അമർത്യതയുടെ നിത്യ ഔഷധമായ അമൃത് വീണ മണ്ണിലേക്ക്; പ്രയാഗ്‌രാജിലേക്ക്. 144 വർഷത്തിനുശേഷമുള്ള മഹാ കുംഭമേളയുടെ ഭാഗമാകാൻ ഞാനും ബിബിനും ഇങ്ങ് കേരളത്തിൽനിന്ന് അങ്ങ് ഉത്തർപ്രദേശിലേക്ക് യാത്ര തിരിച്ചു. ഞങ്ങൾ പോയ പല യാത്രകളും പോലെതന്നെ യാതൊരു പ്ലാനുമില്ലാതെയായിരുന്നു ഈ യാത്രയും. ഇരുപത്തിമൂന്നാം തീയതി രാവിലെ ഏഴരയ്ക്ക് മൈസൂറിൽനിന്നു പുറപ്പെടുന്ന ട്രെയിൻ നമ്പർ 22687/മൈസൂർ – വാരണാസി എക്സ്പ്രസിലായിരുന്നു ഞങ്ങളുടെ യാത്ര.
തലേദിവസം പ്രിയസുഹൃത്ത് നസീർ ആലക്കന്റെ മൈസൂരിലെ റൂമിൽ താമസം. രാവിലെ മൈസൂർ ബസ് സ്റ്റാൻഡിലേക്ക്. സ്റ്റാൻഡിനുള്ളിലെ ഒരു വെജിറ്റേറിയൻ ഹോട്ടലിൽനിന്ന് ഇഡ്ഡലിയും വടയും കഴിച്ച് ഓട്ടോയിൽ റെയിൽവേ സ്റ്റേഷനിലേക്ക്. പ്ലാറ്റ്ഫോം നാലിൽ രണ്ടുദിവസം ഞങ്ങളെയും വഹിച്ചുപോകാനുള്ള ട്രെയിൻ അങ്ങനെ നീണ്ടുനിവർന്ന് കിടക്കുകയാണ്. ഞങ്ങളുടെ കമ്പാർട്ട്മെന്റ് നിറയെ ടിബറ്റൻ സന്യാസിമാരാണ്. ട്രെയിനിന്റെ നീളം ചൂളംവിളിയിലൂടെ വാരണാസിയിലേക്കുള്ള യാത്ര തുടങ്ങി. മുമ്പിലുള്ള സീറ്റൊക്കെ കാലിയാണ്. മറ്റു സ്റ്റേഷനുകളിൽനിന്ന് ആളുകൾ കയറാനുണ്ടായിരിക്കും, ആർക്കൊക്കെയോവേണ്ടി ഒഴിഞ്ഞുകിടക്കുന്ന സീറ്റുകൾ. എത്രയോ ആളുകൾ എത്രയോ ഇടങ്ങളിലേക്ക് ഒരായിരം ലക്ഷ്യങ്ങളുമായി പോകാനിരുന്നിരുന്ന സീറ്റുകളായിരിക്കും അവയെല്ലാം!
