കഴിഞ്ഞ ദിവസം അന്തരിച്ച, സംഗീതസംവിധായികയും പിയാനോ ആര്‍ട്ടിസ്റ്റുമായ കന്യാസ്ത്രീ, ഇമാഹോയ് സെഗു-മറിയം ഗ്യൂബ്രോ (99) അസാധാരണമായ ജീവിതം നയിച്ചിരുന്ന വ്യക്തിയായിരുന്നു. സ്ത്രീകളുടെ സമത്വത്തിനായി പോരാടിയ ഈ സന്യാസിനി, വടക്കന്‍ എത്യോപ്യയിലെ ഒറ്റപ്പെട്ട പര്‍വത പ്രദേശങ്ങളിലൂടെ ഒരു ദശാബ്ദക്കാലം നഗ്നപാദയായി ശുശ്രൂഷ ചെയ്തിരുന്നു.
പിയാനോയിലെ അവരുടെ ഏതൊരു കലാസൃഷ്ടിയും ഹൃദയത്തെ സ്പര്‍ശിക്കുന്നതാണ്. പാശ്ചാത്യ ശാസ്ത്രീയ സംഗീതത്തില്‍ പരിശീലനം നേടിയിരുന്നുവെങ്കിലും പരമ്പരാഗത ഓര്‍ത്തഡോക്സ് ക്രിസ്ത്യന്‍ ഗാനങ്ങളുടെയും രാഗങ്ങളുടെയും വായനയിലാണ് സെഗു-മറിയം ഗ്യൂബ്രോ ഏറെ പ്രസിദ്ധി നേടിയത്. ഇരുപതാം നൂറ്റാണ്ടിലെ മികച്ച സംഗീതസംവിധായകരെ പരിഗണിക്കുമ്പോള്‍ മറ്റ് പല പേരുകള്ക്കുമൊപ്പം ഇമാഹോയ് സെഗു-മറിയം ഗ്യൂബ്രോയേയും ഉള്‍പ്പെടുത്തണമെന്ന് നിരൂപകയായ കേറ്റ് മോളെസണ് പറഞ്ഞിരുന്നു.
ചെറുപ്പത്തില്‍, ഇമാഹോയ് ഒരു സ്വതന്ത്ര ചിന്താഗതിയുള്ള, മോഡേണ്‍ സ്ത്രീയായിരുന്നു. എന്നാല്‍ പിന്നീടുള്ള ജീവിതത്തിന്റെ ഭൂരിഭാഗവും അവര്‍ ഏകാന്തതയിലാണ് ചെലവഴിച്ചത്. രാജ്യത്തിന്റെ വിദൂര ഭാഗത്തുള്ള ഒരു ആശ്രമത്തില്‍ എളിയ ജീവിതം നയിച്ച ഒരു ഭക്ത സന്യാസിനിയായി അവര്‍ മാറി.
സങ്കീര്‍ണ്ണമെങ്കിലും അനായാസ രൂപേണ അവതരിപ്പിക്കപ്പെട്ട അവരുടെ മിക്ക പ്രധാന സംഗീത സൃഷ്ടികളും 1960 കളിലും 1970 കളിലുമാണ് പിറവിയെടുത്തത്. പാശ്ചാത്യ സ്പന്ദനങ്ങള്‍ എത്യോപ്യന്‍ സംഗീതത്തോട് ചേര്‍ത്ത് ശബ്ദങ്ങളുടെയും ശൈലികളുടെയും അതുല്യമായ സംയോജനം സൃഷ്ടിച്ചപ്പോള്‍ അത് പിന്നീട് എത്യോ-ജാസ് എന്ന് വിളിക്കപ്പെട്ടു തുടങ്ങി. കൂടാതെ കഴിഞ്ഞ നൂറ്റാണ്ടില്‍ അവരുടെ രാജ്യം അനുഭവിച്ച സുപ്രധാന സംഭവങ്ങളാല്‍ നിറഞ്ഞതായിരുന്നു, ഇമാഹോയുടെ സംഗീത രചനകളും ശൈലിയും.
1923 ഡിസംബറില്‍ അഡിസ് അബാബയില്‍ ഒരു പ്രമുഖ കുലീന കുടുംബത്തിലാണ് അവര്‍ ജനിച്ചത്. അവളുടെ പിതാവ് രാജ്യത്തിന്റെ വടക്ക് ഭാഗത്തുള്ള ചരിത്ര നഗരമായ ഗോണ്ടാറിലെ മേയറായിരുന്നു. ഇമാഹോയുടെ യഥാര്‍ത്ഥ പേര് യെവുബ്ദാര് (ഏറ്റവും സുന്ദരി) എന്നായിരുന്നു. 21-ാം വയസ്സില്‍ കന്യാസ്ത്രീയാകുന്നതുവരെ അവള് ഉപയോഗിച്ചിരുന്ന പേരിതാണ്.
