Monday, November 25, 2024

വലിയ കുടുംബങ്ങളും നല്ല ശീലങ്ങളും

ധാരാളം സഹോദരങ്ങളുള്ള കുടുംബത്തിൽ ജീവിക്കുമ്പോൾ ഒരുപാട് കാര്യങ്ങൾ നമ്മൾ പഠിക്കുന്നുണ്ട്. അങ്ങനെയുള്ളവർ ഏതു സാഹചര്യത്തിൽ ജീവിക്കേണ്ടി വന്നാലും മുന്നോട്ട് പോകും. എന്നാൽ അണുകുടുംബത്തിൽ വളരുന്ന കുട്ടികൾക്കാകട്ടെ, പലതും അജ്ഞാതമാണ്. വലിയ കുടുംബങ്ങളിൽ വളരുന്ന കുട്ടികൾക്ക് ലഭിക്കുന്ന ഒൻപത് കാര്യങ്ങൾ ഇതാ…
1. അനാവശ്യമായി സമയം പാഴാക്കുന്നില്ല
കൂടുതൽ അംഗങ്ങളുള്ള വീട്ടിൽ, തനിയെ കുറച്ചു സമയം കണ്ടെത്താൻ ശ്രമിക്കുന്നത് പലപ്പോഴും ബുദ്ധിമുട്ടുള്ള കാര്യമാണ്. കൂടുതൽ അത്യാവശ്യമെന്ന് അവർ വിശ്വസിക്കുന്ന ഒരു കാര്യത്തിന് തയ്യാറെടുക്കാൻ ആവശ്യപ്പെടുന്ന ഒരു മുതിർന്ന സഹോദരൻ അല്ലെങ്കിൽ കളിക്കാൻ വരാൻ വേണ്ടി നിങ്ങളെ വിളിക്കുന്ന ഒരു ഇളയ സഹോദരൻ… അങ്ങനെ അനാവശ്യമായി ചിലവഴിക്കാൻ നിങ്ങൾക്ക് സമയമില്ലാതെ വരും.
2. പങ്കുവയ്ക്കാൻ പഠിക്കും
ഒരുപാട് അംഗങ്ങളുള്ള ഒരു കുടുംബത്തിൽ ഒരാൾക്കു മാത്രമായി മുറി കിട്ടുക എന്നത് ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്. അങ്ങനെ വരുമ്പോൾ ഒരു മുറിയിൽ തന്നെ രണ്ടോ, മൂന്നോ പേർ താമസിക്കേണ്ടതായി വരും. പരസ്പരം പൊരുത്തപ്പെടാനും പങ്കിടാനും സ്നേഹിക്കാനും കാര്യങ്ങൾ തുറന്നു സംസാരിക്കാനും അങ്ങനെ അവർ പഠിക്കും.
3. പരസ്പരം സാധനങ്ങൾ കൈമാറും
മുതിർന്ന സഹോദരങ്ങളുടെ വസ്ത്രങ്ങളും സാധനങ്ങളും അവർ വളരുന്നതനുസരിച്ച് ഇളയ സഹോദരങ്ങൾക്കു ലഭിക്കും. ചിലപ്പോൾ അവയൊക്കെ ഇളയ കുട്ടികൾ ആഗ്രഹിച്ചതുമാകാം.
4. കൊടുക്കുന്നതിൽ സന്തോഷം അനുഭവിക്കുന്നു
പലപ്പോഴും ഒരു പുതിയ വസ്ത്രത്തെ കൊച്ചുകുട്ടികൾ വിലമതിക്കുന്നു. അവർ അത് തങ്ങളുടെ ഇളയ സഹോദരങ്ങൾക്ക് കൈമാറുമ്പോൾ വളരെ അമൂല്യമായതെന്തോ ഏൽപ്പിക്കുന്നതു പോലെയാണ് തോന്നുന്നത്. നമ്മുടെ ജീവിതത്തിൽ വിലപ്പെട്ട കാര്യങ്ങൾക്ക് നന്ദിയുള്ളവരായിരിക്കാൻ ഇത് തീർച്ചയായും നമ്മെ പഠിപ്പിക്കുന്നു.