യാത്രയിൽ സമയം കിട്ടുമ്പോൾ വായിക്കാറുണ്ട്. വായിക്കാനുള്ള ബുക്ക് എടുത്തപ്പോഴാണ് ആദ്യമായി വാരണാസിയിൽ പോയപ്പോഴുള്ള അനുഭവം എഴുതണമെന്നു തോന്നിയത്. പിന്നെ അതിന്റെ പിന്നാലെയായി. കൂക്കുവണ്ടി കാണണമെന്ന് പറഞ്ഞ് ബിബിന്റെ കുട്ടി തനു ഇടയ്ക്കിടെ വിളിക്കുന്നുണ്ട്. ട്രെയിൻയാത്രയിൽ പലരെയും പരിചയപ്പെട്ടു. ആന്ധ്ര കഴിഞ്ഞപ്പോൾ അവിടെനിന്ന് രണ്ടുമൂന്ന് റെയിൽവേ ഉദ്യോഗസ്ഥർ ഞങ്ങൾക്കു മുമ്പിലെ സീറ്റിൽ വന്നിരുന്നു. അവരും കുംഭമേളയ്ക്കു പോവുകയാണ്. ഇറങ്ങുന്നിടംവരെ അവർ തുണിയിൽ പൊതിഞ്ഞുവച്ച ചപ്പാത്തിയും ചോറും കറികളും ഒക്കെയായി അങ്ങനെയങ്ങു പോയി. അവർ ഭക്ഷണം വിളമ്പുന്നത് കൈ കൊണ്ടാണ്; തവി ഉപയോഗിക്കാറില്ല. ഇത്തരം രീതികൾ എല്ലാർക്കും ഇഷ്ടപ്പെടണമെന്നില്ല. പക്ഷേ, ഇതൊക്ക ഒരു സംസ്കാരത്തിന്റെ ഭാഗമാണെന്നും അവർ വിളമ്പിത്തരുന്നത് അത്രമാത്രം സ്നേഹത്തോടെയാണെന്നും മനസ്സിസിലാക്കാൻ കഴിയുമ്പോഴാണ് യാത്ര യഥാർഥത്തിൽ പരിപൂർണ്ണമാകുന്നത്.
നമുക്ക് ഇഷ്ടപ്പെടാത്തവയൊക്കെ ഇഷ്ടപ്പെടുന്ന അന്നാണ് നമ്മളൊക്കെ യഥാർഥ യാത്രികനായി മാറുന്നതെന്ന് ആത്മാർഥമായി പറയാൻ കഴിയും. അത് മനുഷ്യരായിക്കൊള്ളട്ടെ, സ്ഥലങ്ങളായിക്കൊള്ളട്ടെ, സംസ്കാരങ്ങളായിക്കൊള്ളട്ടെ, അങ്ങനെ പലതുമായിക്കൊള്ളട്ടെ. അവയൊക്കെ ഉൾക്കൊള്ളാൻ കഴിയുന്ന അന്ന് തുടങ്ങി യാത്രകൾ നമ്മിലേക്കു തുടങ്ങും. അത് വല്ലാത്തൊരു യാത്രയാണ്. എനിക്ക് എന്നെപ്പോലും മനസ്സിലാകാത്തിടത്തോളം ഞാൻ മറ്റുള്ളവരെ എന്തിനു വിധിക്കുന്നു എന്ന് മനസിസ്സിലാക്കിത്തരുന്ന യാത്രകൾ.
മധ്യപ്രദേശ് കഴിഞ്ഞപ്പോഴേക്കും വാരണാസിയിലെ അനുഭവക്കുറിപ്പ് ഏകദേശം കഴിഞ്ഞിരുന്നു. അവ എന്റെ ഇടത്തിൽ പങ്കുവച്ച് യാത്ര തുടർന്നു.
കൂടെയുണ്ടായിരുന്നവർ പ്രയാഗ് ജംഗ്ഷനിൽ ഇറങ്ങി. റെയിൽവേയുടെ ടെന്റ് കുംഭമേളയിൽ ലഭ്യമാണെന്നും ആവശ്യമുണ്ടെങ്കിൽ ഞങ്ങളെ വിളിക്കണമെന്നും പറഞ്ഞ് പ്രിയപ്പെട്ടവരെ കെട്ടിപ്പിടിച്ച് യാത്രയയച്ചു. പ്രയാഗ് ജംഗ്ഷൻ കഴിഞ്ഞപ്പോഴേക്കും ട്രെയിൻ കാലിയായി ഞങ്ങൾ വാരണാസിയിലേക്ക്.
വിൽസൺ അച്ചന്റെ അരികിലേക്ക്
ഒരുക്കിവച്ചതുപോലെ ചില സ്ഥലങ്ങൾ, ചില ആളുകൾ. വാരണാസി റെയിൽവേ സ്റ്റേഷൻ എത്തിയപ്പോൾ ഞങ്ങളെ കൂട്ടാൻ നല്ല ചൂടുചായയുമായി വിൽസൺ അച്ചൻ എത്തിയിരുന്നു. ബിബിന്റെ സ്വന്തമാണ്. അച്ചൻ ഇവിടത്തെ ആശ്രമത്തിന്റെ ഇൻചാർജാണ്. പോകുന്ന വഴിക്ക് അച്ചന്റെ വാരാണസി അനുഭവങ്ങൾ പറഞ്ഞു. ആശ്രമത്തിൽ എത്തിയപ്പോൾ അവിടുത്തെ കുട്ടികൾ ഞങ്ങളെ പാട്ടുപാടി സ്വീകരിച്ചു. നല്ല മനോഹരമായ പ്രഭാതഭക്ഷണം. ഭക്ഷണത്തിനുശേഷം അവിടെനിന്ന് ഗ്രാമങ്ങളിലേക്ക്.