സ്വിറ്റ്സര്‍ലന്‍ഡിലായിരുന്നു വിദ്യാഭ്യാസം. സ്വിസ് ബോര്‍ഡിംഗ് സ്കൂളില്‍ വെച്ചാണ് അവള് ആദ്യമായി പാശ്ചാത്യ ശാസ്ത്രീയ സംഗീതം പരിചയപ്പെടുന്നത്, എട്ടാം വയസ്സില്‍ വയലിനും പിയാനോയും വായിക്കാന്‍ തുടങ്ങി. യൂറോപ്പിലെ ജീവിതം ഏകാന്തതയുടേതായിരുന്നു എങ്കിലും സംഗീതമായിരുന്നു അവളുടെ ആശ്വാസം. 11-ാം വയസ്സില്‍ എത്യോപ്യയിലേക്ക് മടങ്ങിയെത്തിയ അവള് ഫാഷനോട് ആര്‍ത്തിയുള്ള ഒരു പെണ്‍കുട്ടിയായിരുന്നു. എന്നാല്‍ പിന്നീട് യുദ്ധവും ദുരന്തവും അവരുടെ ജീവിതത്തെ നിറം മങ്ങിയതാക്കി.
1936-ല്‍ ബെനിറ്റോ മുസ്സോളിനിയുടെ ഇറ്റലി എത്യോപ്യ ആക്രമിച്ചു. അവളുടെ കുടുംബത്തിലെ മൂന്ന് അംഗങ്ങള്‍ കൊല്ലപ്പെടുകയും മെഡിറ്ററേനിയനിലെ ഒരു ദ്വീപിലേക്ക് അവളെ നാടുകടത്തുകയും ചെയ്തു. അവളുടെ ബന്ധുക്കളെ കൊന്നത് അവളില്‍ വലിയ ആഘാതമുണ്ടാക്കി. പിന്നീട് അവരുടെ ഓര്‍മ്മയ്ക്കായി അവള് ‘ദ ബല്ലാഡ് ഓഫ് ദി സ്പിരിറ്റ്സ്’ എന്ന ഗാനം രചിച്ചു.
അഞ്ച് വര്‍ഷത്തെ അധിനിവേശത്തിന് ശേഷം, ഇറ്റലിക്കാര്‍ എത്യോപ്യ വിട്ടു. ഇമാഹോയ് നാട്ടിലേക്ക് മടങ്ങി, അവിടെ വിദേശകാര്യ മന്ത്രാലയത്തില്‍ ജോലി ആരംഭിച്ചു. എത്യോപ്യക്കാരില്‍ ഭൂരിഭാഗവും യാത്രയ്ക്കായി കുതിരവണ്ടി ഉപയോഗിച്ചപ്പോള്‍ അവള് കാറുകള്‍ ഓടിച്ചു. ഒരു സ്ത്രീ ഡ്രൈവ് ചെയ്യുന്നത് അന്ന് അപൂര്‍വ സംഭവവുമായിരുന്നു. ലിംഗഭേദം ഒന്നിനും തടസ്സമല്ലെന്ന് അവള് ഉറച്ചു വിശ്വസിച്ചു. ‘ആണ്‍കുട്ടികളും പെണ്‍കുട്ടികളും തമ്മിലുള്ള വ്യത്യാസം എന്താണ്? അവര്‍ തുല്യരാണ്’ എന്ന് അവള് എല്ലായിടത്തും ഉറക്കെ പ്രഘോഷിച്ചു.
കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ഈജിപ്ഷ്യന്‍ തലസ്ഥാനമായ കെയ്റോയിലേക്ക്, പോളിഷ് വയലിനിസ്റ്റ് അലക്സാണ്ടര്‍ കോണ്ടറോവിച്ച്സിന്റെ കീഴില്‍ സംഗീതം പഠിക്കാന്‍ ഇമാഹോയ് പോയി. ദിവസവും ഒമ്പത് മണിക്കൂര്‍ വീതം സംഗീതം പരിശീലിച്ചു. പക്ഷേ ചൂടുള്ള കാലാവസ്ഥ താങ്ങാനാവാതെ വന്നപ്പോള്‍ അവള് അഡിസ് അബാബയിലേക്ക് മടങ്ങി.
