കേരളത്തിൽ കണ്ടുപിടിക്കപ്പെടുന്ന കാൻസറുകളിൽ ഏതാണ്ട് 35 ശതമാനവും സ്തനാർബുദമാണ്. അതിനാൽ തന്നെ ഈ രോഗം വരാതിരിക്കാൻ അല്ലെങ്കിൽ നേരത്തെ കണ്ടുപിടിച്ചാൽ അപകടസാധ്യത കുറയ്ക്കുന്നതിന് നിങ്ങൾക്ക് ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്. അവ പരിചയപ്പെടാം. ഡോ. ജോജോ ജോസഫ് എഴുതുന്നു.
1. ആരോഗ്യകരമായ ശരീര ഭാരം നിലനിർത്തുക.
അമിതവണ്ണമോ പൊണ്ണത്തടിയോ നിങ്ങളുടെ സ്തനാർബുദ സാധ്യത വർദ്ധിപ്പിക്കുന്നു, പ്രത്യേകിച്ച് ആർത്തവവിരാമത്തിന് ശേഷം. 18.5 നും 24.9 നും ഇടയിൽ ബോഡി മാസ് ഇൻഡക്സ് (ബിഎംഐ) നിലനിർത്തുക എന്നതാണ് ഇത് കൊണ്ട് ഉദ്ദേശിക്കുന്നത്. (BMI=Weight in kg ÷height in meter squre).
2. ശാരീരികമായി സജീവമായിരിക്കുക.
എല്ലാ ദിവസവും കുറഞ്ഞത് 30 മിനിറ്റ് സാമാന്യം നല്ല രീതിയിൽ വ്യായാമം (Moderate Exercise) ചെയ്യുക. ഇത് ആരോഗ്യകരമായ ഭാരം നിലനിർത്താനും അത് വഴി സ്തനാർബുദ സാധ്യത കുറയ്ക്കാനും സഹായിക്കും.
3. ആരോഗ്യകരമായ ഭക്ഷണം കഴിക്കുക.
പഴങ്ങൾ, പച്ചക്കറികൾ, തവിട് കളയാത്ത ധാന്യങ്ങൾ എന്നിവ ധാരാളം കഴിക്കുക. പ്രോസസ്സെഡ്ഡ് മീറ്റ്, റിഫൈൻഡ് കാർബൊഹൈഡ്രറ്റ്, എന്നിവ ഒഴിവാക്കുക. ഇങ്ങനെ ഉള്ള ഭക്ഷണക്രമം ആരോഗ്യകരമായ ഭാരം നിലനിർത്താനും സ്തനാർബുദ സാധ്യത കുറയ്ക്കാനും സഹായിക്കും.
4. മദ്യം കഴിക്കുന്നത് പരിമിതപ്പെടുത്തുക
മദ്യം നിങ്ങളുടെ സ്തനാർബുദ സാധ്യത വർദ്ധിപ്പിക്കുന്നു. നിങ്ങൾ എത്രമാത്രം മദ്യം ഒഴിവാക്കുന്നോ അത്രയും നിങ്ങളുടെ അപകടസാധ്യത കുറയും.
5. പുകവലിക്കരുത്
സ്തനാർബുദം ഉൾപ്പെടെ പല തരത്തിലുള്ള ക്യാൻസറിനുള്ള സാധ്യത പുകവലി വർദ്ധിപ്പിക്കുന്നു.
6. കഴിയുമെങ്കിൽ നിങ്ങളുടെ കുട്ടികളെ മുലയൂട്ടുക
മുലയൂട്ടൽ സ്തനാർബുദ സാധ്യത കുറയ്ക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.
7. പതിവായി സ്തനാർബുദ പരിശോധനകൾ നടത്തുക
40 വയസിനു ശേഷം വർഷം തോറുമോ അല്ലെങ്കിൽ ഏറ്റവും കുറഞ്ഞത് 2 വർഷത്തിൽ ഒരിക്കലോ മാമ്മോ ഗ്രാമുകളും ക്ലിനിക്കൽ ബ്രെസ്റ്റ് എക്സാമുകളും നടത്തുന്നത് സ്തനാർബുദം പ്രാരംഭത്തിൽ തന്നെ കണ്ടുപിടിക്കാനും ചികിൽസിച്ചു സുഖപെടുത്താനും സഹായിക്കുന്ന കാര്യങ്ങളാണ്. സ്തനാർബുദത്തിന്റെ ശക്തമായ കുടുംബ ചരിത്രമുണ്ടെങ്കിലും ചില ജനിതകമാറ്റങ്ങൾ ഉണ്ടെങ്കിലും രോഗം വരാനുള്ള സാധ്യത കൂടുതലാണ്. അപ്പോൾ, പ്രതിരോധ മരുന്ന് അല്ലെങ്കിൽ ശസ്ത്രക്രിയ പോലുള്ള അപകടസാധ്യത കുറയ്ക്കുന്നതിനുള്ള ചികിത്സ നടത്തുകയാണ് ചെയ്യേണ്ടത്.
സ്തനാർബുദ സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന ചില ടിപ്പുകൾ
1. ആവശ്യത്തിന് ഉറങ്ങുക. മിക്ക മുതിർന്നവർക്കും രാത്രിയിൽ 7-8 മണിക്കൂർ ഉറക്കം ആവശ്യമാണ്.
2. ചില കീടനാശിനികളും കളനാശിനികളും സ്തനാർബുദ സാധ്യത വർദ്ധിപ്പിക്കുന്നതായി സംശയിക്കപ്പെടുന്നുണ്ട്. പ്രത്യേകിച്ച് നിരോധിത കളനാശിനികളുടെയും കീടനാശിനികളുടെയും ഉപയോഗം. അതിനാൽ ഇതുപോലെ ഉള്ള വിഷവസ്തുക്കളുമായുള്ള നിങ്ങളുടെ സമ്പർക്കം പരിമിതപ്പെടുത്തുക.
സ്തനാർബുദം തടയാൻ നൂറു ശതമാനം ഉറപ്പുനൽകുന്ന ഒരു മാർഗമില്ല എന്നത് ഒരു യാഥാർഥ്യം ആണ്. എന്നിരുന്നാലും, ആരോഗ്യകരമായ ജീവിതശൈലി തിരഞ്ഞെടുക്കുന്നതിലൂടെയും പതിവായി സ്ക്രീനിംഗ് നടത്തുന്നതിലൂടെയും, നിങ്ങൾക്ക് സ്ഥാനാർബുദ സാധ്യത വളരെയധികം കുറക്കാനും അഥവാ, അസുഖം വന്നാൽ തന്നെ പ്രാരംഭത്തിൽ തന്നെ കണ്ടുപിടിച്ചു ചികിൽസിച്ചു പൂർണമായും സുഖപെടുത്താനും കഴിയും.