Friday, April 4, 2025

‘ഞാൻ എൻറെ രാജ്യത്തെ സംരക്ഷിച്ചു, എന്നാൽ ഭാര്യയ്ക്ക് സുരക്ഷ ഒരുക്കാൻ കഴിഞ്ഞില്ല’ : മണിപ്പൂരിൽ കലാപകാരികളുടെ ക്രൂരതയ്ക്ക് ഇരയായ യുവതിയുടെ ഭർത്താവ്

‘ഞാൻ എൻറെ രാജ്യത്തെ സംരക്ഷിച്ചു, എന്നാൽ ഭാര്യയ്ക്ക് സുരക്ഷ ഒരുക്കാൻ എനിക്ക് കഴി‍ഞ്ഞില്ല.’ മണിപ്പൂർ ആൾക്കൂട്ട ആക്രമണത്തിന് ഇരയാക്കപ്പെട്ട യുവതികളിലൊരാളുടെ ഭർത്താവിൻറെ വാക്കുകളാണിത്. കാർഗിലിലും ശ്രീലങ്കയിലും സേവനമനുഷ്ടിച്ച ഇന്ത്യൻ സൈന്യത്തിലെ ഒരു ജവാന്‍റെ വാക്കുകള്‍. അസം റെജിമെന്റിലെ സുബേദാറായാണ് അദ്ദേഹം രാജ്യത്തിനായി സേവനമനുഷ്ഠിച്ചത്. താൻ രാജ്യത്തെ സംരക്ഷിച്ചിട്ടുണ്ടെന്നും എന്നാൽ ഭാര്യയെയും നാട്ടുകാരെയും സംരക്ഷിക്കാൻ സാധിച്ചില്ല. സംഭവവുമായി ബന്ധപ്പെട്ട് പരാതി നൽകാൻ പോലീസിനെ സമീപിച്ചപ്പോൾ തനിക്ക് നേരിട്ടത് അവഗണന മാത്രമാണെന്നും ഇന്ത്യ ടിവിയോട് സൈനികൻ വെളിപ്പെടുത്തി.

മണിപ്പൂർ കലാപം തുടങ്ങിയതിന് തൊട്ടുപിന്നാലെ മെയ് നാലിനായിരുന്നു മെയ്തെയ് വിഭാഗത്തിലുള്ള പുരുഷന്മാർ രണ്ട് കുക്കി സ്ത്രീകളെ നഗ്നരാക്കി നടത്തുകയും ഒരാളെ കൂട്ടബലാത്സംഗത്തിനു ഇരയാക്കുകയും ചെയ്തത്. ബുധനാഴ്ച രാത്രി സംഭവത്തിൻറെ ദൃശ്യങ്ങൾ മാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെട്ടതോടെയാണ് മണിപ്പൂരിലെ ക്രൂരത ഭാരതം കാണുന്നത്. പിന്നാലെയാണ് ഇന്ത്യൻ സൈന്യത്തിൽ സേവനം അനുഷ്ഠിച്ച സൈനികൻ വെളിപ്പെടുത്തലുമായി വന്നത്.

”ഞാൻ ശ്രീലങ്കയിലുണ്ടായിരുന്നു, കാർഗിലിലും ഉണ്ടായിരുന്നു. ഞാൻ രാജ്യത്തെ സംരക്ഷിച്ചു, എന്നാൽ എന്റെ ഭാര്യയെയും നാട്ടുകാരെയും സംരക്ഷിക്കാൻ എനിക്ക് കഴിഞ്ഞില്ല” എന്നാണ് സൈനികന്റെ വാക്കുകൾ. സംഭവം നടന്ന് രണ്ട് മാസങ്ങൾക്ക് ശേഷം വീഡിയോ പുറത്തുവന്നതോടെയാണ് കേസ് രജിസ്റ്റർ ചെയ്തതും നാല് പേരെ അറസ്റ്റ് ചെയ്തതും. പിന്നാലെ, പ്രധാനമന്ത്രിയും വിഷയത്തിൽ പ്രതികരിച്ചു. മണിപ്പൂർ കലാപം തുടങ്ങി രണ്ട് മാസം പിന്നിടുമ്പോഴാണ് വ്യാഴാഴ്ച പ്രധാനമന്ത്രിയുടെ ആദ്യ പ്രതികരണം പുറത്തുവന്നത്. സംഭവത്തിൽ പോലീസിനെതിരെ വ്യാപക വിമർശനമാണുയരുന്നത്. അക്രമികൾ തങ്ങളെ നഗ്നരാക്കി നടത്തുമ്പോൾ പോലീസും കണ്ടു നിൽക്കുന്നുണ്ടായിരുന്നു എന്ന് സ്ത്രീകളിൽ ഒരാൾ വെളിപ്പെടുത്തിയിരുന്നു.

അതേസമയം, സംഭവം നടന്ന് മാസങ്ങൾ പിന്നിട്ടിട്ടും വിഷയത്തെ വേണ്ട രീതിയിൽ കൈകാര്യം ചെയ്തിട്ടില്ല. പോലീസിൻറെ കൺമുന്നിൽ നടന്ന സംഭവമെന്ന് ഇരയായവർ പറയുമ്പോൾ ഭരണകൂടത്തിൻറെ ഒത്താശ ഈ നീച സംഭവത്തിനു പിന്നിൽ ഉണ്ടായിരുന്നു എന്നും സംശയിക്കണം. ഇവിടെ ഓർക്കേണ്ട ഒരു യാഥാർഥ്യം ഉണ്ട്. മണിപ്പൂരിൻറെ തെരുവുകളിൽ നഗ്നമാക്കപ്പെട്ടത് ഭാരതമാണ് എന്ന സത്യം. എന്നിട്ടും ഇപ്പോഴും നമ്മളും സുരക്ഷിതരാണെന്ന് എന്ന് തോന്നുന്നുണ്ടെങ്കിൽ ആ സുരക്ഷിതത്വത്തിനു എന്തോ പന്തികേടുണ്ട് എന്നതാണ് യാഥാർഥ്യം.

കടപ്പാട്: https://nenow.in/north-east-news/manipur/manipur-video-horror-husband-of-one-of-the-victims-is-retired-armyman-says-fought-for-the-country-but-couldnt-protect-my-wife.html

chennaimemes.in/i-saved-my-country-but-couldnt-save-my-wife-manipur-victims-husband/

Latest News