കുട്ടികളെ സോഷ്യൽ മീഡിയയുടെ ദോഷകരമായ സ്വാധീനങ്ങളിൽ നിന്നും അഡിക്റ്റീവ് അൽഗോരിതങ്ങളിൽ നിന്നും സംരക്ഷിക്കുന്നതിനായി യൂറോപ്യൻ യൂണിയൻ ഒട്ടാകെ സോഷ്യൽ മീഡിയ നിയന്ത്രണങ്ങളോ നിരോധനമോ കൊണ്ടുവരാൻ ഒരുങ്ങുന്നു. കുട്ടികളുടെ ഓൺലൈൻ സുരക്ഷ സംബന്ധിച്ച് വിദഗ്ധ സമിതി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയൻ പുതിയ പ്രഖ്യാപനം നടത്തിയത്.
“ഇത് കുട്ടികൾക്ക് സോഷ്യൽ മീഡിയ പ്രാപ്യമാണോ എന്നതിനെക്കുറിച്ചല്ല; മറിച്ച്, സോഷ്യൽ മീഡിയക്ക് എപ്പോഴാണ് നമ്മുടെ കുട്ടികളിലേക്ക് പ്രവേശനമുള്ളത് എന്നതിനെക്കുറിച്ചാണ്”— ഉർസുല വ്യക്തമാക്കി. 13 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ, ഗെയിമിംഗ് പ്ലാറ്റ്‌ഫോമുകൾ, എഐ ചാറ്റ്‌ബോട്ടുകൾ തുടങ്ങിയ സോഷ്യൽ മീഡിയ പ്ലസ് സേവനങ്ങൾക്ക് മേൽ നിയന്ത്രണം ഏർപ്പെടുത്തണമെന്ന് വിദഗ്ധ സമിതി നിർദേശിച്ചു.
ഈ വിഷയത്തിൽ വരും മാസങ്ങളിൽ യൂറോപ്യൻ യൂണിയൻ പുതിയ നിയമനിർമ്മാണ കരട് അവതരിപ്പിക്കും. കുട്ടികളുടെ മാനസികാരോഗ്യവും സുരക്ഷയും മുൻനിർത്തി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ അൽഗോരിതം സ്വഭാവത്തിൽ വ്യക്തമായ മാറ്റങ്ങൾ വരുത്താനാണ് യൂറോപ്യൻ യൂണിയൻ ലക്ഷ്യമിടുന്നത്.

