Friday, January 31, 2025

എന്തുകൊണ്ട് കേന്ദ്രം പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിച്ചു; പ്രധാന കാരണങ്ങളായി വിജ്ഞാപനത്തില്‍ ചൂണ്ടിക്കാട്ടുന്നത് ഇവയൊക്കെ

തീവ്രവാദ ഗ്രൂപ്പുകളുമായും അക്രമ പ്രവര്‍ത്തനങ്ങളുമായും ബന്ധമുള്ളതിന്റെ പേരിലാണ് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെയും (പിഎഫ്ഐ) അതിന്റെ അനുബന്ധ സംഘടനകളേയും മിനിസ്ട്രി ഓഫ് ഹ്യൂമന്‍ അഫയേഴ്‌സ്, ചൊവ്വാഴ്ച ഒരു വിജ്ഞാപനത്തിലൂടെ അഞ്ച് വര്‍ഷത്തേക്ക് നിരോധിച്ചത്. ഉത്തര്‍പ്രദേശ്, കര്‍ണാടക, ഗുജറാത്ത് സംസ്ഥാന സര്‍ക്കാരുകളാണ് നിരോധനത്തിന് ശുപാര്‍ശ ചെയ്തതെന്ന് കേന്ദ്രം വിജ്ഞാപനത്തില്‍ വ്യക്തമാക്കി. അതോടെ ലഷ്‌കര്‍ ഇടി, ജെഎം, സിമി, അല്‍ ഖ്വയ്ദ എന്നിവയോടൊപ്പം നിരോധിക്കപ്പെട്ട സംഘടനകളുടെ പട്ടികയില്‍ പിഎഫ്‌ഐയും ഉള്‍പ്പെട്ടു.

രാജ്യത്തിന്റെ അഖണ്ഡതയ്ക്കും പരമാധികാരത്തിനും സുരക്ഷയ്ക്കും എതിരായ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ പിഎഫ്ഐയും സഖ്യകക്ഷികളും ഏര്‍പ്പെട്ടിരിക്കുകയാണെന്ന് നിരോധനത്തിന്റെ കാരണങ്ങള്‍ വിശദീകരിച്ചുകൊണ്ട് എംഎച്ച്എ വിജ്ഞാപനത്തില്‍ പറഞ്ഞു. വിജ്ഞാപനത്തില്‍ കേന്ദ്രം ചൂണ്ടിക്കാട്ടിയ പ്രധാന കാര്യങ്ങൾ ഇതൊക്കെ…

1. അനുബന്ധ സംഘടനകള്‍ക്കും വിലക്ക്

പിഎഫ്ഐയുമായി വ്യക്തമായി ബന്ധമുള്ളതും അനുബന്ധങ്ങളായി പ്രവര്‍ത്തിക്കുന്നതുമായ മറ്റ് എട്ട് സംഘടനകളെയും എംഎച്ച്എ ഉത്തരവ് പ്രകാരം നിരോധിച്ചിട്ടുണ്ട്.

റിഹാബ് ഇന്ത്യ ഫൗണ്ടേഷന്‍ (ആര്‍ഐഎഫ്), കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ (സിഎഫ്‌ഐ), ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ (എഐഐസി), നാഷണല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്‌സ് ഓര്‍ഗനൈസേഷന്‍ (എന്‍സിഎച്ച്ആര്‍ഒ), നാഷണല്‍ വിമന്‍സ് ഫ്രണ്ട്, ജൂനിയര്‍ ഫ്രണ്ട്, എംപവര്‍ ഇന്ത്യ ഫൗണ്ടേഷന്‍, റിഹാബ് ഫൗണ്ടേഷന്‍ എന്നിവയാണവ.

2. സമൂഹത്തിൽ തീവ്രവാദ ആശയങ്ങൾ പ്രചരിപ്പിക്കാനുള്ള ശ്രമങ്ങള്‍

അരക്ഷിതാവസ്ഥ പ്രോത്സാഹിപ്പിക്കുന്നതിലൂടെ ഒരു കമ്മ്യൂണിറ്റിയുടെ തീവ്രവാദപരമായ ചിന്ത വര്‍ദ്ധിപ്പിക്കുന്നതിന് പിഎഫ്‌ഐയും അതിന്റെ അനുബന്ധ സ്ഥാപനങ്ങളും രഹസ്യമായി പ്രവര്‍ത്തിക്കുകയാണെന്ന് കേന്ദ്രം വിജ്ഞാപനത്തില്‍ പറയുന്നു. ചില പിഎഫ്‌ഐ കേഡര്‍മാര്‍ അന്താരാഷ്ട്ര ഭീകര സംഘടനകളില്‍ ചേര്‍ന്നുവെന്ന്് തെളിഞ്ഞതായും കേന്ദ്രം ചൂണ്ടിക്കാട്ടി. സമാധാനവും സാമുദായിക സൗഹാര്‍ദവും തകര്‍ക്കാനായി രാജ്യത്തിന്റെ അഖണ്ഡതയ്ക്കും പരമാധികാരത്തിനും സുരക്ഷയ്ക്കും എതിരായ നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുവെന്നും പിഎഫ്ഐയ്ക്കെതിരെ ആരോപണമുണ്ട്.

