Tuesday, November 26, 2024

കൗമാരക്കാരായ മക്കൾക്ക് കൊടുക്കാവുന്ന ചില ഓർമ്മപ്പെടുത്തലുകൾ

കൗമാരം പിന്നിടുന്ന നിങ്ങളുടെ മകൾ ജീവിതത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് പ്രവേശിക്കുമ്പോൾ സ്നേഹപൂർവ്വം അവൾക്കു സമ്മാനിക്കാൻ ഇതാ ചില നല്ല ചിന്തകൾ. പുതിയ പ്രതീക്ഷകളോടെ ചിറകടിച്ചുയരുന്ന മകൾക്ക് പ്രത്യാശയുടെ കരുത്തിൽ മുന്നേറാൻ ഇത് ശക്തമായ ആയുധങ്ങളായിരിക്കും.

1. മനഃസാക്ഷിയെ ശ്രവിക്കുക

നാം എടുക്കുന്ന തീരുമാനങ്ങൾ നമ്മുടെ മനഃസാക്ഷിയെ ശ്രവിച്ചുകൊണ്ടായിരിക്കണം.

നാം എടുക്കുന്ന തീരുമാനങ്ങളെ നമ്മുടെ മനസിന്റെ സ്വരം സ്വാധീനിക്കാറുണ്ട്. അത് മനസിലാക്കാൻ നമ്മുടെ മനസിന്റെ സ്വസ്ഥത പരിശോധിച്ചാൽ മതി. ഒരു തീരുമാനമെടുത്തതിനു ശേഷവും നാം അസ്വസ്ഥരാണെങ്കിൽ ഉചിതമായ തീരുമാനം സ്വീകരിക്കുന്നതുവരെയും നമുക്ക് ശാന്തരായിരിക്കാൻ സാധിക്കുകയില്ല എന്നത് നാം, നമ്മെത്തന്നെ ഒന്ന് പഠിച്ചാൽ മനസിലാക്കാവുന്നതേയുള്ളൂ. നാം എടുക്കുന്ന പുതിയ തീരുമാനങ്ങളിൽ മറ്റുള്ളവരുടെ അഭിപ്രായങ്ങൾ നമ്മെ തടസപ്പെടുത്താതിരിക്കട്ടെ.

2. ആയിരിക്കുന്ന ഇടങ്ങളിൽ സംതൃപ്തരാകുക

ആയിരിക്കുന്ന തൊഴിൽമേഖലയിലോ, പഠനമേഖലയിലോ സംതൃപ്തി കണ്ടെത്താനായില്ലെങ്കിൽ നമ്മൾ അസ്വസ്ഥരായിരിക്കും. ലക്ഷ്യമില്ലാതെ മുന്നേറാൻ അത് നമ്മെ പ്രലോഭിപ്പിക്കും. ചെയുന്ന ജോലിയിൽ പൂർണ്ണമായും ശ്രദ്ധ കേന്ദ്രീകരിക്കാനും നമ്മുടേതായ സംഭാവനകൾ നൽകാനും ശ്രമിക്കുമ്പോൾ നാം അറിയാതെ തന്നെ നമ്മിൽ ഒരു നന്മ രൂപപ്പെടുത്തും. നമ്മുടെ സാന്നിധ്യം മറ്റുള്ളവർ വിലമതിക്കും.

3. ആത്മവിശ്വാസത്തിൽ വളരുക

നാം ചെയ്യുന്ന ഓരോ ചെറിയ കാര്യങ്ങളിൽപോലും അതീവശ്രദ്ധ ചെലുത്തിയും അവ വളരെ ഉത്തരവാദിത്വത്തോടു കൂടെയും ചെയ്യുന്നത് നമ്മളിൽ ആത്മവിശ്വാസം വളർത്താൻ സഹായിക്കും. മറ്റുള്ളവരുടെ വാക്കുകളേക്കാൾ നമുക്ക് നമ്മെക്കുറിച്ചു തന്നെ ഒരു മതിപ്പുണ്ടാകണം. ആത്മവിശ്വാസമാണ്, നാം നേരിടുന്ന പരാജയങ്ങളെ അതിജീവിച്ച് മുന്നേറാൻ നമ്മെ സഹായിക്കുന്നത്.

4. അടിസ്ഥാന ജീവിത നൈപുണ്യങ്ങൾ നേടുക

നിത്യജീവിതത്തിൽ അത്യാവശ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെക്കുറിച്ചുള്ള അറിവ് സമ്പാദിക്കാൻ ശ്രമിക്കണം. ജോലിയോടൊപ്പം തന്നെ ഒരു കുടുംബജീവിതത്തിന് ആവശ്യമായ പാചകം, തയ്യൽ, ഗാർഡനിംഗ് തുടങ്ങിയ ചെറിയ ചെറിയ കാര്യങ്ങൾ കൂടി പഠിച്ചെടുക്കുന്നതിലൂടെ ജീവിതവിജയം കൈവരിക്കാനും അതുവഴി നാം മറ്റുള്ളവർക്ക് ഒരു അനുഗ്രഹമാകാനും കാരണമാകും.