കോയിരാജ്പൂര് എന്ന ഗ്രാമമാണ്. കുറെ നല്ല മനുഷ്യരെ കണ്ടു. അവരുടെ കൃഷിരീതികൾ കണ്ടു. ഒരു വീട്ടിൽ ഞങ്ങളെ സ്വീകരിക്കാൻ സീതാരാദേവി എന്ന ഒരു അമ്മയുണ്ടായിരുന്നു. കരിമ്പുകൊണ്ട് ഉണ്ടാക്കിയ ഒരുതരം ജ്യൂസ് നൽകി അവർ ഞങ്ങളെ സ്വീകരിച്ചു. അവിടെ ചിലർ ചാണകം ഉപയോഗിച്ച് ഗോബർ ഉപ്പള ഉണ്ടാക്കുകയാണ്. വിറകിനുപകരം കത്തിക്കാൻവേണ്ടിയാണ് ഇവ ഉപയോഗിക്കുന്നത്. അവിടെയുള്ളവരൊക്കെ ഓരോരോ പണിയിലാണ്. നന്നായി സംസാരിക്കുന്ന പെൺകുട്ടികൾ. അവരുടെ മക്കൾ. അവരുടെ കൃഷിരീതിയും മറ്റു വിശേഷവുമെല്ലാം പങ്കുവച്ചു. ഞങ്ങൾ കേരളത്തിൽ നിന്നാണ് വന്നതെന്നറിഞ്ഞപ്പോൾ, അതും കുംഭമേളയ്ക്കാണ് വന്നതെന്ന് അറിഞ്ഞപ്പോൾ അവർക്ക് വലിയ അദ്ഭുതമായി. അവിടുന്ന് എടുത്ത ഫോട്ടോകൾ അയച്ചുകൊടുക്കാനായി അവർ നമ്പർ തന്നു. ഞങ്ങൾ തിരികെ കാണാമറയത്ത് എത്തുന്നിടംവരെ ആ വീട്ടിലെ കുഞ്ഞിക്കുട്ടികൾ ഞങ്ങൾക്ക് ടാറ്റാ തന്നുകൊണ്ടിരുന്നു.
കുറച്ച് കറക്കത്തിനുശേഷം ഞങ്ങൾ വീണ്ടും ആശ്രമത്തിലേക്ക് തിരികെ. അവിടെ ഞങ്ങളെ കാത്തിരുന്നത് നല്ല മട്ടൻ കറിയും ചോറുമായിരുന്നു. പട്ടിണി കിടന്ന് എത്രയോ വട്ടം യാത്ര ചെയ്തിട്ടുണ്ട്. അത്തരം അനുഭവങ്ങളിലൂടെ യാത്ര ചെയ്തുകൊണ്ട് ഇതൊക്കെ ലഭിക്കുമ്പോൾ ദൈവത്തിനു നന്ദിപറയുക എന്നല്ലാണ്ട് മറ്റെന്തുണ്ട്.
