നായ്ക്കൾ മനുഷ്യന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളായി മാറിയത് ആയിരക്കണക്കിന് വർഷങ്ങൾക്കും മുൻപാണ്. എന്നാൽ മനുഷ്യനുമായുള്ള ഈ ചങ്ങാത്തം നായ്ക്കളുടെ തലച്ചോറിന്റെ വലിപ്പത്തിൽ വലിയ മാറ്റങ്ങൾ വരുത്തിയെന്നാണ് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നത്. ഏകദേശം 5,000 വർഷങ്ങൾക്ക് മുൻപ് തന്നെ നായ്ക്കളുടെ തലച്ചോർ ചുരുങ്ങാൻ തുടങ്ങിയെന്നാണ് ശാസ്ത്രലോകം ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്.
എന്താണ് പഠനം പറയുന്നത്?
നേരത്തെ കരുതിയിരുന്നത് നായ്ക്കളെ ഇണക്കി വളർത്താൻ തുടങ്ങിയ കാലഘട്ടത്തിൽ തന്നെ അവയുടെ തലച്ചോർ വലിപ്പം കുറഞ്ഞു എന്നാണ്. എന്നാൽ, ശാസ്ത്രജ്ഞർ നടത്തിയ പുതിയ പഠനം ഈ ധാരണ തിരുത്തിക്കുറിക്കുന്നു. പുരാതന ശിലായുഗത്തിലെ നായ്ക്കളുടെയും ചെന്നായകളുടെയും തലയോട്ടി പരിശോധിച്ചതിൽ നിന്ന്, മനുഷ്യരുമായി സഹവസിച്ചു തുടങ്ങിയ ആദ്യ കാലങ്ങളിൽ നായ്ക്കളുടെ തലച്ചോറിന് വലിയ മാറ്റമൊന്നും സംഭവിച്ചിരുന്നില്ലെന്ന് കണ്ടെത്തി. എന്നാൽ വെങ്കലയുഗത്തിന്റെ തുടക്കത്തോടെ, അതായത് ഏകദേശം 5,000 വർഷങ്ങൾക്ക് മുൻപ്, തലച്ചോറിന്റെ വലിപ്പത്തിൽ ഗണ്യമായ കുറവുണ്ടാകാൻ തുടങ്ങി.
ബുദ്ധിയല്ല, സ്വഭാവമാണ് മാറിയത്
തലച്ചോറിന്റെ വലിപ്പം കുറഞ്ഞുവെന്നത് നായ്ക്കൾ ചെന്നായകളേക്കാൾ വിഡ്ഢികളാണെന്ന് അർത്ഥമാക്കുന്നില്ലെന്ന് ഫ്രഞ്ച് നാഷണൽ സെന്റർ ഫോർ സയന്റിഫിക് റിസർച്ചിലെ ഡോ. തോമസ് കുച്ചി പറയുന്നു: “ഇന്നത്തെ കാലത്ത് നായ്ക്കൾ ജീവിക്കുന്ന രീതി അവരുടെ ബുദ്ധിമുഴുവൻ പുറത്തെടുക്കാൻ അവസരം നൽകുന്നില്ല. പക്ഷേ അവർ അങ്ങേയറ്റം മിടുക്കരാണ്. മനുഷ്യരുമായി സഹവസിച്ചു തുടങ്ങിയത് അവരെ വിഡ്ഢികളാക്കിയില്ല, മറിച്ച് മനുഷ്യരെ മനസ്സിലാക്കാനും നമ്മളോട് ആശയവിനിമയം നടത്താനുമുള്ള അതിശയകരമായ കഴിവ് അവർക്ക് നൽകി,” അദ്ദേഹം പറയുന്നു. ചുരുക്കത്തിൽ, ചെന്നായയെപ്പോലെ കാട്ടിൽ വേട്ടയാടാൻ നായ്ക്കൾക്ക് ഇപ്പോൾ അറിയില്ലായിരിക്കാം, എന്നാൽ മനുഷ്യന്റെ ഒരു നോട്ടമോ ശബ്ദവ്യത്യാസമോ പോലും തിരിച്ചറിയാനുള്ള അവരുടെ പ്രത്യേക കഴിവ് ഈ പരിണാമത്തിന്റെ ഭാഗമാണ്.
എന്തുകൊണ്ട് തലച്ചോർ ചുരുങ്ങുന്നു?
നായ്ക്കളുടെ തലച്ചോർ വലിപ്പം കുറയാൻ പ്രധാനമായും മൂന്ന് കാരണങ്ങളാണ് ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നത്:
അതിജീവനത്തിനുള്ള വെല്ലുവിളി കുറഞ്ഞു:
കാട്ടിൽ ജീവിക്കുന്ന ചെന്നായകൾക്ക് ഭക്ഷണം കണ്ടെത്താനും ശത്രുക്കളിൽ നിന്ന് രക്ഷപെടാനും വലിയ ബുദ്ധിശക്തിയും ജാഗ്രതയും ആവശ്യമാണ്. എന്നാൽ മനുഷ്യർക്കൊപ്പം കഴിയുമ്പോൾ ഭക്ഷണം തേടേണ്ട ആവശ്യമുണ്ടാകുന്നില്ല. സുരക്ഷിതമായ താമസസ്ഥലവും ലഭിക്കുന്നു. ഈ ‘സുഖജീവിതം’ തലച്ചോറിന്റെ പ്രവർത്തനഭാരം കുറച്ചു.
പരിശീലനവും പെരുമാറ്റവും:
മനുഷ്യർ നൽകുന്ന നിർദ്ദേശങ്ങൾ അനുസരിക്കാനും ഇണങ്ങി ജീവിക്കാനുമാണ് നായ്ക്കൾ കൂടുതൽ ശ്രദ്ധ നൽകിയത്. സ്വതന്ത്രമായി തീരുമാനങ്ങൾ എടുക്കേണ്ട സാഹചര്യം കുറഞ്ഞത് അവയുടെ നാഡീവ്യൂഹത്തിൽ മാറ്റങ്ങൾ വരുത്തി.
ശരീരവലിപ്പവും തലച്ചോറും:
കാട്ടുചെന്നായകളെ അപേക്ഷിച്ച് മനുഷ്യർ വളർത്തുന്ന നായ്ക്കളുടെ തലച്ചോർ അവയുടെ ശരീരഭാരവുമായി താരതമ്യം ചെയ്യുമ്പോൾ 25% വരെ ചെറുതാണെന്ന് പഠനം പറയുന്നു.

