“ഇത് മരണങ്ങളുടെ ഫാക്ടറിയാണ്.” ഇന്ത്യയുടെ തലസ്ഥാനമായ ഡൽഹിയിൽ കത്തിനശിച്ച കെട്ടിടത്തിന്റെ രണ്ടാം നിലയിലേക്ക് വിരൽ ചൂണ്ടുമ്പോൾ ഇസ്മായിൽ ഖാൻ എന്ന ചെറുപ്പക്കാരന്റെ കൈ വിറയ്ക്കും. കാരണം അവിടെയാണ് ഇസ്മായിൽ തന്റെ അനുജത്തിയെ അവസാനമായി കണ്ടത്. എല്ലാം ചാമ്പലാക്കുവാൻ ശക്തിയുള്ള നീ നാവുകൾക്കിടയിലും പുകയിലും രക്ഷപെടുവാൻ വഴികണ്ടെത്താനാകാതെ പരതുന്ന, ശ്വാസം എടുക്കാൻ കഴിയാതെ ജീവൻ വെടിഞ്ഞ അനുജത്തി.
മെയ് മാസത്തിൽ ഡൽഹിയിലെ ഇലക്ട്രോണിക്സ് നിർമ്മാണ യൂണിറ്റിൽ ഉണ്ടായ അപകടത്തിൽ 27 പേരാണ് കൊല്ലപ്പെട്ടത്. ഇവരിൽ 21 വയസുള്ള മുസ്കാനും ഉൾപ്പെട്ടിരുന്നു. അപകടത്തെ തുടർന്ന് നടന്ന അന്വേഷണത്തിൽ ഈ ഫാക്ടറിക്ക് അഗ്നിശമന വകുപ്പിൽ നിന്നും പോലീസിൽ നിന്നും ക്ലിയറൻസ് സർട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ലെന്നും യൂണിറ്റിന് പ്രവർത്തനത്തിന് ആവശ്യമായ ലൈസൻസുകൾ ഇല്ലെന്നും പോലീസ് കണ്ടെത്തി.
നിക്ഷേപങ്ങളെയും നൂതനാശയങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതിന് അനുയോജ്യമായ സർക്കാർ പദ്ധതികളും പരിഷ്‌കാരങ്ങളും ഉപയോഗിച്ച് ഒരു വ്യാവസായിക ശക്തികേന്ദ്രമാകാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. എന്നാൽ നൂതന വ്യവസായ സംരംഭങ്ങൾ കൂടുതൽ ആരംഭിക്കുന്നു എന്ന അവകാശ വാദം ഇന്ത്യ ഉയർത്തുമ്പോൾ തന്നെ സുരക്ഷാ പാളിച്ചകൾ മൂലമുള്ള ഫാക്ടറി അപകടങ്ങളും വർദ്ധിക്കുന്നു. പലപ്പോഴും സാധാരണക്കാരായ തൊഴിലാളികളാണ് ഈ പിടിപ്പുകേടുകൾക്കു ഇരയാകേണ്ടി വരുന്നത്.
കുറയുന്ന സുരക്ഷയും ഉയരുന്ന മരണങ്ങളും
വ്യാവസായിക അപകടങ്ങൾ ഓരോ വർഷവും നൂറുകണക്കിന് ആളുകളെ കൊല്ലുകയും ആയിരക്കണക്കിന് ആളുകളെ ജോലി ചെയ്യുവാൻ കഴിയാത്ത അവസ്ഥയിൽ എത്തിക്കുകയും ചെയ്യുന്നു എന്ന് ബിബിസി റിപ്പോർട്ട് ചെയ്യുന്നു. അഞ്ച് വർഷത്തിനുള്ളിൽ ഫാക്ടറികളിലും തുറമുഖങ്ങളിലും ഖനികളിലും നിർമ്മാണ സ്ഥലങ്ങളിലും ജോലി ചെയ്യുന്നതിനിടെ കുറഞ്ഞത് 6,500 തൊഴിലാളികൾ മരിച്ചതായി 2021 -ൽ ഫെഡറൽ മന്ത്രി പാർലമെന്റിൽ വെളിപ്പെടുത്തി. പല സംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുകയോ രേഖപ്പെടുത്തുകയോ ചെയ്യാത്തതിനാൽ കണക്കുകൾ ഇതിലും കൂടുതലാകാമെന്ന് വർഷങ്ങളായി ഈ മേഖലയിൽ പ്രവർത്തിച്ച തൊഴിലാളികൾ വെളിപ്പെടുത്തുന്നു.