വാരാണസിലേക്ക്
ഭക്ഷണത്തിനുശേഷം വാരണാസിയിലേക്ക്. മണികർണിക ഘട്ടിലേക്കാണ് ആദ്യം. കത്തികരിയുന്ന ശവശരീരങ്ങൾക്കിടയിലൂടെ. മനുഷ്യശരീരത്തിന്റെ ഓരോ പാളികളും ഓരോന്നായി കത്തിക്കത്തി തലോയോട്ടി വരെ എത്തുന്നത് കുറെനേരം നോക്കിനിന്നു. എത്ര നിറമില്ലാത്തവന്റെയും രണ്ടാമത്തെ പാളി നല്ല വെളുപ്പാണ്. പിന്നെ വെളുപ്പും മഞ്ഞയും കൂടി ഉരുകിച്ചേർന്ന് തലയോട്ടിയിലേക്ക്. നമ്മളൊക്കെ ഇത്രയുമേ ഉള്ളൂ. ആവശ്യമില്ലാതെ പണം, പദവി, ഞാനെന്ന ഭാവം അങ്ങനയുള്ളതിനെ അലങ്കാരമായി കൊണ്ടുനടക്കുന്ന മനുഷ്യർ ഇതൊക്കെ വന്നുകാണണം.
മണികർണികയിൽ നിന്ന് ദശാശ്വമേധ് ഘട്ടിലെക്ക്. ലക്ഷകണക്കിന് ആളുകൾ. കാലുകുത്താനിടമില്ല. തിക്കിലും തിരക്കിലും എങ്ങനെയൊക്കെയോ മുന്നിലെത്തി. ഗംഗയുടെയുടെ തീരത്ത് ആചാരപരമായ ആരാധനയിലൂടെ പുരോഹിതന്മാർ താളാത്മകമായ മന്ത്രങ്ങളുടെയും മുഴങ്ങുന്ന മണികളുടെയും അകമ്പടിയോടെ ഗംഗയെ ആരതി ചെയ്യുകയാണ്. അകലെനിന്നും കുംഭമേളയ്ക്കു വരുന്ന കൂടുതൽ പേരും വാരാണസിയിലാണ് താമസിക്കുന്നത്. അവരുടെ യാത്രകൾ വരാണാസി, അയോധ്യ, പ്രയാഗ് ഇങ്ങനെയാണ് പ്ലാൻ ചെയ്യുന്നത്. അതുകൊണ്ടുതന്നെ ഒരു സ്ഥലത്തും അടുക്കാനാവാത്ത തിരക്കാണ്. അധികസമയം കളയാനില്ല, നാളെയാണ് ചരിത്രമുഹൂർത്തത്തിന് സാക്ഷിയാവാൻ പോകേണ്ടത്.
രാവിലെ അച്ചനോട് ആശ്രമത്തിൽനിന്ന് യാത്ര പറഞ്ഞിറങ്ങുമ്പോൾ രണ്ടു ദിവസം കഴിഞ്ഞ് വരാമെന്നു പറഞ്ഞാണ് ഇറങ്ങിയത്. ആശ്രമത്തിൽനിന്ന് ഇറങ്ങിയപാടെ തൊട്ടടുത്ത കോൺവെന്റിലെ സിസ്റ്റർ അവരുടെ ചില ആവശ്യങ്ങളുമായി വാരണാസി ടൗണിലേക്കു പോകുന്നുണ്ടായിരുന്നു. പോകുന്നവഴി ഞങ്ങളയും കൂട്ടി. സംഘത്തിലേക്ക് ബസ് കിട്ടുന്ന സ്ഥലത്ത് ഞങ്ങളെ വിടാം എന്ന് പറഞ്ഞു. സിസ്റ്റർ കർണാടകക്കാരി ആണെങ്കിലും മലയാളം നന്നായിട്ടറിയാം. പോകുന്ന വഴിക്ക് യാത്ര നമുക്കുണ്ടാക്കുന്ന മാറ്റത്തെക്കുറിച്ചും സ്ത്രീകൾക്ക് യാത്രയിലുണ്ടായേക്കാവുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചുമൊക്കെ സംസാരിച്ചു. സംസാരിച്ചു സമയം പോയതറിഞ്ഞില്ല. സംഘത്തിലേക്ക് ബസ് കിട്ടുന്ന സ്ഥലത്ത് ഞങ്ങളെ ഇറക്കി. ഇറങ്ങിയ സ്ഥലത്തുനിന്ന് കുറച്ച് മുന്നോട്ടുനടന്നു. ചെന്നപാടെ ബസ് കിട്ടി. ഇഷ്ടംപോലെ സീറ്റ് ഉണ്ട്.
