനം ചെയ്തു. സാധ്യമായ എല്ലാ സഹായവും എത്തിക്കുമെന്ന് രാഹുൽ ഗാന്ധി ഉറപ്പുനൽകി. വയനാട് ദുരന്തത്തിൽ രക്ഷാപ്രവർത്തനത്തിനായി അഞ്ചുകോടി രൂപ തമിഴ്‌നാട് മുഖ്യമന്തി സ്റ്റാലിൻ അനുവദിച്ചു.
വയനാട്ടിലെ മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളിൽ ദുരന്തം നടന്നിട്ട് ഒരുദിവസം പിന്നിടുകയാണ്. അഞ്ചുമണിയോടെ ഈ പ്രദേശങ്ങളിൽ ഇരുട്ട് മൂടിത്തുടങ്ങും. പ്രിയപ്പെട്ടവരെ തേടിയുള്ള പ്രദേശവാസികളുടെയും രക്ഷാപ്രവർത്തകരുടെയും തിരച്ചിൽ ഇനിയും അവസാനിച്ചിട്ടില്ല. കാറും കോളും നിറഞ്ഞ ആകാശംപോലെ അവരുടെ മനസും ഇരുണ്ട് മേഘാവൃതമാണ്. നാളെ പ്രകാശത്തിന്റെ, പ്രതീക്ഷയുടെ പുലരി ഉദിക്കാൻ ദുരിതബാധിതർക്കുവേണ്ടി പ്രാർഥിക്കാം. വയനാട്ടിലെ രക്ഷാപ്രവർത്തനത്തിൽ എല്ലാവരും പങ്കുചേരേണ്ടത് നാടിന്റെ ആവശ്യമാണ്.
തയ്യാറാക്കിയത്: സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ
കടപ്പാട്: https://www.manoramaonline.com/, https://www.mathrubhumi.com/, https://deepika.com/