5. വിശകലനങ്ങൾക്കൊടുവിൽ തീരുമാനം എടുക്കുക

പെട്ടന്നുള്ള, വൈകാരികമായ തീരുമാനങ്ങൾ നമ്മെ എപ്പോഴും പരാജയങ്ങളിലേക്ക് നയിക്കുന്നവയായിരിക്കും. പലപ്പോഴും ഒരു ജീവിതപങ്കാളിയെ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ ഇത് സംഭവിക്കാറുണ്ട്. ഏതാനും ദിവസങ്ങളുടെ പരിചയത്തിൽ നിന്നോ, ചിന്താഗതികളുടെ പൊരുത്തങ്ങളിൽ നിന്നോ ഉള്ള തിരഞ്ഞെടുപ്പിനേക്കാൾ കൂടുതൽ നല്ലത് വിശകലനങ്ങളുടെയും മുതിർന്നവരുടെ അഭിപ്രായങ്ങളുടെയും വെളിച്ചത്തിലാണെങ്കിൽ അത് കൂടുതൽ നല്ലതായിരിക്കും. ജീവിതത്തിലെ എല്ലാ തീരുമാനങ്ങളും വിശകലനങ്ങളോടെ സ്വീകരിക്കുന്നത് കൂടുതൽ നല്ലത് സ്വീകരിക്കാൻ സഹായകമാണ്.

6. സുരക്ഷിതമാർഗ്ഗങ്ങൾ അവഗണിക്കാതിരിക്കുക

നിയമങ്ങളും നിർദ്ദേശങ്ങളും നമുക്ക് സുരക്ഷിത കവചങ്ങൾ തീർക്കുന്നവയാണ്. അതുകൊണ്ടു തന്നെ പഠനമേഖലയിലെയും തൊഴിൽമേഖലയിലെയും നിയമങ്ങൾ തീർച്ചയായും പാലിക്കേണ്ടതുണ്ട്. അത് മനസിന് ശാന്തത പ്രദാനം ചെയ്യും. അതുപോലെ റോഡ് നിയമങ്ങളും, ഡ്രൈവിംഗ് നിയമങ്ങളും തുടങ്ങി നമുക്ക് സുരക്ഷിതത്വം നല്കുന്നവയെ മുറുകെപ്പിടിക്കുന്നതിലൂടെ നാം അപകടങ്ങളിൽ നിന്ന് ഒഴിഞ്ഞിരിക്കും.

7. നല്ല സൗഹൃദങ്ങൾ സൂക്ഷിക്കുക

പഠനത്തിനും ജോലിക്കുമായി കൂട്ടുകാരോടൊപ്പമായിരിക്കുന്ന മക്കളുടെ ജീവിതത്തിൽ സൗഹൃദങ്ങൾക്ക് വളരെയധികം സ്ഥാനമുണ്ട്. മൂല്യാധിഷ്ടിതമായ സൗഹൃദങ്ങൾ നല്ല മൂല്യങ്ങളിലേക്ക് നയിക്കും. എല്ലാത്തിനും കൂടെ നിൽക്കുന്നവർ എന്നതിനേക്കാൾ, തെറ്റു ചെയ്താൽ അത് തിരുത്താൻ സ്വാതന്ത്ര്യം പുലർത്തുന്ന സൗഹൃദങ്ങളെ നിലനിർത്താൻ ശ്രമിക്കുക.

8. സഹായം ചോദിക്കാൻ തുറവി പുലർത്തുക

പുതിയ ഘട്ടത്തിലേക്കുള്ള പ്രവേശനം ഒരുപക്ഷേ നമ്മളിൽ ഒരുപാട് ചോദ്യങ്ങൾ ഉയർത്തിയേക്കാം. ചില നിലപാടുകളിലും തീരുമാനങ്ങളിലും പതറിപ്പോയതിന്റെ മാനസിക സംഘർഷങ്ങളും നേരിട്ടേക്കാം. അവയെല്ലാം തുറന്നുപറയാനുള്ള എളിമ അഭ്യസിക്കണം. പ്രശ്നപരിഹാരം സ്വയം കണ്ടെത്താനാകുന്നില്ലെങ്കിൽ സുഹൃത്തുക്കളുടെയോ, മാതാപിതാക്കളുടെയോ,ആവശ്യമെങ്കിൽ സൈക്കോളജിസ്റ്റുകളുടെയോ സഹായം തേടണം. ഒരിക്കലും നമുക്ക് നമ്മെ നഷ്ടമാകുംവരെ പ്രശ്നത്തിൽ കഴിയരുത്.

9. ജീവിതം ആസ്വദിക്കുക

വന്നുപോയ പരാജയങ്ങളിലും ചെയ്തുതീർക്കേണ്ട കാര്യങ്ങളുടെ കണക്കുകൂട്ടലുകളിലും പെട്ട് ഇന്നിൽ ജീവിക്കാൻ മറന്നുപോകുന്നവരാണ് നമ്മിൽ പലരും. ഓരോ നിമിഷത്തെയും ആസ്വദിക്കാൻ കഴിക്കുന്നതിലൂടെയാണ് ജീവിതം ആഘോഷിക്കാൻ സാധിക്കുന്നത്. അതിനൊരു എളുപ്പമാർഗം, നാം ചെയ്യുന്ന ഓരോ കാര്യങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കണം എന്നതാണ്. അത് ഒരുപക്ഷേ നമ്മൾ ചെയ്യുന്ന ജോലിയായിരിക്കാം, നടന്നുപോകുന്നതായിരിക്കാം, വിശ്രമിക്കുന്നതായിരിക്കാം. എന്തായിരുന്നാലും ചെയ്യുന്ന പ്രവൃത്തിയിൽ മനസുറപ്പിക്കാൻ പരിശ്രമിക്കുന്നതിലൂടെയാണ് ഇന്നിൽ ജീവിക്കാനും ജീവിതം ആസ്വദിക്കാനും നമുക്ക് സാധിക്കുക.

Latest News