ഇന്ത്യ ഏറെ പ്രതീക്ഷയോടെ കാണുന്ന ബഹിരാകാശ ദൗത്യമാണ് ഗഗന്‍യാന്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി മനുഷ്യനെയും വഹിച്ച് കൊണ്ടുള്ള ഈ ദൗത്യത്തിന്റെ ഭാഗമാകുന്ന മലയാളികളെ പ്രഖ്യാപിച്ചിരുന്നു. വിക്രം സാരാഭായ് സ്പേസ് സെന്ററില്‍ പദ്ധതികളുടെ ഉദ്ഘാടനത്തില്‍ ഗഗന്‍യാന്‍ ദൗത്യത്തിന്റെ ഭാഗമായി പരിശീലനം നടത്തുന്ന ബഹിരാകാശ യാത്രികരുടെ പേരുകളാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. ഈ ദൗത്യം എന്താണ് എന്നാണ് ഇപ്പോള്‍ പലരും അന്വേഷിക്കുന്നത്.
ദൗത്യത്തില്‍ പങ്കെടുക്കുന്ന നാല് ടെസ്റ്റ് പൈലറ്റുമാരെയാണ് മോദി പരിചയപ്പെടുത്തിയത്. ഗ്രൂപ്പ് ക്യാപ്റ്റനായ പ്രശാന്ത് ബാലകൃഷ്ണന്‍ നായര്‍, ഗ്രൂപ്പ് ക്യാപ്റ്റന്‍ അജിത് കൃഷ്ണന്‍, ഗ്രൂപ്പ് ക്യാപ്റ്റന്‍ അങ്കത് പ്രതാപ്, വിങ് കമാന്‍ഡര്‍ ശുഭാന്‍ഷു ശുക്ല എന്നിവരാണത്. ഗഗന്‍യാന്‍ മിഷനെ കുറിച്ച് വിശദമായി അറിയാം.
എന്താണ് ഗഗന്‍യാന്‍ മിഷന്‍
മൂന്ന് യാത്രികരെയും വഹിച്ചുള്ള പേടകത്തെ ഭൂമിക്ക് 400 കിലോമീറ്റര്‍ ഉയരത്തിലുള്ള ഭ്രമണപഥത്തില്‍ മൂന്ന് ദിവസത്തേക്ക് എത്തിക്കുന്നതാണ് പദ്ധതി. എല്‍ഇഒ അഥവാ ലോ എര്‍ത്ത് ഓര്‍ബിറ്റില്‍ ബഹിരാകാശ പേടകത്തെ എത്തിക്കുന്നതിലൂടെ ഇന്ത്യയുടെ കരുത്ത് കാണിക്കുക കൂടിയാണ് ലക്ഷ്യമിടുന്നത്. തദ്ദേശീയമായി നിര്‍മിച്ച സംവിധാനങ്ങള്‍ ഉപയോഗിച്ച് എല്‍ഇഒയില്‍ എത്താന്‍ സാധിക്കുമെന്നത് ലോകത്തിന് മുന്നില്‍ തെളിയിക്കാനുള്ള ഒരുക്കത്തിലാണ് ഇന്ത്യ. അതാണ് ഗഗന്‍യാന്‍ ദൗത്യത്തിന്റെ ലക്ഷ്യം.
നേട്ടങ്ങള്‍ എന്തെല്ലാം
യുഎസ്, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ക്ക് ശേഷം ഈ ലക്ഷ്യം കൈവരിക്കുന്ന രാജ്യമായിരിക്കും ഇന്ത്യ. ബഹിരാകാശ രംഗത്തെ ഇന്ത്യയുടെ സാധ്യതകള്‍ ഇതോടെ കൂടുതല്‍ വളര്‍ച്ച കൈവരിക്കും.
ഗഗന്‍യാന്‍ ദൗത്യത്തിന്റെ ചെലവ്
ഗഗന്‍യാന്‍ പദ്ധതി ഇന്ത്യ ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്. എന്നാല്‍ അമിതമായ ചെലവും ഇതിനില്ല. വളരെ നിയന്ത്രിതമായ ബജറ്റിലാണ് ഇവ തയ്യാറായത്. 9023 കോടിയാണ് ഈ പദ്ധതിയുടെ ആകെ ചെലവ്.
വിക്ഷേപണവാഹനം
വിക്ഷേപണവാഹനമായി പ്രഖ്യാപിച്ചത് ഹ്യൂമന്‍ റേറ്റഡ് എല്‍എംവി 3 റോക്കറ്റാണ്. ദൗത്യത്തിനിടയില്‍ നാല് ജീവശാസ്ത്രപരമായ പരീക്ഷണങ്ങളും രണ്ട് ഫിസിക്കല്‍ പരീക്ഷണങ്ങളും ഇസ്രൊ നടത്തും.
ഗഗന്‍യാന്‍ കൊണ്ടുള്ള ഗുണം?
രാജ്യത്തിന്റെ ബഹിരാകാശ പുരോഗതി എത്രത്തോളമുണ്ടെന്ന് കാണിക്കാനും, ഏറ്റവും ചെലവ് കുറഞ്ഞ രീതിയില്‍ മനുഷ്യ-റോബോട്ടിക് ബഹിരാകാശ ദൗത്യങ്ങള്‍ സാധ്യമാകുമെന്നും, സാങ്കേതികവിദ്യയിലെ പുരോഗതിയും, അതുപോലെ സാങ്കേതികവിദ്യയില്‍ ഇന്ത്യയുടെ കരുത്തും ഇതിലൂടെ ലോകത്തിന് മുന്നില്‍ കാണിക്കാന്‍ ഇസ്രൊയ്ക്ക് സാധിക്കും. ആഗോള സ്പേസ് സ്റ്റേഷന്‍ നിര്‍മാണത്തില്‍ സഹകരിക്കുകയും ചെയ്യാം.
എന്തെല്ലാം സാങ്കേതികവിദ്യകള്‍ ഉപയോഗിക്കുന്നുണ്ട്?
ഹ്യൂമന്‍ റേറ്റഡ് ലോഞ്ച് വെഹിക്കിലഞ്, ക്രൂ എസ്‌കേപ്പ് സിസ്റ്റം, ഹാബിറ്റബിള്‍ ഓര്‍ബിറ്റല്‍ മോഡ്യൂള്‍, ജീവന്‍ രക്ഷാ സംവിധാനങ്ങള്‍, എന്നിവയാണ് ഇതില്‍ അടങ്ങിയിട്ടുള്ള പുതിയ കാര്യങ്ങള്‍.