Monday, November 25, 2024

മണിപ്പുർ കലാപത്തിൽ പിതാവ് കൊല്ലപ്പെട്ടു, അമ്മയെ കാണാതായി; നാലുമക്കളെയും ദത്തെടുത്ത് പഞ്ചാബിലെ ഒരു കത്തോലിക്കാ സ്‌കൂൾ

മണിപ്പുരിലെ അക്രമത്തിൽ ഒരു കുടുംബത്തിലെ പിതാവ് കൊല്ലപ്പെട്ടു; അമ്മയെ കാണാതായി. ഇവരുടെ നാല് മക്കൾ പ്രാണരക്ഷാർഥം 3000 കിലോമീറ്റർ അകലെയുള്ള പഞ്ചാബിൽ അഭയം തേടി. ഇന്ത്യൻ എക്സ്പ്രസ്സ് പത്രം റിപ്പോർട്ടു ചെയ്ത സംഭവത്തിന്റെ വിവർത്തനം.

മണിപ്പൂരിൽ നിന്നും പുറത്തുവരുന്നത് അതിദാരുണ സംഭവങ്ങളാണ്. മനുഷ്യത്വം മരവിച്ച ഒരുകൂട്ടം മനുഷ്യർ ഒരു നാടിനെയും അവിടുത്തെ പാവപ്പെട്ട ജനങ്ങളെയും ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുന്നു. മറുവശത്ത് എല്ലാം നഷ്ടപ്പെട്ട ഈ ആളുകളുടെ ജീവിതത്തിലേക്ക് മാലാഖമാരെപ്പോലെ ചിലർ എത്തുന്നു. അങ്ങനെയുള്ള ഒരു സംഭവമാണ് ഇപ്പോൾ പുറത്തുവരുന്നത്. അക്രമത്തിൽ പിതാവ് കൊല്ലപ്പെട്ട ഒരു കുടുംബം. അമ്മയെ കാണാതായി. ഇവരുടെ മക്കളായ നാല് സഹോദരങ്ങൾ പ്രാണരക്ഷാർഥം 3000 കിലോമീറ്റർ അകലെ പഞ്ചാബിലാണ് അഭയം കണ്ടെത്തിയത്. പഞ്ചാബിലെ ഫിറോസ്പൂർ കാന്റിലെ സെന്റ് ജോസഫ്സ് കോൺവെന്റ് സ്കൂൾ എട്ടിനും 17-നുമിടയിൽ പ്രായമുള്ള ആ രണ്ട് ആൺകുട്ടികളെയും രണ്ട് പെൺകുട്ടികളെയും ദത്തെടുത്തു.

മെയ് മാസത്തിൽ, മണിപ്പൂരിലെ കാങ്‌പോക്‌പി ജില്ലയിലെ ലൈറോക്ക് ഗ്രാമത്തിലുള്ള ഇവരുടെ തറവാട് വീട് അക്രമത്തിൽ കത്തിനശിച്ചിരുന്നു. അക്രമം രൂക്ഷമായതോടെ അവരുടെ മുത്തശ്ശി ഈ കുട്ടികളെ സുരക്ഷാസേനയുടെ ക്യാമ്പിലേക്കു കൊണ്ടുപോയി. ഒരു നിമിഷംകൊണ്ട് തങ്ങൾക്ക് പ്രിയപ്പെട്ടവരും തങ്ങളുടെ സ്വപ്നങ്ങളും പ്രതീക്ഷകളുമെല്ലാം കത്തിച്ചാമ്പലായി. പിതാവ് കൊല്ലപ്പെട്ടു. അമ്മ ജീവനോടെയുണ്ടോ എന്നുപോലും ഇവർക്കറിയില്ല. ഇരുളടഞ്ഞ ഭാവിയിലേക്ക് ഉറ്റുനോക്കി നെടുവീർപ്പെടാനല്ലാത്ത ആ നാലു സഹോദരങ്ങൾക്കും വേറൊന്നിനും കഴിയുമായിരുന്നില്ല.

