Friday, April 11, 2025

യാതനകള്‍ക്കിടയിലും പെസഹാ ആചരണത്തിന് തയാറെടുത്ത് യുക്രൈനിലെ ജൂത അഭയാര്‍ത്ഥി സമൂഹം

യുക്രൈനിലെ ഒഡെസയിലെ ചബാദ് സിനഗോഗിന് പുറത്ത് നൂറുകണക്കിനാളുകള്‍ അവരുടെ പെസഹാ മേശയിലേയ്ക്കുള്ള ഭക്ഷണം, മാറ്റ്‌സ, ലഭിക്കുമെന്ന പ്രതീക്ഷയില്‍ റബ്ബി അവ്റഹാം വുള്‍ഫിനെ കാത്തു നില്‍ക്കുകയാണ്. സെഡര്‍ എന്നറിയപ്പെടുന്ന ആചരണത്തിനുവേണ്ടി, ആചാരപരവും ഒഴിച്ചുകൂടാനാവാത്തതുമായ പുളിപ്പില്ലാത്ത അപ്പത്തിനുവേണ്ടിയാണ് ആ കാത്തുനില്‍പ്പ്. റഷ്യന്‍ മിസൈലുകള്‍ യുക്രേനിയന്‍ നഗരത്തിലെ എണ്ണ ശുദ്ധീകരണശാലയില്‍ ഇടിച്ച്, ആകാശത്തെ കടുംചാരനിറമാക്കിയ ആ പ്രഭാതത്തിലെ കാഴ്ച തന്നൊണ് ഇതും.

ഇതിനിടെ റബ്ബി അവ്റഹാം വുള്‍ഫ് സിനഗോഗിലേയ്ക്ക് എത്തി. എല്ലാവര്‍ക്കും നിറഞ്ഞ പുഞ്ചിരിയോടെ സുപ്രഭാതം ആശംസിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ വരവ്. എല്ലാവര്‍ക്കും കൊടുക്കാനുള്ള ഭക്ഷണം ഇല്ലെന്നോ അല്ലെങ്കില്‍ ദിവസങ്ങള്‍ക്ക് മുമ്പ് കരിങ്കടല്‍ തുറമുഖത്ത് നിന്ന് ബെര്‍ലിനിലേക്ക് പലായനം ചെയ്ത തന്റെ ഭാര്യയെയും മക്കളെയും കാണാനില്ല എന്നതിന്റെ കടുത്ത വേദനയോ അദ്ദേഹം പ്രകടിപ്പിച്ചില്ല. ‘എന്റെ കമ്മ്യൂണിറ്റിക്ക് വേണ്ടി എനിക്ക് പുഞ്ചിരിക്കണം’. വുള്‍ഫ് പറഞ്ഞു.

‘ഞങ്ങള്‍ എല്ലാവരും ഒരുമിച്ചായിരിക്കില്ല, പക്ഷേ ഇത് മറക്കാനാവാത്ത ഒരു പെസഹാ ആയിരിക്കും’. വുള്‍ഫ് പറഞ്ഞു. ‘ഈ വര്‍ഷം, ഞങ്ങള്‍ ലോകമെമ്പാടുമുള്ള ഒരു വലിയ ജൂത കുടുംബമായി ആഘോഷിക്കുന്നു’. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലോകത്തിലെ ഏറ്റവും വലിയ ജൂത സംഘടനകളിലൊന്നായ ചബാദില്‍ നിന്നുള്ള കണക്കുകള്‍ പ്രകാരം, പതിനായിരക്കണക്കിന് യുക്രേനിയന്‍ ജൂതന്മാര്‍ ഇതിനോടകം പലായനം ചെയ്തു. 80% പേര്‍ യുക്രെയ്‌നില്‍ തന്നെ നിലകൊള്ളുന്നു. യഹൂദ ചരിത്രത്തിലും പൈതൃകത്തിലും മുങ്ങിക്കുളിച്ച ഒരു രാഷ്ട്രമായ യുക്രെയ്നിനകത്തും പുറത്തും ആളുകള്‍ ഏപ്രില്‍ 15 ന് പെസഹാ ആഘോഷിക്കാന്‍ തയ്യാറെടുക്കുകയാണ്. പുരാതന ഈജിപ്തിലെ അടിമത്തത്തില്‍ നിന്നുള്ള യഹൂദരുടെ മോചനത്തെയും മോശയുടെ നേതൃത്വത്തിലുള്ള അവരുടെ പലായനത്തെയും അടയാളപ്പെടുത്തുന്ന ദിനമാണത്. പക്ഷേ ഇത്തവണ അതൊരു വെല്ലുവിളിയാണ്. കാരണം, അന്നത്തെ യഹൂദരുടേതിന് സമാനമായ അവസ്ഥകളിലൂടെയാണ് ഇന്ന് ജൂത യുക്രേനിയന്‍ അഭയാര്‍ത്ഥികള്‍ കടന്നുപോകുന്നത്.

