Friday, April 4, 2025

ഒളിമ്പിക്‌സിലെ ദീപശിഖയുടെ ചരിത്രം

ദീപശിഖാ പ്രയാണത്തോടെയാണ് ഒളിമ്പിക്‌സിന് കളമൊരുങ്ങുന്നത്. സീയൂസ് ദേവന്റെ ഭാര്യയും ശക്തിയുടെ പ്രതീകവുമായ ഹീരദേവതയുടെ ക്ഷേത്രാങ്കണത്തില്‍ നിന്നാണ് ഒളിമ്പിക് ദീപശിഖ ജ്വലിപ്പിക്കുന്നത്. പ്രത്യേകമായി തയ്യാറാക്കിയ കോണ്‍കേവ് കണ്ണാടിയില്‍ വെയിലടിപ്പിച്ച് തീനാളങ്ങളുണ്ടാക്കുകയും അതില്‍നിന്ന് ദീപശിഖയിലേക്ക് അഗ്നി പകരുകയുമാണ് ചെയ്യുക. വലിയ പ്രാധാന്യത്തോടെയാണ് ദീപശിഖാ പ്രയാണമെന്നതിനാല്‍ താരങ്ങള്‍ പ്രാതിനിധ്യം ലഭിക്കുന്നത് അംഗീകാരമായിട്ടാണ് കണക്കാക്കുന്നത്.

ആ ദീപശിഖ ഒളിമ്പിക്‌സ് കഴിയുന്നത് വരെ അണയാതെ സൂക്ഷിക്കുകയും ചെയ്യുന്നതുമാണ് പതിവ്. ആദ്യമായി ഒളിമ്പിക് ദീപശിഖാ റിലേയില്‍ സാങ്കേതികത്വം ഫലപ്രദമായി ഉപയോഗപ്പെടുത്തിയത് 1976 കാനഡയിലെ മോണ്‍ട്രിയലില്‍ നടന്ന ഒളിമ്പിക്‌സിലാണ്. ദീപശിഖ ഏന്തിയ ഓട്ടക്കാര്‍ ദീപശിഖ മോണ്‍ട്രിയലിലെത്തിക്കും മുമ്പ് ഉപഗ്രഹം മുഖാന്തിരമാണ് ഒളിമ്പിക് ദീപം ഗ്രീസിലെ ഏഥന്‍സില്‍ നിന്ന് കാനഡയിലെ ഒട്ടാവയിലേക്ക് എത്തിച്ചത്. ജ്വാല റേഡിയോ സിഗ്‌നലാക്കി മാറ്റുകയും ഉപഗ്രഹം വഴി കാനഡയില്‍ നിന്ന് സ്വീകരിക്കുകയും പിന്നീട് ദീപമായി മാറ്റുകയുമായിരുന്നു.

ഇനിയിപ്പോള്‍ പാരീസ് ഒളിമ്പിക്‌സ് 24ന്റെ കഥകള്‍ക്കും വിശേഷങ്ങള്‍ക്കുമാണ് കായികപ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നുണ്ടാകുക. ഹോളണ്ടിലെ ആംസ്റ്റര്‍ഡാമിലെ 1928 ഒളിമ്പിക്‌സിലാണ് ആദ്യമായി ദീപശിഖ അണയാതെ കായികമേള പൂര്‍ത്തിയാകുന്നതു വരെ സൂക്ഷിച്ചത്. 1936 ജര്‍മ്മനിയിലെ ബര്‍ലിനിലാണ് ആദ്യമായി ഒളിമ്പിക് ദീപം സൂര്യരശ്മിയാല്‍ തന്നെ കത്തിച്ചത്. ഒളിമ്പിക് ദീപശിഖാ റിലേ ആയി തുടങ്ങിയതും ഈ ഒളിമ്പിക്‌സ് മുതലാണ്.

ഏഴു രാജ്യങ്ങളും 3000 കിലോമീറ്ററും താണ്ടിയായിരുന്നു അന്നു ദീപശിഖ ബര്‍ലിനിലെത്തിയത്. ഗ്രീസിലെ പുരാതന നഗരങ്ങളിലൂടെയുള്ള പര്യടനത്തിന് ശേഷമായിരിക്കും ദീപശിഖ ഒളിമ്പിക്‌സ് സംഘാടകര്‍ക്ക് കൈമാറുക. പിന്നീട് വിവിധ രാജ്യങ്ങളിലെ പര്യടനത്തിന് ശേഷം ദീപശിഖ ഒളിമ്പിക് നഗരത്തില്‍ എത്തും. ദീപശിഖാ റാലിയില്‍ പലയിടങ്ങളിലെ കായിക താരങ്ങളും പ്രമുഖരും പങ്കെടുക്കും.

 

 

Latest News