ഏറ്റവും ഉയർന്ന ശബ്ദമുള്ള പക്ഷി ഏതെന്നു ചോദിച്ചാൽ ഒരു ഉത്തരമേ ഉള്ളൂ- കറുത്ത ജേക്കബിൻ ഹമ്മിംഗ് ബേർഡ്. ബ്രസീലിയൻ അറ്റ്ലാന്റിക് വനത്തിലെ പർവതങ്ങളിൽ നിന്നുമുള്ള ഈ പക്ഷി തന്റെ ഉയർന്ന ശബ്ദം കൊണ്ടു പ്രശസ്തമാണ്. പരമ്പരാഗതമായി, മോണോടൈപ്പിക് ജനുസ്സായ മെലനോട്രോചിലസിൽ പെടുന്നതാണ് ഈ പക്ഷി. എന്നാൽ ഇതിന്റെ ശബ്ദം, ശരീരഘടന, പ്രത്യുൽപാദന സ്വഭാവം എന്നിവയ്ക്ക് ഏറെ പ്രത്യേകതയുണ്ട്.
മൂങ്ങ പോലുള്ള ശ്രവണം കൂടിയ ഇനങ്ങളെക്കാൾ ഉയർന്ന ശ്രവണശക്തിയുള്ളവരാണ് കറുത്ത ജേക്കബിൻ പക്ഷി എന്നുപറഞ്ഞാൽ വിശ്വസിക്കാൻ സാധിക്കുമോ. അർജന്റീന, ബ്രസീൽ, പരാഗ്വേ, ഉറുഗ്വ എന്നിവിടങ്ങളിലാണ് ഈ പക്ഷി സാധാരണയായി കാണപ്പെടുന്നത്. ഈ ഹമ്മിംഗ് ബേർഡിന്റെ ശബ്ദങ്ങൾ ആദ്യം കണ്ടെത്തിയത് ന്യൂറോ സയന്റിസ്റ്റായ ഡോ. ക്ലോഡിയോ മെല്ലോ ആണ്. കറുത്ത ജേക്കബിൻ പക്ഷികൾ കാട്ടിൽ മറ്റു ഹമ്മിംഗ് ബേർഡുകൾ പാടുന്ന അതേ രീതിയിൽ അവയുടെ കൊക്കുകൾ തുറക്കുകയും അടയ്ക്കുകയും ചെയ്യുന്നത് അദ്ദേഹം നിരീക്ഷിച്ചിരുന്നു.
എന്നാൽ കറുത്ത ജേക്കബിൻ പക്ഷികളുടെ കൊക്കുകളിൽനിന്നു പുറപ്പെടുന്ന ശബ്ദങ്ങളൊന്നും അദ്ദേഹത്തിന് ആദ്യം കേൾക്കാൻ കഴിഞ്ഞില്ല. വവ്വാലുകളുടെ അൾട്രാസോണിക് സ്ക്വയർസ് കണ്ടെത്താനും റെക്കോർഡ് ചെയ്യാനും സാധാരണയായി ആവശ്യമായ പ്രത്യേക റെക്കോർഡിംഗ് ഉപകരണങ്ങൾ ഉപയോഗിച്ചപ്പോൾ മാത്രമാണ് അവ പാടുന്നുണ്ടെന്നു സ്ഥിരീകരിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞത്. പക്ഷേ, മനുഷ്യന്റെ കേൾവിയുടെ ഉയർന്ന പരിധിക്കപ്പുറവും പക്ഷികളിൽനിന്ന് രേഖപ്പെടുത്തിയിട്ടുള്ളതുമായ പിച്ചിനു മുകളിലുമാണ് ഇവയുടെ ശബ്ദം എന്നത് പ്രത്യേകതയാണ്.