മാസങ്ങളായി പുകഞ്ഞുകൊണ്ടിരിക്കുന്ന റഷ്യ, യുക്രൈന്‍ പ്രശ്‌നം ഒടുവില്‍ യുദ്ധത്തില്‍ കലാശിച്ചിരിക്കുന്നു. കര, വ്യോമ കടല്‍ മാര്‍ഗങ്ങളിലൂടെ യുക്രൈനെ ആക്രമിക്കുകയാണ് റഷ്യ. മറ്റു രാജ്യങ്ങള്‍ വിഷയത്തില്‍ ഇടപെട്ടാല്‍ സൈനിക നീക്കം ശക്തമാക്കുമെന്നാണ് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പടിന്‍ പറഞ്ഞിരിക്കുന്നത്. യുക്രൈന്‍ ലോകരാജ്യങ്ങളുടെ സഹായം തേടുകയും ചെയ്യുന്നു.
എന്താണ് റഷ്യ യുക്രൈന്‍ പ്രശ്‌നം
യുഎസ്എസ്ആറിന്റെ കാലത്ത് ‘ഏക റഷ്യ’ എന്ന ആശയത്തിനും കൈക്കരുത്തിനും മുന്നില്‍ തലകുനിക്കേണ്ടിവന്ന യുക്രൈനികള്‍ക്ക് ആത്മാഭിമാനത്തോടെ തലയുയര്‍ത്തി നില്‍ക്കാന്‍ കഴിഞ്ഞത് യുഎസ്എസ്ആര്‍ എന്ന കമ്മ്യൂണിസ്റ്റ് രാജ്യത്തിന്റെ പതനത്തോടെയായിരുന്നു. ഭാഷയും സംസ്‌കാരവും ജീവിത രീതികള്‍ പോലും നിയന്ത്രിക്കപ്പെട്ട് കമ്മ്യൂണിസ്റ്റ് യുഎസ്എസ്ആറിന്റെ ഭാഗമായിരുന്നു യുക്രൈനികളും. എന്നാല്‍, 1991 ല്‍ സ്വാതന്ത്രം നേടിയ ശേഷം, സ്വന്തം രാജ്യത്തിന്റെ സ്വത്വം വീണ്ടെടുക്കാനുള്ള ശ്രമത്തിലായിരുന്നു യുക്രൈന്‍. അതിനിടെയാണ് വീണ്ടും റഷ്യയുടെ അക്രമണം.
ഏഷ്യയ്ക്കും യൂറോപ്പിനും ഇടയിലുള്ള ഭൂപ്രദേശമെന്നത് കൊണ്ട് തന്നെ ചരിത്രത്തില്‍ ഒരു കാലത്തും യുക്രൈനികള്‍ക്ക് സ്വസ്ഥതയുണ്ടായിരുന്നിട്ടില്ല. കമ്മ്യൂണിസ്റ്റ് ഏകാധിപത്യത്തില്‍ നിന്ന് സ്വതന്ത്രമായ ശേഷം സ്വന്തം സംസ്‌കാരത്തിന്റെ അതിജീവനവും മൗലികത നിലനിര്‍ത്താനുമായി നിരവധി പ്രതിബന്ധങ്ങളാണ് യുക്രൈനികള്‍ക്ക് തരണം ചെയ്യേണ്ടിവന്നത്.
2006 വരെ റഷ്യയ്‌ക്കൊപ്പമായിരുന്നു യുക്രൈന്‍. 2004 മുതല്‍ 2006 വരെ നീണ്ടുനിന്ന ഓറഞ്ച് വിപ്ലവം എന്നറിയപ്പെടുന്ന ആഭ്യന്തര കലാപത്തിനു ശേഷം അമേരിക്കയോടായി യുക്രൈന്റെ ചായ്‌വ്. അമേരിക്കയോടുള്ള യുക്രൈന്റെ അമിത വിധേയത്വത്തില്‍ അപകടം മണത്ത റഷ്യ, അന്നു മുതല്‍ പലവിധത്തില്‍ പ്രകോപനങ്ങളും ഉപരോധങ്ങളുമായി രംഗത്തുണ്ട്. യുക്രൈനിലെ കിഴക്ക് ഭാഗത്തുള്ള 17 ശതമാനം വരുന്ന ജനവിഭാഗം റഷ്യന്‍ ഭാഷ സംസാരിക്കുന്നവരും റഷ്യയോട് കൂറുപുലര്‍ത്തുന്നവരുമാണ്. ഇതാണ് റഷ്യയെ ഈ മേഖലയില്‍ സഹായിക്കുന്ന ഒരു ഘടകം. വിഘടനവാദികള്‍ കയ്യടക്കിയ പ്രദേശങ്ങള്‍ വഴി റഷ്യ എളുപ്പത്തില്‍ യുക്രൈന്‍ മണ്ണില്‍ പ്രവേശിച്ചു.