3. മറ്റ് തീവ്രവാദ ഗ്രൂപ്പുകളുമായുള്ള ബന്ധം

പിഎഫ്ഐയുടെ സ്ഥാപക അംഗങ്ങളില്‍ ചിലര്‍ സ്റ്റുഡന്റ്സ് ഇസ്ലാമിക് മൂവ്മെന്റ് ഓഫ് ഇന്ത്യയുടെ (സിമി) നേതാക്കളാണ്. കൂടാതെ പിഎഫ്ഐക്ക് ജമാത്ത്-ഉല്‍-മുജാഹിദീന്‍ ബംഗ്ലാദേശുമായി (ജെഎംബി) ബന്ധമുണ്ടെന്നും ഇവ രണ്ടും നിരോധിത സംഘടനകളാണെന്നും കേന്ദ്രം അറിയിച്ചു. ഐസിസ് പോലുള്ള ആഗോള ഭീകര സംഘടനകളുമായുള്ള ബന്ധവും പുറത്തുവന്നിട്ടുണ്ട്.

4. ഐസിസിലേക്കുള്ള ലിങ്കുകള്‍

നിരോധന വിജ്ഞാപനത്തില്‍ ഐസിസ് പോലുള്ള അന്താരാഷ്ട്ര ഭീകര ഗ്രൂപ്പുകളുമായുള്ള പിഎഫ്‌ഐയുടെ ബന്ധം കേന്ദ്രം വിവരിച്ചിട്ടുണ്ട്. സിറിയ, ഇറാഖ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളിലെ തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ പിഎഫ്‌ഐ പ്രവര്‍ത്തകര്‍ പങ്കെടുത്തിട്ടുണ്ടെന്നും അവരില്‍ പലരും കൊല്ലപ്പെടുകയോ അറസ്റ്റ് ചെയ്യപ്പെടുകയോ ചെയ്തിട്ടുണ്ടെന്നും കേന്ദ്രം പറഞ്ഞു.

5. ആഭ്യന്തര സുരക്ഷയ്ക്ക് ഭീഷണി

ഇന്ത്യയുടെ ഭരണഘടനാപരമായ അധികാരത്തോട് പിഎഫ്ഐ തികഞ്ഞ അനാദരവ് കാണിക്കുന്നുവെന്നും പുറത്തുനിന്നുള്ള ഫണ്ടുകളും പ്രത്യയശാസ്ത്ര പിന്തുണയും ഉള്ളതിനാല്‍ ഇത് ആഭ്യന്തര സുരക്ഷയ്ക്ക് വലിയ ഭീഷണിയായി മാറിയെന്നും വിജ്ഞാപനത്തില്‍ പറയുന്നു. പിഎഫ്‌ഐക്ക് പിന്തുണയോ ഫണ്ടോ ലഭിച്ചതായി പറയപ്പെടുന്ന ഒരു രാജ്യത്തിന്റെയും പേര് വെളിപ്പെടുത്തിയിട്ടില്ല.

6. അക്രമ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിത്തം

പ്രമുഖ വ്യക്തികളെയോ പൊതു സ്വത്തിനെയോ ലക്ഷ്യമിട്ട് ക്രൂരമായ കൊലപാതകങ്ങള്‍, ആക്രമണങ്ങള്‍, സ്ഫോടകവസ്തുക്കള്‍ വാങ്ങി ഉപയോഗിക്കല്‍ തുടങ്ങിയ പ്രവൃത്തികളില്‍ പിഎഫ്ഐ പ്രവര്‍ത്തകര്‍ക്ക് പങ്കുള്ളതായി അന്വേഷണത്തില്‍ കണ്ടെത്തി. പൊതുസമാധാനത്തിനും വ്യക്തികളുടെ സമാധാനത്തിനും ഭംഗം വരുത്തുക എന്നതായിരുന്നു ഇത്തരം പ്രവര്‍ത്തനങ്ങളുടെ ലക്ഷ്യമെന്നും വിജ്ഞാപനത്തില്‍ പറയുന്നു. കേരളം, തമിഴ്നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ പിഎഫ്ഐ പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ടതായി ആരോപിക്കപ്പെടുന്ന നിരവധി കൊലപാതകങ്ങള്‍ കേന്ദ്രം ചൂണ്ടിക്കാട്ടി.

