Tuesday, November 26, 2024

വിവേചനം ഒഴിവാക്കാന്‍ ഡിജിറ്റല്‍ ആപ്പുകള്‍ ഉപയോഗിക്കുന്ന ഭിന്നലിംഗക്കാരായ യാചകര്‍

ഇന്ത്യന്‍ തലസ്ഥാനത്തെ ഒരു ട്രാഫിക് സിഗ്‌നലില്‍, ട്രാന്‍സ് യുവതിയായ ആയിഷ ശര്‍മ്മ, ക്യുആര്‍ കോഡുള്ള ഒരു സ്മാര്‍ട്ട്ഫോണ്‍ ഉയര്‍ത്തിക്കാട്ടി വാഹനങ്ങളുടെ സമീപത്തുകൂടെ നടക്കുകയാണ്. പല യാത്രക്കാരും കോഡ് സ്‌കാന്‍ ചെയ്യുകയും അവളുടെ അക്കൗണ്ടില്‍ ഓരോ തുക നിക്ഷേപിക്കുകയും ചെയ്യുന്നു.

ഡിജിറ്റല്‍ ഇടപാടുകളിലെ വര്‍ധന, ട്രാന്‍സ്ജെന്‍ഡേഴ്‌സിനെപ്പോലുള്ള പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട കമ്മ്യൂണിറ്റികളേയും ഈ രീതിയിലേയ്ക്ക് മാറാന്‍ നിര്‍ബന്ധിക്കുന്നു.

2006 മുതല്‍ ന്യൂഡല്‍ഹിയിലെ തെരുവുകളില്‍ യാചകയാണ് ആയിഷ. പതിവായി ആക്ഷേപങ്ങളും പരിഹാസങ്ങളും നേരിട്ടിരുന്നു. എന്നാല്‍ സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിച്ച് പണം ചോദിക്കാന്‍ തുടങ്ങിയതു മുതല്‍ പരിഹാസം അത്ഭുതത്തിന് വഴിമാറിയെന്ന് അവര്‍ പറയുന്നു. കൗതുകത്തിന്റെ പേരിലാണെങ്കിലും പണം നല്‍കാനും ആളുകള്‍ ഇപ്പോള്‍ തയാറാകുന്നുണ്ടെന്നും ആയിഷ പറയുന്നു. ‘ഇത് വളരെ എളുപ്പമാണ്. ആളുകള്‍ എല്ലായ്പ്പോഴും പണം കൈവശം വയ്ക്കുന്നില്ലെങ്കിലും, ഈ കോഡ് സ്‌കാന്‍ ചെയ്ത് അവര്‍ക്ക് ഞങ്ങള്‍ക്ക് സംഭാവന ചെയ്യാന്‍ കഴിയും’. ആയിഷ പറഞ്ഞു.

ഡിജിറ്റല്‍ ഇടപാടുകള്‍ വന്നതു കൊണ്ടുള്ള മറ്റൊരു ഗുണം എന്തെന്നാല്‍ വിവേചനവും അവഗണനയും പതിവായി നേരിട്ടിരുന്ന ഇടമായ ബാങ്കുകള്‍ സന്ദര്‍ശിക്കുന്നതില്‍ നിന്ന് തങ്ങള്‍ രക്ഷപെട്ടെന്നാണ് ഇവര്‍ പറയുന്നത്.

വടക്കന്‍ നഗരമായ മീററ്റില്‍ നിന്നുള്ള 30 വയസ്സുള്ള ട്രാന്‍സ്ജെന്‍ഡര്‍ സ്ത്രീയും യാചകയുമായ ലീസാ ഖാന്‍ തന്റെ പ്രതിദിന വരുമാനത്തിന്റെ 20 ശതമാനമെങ്കിലും ഡിജിറ്റല്‍ ഇടപാടുകളിലൂടെയാണ് നേടുന്നത്. പത്താം ക്ലാസ് ബിരുദധാരിയായ ഖാന്‍ തന്റെ ഐഡന്റിറ്റി വെളിപ്പെടുത്തിയപ്പോള്‍ അവളുടെ കുടുംബം ഉപേക്ഷിച്ചു. അന്നുമുതല്‍ അവള്‍ ഡല്‍ഹിയിലെ തെരുവുകളിലും ബസുകളിലും കല്യാണവേദികളിലും ഭിക്ഷ യാചിച്ചാണ് ജീവിക്കുന്നത്.