പഞ്ചാബിൽ ബി.എസ്.എഫിൽ ശിപായിയായി നിയമിതനായ അവരുടെ അമ്മാവൻ മണിപ്പൂരിൽ നിന്നും ഏകദേശം 3,000 കിലോമീറ്റർ അകലെയുള്ള പഞ്ചാബിലെ ഫിറോസ്പൂരിൽ എത്താൻ അവരെ സഹായിച്ചു. ഏപ്രിലിലാണ് താൻ അവസാനമായി മണിപ്പൂരിലെത്തിയതെന്ന് അവരുടെ അമ്മാവൻ പറയുന്നു. ഈ കുട്ടികളുടെ പിതാവിന്റെ സഹോദരനാണ് അദ്ദേഹം. “ആ സന്ദർശനത്തിനിടെ ഞാൻ എന്റെ സഹോദരനെ കണ്ടിരുന്നു. അദ്ദേഹം ഒരു കർഷകനായിരുന്നു. രണ്ടാഴ്‌ചയ്ക്കുശേഷം അദ്ദേഹം കൊല്ലപ്പെടുകയും പിന്നീട് ഞങ്ങളുടെ തറവാടുവീട് അക്രമത്തിൽ കത്തിനശിക്കുകയും ചെയ്‌തു. എന്റെ സഹോദരന്റെ ഭാര്യയെ കാണാതായി” – അദ്ദേഹം വെളിപ്പെടുത്തി.

സുരക്ഷാസേന ഒരുക്കിയ ക്യാമ്പിൽ 15 ദിവസത്തോളം അവർ  ചെലവഴിച്ചു. പിന്നീട്, സുരക്ഷാസേനയുടെ സഹായത്തോടെ നാഗാലാൻഡിലെ ദിമാപൂരിൽ എത്തുകയും അവിടെനിന്ന് ട്രെയിൻമാർഗം അവർ പഞ്ചാബിൽ എത്തുകയും ചെയ്തു. ഒരു മാസത്തിലേറെയായി, ഈ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി നിരവധി സ്കൂളുകൾ അദ്ദേഹം സന്ദർശിച്ചു. എന്നാൽ മിക്കവാറും എല്ലാ സ്കൂളുകളിലും പ്രവേശനഫീസ് ആയി ചോദിക്കുന്നത് വലിയ തുകയായിരുന്നു.”ഞാൻ ഒരു ശിപായി മാത്രമാണ്. എനിക്ക് വലിയ തുക മുടക്കി ഈ നാലു കുട്ടികളെ പഠിപ്പിക്കാൻ കഴിയുമായിരുന്നില്ല” – അദ്ദേഹം കൂട്ടിച്ചേർത്തു.

പിന്നീട്, അദ്ദേഹത്തിന്റെ മേലുദ്യോഗസ്ഥരിലൊരാൾ ജലന്ധർ രൂപതയിലെ മാൾവ റീജിയണിലെ എപ്പിസ്‌കോപ്പൽ വികാരിയായ ഫാ. മൈക്കിൾ ആനിക്കുഴിക്കാട്ടിൽ, ഫിറോസ്‌പൂരിലെ സെന്റ് ജോസഫ് ദേവാലയത്തിന്റെ ചുമതലയുള്ള പുരോഹിതൻ എന്നിവരുമായി ബന്ധപ്പെട്ടു. ഫിറോസ്പൂർ കാന്റിലുള്ള സെന്റ് ജോസഫ് കോൺവെന്റ് സ്കൂളിൽ മൂന്നു കുട്ടികളെ സൗജന്യമായി പഠിപ്പിക്കാൻ അവർ സന്നദ്ധരാവുകയായിരുന്നു.

പെൺകുട്ടികളിൽ ഒരാളെ പത്താം ക്ലാസ്സിലും മറ്റേ പെൺകുട്ടിയെ എട്ടാം ക്ലാസ്സിലും ഇളയ ആൺകുട്ടിയെ നാലാം ക്ലാസ്സിലും ചേർത്തു. സെന്റ് ജോസഫ് സ്‌കൂൾ പത്താം ക്ലാസ് വരെ മാത്രമുള്ളതിനാൽ 12-ാം ക്ലാസ് വിദ്യാർഥിയായ മൂത്ത ആൺകുട്ടിയെ പഠനത്തിന് അയയ്ക്കാൻ ഇപ്പോഴും കഴിഞ്ഞിട്ടില്ല. “കുട്ടികളുടെ പഠനച്ചെലവ് സ്കൂൾ വഹിക്കും. അവർക്ക് മറ്റെന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ അതും സ്കൂളിൽ നിന്ന് ലഭ്യമാക്കും” – ഫാ. മൈക്കൽ പറഞ്ഞു.

പത്താം ക്ലാസ്സിലേക്കുള്ള രജിസ്ട്രേഷൻ അവസാനിച്ചെങ്കിലും ബോർഡിൽ നിന്ന് പ്രത്യേക അനുമതി തേടിയിട്ടുണ്ടെന്ന് പ്രിൻസിപ്പൽ സി. അനില സി.എം.സി. പറയുന്നു. പഞ്ചാബി ഭാഷയും പഠിക്കേണ്ടതിനാൽ കുട്ടികളിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കാൻ അധ്യാപകരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അവർ പറഞ്ഞു.

വിവർത്തനം: സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

കടപ്പാട്https://indianexpress.com

 

Latest News