കഴിഞ്ഞ മാസം യുക്രെയ്നിന്റെ തലസ്ഥാനമായ കീവില്‍ ബോംബുകള്‍ വീണു തുടങ്ങിയപ്പോള്‍, 83 കാരിയും വിരമിച്ച ഡോക്ടറുമായ ജര്‍മന്‍ സ്വദേശി, ടാറ്റിയാന ഷുറാവ്ലിയോവയ്ക്ക് തന്റെ കുട്ടിക്കാലത്തെ ചില മോശം ഓര്‍മ്മകളാണ് മനസിലേയ്ക്ക് എത്തിയ്. താന്‍ കുട്ടിയായിരുന്നപ്പോള്‍, ജൂത മതസ്ഥരായ തങ്ങള്‍ക്കെതിരെ നാസികള്‍ തന്റെ നാട്ടില്‍ വ്യോമാക്രമണം നടത്തുമ്പോള്‍ അനുഭവിച്ച അതേ പരിഭ്രാന്തിയാണത്രേ റഷ്യന്‍ ആക്രമണം ഉണ്ടായപ്പോഴും തോന്നിയത്.
‘എന്റെ ശരീരം മുഴുവന്‍ വിറയ്ക്കുന്നുണ്ടായിരുന്നു. ആ ഭയം എന്റെ ശരീരത്തിലുടനീളം വീണ്ടും പടര്‍ന്നു. ഞാന്‍ പോലും അറിയാത്ത ഭയം ഇപ്പോഴും എന്റെ ഉള്ളില്‍ മറഞ്ഞിരിക്കുന്നു’. ഷുറവ്‌ലിയോവ പറഞ്ഞു. രണ്ടാം ലോകമഹായുദ്ധസമയത്ത് ബോംബുകളില്‍ നിന്ന് രക്ഷനേടാന്‍ മേശയ്ക്കടിയില്‍ ഒളിച്ചതും നാസികളും അവരുടെ സഹായികളും ഒഡേസയില്‍ പതിനായിരക്കണക്കിന് ജൂതന്മാരെ കൂട്ടക്കൊല ചെയ്യാന്‍ തുടങ്ങിയപ്പോള്‍ അമ്മയോടൊപ്പം കസാക്കിസ്ഥാനിലേക്ക് ഓടിപ്പോയതും ഓര്‍ത്തപ്പോള്‍ അവരുടെ കണ്ണുകള്‍ ഈറനണിഞ്ഞു.
‘ഇപ്പോള്‍, റഷ്യന്‍ ആക്രമണം തുടരുമ്പോള്‍ എനിക്ക് ബങ്കറിലേക്ക് ഓടാന്‍ പറ്റാത്ത പ്രായമാണ്. അതിനാല്‍ ഞാന്‍ എന്റെ അപ്പാര്‍ട്ട്‌മെന്റിനുള്ളില്‍ തന്നെ താമസിച്ചു. ബോംബുകള്‍ എന്നെ കൊല്ലരുതേ എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു’. ഷുറവ്‌ലിയോവ അസോസിയേറ്റഡ് പ്രസ്സിനോട് പറഞ്ഞു.
എന്നാല്‍ യുക്രെയ്നിന് മേലുള്ള റഷ്യയുടെ ആക്രമണങ്ങള്‍ കൂടുതല്‍ ക്രൂരവും പൈശാചികവുമായപ്പോള്‍ പലായനം ചെയ്‌തേ മതിയാവൂ എന്ന് ഷുറവ്‌ലിയോവ തിരിച്ചറിഞ്ഞു. അതിനാല്‍, യുക്രെയ്‌നില്‍ നിന്ന് സുരക്ഷിത സ്ഥാനത്തേക്ക് ആളുകളെ എത്തിക്കുന്ന ഒരു ജൂത സംഘടനയുടെ സഹായം ഷുറാവ്‌ലിയോവ സ്വീകരിച്ചു.