വഴിയിലെ കാഴ്ചകൾ കണ്ട് അറിയാവുന്ന ഹിന്ദിയിൽ കൂടെയുള്ളവരോടു സംസാരിച്ച് മറ്റൊരു ബുദ്ധിമുട്ടുകളുമില്ലാതെ യാത്ര തുടർന്നു. ജൂസി എന്ന ജംഗ്ഷനിൽ ബസ് നിർത്തി. അവിടെനിന്ന് പിന്നെ അങ്ങോട്ട് ഏകദേശം 16 കിലോമീറ്ററുണ്ട്. വാരാണാസി ഭാഗത്തുനിന്നു വരുന്ന ബസ്സുകൾ ജൂസിയിലാണ് പാർക്ക് ചെയ്യേണ്ടത്. അവിടെനിന്നും സംഘത്തിലേക്ക് പോകാൻ സിറ്റി ബസ്സിൽ പോകേണ്ടതുണ്ട്. പക്ഷേ, ആ ബസിലൊന്നുംതന്നെ അൽപം പോലും ഇടമില്ല. ദീർഘദൂര യാത്രകളിൽ ഭാഗ്യംപോലെ യാതൊരു തടസ്സവുമില്ലാതെ വാഹനങ്ങൾ ലഭിക്കാറുണ്ട്. ഈ ബസിന് എങ്ങനെ പോകും എന്ന് ആലോചിച്ചപ്പോൾതന്നെ ഞങ്ങളുടെ മുമ്പിൽ ഒരു പിക്കപ്പ് വന്നു. ആലോചിക്കാൻ സമയം കൊടുക്കാതെ അതിൽ ചാടിക്കയറി.
കയറിയതിനുശേഷമാണ് സംഘത്തിൽ പോകുമോ എന്ന് ചോദിച്ചത്. ആളുണ്ടെങ്കിൽ പോകുമെന്നായി. ബസിൽ കൂടെവന്നവരോട് ചോദിക്കുന്നതിനുമുമ്പ് പിക്കപ്പ് നിറഞ്ഞു. പിന്നെ അങ്ങോട്ടുള്ള യാത്ര ഉൾഗ്രാമങ്ങളിലൂടെയുള്ള ഇടവഴികളിലൂടെ. പോകുന്ന വഴികൾ എത്ര മനോഹരമാണ്. പച്ചപ്പ് നിറഞ്ഞ വയലോരങ്ങൾ, അതിൽ പണിയെടുക്കുന്ന കർഷകർ. പാടത്തിലിറങ്ങിയ പശുക്കളെ ഓടിച്ചുവിടുന്ന കുട്ടികൾ. ഗ്രാമങ്ങളിലെ വിദ്യാലയങ്ങൾ, ചെറുതും മനോഹരവുമായ അമ്പലങ്ങൾ, ചെറിയ കടകൾ. കടയിൽ ചായ ഊതിക്കുടിച്ച് പരസ്പരം സംസാരിച്ചുകൊണ്ടിരിക്കുന്ന പ്രായമായ മനുഷ്യർ, ആസ്വദിച്ച് പട്ടം പറത്തുന്ന കുട്ടികൾ, കൂട്ടംകൂട്ടമായി ആടുകളെ വഴിയരികിലൂടെ നടത്തിക്കൊണ്ടുപോകുന്ന ആട്ടിടയന്മാർ, വീടിന്റെ ഉമ്മറപ്പടിയിൽ കുട്ടികളെ കളിപ്പിക്കുന്ന അമ്മമാർ. ഒരുപക്ഷേ, ബസിലായിരുന്നെങ്കിൽ ഇത്രയൊക്കെ വിശാലമായി കാണാൻ സാധിക്കില്ലായിരുന്നു. ബസിന്റെ ഇടുങ്ങിയ ചതുരജനലിലൂടെ മാത്രം അതനുവദിക്കുന്ന കാഴ്ചകളല്ലേ കാണാൻ സാധിക്കുകയുണ്ടായിരുന്നുള്ളൂ എന്നൊക്കെ ആലോചിച്ച് യാത്ര തുടർന്നപ്പോഴാണ് ഇവയൊക്കെ കണ്ട് പോകുമ്പോ വഴിയിലേക്ക് ചാഞ്ഞുകിടക്കുന്ന ആലിന്റെ വേരുകൾ തലയിൽ തട്ടാതെയിരിക്കാനും ശ്രദ്ധിക്കണമെന്ന തിരിച്ചറിവും വന്നത്.
