രോഗങ്ങൾ വരാൻ ഇന്ന് പ്രത്യേകിച്ച് കാരണങ്ങളൊന്നും വേണ്ട. പ്രകൃതിയിലെ മാറ്റങ്ങൾ, താപനിലയിൽ സംഭവിക്കുന്ന ഏറ്റക്കുറച്ചിലുകൾ, മറ്റു രോഗികളുമായുള്ള സമ്പർക്കം എന്നിവയെല്ലാം രോഗം വരാനുള്ള കാരണങ്ങളാണ്. നമ്മുടെ രോഗപ്രതിരോധ സംവിധാനങ്ങളെ വെല്ലുവിളിക്കുന്ന കാര്യങ്ങളാണ് ഇവയെല്ലാം. മാസത്തിൽ ഒരിക്കൽ ഡോക്ടറെ കാാണുന്നതും വരുമാനത്തിന്റെ വലിയൊരു പങ്ക് ആശുപത്രിക്കും മരുന്നിനുമായി മാറ്റിവയ്ക്കുന്നതും ഇന്ന് എല്ലാ കുടുംബങ്ങളിലെയും പതിവായി മാറി.
വർഷം മുഴുവനും ആരോഗ്യത്തോടെയിരിക്കുന്നതിന് ശരീരത്തിൽ ശക്തമായ രോഗപ്രതിരോധ സംവിധാനം നിലനിർത്തേണ്ടത് അത്യാവശ്യമാണ്. അതിന് ജീവിതശൈലിയിൽ മാറ്റം വരുത്തുക മാത്രമല്ല, ശരീരത്തിന് ആവശ്യമായ പോഷകങ്ങളും കൊടുക്കേണ്ടതുണ്ട്. നമ്മുടെ ശരീരത്തിൽ വിറ്റാമിനുകൾ, ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവയുടെ ലഭ്യത ഉറപ്പാക്കണം. പെട്ടെന്നുള്ള കാലാവസ്ഥാമാറ്റങ്ങളിൽ നമ്മുടെ രോഗപ്രതിരോധശേഷിയിൽ കുറവ് വരാതിരിക്കാനും അത് ആരോഗ്യത്തെ ബാധിക്കാതിരിക്കാനും വിറ്റാമിനുകളും ധാതുക്കളും നിർണായകപങ്ക് വഹിക്കുന്നുണ്ട്. ശരീരത്തിന് ആവശ്യമുള്ളതും ഉറപ്പായും ഉണ്ടായിരിക്കേണ്ടതുമായുള്ള പോഷകങ്ങളെക്കുറിച്ച് അറിയാം.
ആന്റിഓക്‌സിഡന്റുകൾ
ശരീരത്തെ ദോഷകരമായി ബാധിക്കുന്ന തന്മാത്രകളെ ആന്റിഓക്‌സിഡന്റുകൾ നിർവീര്യമാക്കുന്നു. ഇവ ഓക്‌സിഡേറ്റീവ് സമ്മർദം കുറയ്ക്കുകയും കേടുപാടുകളിൽനിന്ന് ശരീരത്തെ സംരക്ഷിക്കുകയും ചെയ്യുന്ന ഒരു രക്ഷാകവചമായി നിലകൊള്ളുന്നു.
വിറ്റാമിൻ സി, ഇ
പഴങ്ങൾ, പച്ചക്കറികൾ, നട്സ്, സീഡ്സ് എന്നിവയിൽ ധാരാളമായി കാണപ്പെടുന്ന ശക്തമായ ആന്റിഓക്‌സിഡന്റുകളാണ് വിറ്റാമിൻ സി, ഇ എന്നിവ. ഇവ നമ്മുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതോടെ ഫ്രീ റാഡിക്കലുകൾ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങൾക്കെതിരെ ശക്തമായ ഒരു കവചം സൃഷ്ടിക്കപ്പെടുകയും മികച്ച രോഗപ്രതിരോധ പ്രവർത്തനത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു. വിറ്റാമിൻ സി, ഇ എന്നിവ അടങ്ങിയ മൾട്ടിവിറ്റാമിനുകൾ ഈ അവശ്യ ആന്റിഓക്‌സിഡന്റുകളുടെ മതിയായ ഉപഭോഗം ഉറപ്പാക്കാൻ സഹായിക്കും. ഭക്ഷണക്രമം അപര്യാപ്തമായ സമയങ്ങളിൽ ഇവ കൂടുതലായി പ്രവർത്തിക്കുന്നു.