ആഗോള വ്യവസായ തൊഴിലാളി യൂണിയൻ ശേഖരിച്ച കണക്കുകൾ പ്രകാരം, വസ്ത്ര-ഇലക്ട്രോണിക് നിർമ്മാണ മേഖലയിലും കെമിക്കൽ ഫാക്ടറികളിലും കെട്ടിട നിർമ്മാണ മേഖലയിലും ആണ് തൊഴിലാളികൾ കൂടുതലായി മരണപ്പെടുന്നത്. 2021-ൽ മാത്രം, ഇന്ത്യൻ നിർമ്മാണ വ്യവസായങ്ങളിൽ ഓരോ മാസവും ശരാശരി ഏഴ് അപകടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുകയും 162-ലധികം തൊഴിലാളികൾ മരിക്കുകയും ചെയ്തു. ഇത്തരം അപകടങ്ങൾക്ക് ഇരകളായി മാറുന്നത് സാധാരണയായി പാവപ്പെട്ട തൊഴിലാളികളോ കുടിയേറ്റക്കാരോ ആണ്. അവരുടെ കുടുംബങ്ങൾക്ക് നിയമപോരാട്ടങ്ങൾ നടത്തുന്നതിനുള്ള സാമ്പത്തിക ശേഷിയോ അറിവോ ഇല്ലാത്തതിനാൽ പലപ്പോഴും ഈ വിവരങ്ങൾ പുറത്ത് വരുന്നില്ല.
“എനിക്ക് നീതി വേണം”- മൂന്നു മക്കൾ നഷ്ട്ടപ്പെട്ട ഒരു അച്ഛന്റെ നിലവിളി
രാകേഷ് കുമാർ മൂന്നു പെൺകുട്ടികളുടെ അച്ഛൻ ആയിരുന്നു. എന്നാൽ ഡൽഹിയിലെ ഫാക്ടറിയിൽ നടന്ന ദുരന്തം അദ്ദേഹത്തിൻറെ മൂന്നു മക്കളെയും ഇല്ലാതാക്കി. ആ ആഘാതത്തിൽ നിന്നും ഇനിയും മോചിതനായിട്ടില്ല അദ്ദേഹം. “എന്റെ പെൺമക്കൾ വളരെയധികം കഷ്ടപ്പെട്ടിട്ടുണ്ടാകണം. അതിനാൽ എനിക്ക് നീതി കിട്ടണം.” കണ്ണീരോടെ അദ്ദേഹം പറയുന്നു. അപകടത്തിന് ശേഷം മക്കളുടെ മൃതദേഹം തിരിച്ചറിയുവാൻ പോലീസ് വിളിക്കുന്നത് വരെ അവർ ജീവനോടെ ഉണ്ടാകും എന്ന പ്രതീക്ഷയിലായിരുന്നു ഈ കുടുംബം. തീപിടിത്തത്തിന് ഒരു മാസത്തിനുശേഷമാണ് അദ്ദേഹത്തിന്റെ പെൺമക്കളുടെ മൃതദേഹം പോലീസ് വിട്ടു നൽകിയത്. ഇതേ തുടർന്നാണ് സംസ്കാര ചടങ്ങുകൾ നടത്തിയത്.
തലസ്ഥാനത്തും അതിന്റെ പ്രാന്തപ്രദേശങ്ങളിലുമുള്ള നിരവധി ഫാക്ടറികൾ വ്യാവസായിക നിയമങ്ങളും സുരക്ഷാ നിയമങ്ങളും കാറ്റിൽ പറത്തിക്കൊണ്ട് പ്രവർത്തിക്കുന്നു. എന്നാൽ വളരെ അപ്പൂർവമായി മാത്രമേ ഇത്തരം സ്ഥാപനങ്ങൾക്കു നേരെ നടപടികൾ സ്വീകരിക്കുന്നുള്ളു എന്ന് ഡൽഹിയിലെ ട്രേഡ് യൂണിയൻ പ്രവർത്തകനായ രാജേഷ് കശ്യപ് ചൂണ്ടിക്കാണിക്കുന്നു.