ഒരു ദശാബ്ദക്കാലത്തെ ആഭ്യന്തരയുദ്ധത്തിന് ശേഷവും, പല സിറിയക്കാരും മറ്റൊരു രാജ്യത്തില്‍ പോരാടുന്നതിന് തയാറെടുക്കുകയാണ്. കൂലിപ്പടയാളി കമ്പനിയായ വാഗ്നര്‍ ഗ്രൂപ്പും അവരെ പിന്തുണയ്ക്കുന്ന സിറിയന്‍ ഫൈറ്റര്‍ ഗ്രൂപ്പുകളും മുഖേന മോസ്‌കോ, യുക്രെയ്നിലെ റഷ്യന്‍ സൈനികരോടൊപ്പം പോരാടാന്‍ സിറിയയില്‍ നിന്ന് പുരുഷന്മാരെ റിക്രൂട്ട് ചെയ്യുകയാണ്. യുദ്ധത്തില്‍ തകര്‍ന്ന ആ രാജ്യത്തുടനീളമുള്ള ആയിരക്കണക്കിന് ആളുകള്‍ ഈ വിഷയത്തില്‍ റഷ്യയുമായി സന്ധി ചെയ്യാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചതായും റിപ്പോര്‍ട്ടുണ്ട്.
ISIS Hunters എന്ന് വിളിക്കപ്പെടുന്ന ഒരു സംഘം, കഴിഞ്ഞ ഒരു മാസത്തിനിടെ കുറഞ്ഞത് രണ്ട് തവണയെങ്കിലും റിക്രൂട്ട്മെന്റിനായി ആളുകളെ ക്ഷണിച്ചിരുന്നു. തിരഞ്ഞെടുക്കപ്പെടാന്‍ താല്‍പ്പര്യമുള്ളവര്‍ 23 നും 43 നും ഇടയില്‍ പ്രായമുള്ളവരും, കൂടാതെ അവര്‍ക്ക് സൈനിക പരിചയമുണ്ടെന്ന് കാണിക്കുന്ന വ്യക്തിഗത തിരിച്ചറിയലും രേഖകള്‍ ഉള്ളവരുമായിരിക്കണം. ഇവ രണ്ടും ഉണ്ടെങ്കില്‍ ISIS Huntser ‘ആവശ്യമുള്ളപ്പോള്‍’ യുക്രൈനിലെ യുദ്ധമേഖലകളില്‍ വിന്യാസത്തിനായി അവരെ വിളിക്കും.
റഷ്യന്‍ പിന്തുണയുള്ള വിമത ഗ്രൂപ്പുകളെ പിന്തുണയ്ക്കുന്നതിനായി യുക്രെയ്‌നിലെ ഡോണ്‍ബാസ് മേഖലയില്‍ വിന്യസിക്കാന്‍ മിഡില്‍ ഈസ്റ്റില്‍ നിന്നുള്ള 16,000 പോരാളികളെ എത്തിക്കുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ മാര്‍ച്ചില്‍ പ്രഖ്യാപിച്ചിരുന്നു. കിഴക്കന്‍ പ്രവിശ്യയില്‍ ആയിരത്തോളം പേരെ വിന്യസിക്കുക എന്ന ലക്ഷ്യത്തോടെ വാഗ്‌നര്‍ ഗ്രൂപ്പ് സിറിയ, ലിബിയ എന്നിവിടങ്ങളില്‍ നിന്നും മറ്റ് രാജ്യങ്ങളില്‍ നിന്നും പോരാളികളെ റിക്രൂട്ട് ചെയ്യുന്നതിന്റെ സൂചനകള്‍ ലഭിച്ചതായി യുഎസ് പെന്റഗണ്‍ പറഞ്ഞു. സൈനിക വേഷത്തില്‍, സിറിയന്‍, റഷ്യന്‍ പതാകകള്‍ വീശി, യുക്രെയ്‌നില്‍ റഷ്യന്‍ സേനയ്‌ക്കൊപ്പം പോരാടുമെന്ന് പ്രതിജ്ഞയെടുക്കുന്ന സിറിയന്‍ പുരുഷന്മാരുടെ വീഡിയോ, റഷ്യന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ ഉടമസ്ഥതയിലുള്ള Zvezda TV, സംപ്രേക്ഷണം ചെയ്തിരുന്നു.
റിക്രൂട്ട്‌മെന്റ് കേന്ദ്രങ്ങള്‍
മോസ്‌കോയുടെ പിന്തുണയുള്ള സ്വകാര്യ, സര്‍ക്കാര്‍ അനുകൂല സായുധ ഗ്രൂപ്പുകള്‍ നടത്തുന്ന ഒരു ഡസനിലധികം റിക്രൂട്ട്മെന്റ് സെന്ററുകള്‍ സിറിയയിലുണ്ടെന്ന് കൗണ്ടര്‍ എക്സ്ട്രിമിസം പ്രോജക്റ്റിലെ അനലിസ്റ്റും മിഡില്‍ ഈസ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ നോണ്‍ റെസിഡന്റ് ഫെലോയുമായ ഗ്രിഗറി വാട്ടേഴ്സ് പറഞ്ഞു. അതിനിടെ, കിഴക്കന്‍ ദെയര്‍ അസ് സോര്‍ പ്രവിശ്യയില്‍, വാഗ്‌നര്‍ ഗ്രൂപ്പും സഖ്യകക്ഷിയായ സിറിയന്‍ സേനയും യുക്രെയ്നില്‍ സന്നദ്ധസേവനം നടത്താന്‍ സിറിയക്കാരെ നേരിട്ട് റിക്രൂട്ട് ചെയ്യാന്‍ തുടങ്ങിയിട്ടുണ്ടെന്ന് അബു ലൈല പറഞ്ഞു.