5. ആരുടെയെങ്കിലും സഹോദരിയോ, സഹോദരനോ ആയി അറിയപ്പെടുന്നു
പലപ്പോഴും സഹോദരങ്ങൾ ഒരേ സ്കൂളിൽ പഠിക്കുമ്പോൾ ഇന്നയാളുടെ സഹോദരി, ഇന്നയാളുടെ സഹോദരൻ എന്നാണ് നാം പലപ്പോഴും അറിയപ്പെടുക. പക്ഷേ, ചിലർക്കെങ്കിലും ഇങ്ങനെയൊരു ഐഡന്റിറ്റി അരോചകമായി തോന്നാറുണ്ട്. എന്നാൽ മറ്റു ചിലർക്കാകട്ടെ, അതൊരു അഭിമാനവും തങ്ങൾ ആരുടെയൊക്കെയോ സ്വന്തമാണെന്ന ഒരു ഉറപ്പുമാണ്.
6. അപൂർവ്വമായി മാത്രമേ അസ്വസ്ഥതകൾ അനുഭവപ്പെടുന്നുള്ളൂ
ധാരാളം സഹോദരങ്ങൾക്കൊപ്പം ചിരിക്കാനും തമാശ പറയാനുമുള്ള അവസരങ്ങൾ നിങ്ങളുടെ ഭാവിജീവിതത്തെ തന്നെ ഒരുപാട് സഹായിക്കും. നിങ്ങളുടെ എല്ലാ കുറവുകളും സ്‌നേഹപൂർവ്വം ചൂണ്ടിക്കാണിക്കാൻ സഹോദരങ്ങൾ തയ്യാറാണ്. അത് വിശാലമായ ലോകത്തിൽ ജീവിക്കാനായി നിങ്ങളെ ഒരുക്കുന്നു.
7. ചെറുപ്രായത്തിൽ തന്നെ ചർച്ചകൾ ചെയ്യാനുള്ള കഴിവ് നേടുന്നു
അവസാനത്തെ മിഠായി സ്വന്തമാക്കാനായി നിങ്ങൾ വാശി പിടിക്കുമ്പോഴും നിങ്ങളുടെ സഹോദരിയേക്കാൾ നിങ്ങൾക്കാണ് ഒരു കളിപ്പാട്ടം ആവശ്യമെന്ന് മാതാപിതാക്കളെ ബോധ്യപ്പെടുത്തുമ്പോഴും ഒരു ചർച്ചക്ക് ആവശ്യമായ ശ്രദ്ധേയമായ കഴിവുകൾ നിങ്ങൾക്ക് ലഭിക്കും.
8. എപ്പോഴും പിന്തുണ നൽകാൻ ആളുകളുണ്ട്
നിങ്ങൾക്ക് ആരിൽ നിന്നെങ്കിലും എന്തെങ്കിലും പ്രശ്നമുണ്ടെന്ന് സഹോദരങ്ങളോട് പറഞ്ഞാൽ അവർ നിങ്ങൾക്ക് സംരക്ഷണവും പിന്തുണയും നൽകും. അതിനാൽ ഒരിക്കലും പുറത്തു നിന്ന് ആരുടേയും സഹായം ആവശ്യമായി വരില്ല.
9. അവധിക്കാലം ആഘോഷമാക്കാം
വലിയ കുടുംബങ്ങളിൽ, അവധിക്കാലമായാലുള്ള ഏറ്റവും നല്ല കാര്യം ഏതെങ്കിലും പ്രത്യേക സ്ഥലത്തേക്ക് പോകുന്നതിനെക്കുറിച്ചല്ല. പിന്നെയോ ഒടുവിൽ കോളേജിലേക്കു പോയ അല്ലെങ്കിൽ ജോലിസംബന്ധമായി വീട്ടിൽ നിന്ന് മാറിനിൽക്കേണ്ടി വന്ന മുതിർന്ന സഹോദരങ്ങളുമായി വീണ്ടും ഒന്നിക്കുക എന്നതാണ്.

Latest News