മരിക്കുംവരെ നമ്മുടെ അവയവങ്ങൾ കേടുകൂടാതെ ഇരിക്കണം എന്നായിരിക്കില്ലേ എല്ലാവരും ആഗ്രഹിക്കുക. കാഴ്ചശക്തിയും കേൾവിശക്തിയുമെല്ലാം നല്ല രീതിയിൽ അവസാനം വരെ നിലനിൽക്കണമെന്നും ആരെയും ആശ്രയിക്കാതെ ജീവിതം മുന്നോട്ടുപോകണമെന്നും ആയിരിക്കും എല്ലാവരും ആഗ്രഹിക്കുക. അപ്പോൾ കാഴ്ചശക്തി നഷ്ടപ്പെടാതിരിക്കാനും കണ്ണുകളെ ആരോഗ്യകരമായി സംരക്ഷിക്കേണ്ടതും അത്യാവശ്യമാണ്. കാഴ്ചസംരക്ഷിക്കുന്നതിനും നിലനിർത്തുന്നതിനും ചെയ്യാൻ കഴിയുന്ന ഒരുപാട് കാര്യങ്ങളുണ്ട്. അവ എന്തൊക്കെയാണെന്നു നോക്കാം.
ഡിലേറ്റഡ് നേത്രപരിശോധന
വർഷത്തിലൊരിക്കൽ ഡിലേറ്റഡ് നേത്രപരിശോധന നടത്തുന്നത് വളരെ നല്ലതാണ്. കണ്ണുകളുടെ ആരോഗ്യത്തിന് നമുക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും മികച്ച കാര്യമാണിത്. ഇത് ലളിതവും വേദനാരഹിതവുമാണ്. കണ്ണുകൾക്ക് യാതൊരുവിധ പ്രശ്നങ്ങളുമില്ലെന്നു തോന്നിയാലും നമുക്കറിയാത്ത നിരവധി പ്രശ്നങ്ങൾ നമ്മുടെ കണ്ണുകൾക്ക് ഉണ്ടായേക്കാം. കാരണം, പല നേത്രരോഗങ്ങളും യാതൊരുവിധ ലക്ഷണങ്ങളും ഇല്ലാതെയാണ് വരുന്നത്. ഇത്തരത്തിൽ, കണ്ണുകൾക്ക് എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ഡിലേറ്റഡ് കണ്ണ് പരിശോധന, പ്രാരംഭഘട്ടത്തിലെ ചികിത്സ എളുപ്പമാക്കുന്നു.
നേത്രരോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ടോ എന്ന് കണ്ടെത്തുക
പ്രായം കൂടുന്നത് ചില നേത്രരോഗങ്ങൾക്കുള്ള സാധ്യത വർധിപ്പിക്കുന്നു. അമിതഭാരമോ, പൊണ്ണത്തടിയോ അല്ലെങ്കിൽ പാരമ്പര്യമായി നേത്രരോഗമുള്ളവരോ ആണെങ്കിൽ ഇത്തരക്കാർക്ക് നേത്രരോഗം വരാനുള്ള സാധ്യത കൂടുതലാണ്.
പ്രമേഹം, ഉയർന്ന രക്തസമ്മർദം തുടങ്ങിയ മറ്റ് ആരോഗ്യ അവസ്ഥകളും ചില നേത്രരോഗങ്ങൾക്കുള്ള സാധ്യത വർധിപ്പിക്കും. ഉദാഹരണത്തിന്, പ്രമേഹമുള്ളവർക്ക് കാഴ്ച നഷ്ടപ്പെടുന്നതിനും അന്ധതയ്ക്കും കാരണമാകുന്ന ഒരു നേത്രരോഗമായ ഡയബറ്റിക് റെറ്റിനോപ്പതി ഉണ്ടാകാനുള്ള സാധ്യതയുണ്ട്. നമ്മുടെ കുടുംബത്തിൽ പാരമ്പര്യമായി നേത്രരോഗം ഉണ്ടെങ്കിൽ നമുക്കും അത് വന്നേക്കാം. പ്രായവുമായി ബന്ധപ്പെട്ട മാക്യുലർ ഡീജനറേഷൻ അല്ലെങ്കിൽ ഗ്ലോക്കോമ പോലുള്ള ചില നേത്രരോഗങ്ങളുടെ അവസ്ഥകളാണ് ഇത്തരം പാരമ്പര്യ നേത്രരോഗങ്ങൾ.
ആരോഗ്യം സംരക്ഷിക്കുക
നമ്മുടെ മൊത്തത്തിലുള്ള ആരോഗ്യം സംരക്ഷിക്കുന്നത് കണ്ണുകളെ ആരോഗ്യകരമായി നിലനിർത്തുന്നതിന് വളരെയധികം സഹായിക്കും. ആരോഗ്യകരമായ കാഴ്ചയ്ക്കായി പുകവലി ഉപേക്ഷിക്കുക. പുകവലി ശ്വാസകോശത്തിനു മാത്രമല്ല, നമ്മുടെ കണ്ണുകൾക്കും ദോഷം ചെയ്യും. കൂടാതെ, മാക്യുലർ ഡീജനറേഷൻ, തിമിരം തുടങ്ങിയ രോഗങ്ങളുടെ സാധ്യത വർധിപ്പിക്കുന്നു. ഇത് ഒപ്റ്റിക് നാഡിക്കും ദോഷം ചെയ്യും.
കണ്ണുകളെ എങ്ങനെ സംരക്ഷിക്കാം
- സൺഗ്ലാസുകൾ ധരിച്ച് സൂര്യപ്രകാശത്തിൽനിന്ന് കണ്ണുകളെ സംരക്ഷിക്കുക.
- വളരെ റിസ്ക് ഉള്ള ജോലികൾ ചെയ്യുമ്പോൾ കണ്ണിനെ ബാധിക്കാതിരിക്കാൻ സുരക്ഷാഗ്ലാസ്സുകൾ ധരിക്കുക.
- ദീർഘനേരം കമ്പ്യൂട്ടറിൽ നോക്കുന്നത് നമ്മുടെ കണ്ണുകളെ ക്ഷീണിപ്പിച്ചേക്കാം. ഓരോ 20 മിനിറ്റിലും ഒരു ഇടവേള എടുക്കുകയും കണ്ണുകൾക്ക് വിശ്രമം നൽകുകയും ചെയ്യുക.
- കോൺടാക്ട് ലെൻസുകൾ ധരിക്കുമ്പോൾ കണ്ണിലെ അണുബാധ തടയാൻ നടപടികൾ കൈക്കൊള്ളുക. കോൺടാക്റ്റ് ലെൻസുകൾ ഇടുന്നതിനോ, പുറത്തെടുക്കുന്നതിനോ മുൻപ് എല്ലായ്‌പ്പോഴും കൈകൾ കഴുകുക. കോൺടാക്റ്റ് ലെൻസുകൾ അണുവിമുക്തമാക്കുകയും അവ പതിവായി മാറ്റിസ്ഥാപിക്കുകയും ചെയ്യുന്നത് ഉറപ്പാക്കുക.