7. പി.എഫ്.ഐ കുറ്റക്കാരായ പ്രധാന സംഭവങ്ങള്‍

2010-ല്‍, പരീക്ഷാ പേപ്പറില്‍ വിവാദമായ ഒരു ചോദ്യം ഉള്‍പ്പെടുത്തിയതിന് പിഎഫ്‌ഐ പ്രവര്‍ത്തകര്‍ കേരളത്തിലെ ഒരു കോളേജ് പ്രൊഫസറുടെ കൈപ്പത്തി വെട്ടിമാറ്റി. സഞ്ജിത്ത് (കേരളം, നവംബര്‍, 2021), വി രാമലിംഗം, (തമിഴ്‌നാട്, 2019), നന്ദു, (കേരളം, 2021), അഭിമന്യു (കേരളം, 2018), ബിബിന്‍ (കേരളം, 2017), ആര്‍.രുദ്രേഷ് (കര്‍ണാടക, 2016), പ്രവീണ്‍ പൂജാരി (കര്‍ണാടക, 2016), ശശികുമാര്‍ (തമിഴ്‌നാട്, 2016), പ്രവീണ്‍ നെട്ടരു (കര്‍ണാടക, 2022) എന്നിവരുടെ കൊലപാതകങ്ങളിലും പിഎഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതികളായിരുന്നു.

8. ദുരൂഹമായ ഫണ്ടിംഗ്

ഇന്ത്യയ്ക്കകത്തും പുറത്തും നിന്ന് ബാങ്കിംഗ്, ഹവാല, സംഭാവനകള്‍ എന്നിവയിലൂടെ ദുരൂഹമായ രീതിയില്‍ പിഎഫ്‌ഐ ഫണ്ട് സ്വരൂപിച്ചുകൊണ്ടിരുന്നു. കൂടാതെ ഇന്ത്യയില്‍ വിവിധ ക്രിമിനല്‍, നിയമവിരുദ്ധ, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഈ ഫണ്ട് ഉപയോഗിച്ചു. നിക്ഷേപങ്ങളുടെ ഉറവിടങ്ങളും അക്കൗണ്ട് ഉടമകളുടെ സാമ്പത്തിക പ്രൊഫൈലുകളുമായി യോജിച്ചു പോവുന്നില്ല.

9. ഫണ്ട് കളക്ടര്‍മാരായി അനുബന്ധ സംഘടനകള്‍

യുവാക്കള്‍, വിദ്യാര്‍ത്ഥികള്‍, സ്ത്രീകള്‍, ഇമാമുമാര്‍, അഭിഭാഷകര്‍ അല്ലെങ്കില്‍ ദുര്‍ബല വിഭാഗങ്ങള്‍ എന്നിങ്ങനെ സമൂഹത്തിലെ വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ സംഘടനയുടെ വ്യാപനം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പിഎഫ്‌ഐ നിരവധി മുന്നണികള്‍ സൃഷ്ടിച്ചു. അംഗത്വം വിപുലീകരിക്കുക, സ്വാധീനം വര്‍ദ്ധിപ്പിക്കുക, ഫണ്ട് സമാഹരണ ശേഷി വര്‍ദ്ധിപ്പിക്കുക തുടങ്ങിയവയായിരുന്നു ഉദ്ദേശ്യമെന്ന് കേന്ദ്രം പറഞ്ഞു. ഈ മുന്നണികള്‍ വേരുകളായി പ്രവര്‍ത്തിച്ച്, അതിലൂടെ പിഎഫ്‌ഐയെ പോഷിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നു.

10. ഒരു ദശാബ്ദത്തിലേറെയായി നിരീക്ഷണത്തില്‍

ദക്ഷിണേന്ത്യയിലെ മൂന്ന് മുസ്ലീം സംഘടനകളുടെ ലയനത്തിലൂടെ 2006 നവംബറിലാണ് പിഎഫ്‌ഐ സ്ഥാപിതമായത്. ആദ്യം കോഴിക്കോടായിരുന്നു ആസ്ഥാനം. പിന്നീട് ഡല്‍ഹിയിലേക്ക് മാറ്റി. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളുടെ സമ്പൂര്‍ണ ശാക്തീകരണത്തിനായി പ്രവര്‍ത്തിക്കുന്ന ഒരു ഇന്ത്യന്‍ സാമൂഹിക പ്രസ്ഥാനമായാണ് പിഎഫ്‌ഐ സ്വയം വിശേഷിപ്പിക്കുന്നത്. എന്നാല്‍, ‘നിരോധിക്കപ്പെട്ട സംഘടനയായ സിമിയുടെ മറ്റൊരു രൂപം’ എന്നാണ് 2012ല്‍ പിഎഫ്‌ഐയെക്കുറിച്ച് കേരള സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പറഞ്ഞത്.

കടപ്പാട്: ടൈംസ് ഓഫ് ഇന്ത്യ

 

Latest News