ചില സമയങ്ങളിൽ ഡ്രൈവർ ഇറങ്ങി നിർദേശം തരും. കുറച്ചു നേരം കുനിഞ്ഞിരിക്കുണം പൊലീസുകാർ കാണരുത്. പല സ്ഥലത്തും പൊലീസ് വണ്ടി ബ്ലോക്ക് ചെയ്ത് തിരിച്ചുവിടുന്നുണ്ട്. നമ്മുടെ ഡ്രൈവർ സംഘത്തിലെ ആവശ്യത്തിനു പോവുകയാണെന്ന് പൊലീസിനെ തെറ്റിധരിപ്പിച്ചിട്ടാണ് വണ്ടി കൊണ്ടുപോകുന്നത്. ഇടയ്ക്ക് ചില പൊലീസുകാർക്ക് കൈമടക്കും കൊടുക്കുന്നുണ്ട്.
മനോഹരമായ കൃഷിസ്ഥലങ്ങളെല്ലാം താണ്ടി സംഘത്തിലേക്ക്. സംഘത്തിലെത്തുന്ന മൂന്നു കിലോമീറ്റർ ഇപ്പുറത്ത് വണ്ടി നിർത്തി. ഒരാൾക്ക് 50 രൂപ. ന്യായമായ റേറ്റ്. പൈസ കൊടുത്ത് തൊട്ടടുത്ത ഒരു അമ്മച്ചിയുടെ കടയിൽനിന്ന് ചായയും (ചായ അല്ലാ ഇഞ്ചിവെള്ളം എന്ന് വേണമെങ്കിൽ പറയാം). കുട്ടികളാണ് സർവീസിന്. തുടർന്ന് ഞങ്ങൾ സംഘത്തിലേക്ക് നടക്കാൻതുടങ്ങി.
കുതിരപ്പുറത്തും സൈക്കിൾ റിക്ഷയിലും ഇരുചക്രങ്ങളിലും ആളുകൾ ഈ വഴിയിലൂടെ സഞ്ചരിക്കുന്നുണ്ട്. അവയൊക്കെയും നമുക്കും ലഭ്യമാണ്. ഇരുവശങ്ങളിലും പലതരത്തിലുള്ള കടകൾ. കുറച്ചു നടന്നുകഴിഞ്ഞപ്പോൾ അവിടെനിന്ന് നല്ല രണ്ടു പേരയ്ക്ക മേടിച്ചുകഴിച്ചു. വഴിയരികിലെ കാഴ്ചകൾ പകർത്താൻ പറ്റുന്നതൊക്കെ കാമറയിൽ പകർത്തിപ്പോകുന്നതുകൊണ്ട് നടത്തത്തിന്റെ ക്ഷീണം അറിയുന്നില്ല.
ഏകദേശം നാല് കിലോമീറ്റർ താണ്ടി അവസാനം ദേവഭൂമിയിലെത്തി. കണ്ണെത്താദൂരത്ത് ടെന്റുകൾ. എവിടുന്ന് തുടങ്ങണമെന്നറിയില്ല. തൊട്ടരികിലുള്ള ഒരു ഉയർന്ന സ്ഥലത്തുനിന്ന് എത്തിനോക്കി. അവിടെനിന്ന് ഏകദേശം ഒരു ഐഡിയ വച്ച് മുന്നോട്ട്. നടക്കുന്ന വഴികളിൽ ഓരോരോ ആശ്രമങ്ങളാണ്. ഓരോ ആശ്രമത്തിലും ആശ്രമവുമായി ബന്ധപ്പെട്ട നൂറുകണക്കിന് ആളുകൾ. താമസിക്കേണ്ടവർക്ക് അവിടെ താമസിക്കാം. അവരുടെ ആത്മീയപരിപാടികളിൽ പങ്കെടുക്കാം. എല്ലാ ആശ്രമങ്ങളിലും എല്ലാനേരവും ഭക്ഷണം ഉണ്ടാകും. അവിടെ വരുന്ന ആർക്കും കഴിക്കാം. ഇതിനുള്ളിൽ കയറിയാൽപിന്നെ ഭക്ഷണത്തെക്കുറിച്ച് അറിയേണ്ട.
