“ഞാൻ ഭാഗ്യവാനാണെന്നു കരുതുന്നില്ല; കാരണം എന്റെ സുഹൃത്തുക്കൾ എനിക്ക് നഷ്ടമായി. ആ ദുഃഖം എന്നെ വല്ലാതെ വലയ്ക്കുന്നു” – ജനത്തിരക്ക് മൂലം, ദക്ഷിണ കൊറിയയുടെ തലസ്ഥാനമായ സോളിൽ ഹലോവീൻ ആഘോഷത്തിൽ പങ്കെടുക്കാനുള്ള തീരുമാനം അവസാന നിമിഷം മാറ്റിയ കൂ ജേഹൂൻ എന്ന പത്തൊൻപതുകാരന്റെ വാക്കുകളാണ് ഇത്. ജീവൻ തിരിച്ചുകിട്ടിയ ആശ്വാസത്തിലും സുഹൃത്തുക്കളെ നഷ്ടമായ വേദനയിലാണ് കൂ ജേഹൂൻ. മുൻപ് പലതവണ കൂട്ടുകാരോടൊപ്പം ചിലവഴിച്ച നഗരം. അത് ഇന്ന് രക്തരൂക്ഷിതമായി മാറിയിരിക്കുന്നു. എങ്ങും നിലവിളിയും വിലാപവും.
കൂ ജേഹൂൻ എന്ന ഈ യുവാവിനെപ്പോലെ തന്നെ ഏതാണ്ട് 19 മുതൽ 25 വരെ പ്രായത്തിനിടയിലുള്ളവരാണ് മരിച്ചവരിൽ ഭൂരിഭാഗവും; അതിൽ തന്നെ പെൺകുട്ടികളാണ് കൂടുതലും കൊല്ലപ്പെട്ടത് – 98 പേർ. പിന്നിൽ നിന്നുള്ള തള്ളലിനെ കായികമായി ചെറുക്കാൻ കഴിയാതെ വീണുപോയവരാണ് അവരിലേറെയും. ദൃക്‌സാക്ഷികൾ പറയുന്നു.
“എനിക്ക് വളരെ സങ്കടം തോന്നുന്നു. കാരണം മരിച്ചവരിലേറെയും എന്റെ പ്രായത്തിലുള്ളവരായിരുന്നു; കൂടുതലും യുവതികൾ. കൃത്യമായ നിബന്ധനകളോ, നിയന്ത്രണങ്ങളോ ഇല്ലാത്തതാണ് ഈ ദുരന്തത്തിന്റെ ആക്കം കൂട്ടിയതെന്നാണ് ഞാൻ കരുതുന്നത്” – കിം മിൻ-ജിയോങ് എന്ന ഇരുപതുകാരി പറയുന്നു.
“ഇതിന് ഉത്തരവാദികൾ ആരാണെങ്കിലും അവർ ശിക്ഷിക്കപ്പെടണം. ഇത് പോലീസിനെയോ, ഭരണസംവിധാനങ്ങളെയോ പഴി ചാരാനുള്ള സമയമല്ല. മരിച്ചവർക്കും അവരുടെ കുടുംബാംഗങ്ങൾക്കും സമാശ്വാസം നൽകേണ്ട സമായാണ്. ഇനി ഇങ്ങനെയൊന്ന് സംഭവിക്കാതിരിക്കാൻ ശ്രദ്ധിക്കണം” – ഇറ്റേവോൺ പറയുന്നു.
കോവിഡ് ലോക്ക് ഡൗണിനു ശേഷം ആദ്യമായിട്ടാണ് ഒരു പൊതു ആഘോഷപരിപാടി ദക്ഷിണ കൊറിയയിൽ നടക്കുന്നത്; അതും മാസ്ക് ധരിക്കാതെ നിരത്തിലിറങ്ങുന്നതിനുള്ള അനുമതി നൽകിയതിനു ശേഷവും. കൂടാതെ, പ്രശസ്തനായ പോപ്പ് സൂപ്പർ സ്റ്റാറുകളുടെ പരിപാടിയും നഗരത്തിലെ പ്രമുഖ ഹോട്ടലിൽ മുൻകൂട്ടി ബുക്ക് ചെയ്തിരുന്നു. ഏതാണ്ട് അര ലക്ഷത്തോളം ആരാധകർ ഈ പരിപാടിയിൽ മാത്രം പങ്കെടുക്കാൻ എത്തുമെന്ന അറിയിപ്പ് മുൻകൂട്ടി നൽകുകയും ചെയ്തിരുന്നു. എന്നാൽ ഇത്രയധികം ആളുകൾ എത്തുമ്പോൾ അവരെ കൃത്യമായി നിയന്ത്രിക്കാൻ ആവശ്യമായ സേനയെ വിന്യസിപ്പിക്കാൻ സർക്കാരിന് കഴിഞ്ഞില്ല. അതാണ് അപകടത്തിന്റെ ആഴം വർദ്ധിപ്പിച്ചത്.