വളരെ നല്ല ശമ്പളവും ഇവര്‍ക്ക് കൊടുക്കുന്നുണ്ട്. ജനസംഖ്യയുടെ 90 ശതമാനവും ദാരിദ്ര്യത്തില്‍ കഴിയുന്ന ഒരു രാജ്യത്ത് വളരെ ആകര്‍ഷകമായ വേതനമാണ് പലരേയും ആകര്‍ഷിക്കുന്നത്. കൂടാതെ ആവശ്യത്തിന് ഭക്ഷണവും മറ്റ് സൗകര്യങ്ങളും ലഭ്യമാക്കുന്നു. എന്നാല്‍ പല സിറിയക്കാരും സന്നദ്ധസേവനം നടത്തുന്നത് പണത്തിന് വേണ്ടി മാത്രമല്ലെന്നും അബു ലൈല പറഞ്ഞു. ‘ചിലര്‍ ഉയര്‍ന്ന സ്ഥാനങ്ങള്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. റഷ്യയോട് കൂറ് കാണിച്ചാല്‍ തങ്ങള്‍ക്ക് പലതും നേടാന്‍ കഴിയുമെന്ന് അവര്‍ വിശ്വസിക്കുന്നു. അതുപോലെതന്നെ യൂറോപ്പിലേക്ക് കുടിയേറാന്‍ ആഗ്രഹിക്കുന്ന സിറിയയിലെ മറ്റു പലരും ഇത് അവരുടെ സുവര്‍ണ്ണാവസരമായി കാണുന്നു’. അദ്ദേഹം വിശദീകരിച്ചു. റിക്രൂട്ട്‌മെന്റ് കാത്തിരിക്കുന്നവരെ മുതലെടുക്കുന്നവരും സജീവമാണ്. സോഷ്യല്‍മീഡിയ വഴി പല ഓഫറുകളും നല്‍കി പണം വാങ്ങുന്ന ബ്രോക്കര്‍മാരും ഉണ്ട്.
ഇതുവരെ സിറിയന്‍ പോരാളികളൊന്നും ഉക്രൈനിലെത്തിയിട്ടില്ല. എന്നിരുന്നാലും, ചിലര്‍ റഷ്യയില്‍ എത്തിയതായി റിപ്പോര്‍ട്ടുണ്ട്. വാഗ്നര്‍ ഗ്രൂപ്പും ഒരു സിറിയന്‍ സുരക്ഷാ കമ്പനിയും ചേര്‍ന്ന് ലിബിയയിലെ ബെന്‍ഗാസിയിലെ സിറിയന്‍ സന്നദ്ധപ്രവര്‍ത്തകരെ സിറിയയിലെ ഡമാസ്‌കസിലേക്കും പിന്നീട് റഷ്യയിലേക്കും എത്തിച്ചതായി അക്കൗണ്ടബിലിറ്റി ഓര്‍ഗനൈസേഷന്‍ സിറിയന്‍സ് ഫോര്‍ ട്രൂത്ത് ആന്‍ഡ് ജസ്റ്റിസ് പറഞ്ഞു.
ഇതൊക്കെയാണെങ്കിലും, ലക്ഷക്കണക്കിന് ആളുകളെ കൊല്ലുകയും ദശലക്ഷക്കണക്കിന് ആളുകളെ കുടിയിറക്കുകയും ചെയ്ത സ്വന്തം രാജ്യത്ത് ഒരു ദശാബ്ദത്തിലേറെ നീണ്ട പോരാട്ടത്തിന് ശേഷം, ഒരു പുതിയ യുദ്ധത്തില്‍ പോരാടാന്‍ എല്ലാ സിറിയക്കാരും താല്‍പ്പര്യപ്പെടുന്നില്ല. സിറിയന്‍ ഗവണ്‍മെന്റിന് റഷ്യയുടെ നിര്‍ണായക സൈനിക പിന്തുണ ഉണ്ടായിരുന്നിട്ടും, യുക്രെയ്ന്‍ തങ്ങള്‍ക്ക് പോരാടാനുള്ള യുദ്ധമല്ലെന്ന് ചിലര്‍ പറയുന്നു. സാമ്പത്തിക സ്ഥിതി മോശമാണെങ്കിലും, റഷ്യ പലതും വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും സിറിയയില്‍ തുടരുന്നത് മാന്യമായ കാര്യമാണെന്നാണ് പല സിറിയക്കാരും കരുതുന്നത്.