പതിനായിരം ഏക്കറിലാണ് മഹാ കുംഭമേള നടക്കുന്നത്. 25 സെക്ടറുകളായാണ് തിരിച്ചിരിക്കുന്നത് (അതിന്റെ ഡീറ്റെയിൽസ് ആവിശ്യമുള്ളവർക്ക് പറഞ്ഞുതരാം). മുപ്പത് താൽകാലിക പാലങ്ങൾ, 1,60,000 ടെന്റുകൾ, 56 പൊലീസ് സ്റ്റേഷനുകൾ, 133 പൊലീസ് പോസ്റ്റുകൾ,അവിടെ താമസിക്കുന്നവർക്ക് പാചകത്തിനു ആവശ്യമായ വിറക്, അവശ്യസാധനങ്ങൾ, ഗംഗയിൽ കുളിച്ചുവരുന്നവർക്ക് വസ്ത്രം മാറാനുള്ള സൗകര്യങ്ങൾ, മരാമത്ത് പ്രവർത്തികൾ ചെയ്യുന്നവർ, വഴിയോര കച്ചവടക്കാർ, കൂട്ടംവിട്ട് കാണാതായവരെ തേടുന്നതിനുള്ള ഹെൽപ് ലൈൻ (നിലവിൽ കുട്ടികളടക്കം ഒരുപാട് ആളുകളെ കാണാതായിട്ടുണ്ട്). ചെറിയ ഹോസ്പിറ്റലുകൾ, നിരവധി ശൗചാലയങ്ങൾ, അവ ശുചീകരിക്കാൻ നിർത്തിയിരിക്കുന്ന സാധാരണക്കാരായ ജനങ്ങൾ, അവരുടെ കുടുംബം, അവർ താമസിക്കുന്ന പ്ലാസ്റ്റിക് ഷീറ്റ് വലിച്ചു കെട്ടിയ ചെറിയ ചെറിയ ടെന്റ്കൾ, മുടിവെട്ടാനും വെട്ടിക്കാനും നിൽക്കുന്ന ആളുകൾ, ഗംഗയുടെ അരികിൽ പൂജയ്ക്കായി തയ്യാറായിനിൽക്കുന്ന പൂജാരിമാർ, കൈനോട്ടക്കാർ. കൂട്ടംതെറ്റി പോവാതിരിക്കാൻ കയറുകൾ കൊണ്ട് പരസ്പരം ബന്ധിപ്പിച്ചു നടന്നുനീങ്ങുന്നവർ.
ആയിരക്കണക്കിന് ആളുകളെ ദിനംപ്രതി കാണാതാകുന്നു എന്നുള്ളതാണ് റിപ്പോർട്ട്. ദേഹമാസകലം ചുടലഭസ്മം പൂശി, തലയോട്ടിമാലകൾ അണിഞ്ഞ് അർധനഗ്നമോ പൂർണ്ണനഗ്നമോ ആയ ദേഹങ്ങളോടെ ധ്യാനത്തിലും അല്ലാതെയുമിരിക്കുന്നവർ, കാവി ഉടുപ്പിട്ട ഉടായിപ്പ് സ്വാമിമാർ, മനസ്സ് ഒന്ന് മാറിയാൽ സകലതും അടിച്ചുമാറ്റിക്കൊണ്ടുപോകാൻ റെഡിയായിയിരിക്കുന്ന പോക്കറ്റടിക്കാർ, മീഡിയ, പൊലീസ്, ഡോക്ടർ, നഴ്സ്, വി വി ഐ പി കൾ, അവരുടെ വാഹനങ്ങൾ അങ്ങനെ ഒരു ലോകം മുഴുവൻ അവിടെയുണ്ട്.
അഗസ്റ്റിൻ പുൽപള്ളി
തുടരും…