എങ്കിലും ചബാദ്, അമേരിക്കന്‍ ജൂത ജോയിന്റ് ഡിസ്ട്രിബ്യൂഷന്‍ കമ്മിറ്റി (ജെഡിസി), ജൂത ഫെഡറേഷന്‍സ് ഓഫ് നോര്‍ത്ത് അമേരിക്ക തുടങ്ങിയ ഗ്രൂപ്പുകള്‍, യുക്രേനിയന്‍ ജൂതന്മാര്‍ അഭയം തേടിയിടത്തെല്ലാം പെസഹാ ആഘോഷിക്കാന്‍ അവരെ സഹായിക്കാനായി അണിനിരന്നു കഴിഞ്ഞു. യുക്രെയ്‌നില്‍ 52 പൊതു സെഡറുകള്‍ ചബാദ് ആസൂത്രണം ചെയ്യുന്നുണ്ട്. ഇസ്രായേലില്‍ നിന്നുള്ള മാറ്റ്സ, ഫ്രാന്‍സില്‍ നിന്നുള്ള പാല്‍, ബ്രിട്ടനില്‍ നിന്നുള്ള മാംസം എന്നിവയടങ്ങിയ ട്രക്കുകളും എത്തിത്തുടങ്ങി.

പോളണ്ട്, മോള്‍ഡോവ, ഹംഗറി, റൊമാനിയ എന്നിവിടങ്ങളിലേയ്ക്ക് അഭയാര്‍ഥികളായി പോയ യുക്രൈനിനിയന്‍ ജൂതര്‍ക്കായി 2 ടണ്ണിലധികം മാറ്റ്‌സയും 400-ലധികം കുപ്പി മുന്തിരി ജ്യൂസും 700 പൗണ്ടിലധികം കോഷര്‍ പെസഹാ ഭക്ഷണവും അയച്ചിട്ടുണ്ടെന്ന് യൂറോപ്പ്, ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിലെ ജെഡിസി സംഘടനയുടെ ഓപ്പറേഷന്‍സ് ഡയറക്ടര്‍ ചെന്‍ ത്സോക്ക് പറഞ്ഞു. ‘എല്ലാം ഉപേക്ഷിച്ച് യാത്രയായ അഭയാര്‍ത്ഥികള്‍ക്ക്, ഈ അവധിക്കാലം അന്തസ്സോടെ ആഘോഷിക്കാന്‍ കഴിയുന്നത് പ്രധാനമാണ്’. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യുക്രെയ്നുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങളിലും യൂറോപ്പിലെ മറ്റിടങ്ങളിലും വ്യക്തിഗത സെഡറുകള്‍ ജെഡിസി സംഘടിപ്പിക്കുന്നു. വളരെ അപകടകരമായ മേഖലകളില്‍ ഓണ്‍ലൈന്‍ സെഡറുകള്‍ക്കും സൗകര്യമൊരുക്കുന്നുണ്ട്. യുക്രെയിനില്‍ നിന്ന് പലായനം ചെയ്യുന്ന അഭയാര്‍ത്ഥികള്‍ക്ക് പിന്തുണയായി നോര്‍ത്ത് അമേരിക്കയിലെ ജൂത ഫെഡറേഷനുകളും ഒരു സന്നദ്ധ കേന്ദ്രം സ്ഥാപിച്ചു.

ഭയാനകമായ സാഹചര്യങ്ങളില്‍പ്പോലും ഒരു അവധിക്കാലം ആഘോഷിക്കുന്നത് ആളുകള്‍ക്ക് പ്രതീക്ഷയുടെയും സന്തോഷത്തിന്റെയും അനുഭൂതി നല്‍കുമെന്ന്, ഓസ്ട്രിയയിലുടനീളമുള്ള ചബാദ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന റാബി ജേക്കബ് ബൈഡര്‍മാന്‍ പറഞ്ഞു. അഭയാര്‍ത്ഥികള്‍ക്ക് അവിസ്മരണീയമായ ഒരു പെസഹാ സെഡര്‍ നല്‍കൊക്കൊണ്ട് സാഹോദര്യത്തിന്റെ സന്ദേശം ലോകത്തിന് നല്‍കാനുള്ള ശ്രമത്തിലാണ് ബൈഡര്‍മാനെപ്പോലുള്ള സമുനസുകള്‍.

Latest News