നിലവിലെ പ്രശ്‌നം
ഇന്ന് റഷ്യന്‍ പ്രസിഡന്റ് പുടിന്‍, യുക്രൈനെ അക്രമിക്കാന്‍ ഉത്തരവിടുന്നതിന് പിന്നിലുള്ള പ്രധാന കാരണം യുക്രൈന്‍ നാറ്റോ സഖ്യശ്രമം നടത്തുന്നുവെന്നതാണ്. 1949 ല്‍ സ്ഥാപിതമായ നോര്‍ത്ത് അറ്റ്‌ലാന്റിക് ട്രീറ്റി ഓര്‍ഗനൈസേഷന്‍ സോവിയറ്റ് കാലത്തും ഇപ്പോള്‍ പുടിന്റെ കാലത്തും റഷ്യയ്ക്ക് ഭീഷണിയാണ്. രണ്ടാം ലോക മഹായുദ്ധത്തിനുശേഷം സോവിയറ്റ് യൂണിയനെ വരുതിയിലാക്കാന്‍ അമേരിക്കയുടെ നേതൃത്വത്തില്‍ ആരംഭിച്ചതാണ് ഈ കൂട്ടായ്മ. യുക്രൈനും ജോര്‍ജിയയും നാറ്റോയില്‍ ചേര്‍ന്നാല്‍ പാശ്ചാത്യ ശക്തികള്‍ക്ക് റഷ്യയെ ആക്രമിക്കാന്‍ എളുപ്പമാണെന്ന് പുടിന്‍ കരുതുന്നു. എന്തുവില കൊടുത്തും അത് തടയുക എന്നതാണ് റഷ്യയുടെ പ്രധാന ലക്ഷ്യം.
അമേരിക്കയുടെ നേതൃത്വത്തിലുള്ള നാറ്റോ സൈനീക സഖ്യത്തില്‍ യുക്രൈന്‍ ഭാഗമായാല്‍ അത് പ്രദേശത്തെ തങ്ങളുടെ അപ്രമാദിത്വത്തിന് തടസമാകുമോയെന്ന് പുടിനും പുടിന്റെ റഷ്യയും ഭയക്കുന്നു. യുക്രെയ്ന്‍ വീണ്ടും തങ്ങളുടെ ഭാഗമാക്കാനുള്ള ശ്രമത്തിലാണ് റഷ്യ. കഴിഞ്ഞ മാസങ്ങളില്‍ നടന്ന എല്ലാ ചര്‍ച്ചകളിലും നാറ്റോ സഖ്യത്തില്‍ നിന്ന് യുക്രൈന്‍ പിന്‍മാറണമെന്ന ആവശ്യമാണ് പ്രധാനമായും റഷ്യ ഉന്നയിച്ചത്. റഷ്യയുടെ അയല്‍ രാജ്യങ്ങളെ നാറ്റോയില്‍ അംഗമാക്കരുത് എന്നാണ് പുടിന്റെ ആവശ്യം. നാറ്റോ റഷ്യയ്ക്ക് ഭീഷണിയല്ലെന്നാണ് അമേരിക്കയുടെ വാദം. ചര്‍ച്ചകളെല്ലാം പരാജയമായതോടെ യുക്രൈന്‍ വീണ്ടും യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടു.
നാറ്റോയുടെ ‘തുറന്ന വാതില്‍’ നയമാണ് റഷ്യയെ അലോസരപ്പെടുത്തുന്നത്. യുക്രൈനും ജോര്‍ജിയയും മറ്റ് അയല്‍രാജ്യങ്ങളും നാറ്റോയില്‍ ചേരുമെന്നാണ് പുടിന്റെ ആശങ്ക. അങ്ങനെ സംഭവിച്ചാല്‍ നാറ്റോയ്ക്കും പാശ്ചാത്യശക്തികള്‍ക്കും റഷ്യയിലേക്ക് പ്രവേശിക്കാന്‍ എളുപ്പമാകും. റഷ്യയിലേക്ക് വേഗമെത്തുന്നതരത്തില്‍ അംഗരാജ്യങ്ങളില്‍ ബാലിസ്റ്റിക് മിസൈലുകള്‍ സ്ഥാപിക്കരുത്, യുക്രൈനുമായും പഴയ സോവിയറ്റ് അംഗരാജ്യങ്ങളുമായുമുള്ള സൈനികസഹകരണം നിയന്ത്രിക്കണം എന്നിങ്ങനെയാണ് റഷ്യയുടെ ആവശ്യം. ഇക്കാര്യത്തില്‍ പുടിന് നിയമപരമായ ഉറപ്പും വേണം.
