Monday, April 7, 2025

യുദ്ധം അവശേഷിപ്പിക്കുന്ന ദയനീയ കാഴ്ചകള്‍

അസോസിയേറ്റഡ് പ്രസ് ഫോട്ടോഗ്രാഫര്‍മാര്‍ യുക്രൈനില്‍ നിന്ന് പകര്‍ത്തി പുറത്തുവിട്ട ചിത്രങ്ങള്‍ പടിഞ്ഞാറന്‍ യുക്രൈയ്‌നിലെ ലിവിവ് നഗരത്തിന്റെ ദുരന്തദൃശ്യങ്ങള്‍ വെളിപ്പെടുത്തുന്നവയാണ്, യുദ്ധം ജനങ്ങളോടു ചെയ്യുന്നതെന്തെന്ന് തെളിയിക്കുന്നവയാണ്…

എങ്ങും ഭീതിയുടേയും ദുരന്തത്തിന്റേയും കാഴ്ചകളാണ്…കറുത്ത വസ്ത്രം ധരിച്ച ഒരു വൃദ്ധ, മരിച്ചുപോയ ഒരു യുക്രേനിയന്‍ പോലീസ് സര്‍ജന്റെ ശവപ്പെട്ടിയില്‍ ചാരി നിന്ന് വിതുമ്പുകയാണ്. സമീപത്തും ഏതാനും പേര്‍ കരഞ്ഞുകൊണ്ട് നില്‍ക്കുന്നു. പോളണ്ടിലേയ്ക്കുള്ള അതിര്‍ത്തി കടക്കാന്‍ കാത്തുനില്‍ക്കുന്നവര്‍ താത്കാലിക ക്യാമ്പിലെ ടെന്റുകളില്‍ കാത്തിരിക്കുന്നു. റഷ്യന്‍ ഷെല്ലാക്രമണത്തില്‍ തകര്‍ന്ന ഒരു അപ്പാര്‍ട്ട്‌മെന്റ് കെട്ടിടത്തില്‍ നിന്ന് രക്ഷപ്പെടാന്‍ അഗ്‌നിശമന സേനാംഗങ്ങള്‍ ഒരു സ്ത്രീയെ സഹായിക്കുന്നു…യുദ്ധത്തിന്റെ 15-ാം ദിവസം യുക്രൈയ്‌നില്‍ നിന്നുള്ള കാഴ്ചകള്‍ ഒന്നും തന്നെ പ്രതീക്ഷ നല്‍കുന്നവയല്ല..നഗരത്തിലെ താമസക്കാര്‍ പലരും പലായനം ചെയ്യുന്നു…സൈനികര്‍ യുദ്ധം തുടരുന്നു…മരിച്ചവരെ അവരുടെ ബന്ധുക്കള്‍ സംസ്‌കരിക്കുന്നത് തുടരുന്നു…

പ്രാന്തപ്രദേശമായ സോപോഷിന്‍ ഗ്രാമത്തില്‍, മുതിര്‍ന്ന പോലീസ് സര്‍ജന്റ് റോമന്‍ റുഷ്ചിഷിന്റെ ശവപ്പെട്ടി നിലത്തേക്ക് താഴ്ത്തുമ്പോള്‍ ചുറ്റിലും നിന്ന് വിലപിക്കുന്ന സുഹൃത്തുക്കളും ബന്ധുക്കളും അയല്‍ക്കാരും…മറ്റൊരു ഫ്രെയിമില്‍, സൈനിക വസ്ത്രം ധരിച്ച നാലുപേര്‍ അവരുടെ റൈഫിളുകള്‍ ആകാശത്തേക്ക് ലക്ഷ്യമാക്കി ആ സൈനികന്റെ ബഹുമാനാര്‍ത്ഥം വെടിയുതിര്‍ക്കുന്നു.

പരിക്കേറ്റവരെ ഡോക്ടര്‍മാരും നഴ്സുമാരും സഹായിക്കുന്നു…ഓടി രക്ഷപ്പെടുന്നതിനിടെ മുറിവേറ്റ തന്റെ കാലില്‍ ആരോഗ്യപ്രവര്‍ത്തകര്‍ ബാന്‍ഡേജ് കെട്ടുമ്പോള്‍ വേദനയാല്‍ പുളയുന്ന വ്യക്തി..വെടിയേറ്റ് ആശുപത്രി കിടക്കയില്‍ സുഖം പ്രാപിക്കുന്ന കത്യ എന്ന 14 വയസുകാരി…പരിക്കേറ്റവരെ സഹായിക്കാന്‍ നെട്ടോട്ടമോടുന്ന ആശുപത്രി ജീവനക്കാര്‍..വഴിയരികുകളില്‍ സൈനികര്‍ ഉപേക്ഷിച്ചു പോയ ടാങ്കുകള്‍…

മരിയുപോള്‍ തുറമുഖത്തിലെ ഒരു റെസിഡന്‍ഷ്യല്‍ ഡിസ്ട്രിക്റ്റില്‍ ഷെല്ലാക്രമണത്തില്‍ തകര്‍ന്ന പള്ളിക്ക് ചുറ്റുമുള്ള അവശിഷ്ടങ്ങളുടെ ഫോട്ടോഗ്രാഫുകളില്‍ നിന്ന് വെളിപ്പെടുന്നതുപോലെ നാശത്തിന്റെ തെളിവുകള്‍ നഗരങ്ങളുടെ മുക്കിലും മൂലയിലും അവശേഷിക്കുന്നു…

Latest News