ഷുറവ്‌ലിയോവയെപ്പോലെ യുക്രെയ്‌നില്‍ ജീവിച്ചിരുന്ന 10,000 ത്തോളം ഹോളോകോസ്റ്റ് അതിജീവിതരില്‍ നല്ലൊരു ശതമാനം ആളുകളെ ഇപ്പോള്‍ ജര്‍മ്മനിയിലേക്ക്, രണ്ടാം ലോക മഹായുദ്ധം അഴിച്ചുവിടുകയും യൂറോപ്പിലുടനീളം 6 ദശലക്ഷം ജൂതന്മാരെ കൊലപ്പെടുത്തുകയും ചെയ്ത അതേ രാജ്യത്തേയ്ക്ക്, തിരിച്ച് എത്തിച്ചു കഴിഞ്ഞു. ജര്‍മ്മനിയിലെത്തുമ്പോള്‍, പ്രായമായ അഭയാര്‍ത്ഥികളെ രാജ്യത്തുടനീളമുള്ള ജൂത അല്ലെങ്കില്‍ ഇന്റര്‍ഫെയ്ത്ത് നഴ്‌സിംഗ് ഹോമുകളിലേക്കാണ് കൊണ്ടുപോകുന്നത്. കഴിഞ്ഞ ആഴ്ചയിലെ കണക്കനുസരിച്ച്, ഏകദേശം 3,500 യുക്രേനിയന്‍ ജൂതന്മാര്‍ ജര്‍മ്മനിയില്‍ എത്തിയിരുന്നു.
‘എന്റെ ജീവിതകാലം മുഴുവന്‍ ജര്‍മ്മന്‍കാര്‍ ദുഷ്ടരാണെന്നാണ് ഞാന്‍ കരുതിയത്. എന്നാല്‍ ഇപ്പോള്‍ അവരാണ് ആദ്യം ഞങ്ങളെ സമീപിച്ച് ഞങ്ങളെ രക്ഷിച്ചതും, അഭയം തന്നതും. മുമ്പ് ജൂതന്മാരോട് രാജ്യം ക്രൂരമായി പെരുമാറിയെങ്കിലും ഇപ്പോള്‍ ജര്‍മ്മനിയില്‍ ആയിരിക്കുന്നതില്‍ താന്‍ കൂടുതല്‍ നന്ദിയുള്ളവളാണ്’. ഷുറവ്ലിയോവ പറഞ്ഞു. ലോകമെമ്പാടുമുള്ള ജൂതന്മാരെ പ്രതിനിധീകരിക്കുന്ന, ഹോളോകോസ്റ്റിനെ അതിജീവിച്ചവരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന, ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള ജര്‍മ്മനിക്കെതിരായ ജൂത മെറ്റീരിയല്‍ ക്ലെയിംസ്, ക്ലെയിംസ് കോണ്‍ഫറന്‍സ് എന്നും അറിയപ്പെടുന്ന സംഘടനയുടെ ഭാഗമായിരുന്നു ഷുറാവ്‌ലിയോവയും.
ഹോളോകോസ്റ്റ് അതിജീവിച്ചവരെങ്കിലും ഇപ്പോള്‍ ജീവതത്തിലെ മറ്റൊരു വലിയ പ്രതിസന്ധിയാണ് ഇക്കൂട്ടര്‍ നേരിടുന്നത്. വീണ്ടും അനിശ്ചിതത്വത്തോടും ഭയത്തോടും കൂടി ജീവിക്കാന്‍ അവര്‍ നിര്‍ബന്ധിതരാവുന്നു. രണ്ടാം ലോകമഹായുദ്ധസമയത്ത് നിരവധി നാസി തടങ്കല്‍പ്പാളയങ്ങളില്‍ നിന്ന് രക്ഷപ്പെട്ട 96-കാരനായ ബോറിസ് റൊമാന്‍ചെങ്കോ, യുക്രേനിയന്‍ നഗരമായ ഖാര്‍കിവില്‍ രണ്ടാഴ്ച മുമ്പ് നടന്ന ആക്രമണത്തിനിടെ കൊല്ലപ്പെട്ടിരുന്നു.