പരിസ്ഥിതി സംരക്ഷണത്തിൽ മുൻപന്തിയിലാണെന്ന് അവകാശപ്പെടുമ്പോഴും, ലോകത്ത് ഏറ്റവും കൂടുതൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്ന രാജ്യമായി മാറി ജർമ്മനി. 2025-ലെ കണക്കുകൾ പ്രകാരം ഏകദേശം 8,10,000 ടൺ പ്ലാസ്റ്റിക് മാലിന്യമാണ് ജർമ്മനി കടൽ കടത്തി വിട്ടതെന്ന് പുതിയ വിശകലന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
യൂറോപ്യൻ യൂണിയനിലെ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ജർമ്മനിയാണ് പ്ലാസ്റ്റിക് മാലിന്യങ്ങൾ പുറംരാജ്യങ്ങളിലേക്ക് അയക്കുന്നതിൽ ഒന്നാമത്. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇതിൽ വലിയ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ജർമ്മനിയിൽ നിന്നുള്ള മാലിന്യങ്ങൾ പ്രധാനമായും എത്തുന്നത് തുർക്കി, മലേഷ്യ, ഇന്തോനേഷ്യ, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളിലേക്കാണ്. നേരത്തെ നെതർലൻഡ്‌സ്, പോളണ്ട് തുടങ്ങിയ രാജ്യങ്ങളിലേക്ക് അയച്ചിരുന്ന മാലിന്യങ്ങൾ ഇപ്പോൾ ഏഷ്യൻ രാജ്യങ്ങളിലേക്ക് വഴിതിരിച്ചുവിടുകയാണ്.
ഏഷ്യൻ രാജ്യങ്ങളിലേക്ക് എത്തുന്ന ഈ പ്ലാസ്റ്റിക് മാലിന്യങ്ങൾ പലപ്പോഴും കൃത്യമായ രീതിയിലല്ല സംസ്കരിക്കപ്പെടുന്നത്. ഇത് കടലിലും കരയിലും വലിയ തോതിലുള്ള മലിനീകരണത്തിന് കാരണമാകുന്നുണ്ട്. അന്താരാഷ്ട്ര തലത്തിൽ പ്ലാസ്റ്റിക് വ്യാപാരം നിയന്ത്രിക്കാൻ ശ്രമങ്ങൾ നടക്കുമ്പോഴും ജർമ്മനിയിൽ നിന്നുള്ള ഈ കണക്കുകൾ ആശങ്കാജനകമാണ്.