സിങ്ക്
രോഗപ്രതിരോധത്തിനായി വികസിക്കുന്ന കോശങ്ങളിലും അതിന്റെ പ്രവർത്തനങ്ങളിലും സിങ്ക് ഒരു പ്രധാനപങ്ക് വഹിക്കുന്നു. അണുബാധകൾക്കെതിരെ പോരാടുന്ന വെളുത്ത രക്താണുക്കളുടെ ഉൽപാദനത്തെയും പ്രവർത്തനത്തെയും ഇത് സ്വാധീനിക്കുന്നു. വിറ്റാമിൻ സി ആന്റിബോഡികളുടെ ഉൽപാദനത്തെ പിന്തുണയ്ക്കുകയും രോഗകാരികളെ വിഴുങ്ങുകയും നശിപ്പിക്കുകയും ചെയ്യുന്ന രോഗപ്രതിരോധ കോശങ്ങളായ ഫാഗോസൈറ്റുകളുടെ പ്രവർത്തനം വർധിപ്പിക്കുകയും ചെയ്യുന്നു.
വിറ്റാമിൻ ഡി
രോഗപ്രതിരോധ നിയന്ത്രണത്തിലും വീക്കം കുറയ്ക്കൽ എന്നിവയിലും വിറ്റാമിൻ ഡി ഒരു പങ്കു വഹിക്കുന്നു. സിങ്ക്, വിറ്റാമിൻ സി, ഡി എന്നിവ അടങ്ങിയ സപ്ലിമെന്റുകൾ കാലാവസ്ഥാമാറ്റങ്ങളിൽ രോഗപ്രതിരോധത്തിന് പിന്തുണ നൽകുന്നു.
മൈക്രോ ന്യൂട്രീയന്റ്
മൈക്രോ ന്യൂട്രീയന്റുകൾ ശരീരത്തിന് ഏറെ അത്യാവശ്യമാണ്. ഇവ മികച്ച ആരോഗ്യത്തിന് നിർണ്ണായകപങ്ക് വഹിക്കുന്നുണ്ട്. രോഗപ്രതിരോധ പ്രവർത്തനത്തിനും ഇവ അത്യന്താപേക്ഷിതമാണ്. ഓരോ ഭക്ഷണത്തിലും അടങ്ങിയിരിക്കുന്ന മൈക്രോ ന്യൂട്രിയന്റുകൾ വ്യത്യസ്തമാണ്. അതിനാൽതന്നെ മതിയായ അളിൽ അവ ലഭിക്കാൻ പലതരം ഭക്ഷണങ്ങൾ നാം കഴിക്കേണ്ടതായുണ്ട്.
പോഷകാഹാരത്തിനു പുറമെ, മറ്റ് ജീവിതശൈലി ഘടകങ്ങളും രോഗപ്രതിരോധ സംവിധാനത്തിൽ ഒരു പ്രധാനപങ്കു വഹിക്കുന്നു. പതിവ് വ്യായാമം രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുകയും സമ്മർദം കുറയ്ക്കുകയും ചെയ്യുന്നു. രോഗപ്രതിരോധ കോശങ്ങളുടെ പുനരുജ്ജീവനത്തിനും പ്രവർത്തനത്തിനും മതിയായ ഉറക്കം അത്യാവശ്യമാണ്. ധ്യാനം, യോഗ, അല്ലെങ്കിൽ പ്രകൃതിയിൽ സമയം ചെലവഴിക്കൽ തുടങ്ങിയവയിലൂടെ സമ്മർദം നിയന്ത്രിക്കുന്നത് രോഗപ്രതിരോധ പ്രതികരണത്തെ നിയന്ത്രിക്കാൻ സഹായിക്കും.