എന്നാല്‍, റഷ്യയ്ക്ക് ഉറപ്പുനല്‍കാന്‍ അമേരിക്ക തയ്യാറല്ല. സ്വതന്ത്രപരമാധികാരരാജ്യമായ യുക്രൈന്‍ സ്വന്തംകാര്യം തീരുമാനിക്കുമെന്നാണ് അമേരിക്കയുടെയും നാറ്റോയുടെയും നിലപാട്. യുക്രൈന് ആയുധവും പരിശീലനവും നല്‍കുന്നത് തുടരുമെന്നും അമേരിക്ക വ്യക്തമാക്കിയിരുന്നു. തങ്ങളുടെ ലോകമേധാവിത്വം ഉറപ്പിക്കുകയെന്ന ലക്ഷ്യവും അമേരിക്കയ്ക്കുണ്ട്. കൂടാതെ, കിഴക്കന്‍ യൂറോപ്പില്‍ നാറ്റോ വിപുലപ്പെടുത്തുക. യൂറോപ്യന്‍ രാജ്യങ്ങള്‍ റഷ്യയെ ആശ്രയിക്കുന്നത് കുറക്കുക എന്നീ ലക്ഷ്യങ്ങളുമുണ്ട്.
നാറ്റോ വിപുലീകരണം മാത്രമാണോ റഷ്യയുടെ പ്രശ്‌നം ?
സോവിയറ്റ് യൂണിയന്റെ പതനത്തോടെ സ്വതന്ത്രമായ യുക്രൈനില്‍ ആഭ്യന്തര സംഘര്‍ഷങ്ങള്‍ക്ക് ശമനമുണ്ടായിരുന്നില്ല. 2014 വരെ യുക്രൈന്‍ ഭരിച്ചത് പുടിന്‍ അനുകൂലിയായിരുന്ന വിക്ടര്‍ യാനുകോവായിരുന്നു. 2014ലെ കുലീന വിപ്ലവത്തിന് ശേഷം അദ്ദേഹം സ്ഥാനഭ്രഷ്ടനാവുകയാണുണ്ടായത്. ഈ സമയത്ത് റഷ്യ ക്രിമിയ പിടിച്ചടക്കിയത് പുതിയ രാഷ്ട്രീയചലനങ്ങള്‍ക്കാണ് വഴിവെച്ചത്.
എല്ലാംകൊണ്ടും അസ്വസ്ഥമായ യുക്രൈന് സാമ്പത്തിക സഹായവുമായാണ് അന്ന് അമേരിക്കയുടെ രംഗപ്രവേശം. അനിശ്ചിതത്വത്തിലായിരുന്ന യുക്രൈന്‍ അത് സ്വീകരിച്ചു. ഇതുവരെ മൂന്നു ബില്യന്‍ അമേരിക്കന്‍ ഡോളര്‍ വാഷിങ്ടണ്‍ യുക്രൈന് സഹായമായി നല്‍കിയിട്ടുണ്ടെന്നാണ് കണക്കുകള്‍. യുക്രൈനെ വിപണന സാധ്യതയുള്ള ഒരു കമ്പോളമാക്കി മാറ്റുകയെന്നതിനൊപ്പം തങ്ങള്‍ക്കനുകൂലമായ ജനാധിപത്യ രാഷ്ട്രമാക്കുകയെന്നതും അമേരിക്കയുടെ ലക്ഷ്യമായിരുന്നു. ഇതില്‍ അപകടം മണത്ത പുടിന്‍ കിഴക്കന്‍ യുക്രെയ്‌നിലെ ഡാന്‍ബാസ് ആക്രമിച്ചു. റഷ്യന്‍ അനുകൂലികളായ വിഘടനവാദികളും ഭരണപക്ഷവും തമ്മിലുണ്ടായ ഈ യുദ്ധത്തില്‍ 14000 പേര്‍ മരിച്ചു.
പിന്നീട് 2019ലാണ് വ്‌ലാദിമിര്‍ സെലന്‍സ്‌കി യുക്രൈന്‍ പ്രസിഡന്റായിവരുന്നത്. പാശ്ചാത്യ അനുകൂലിയായ സെലന്‍സ്‌കി ഭരണത്തലവനായപ്പോള്‍ അമേരിക്കക്ക് കാര്യങ്ങള്‍ എളുപ്പമായി. സെലന്‍സ്‌കിയുടെ നേതൃത്വത്തില്‍ യുക്രൈന്‍ 2024ല്‍ യൂറോപ്യന്‍ യൂണിയനില്‍ അംഗമാവണമെന്ന ആവശ്യവും അമേരിക്ക മുന്നോട്ടുവെച്ചിരുന്നു. റഷ്യന്‍ അധിനിവേശം ചെറുത്ത് ലോകമേധാവിത്വം ഉറപ്പിക്കാന്‍ അമേരിക്ക ശ്രമിക്കുമ്പോള്‍ ലോകശക്തിയായി ഉയിര്‍ത്തെഴുന്നേല്‍ക്കുക തന്നെയാണ് റഷ്യയുടെ ലക്ഷ്യം. യുക്രൈന്‍ ഈ യുദ്ധത്തില്‍ പരാജയപ്പെടുകയാണെങ്കില്‍ അന്താരാഷ്ട്ര തലത്തില്‍ അമേരിക്കയുടെ ഖ്യാതി മങ്ങും. റഷ്യയുടെ വിജയം പുതിയ രാഷ്ട്രീയ സമവാക്യങ്ങളാകും കുറിക്കുക.