ലണ്ടനിലെ റോയല്‍ അക്കാദമി ഓഫ് മ്യൂസിക്കില്‍ പഠനം തുടരാന്‍ അവസരം ലഭിച്ചെങ്കിലും ചില ഉദ്യോഗസ്ഥരുടെ അനാസ്ഥയാല്‍ ആ അവസരം നഷ്ടമായി. അത് അവളുടെ ഹൃദയം തകര്‍ത്തു. പിന്നീട് അവര്‍ രോഗിയായിത്തീര്‍ന്നു. ശേഷമാണ് അവര്‍ ആത്മീയതയിലേക്ക് ആഴത്തില്‍ ഇറങ്ങിച്ചെന്നത്. ഒടുവില്‍, വടക്കന്‍ എത്യോപ്യയുടെ വിദൂര ഭാഗത്തുള്ള ഒരു കുന്നിന് മുകളിലുള്ള ആശ്രമത്തിലെ ഏകാന്ത ജീവിതത്തിനായി അവര്‍ സംഗീതവും നഗരവും ഉപേക്ഷിച്ചിറങ്ങി, കന്യാസ്ത്രീയായി, തല മൊട്ടയടിച്ച്, ഷൂസ് ധരിക്കുന്നതും നിര്‍ത്തി.
10 വര്‍ഷത്തെ ഏകാന്തജീവിതത്തിനുശേഷം 30-ാം വയസ്സില്‍ അവള് തലസ്ഥാനത്തേക്ക് മടങ്ങാന്‍ നിര്‍ബന്ധിതയായി. തിരിച്ചെത്തിയപ്പോള്‍ വീണ്ടും സംഗീത ജീവിതം തുടങ്ങി. ഈ സമയത്തു തന്നെ രചനകളും ആരംഭിച്ചു. തന്റെ സംഭവബഹുലമായ ജീവിതത്തിന്റെ നാടകീയമായ എപ്പിസോഡുകള്‍ അവരുടെ രചനകളില്‍ പ്രതിഫലിച്ചു. ഭവനരഹിതരായ ആളുകള്‍ക്കുള്ള പണം സ്വരൂപിക്കുന്നതിനായി 1960 കളിലും 1970 കളുടെ തുടക്കത്തിലും അവര്‍ ജര്‍മ്മനിയില്‍ റെക്കോര്‍ഡിംഗുകള്‍ നടത്തി. പിന്നീട് പാശ്ചാത്യ ലോകത്തുടനീളം അവരുടെ പ്രശസ്തി പരന്നു.
2006-ല്‍ പുറത്തിറങ്ങിയ അവരുടെ കലാസൃഷ്ടി വലിയ അംഗീകാരം നേടുകയും സിനിമകളിലും പരസ്യങ്ങളിലും ഉപയോഗിക്കുകയും ചെയ്തു. അപ്പോഴേക്കും അവര്‍ ജറുസലേമിലെ ഒരു എത്യോപ്യന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ച് ആശ്രമത്തില്‍ താമസമാക്കിയിരുന്നു. അപ്പോഴും അവര്‍ സംഗീതം പരിശീലിക്കുകയും രചിക്കുകയും ചെയ്തു.
ഇമാഹോയ് അവരുടെ മാതൃരാജ്യത്ത് ‘പിയാനോ രാജ്ഞി’ എന്നാണ് അറിയപ്പെടുന്നത്. അവരുടെ ട്യൂണുകള്‍ എല്ലായിടത്തും ഉണ്ട്. ചിലത് ദുഃഖാചരണ സമയങ്ങളില്‍ പ്ലേ ചെയ്യുന്നു, ചിലത് ആനന്ദ വേളകളില്‍. വേറെ ചിലത് ഓഡിയോ ബുക്കുകള്‍ക്കും റേഡിയോ ഷോകള്‍ക്കും പശ്ചാത്തലം നല്കുന്നു. ഇവയുടെ സൃഷ്ടാവിനെ പലര്‍ക്കും അറിയില്ലായിരിക്കാം. പക്ഷേ ഇമാഹോയുടെ രചനകള്‍ക്ക് കാലാതീതമായ അഴകും ഭംഗിയും നിലനില്പ്പുമുണ്ടെന്ന് ഉറപ്പാണ്.
കടപ്പാട്: ബിബിസി
വിവര്‍ത്തനം: കീര്‍ത്തി ജേക്കബ്