റഷ്യയുടെ യുക്രെയ്‌നിലെ അധിനിവേശത്തില്‍ പ്രതിഷേധിച്ച് മാധ്യമ പ്രവര്‍ത്തകയായ യുവതി. മോസ്‌കോയിലെ, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ടെലിവിഷന്‍ സ്റ്റേഷനായ ചാനല്‍ വണ്ണിലെ ഒരു ജീവനക്കാരിയായ മറീന ഒവ്‌സിയാനിക്കോവയാണ് തിങ്കളാഴ്ച വാര്‍ത്താവതരണം നടക്കുന്നതിനിടെ യുദ്ധവിരുദ്ധ പോസ്റ്ററുമായി സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ടത്. തത്സമയ വാര്‍ത്തയ്ക്കിടെ ചാനല്‍ വണിന്റെ സ്‌ക്രീനിലാണ് ചാനലിന്റെ എഡിറ്റര്‍ കൂടിയായ മറീന പോസ്റ്റര്‍ പ്രദര്‍ശിപ്പിച്ച് പ്രതിഷേധം രേഖപ്പെടുത്തിയത്.
‘യുദ്ധം അവസാനിപ്പിക്കൂ. പ്രചാരണങ്ങളില്‍ വിശ്വസിക്കരുത്, ഇവര്‍ നിങ്ങളോട് കള്ളം പറയുകയാണ്’ എന്നായിരുന്നു പോസ്റ്ററിലെ സന്ദേശം. സെറ്റിലേക്ക് ഓടിക്കയറി അവതാരികയ്ക്ക് പുറകില്‍ നില്‍ക്കുകയായിരുന്നു മറീന. ഭരണകൂട നിയന്ത്രണത്തിലുള്ള മാധ്യമങ്ങള്‍ നിങ്ങളോട് കള്ളം പറയുകയാണെന്ന് അവള്‍ പ്രേക്ഷകരോടായി പറഞ്ഞുകൊണ്ട് യുദ്ധം അവസാനിപ്പിക്കാന്‍ ആഹ്വാനം ചെയ്യുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. തത്സമയ വാര്‍ത്തയ്ക്കിടെ ഓടിക്കയറിയ മറീന യുദ്ധം അവസാനിപ്പിക്കൂ എന്ന് പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം.
എന്നാല്‍ ഇവര്‍ക്കെതിരെ കേസെടുത്ത് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയതായി ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, യുക്രൈന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലന്‍സ്‌കി മറീനയെ പ്രശംസിച്ച് രംഗത്തെത്തി. യുദ്ധവിരുദ്ധ പോസ്റ്ററുമായി ചാനല്‍ വണിന്റെ സ്റ്റുഡിയോയിലെത്തി പരിപാടി തടസപ്പെടുത്തിയ യുവതിക്ക് നന്ദിയറിയിക്കുന്നുവെന്നാണ് സെലന്‍സ്‌കിയുടെ വാക്കുകള്‍.
റഷ്യന്‍ അധിനിവേശം കുറ്റകരമാണെന്ന് പരാമര്‍ശിച്ചുകൊണ്ട് മറീന നേരത്തെ മറ്റൊരു വീഡിയോ പങ്കുവെച്ചിരുന്നു. ടെലിവിഷന്‍ ചാനലിലൂടെ കള്ളം പറയുന്നതില്‍ ലജ്ജ തോന്നുന്നുവെന്നാണ് അവര്‍ ആ വീഡിയോയില്‍ വ്യക്തമാക്കിയത്. യുദ്ധം അവസാനിപ്പിക്കാന്‍ അഭ്യര്‍ഥിച്ച മറീന അവരുടെ പിതാവ് യുക്രൈന്‍ വംശജനാണെന്നും വീഡിയോയില്‍ വെളിപ്പെടുത്തുന്നുണ്ട്.
യുക്രൈന്‍ അധിനിവേശം തുടങ്ങിയതുമുതല്‍ റഷ്യന്‍ അധികാരികള്‍ രാജ്യത്തെ പ്രതിഷേധക്കാരെയും സ്വതന്ത്ര പത്രപ്രവര്‍ത്തകരെയും അടിച്ചമര്‍ത്തിയിരിക്കുകയാണ്. വ്യാജ വാര്‍ത്താ പ്രക്ഷേപണങ്ങള്‍ ക്രിമിനല്‍ കുറ്റമാക്കുന്ന ഒരു നിയമത്തിലും വ്ളാഡിമിര്‍ പുടിന്‍ ഒപ്പുവച്ചിട്ടുണ്ട്. 15 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമായാണ് നിയമത്തില്‍ പറയുന്നത്.