“ദൈവമില്ലായിരുന്നെങ്കിൽ ഈ തേങ്ങയ്ക്കുള്ളിൽ ആര് വെള്ളം നിറയ്ക്കും.” ഒരു പരസ്യത്തിലെ വാചകമാണിതെങ്കിലും വളരെ ചിന്തിക്കേണ്ട ഒരു കാര്യം തന്നെയാണിത്. തേങ്ങയ്ക്കുള്ളിൽ മധുരമൂറുന്ന, നിരവധി ഗുണങ്ങളുള്ള വെള്ളം എങ്ങനെ വരുന്നു എന്നതിനെക്കുറിച്ച് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ?
‘പ്രകൃതിയുടെ സൂപ്പർ മാർക്കറ്റ്’ എന്നാണ് തെങ്ങിനെ പലരും വിശേഷിപ്പിക്കാറ്. തെങ്ങിന്റെ എല്ലാ ഭാഗങ്ങളും ഉപയോഗിക്കാം എന്നതിനാലാണ് തെങ്ങിന് ഈ വിളിപ്പേരുണ്ടായത്.
തേങ്ങയിൽ കാണപ്പെടുന്ന വെള്ളം ഉന്മേഷദായകവും വളരെ വിലപ്പെട്ട ഒരു ഘടകവുമാണ്. പഴങ്ങളുടെ ലോകത്ത് തേങ്ങയ്ക്കും തേങ്ങാവെള്ളത്തിനും നിരവധി സവിശേഷതകളുണ്ട്. എങ്കിലും എങ്ങനെയായിരിക്കും തേങ്ങയ്ക്കുള്ളിൽ ഇത്രയും മധുരം നിറഞ്ഞ വെള്ളം ഉണ്ടായത്. അതിനൊരു കാരണമുണ്ട്. അത് എന്താണെന്നു നോക്കാം.
തേങ്ങയ്ക്ക് വെള്ളം നിറഞ്ഞ ഒരു വലിയ ആന്തരിക അറയുണ്ട്. മറ്റു പഴങ്ങൾ സാധാരണയായി വ്യക്തിഗത കോശങ്ങളിലോ, പൾപ്പിലോ ആണ് വെള്ളം സംഭരിക്കാറുള്ളത്. എല്ലാ തെങ്ങുകളും വെള്ളം ഉൽപാദിപ്പിക്കുന്നു. തേങ്ങ പാകമാകുമ്പോൾ, വികസിച്ചുകൊണ്ടിരിക്കുന്ന വെളുത്ത മാംസളഭാഗം ആ വെള്ളത്തെ ആഗിരണം ചെയ്യുന്നു. കൂടാതെ, തേങ്ങാവെള്ളം എങ്ങനെ രൂപപ്പെടുന്നുവെന്ന് മനസ്സിലാക്കാൻ അതിന്റെ ഘടനയും കൂടി മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്.
തേങ്ങവെള്ളം എങ്ങനെ നിറയുന്നു
വേരുകളിൽ നിന്നും വെള്ളം വലിച്ചെടുത്ത് മരത്തിന്റെ വാസ്കുലർ സിസ്റ്റം (ജല-പോഷക ഗതാഗത സംവിധാനം) വഴി, പ്രത്യേകിച്ച് സൈലം ടിഷ്യു വഴി കടത്തിവിടുന്ന ഫിൽട്ടർ ചെയ്ത ഒരു സ്രവമാണ്, ഒന്നുമുതൽ അഞ്ചു മീറ്റർ വരെ ആഴമുള്ള തെങ്ങിന്റെ വിപുലമായ വേര് സിസ്റ്റം. ചുറ്റുമുള്ള മണ്ണിൽനിന്ന് ഭൂഗർഭജലത്തെയും ലയിച്ച പോഷകങ്ങളെയും ഇത് ആഗിരണം ചെയ്യുന്നു. ഇങ്ങനെ ആഗിരണം ചെയ്യപ്പെടുന്ന വെള്ളം പിന്നീട് തടിയിലൂടെയും ശാഖകളിലൂടെയും മുകളിലേക്കും ഒടുവിൽ തേങ്ങയിലേക്കും കൊണ്ടുപോകുകയും ചെയ്യുന്നു. തേങ്ങയുടെ അറയിൽ സംഭരിക്കപ്പെടുന്ന ഈ വെള്ളം അവിടെ നിലനിർത്തുകയാണ് ചെയ്യുന്നത്. പിന്നീട് സമ്പുഷ്ടമായ പോഷകങ്ങളുള്ള അടിഞ്ഞുകൂടിയ ഈ വെള്ളം, വെളുത്ത മാംസളഭാഗത്ത് എത്തിച്ചേരുന്നു. അതിനാൽ, തേങ്ങാവെള്ളം മഴവെള്ളമോ, കടൽവെള്ളമോ അല്ല. മറിച്ച് ശ്രദ്ധാപൂർവ്വം ഫിൽട്ടർ ചെയ്തതും പോഷകസമൃദ്ധവുമായ ഒരു ദ്രാവകമാണ്; ഇത് തെങ്ങു തന്നെ രൂപപ്പെടുത്തുന്നതുമാണ്.
തേങ്ങവെള്ളം വെറും വെള്ളമല്ല
തേങ്ങാവെള്ളത്തിന്റെ ഏകദേശം 95% വെള്ളമാണ്. ബാക്കിയുള്ള 5% വിവിധ ഘടകങ്ങൾ ചേർന്നതാണ്. ധാതുക്കൾ (സോഡിയം, പൊട്ടാസ്യം, മഗ്നീഷ്യം, കാൽസ്യം പോലുള്ളവ) മനുഷ്യന്റെ ഞരമ്പുകളെയും പേശികളെയും പോഷിപ്പിക്കുന്നു, പ്രോട്ടീനുകൾ (അമിനോ ആസിഡുകളും എൻസൈമുകളും) മരത്തിലും മനുഷ്യരിലും ഉപാപചയ പ്രവർത്തനത്തിനു സഹായിക്കുന്നു, പഞ്ചസാര (ഫ്രക്ടോസ്, ഗ്ലൂക്കോസ്) നേരിയ മധുരത്തിനു കാരണമാകുന്നു, കൂടാതെ ഇവയിൽ വിറ്റാമിനുകൾ (വിറ്റാമിൻ സി, ബി വിറ്റാമിനുകൾ) നേരിയ അളവിലും അടങ്ങിയിട്ടുണ്ട്.
തേങ്ങാവെള്ളത്തിന്റെ അളവ്
തേങ്ങയിൽ ഉണ്ടാകുന്ന വെള്ളത്തിന് തേങ്ങയുടെ പ്രായം ഒരു നിർണ്ണായക ഘടകമാണ്. പാകമാകാത്ത പച്ചത്തേങ്ങകളിൽ സാധാരണയായി 300 മില്ലീലിറ്ററിനും ഒരു ലിറ്ററിനുമിടയിൽ വെള്ളം നിറഞ്ഞിരിക്കും. മൂത്ത തേങ്ങകളിൽ ജലനിരപ്പ് കുറവായിരിക്കും. ഉയർന്ന മഴയുള്ള സ്ഥലങ്ങളിലാണെങ്കിൽ ജലശേഖരണവും കൂടുതലായിരിക്കും. അതേസമയം വരൾച്ചയുള്ള ഇടങ്ങളിൽ തേങ്ങയിലെ വെള്ളത്തിന്റെ അളവും കുറവായിരിക്കും.