ഇന്ത്യന്‍ തലസ്ഥാനത്തെ ട്രാഫിക് സിഗ്‌നലുകളില്‍ പൂക്കള്‍ വില്‍ക്കുന്ന 23 കാരിയായ അമ്രിയെപ്പോലുള്ള ചെറുകിട തൊഴിലുകാരേയും ഡിജിറ്റല്‍ പണമിടപാട് സഹായിക്കുന്നു. ഡിജിറ്റല്‍ പേയ്‌മെന്റാണ് കൂടുതല്‍ ആളുകളും ചെയ്യുന്നതെന്ന് അവരും സമ്മതിക്കുന്നു.

ഡിജിറ്റല്‍ പേയ്മെന്റുകള്‍ ട്രാന്‍സ്ജെന്‍ഡര്‍ യാചകരെ സഹായിച്ചിട്ടുണ്ടെങ്കിലും, ഇത് തികഞ്ഞ പരിഹാരമല്ല. ബാങ്കുകള്‍ മൂന്നാം ലിംഗക്കാരെ അംഗീകരിക്കണമെന്ന് 2015-ല്‍ ഇന്ത്യന്‍ സെന്‍ട്രല്‍ ബാങ്ക് നിര്‍ദ്ദേശം നല്‍കിയെങ്കിലും, സാധാരണ ബാങ്ക് അക്കൗണ്ടുകള്‍ തുറക്കാനോ നിലവിലുള്ള അക്കൗണ്ടുകളില്‍ അവരുടെ ലിംഗഭേദം അപ്‌ഡേറ്റ് ചെയ്യാനോ ചില ട്രാന്‍സ്ജെന്‍ഡര്‍മാരെങ്കിലും പാടുപെടുന്നുണ്ട്.

മറ്റൊരു വെല്ലുവിളി എന്തെന്നാല്‍ ഡിജിറ്റല്‍ പേയ്മെന്റ് അക്കൗണ്ടുകള്‍ വാഗ്ദാനം ചെയ്യുന്ന കമ്പനികള്‍ ഇപ്പോള്‍ ഉപഭോക്താക്കള്‍ക്ക് പാന്‍ അല്ലെങ്കില്‍ ആധാര്‍ കാര്‍ഡ് ഉണ്ടായിരിക്കണം എന്ന നിയമങ്ങള്‍ നടപ്പിലാക്കാന്‍ തുടങ്ങിയിരിക്കുന്നു. ട്രാന്‍സ് വ്യക്തികള്‍ക്ക് അവരുടെ പുതിയ ഐഡന്റിറ്റിയില്‍ പാന്‍, ആധാര്‍ എന്നിവ ഉണ്ടാക്കിയെടുക്കുക എന്നത് വലിയ ബുദ്ധിമുട്ടാണ്. ഇതിനായി ഇറങ്ങിത്തിരിച്ചാല്‍ പലതരത്തിലുള്ള പരിഹാസങ്ങള്‍ക്ക് ഇരയാകേണ്ടി വരുന്നു എന്നതിനാല്‍ പലരും അതിന് മെനക്കെടാറില്ല. തല്‍ഫലമായി, പല വ്യക്തികള്‍ക്കും സ്വന്തമായി ബാങ്ക് അക്കൗണ്ട് ഇല്ല. പകരം കമ്മ്യൂണിറ്റിയുടെ മേധാവിയുടെ ക്യുആര്‍ കോഡ് ഉപയോഗിക്കുന്നവരാണ് കൂടുതല്‍.

ട്രാന്‍സ്ജെന്‍ഡര്‍മാരെയും മറ്റ് ന്യൂനപക്ഷങ്ങളെയും സാമ്പത്തികമായി സുരക്ഷിതരായി നിലനിര്‍ത്താന്‍ സഹായിക്കുന്ന ഒരു പ്രധാന മേലയാണ് ഡിജിറ്റല്‍ ബാങ്കിംഗ്. അവരുടെ ക്ഷേമത്തിന് അവരുടെ പണം സൂക്ഷിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനുമുള്ള ഒരു സംവിധാനം ഉണ്ടായിരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. എന്നാല്‍ ഒരു ബാങ്ക് അക്കൗണ്ട് ഉണ്ടാക്കുക എന്നതും സേവനത്തിനുള്ള യോഗ്യതാ മാനദണ്ഡങ്ങള്‍ പാലിക്കുക എന്നതും അവര്‍ക്ക് വെല്ലുവിളിയാകുന്നു. അതാകട്ടെ, സമൂഹത്തിന്റെ ഇനിയും മാറാത്ത മുന്‍വിധിയും മനോഭാവവും കാരണം.

 

Latest News