വീര ക്രിവോഷെങ്കോ എന്ന സ്ത്രീയുടെ മരുമകനാണ് വലേരി കുക്‌സയെങ്കിലും സ്വന്തം മകനെപ്പോലെ തന്നെയായിരുന്നു അവന്‍ അവര്‍ക്ക്. അവരിപ്പോള്‍ തന്റെ മകനെ തിരിച്ചുകിട്ടാന്‍ വേണ്ടി വീടിന്റെ മുന്‍വാതിലിനടുത്ത് നിലത്ത് മുട്ടുകുത്തി കൈകള്‍ കൂട്ടി പ്രാര്‍ത്ഥിക്കുകയാണ്.
റഷ്യക്കാരില്‍ നിന്ന് ഓടിപ്പോകാന്‍ കഴിയാത്ത പ്രായമായ ആളുകള്‍ക്ക് ഭക്ഷണവും മരുന്നും എത്തിച്ചു നല്‍കുകയതിനുശേഷം നഗരത്തില്‍ നിന്ന് വലേരി തിരിച്ചെത്തിയസമയത്താണ് റഷ്യന്‍ പട്ടാളകാര്‍ അവരുടെ വീട്ടിലേയ്ക്ക് എത്തിയത്. അവരില്‍ ഒരാള്‍ക്ക് തന്റെ പേരക്കുട്ടിയുടെ പ്രായമേ ഉണ്ടായിരുന്നുള്ളൂവെന്ന് വീര ഓര്‍ക്കുന്നു.
‘അവര്‍ വലേരിയെ പിടിച്ചുകൊണ്ടുപോയി. ദയവായി എന്റെ മകനെ കൊണ്ടുപോകരുതെന്ന് ഉച്ചത്തില്‍ ഞാന്‍ കരഞ്ഞുപറഞ്ഞു. പക്ഷേ അവര്‍ എന്റെ നേരെ തോക്കു ചൂണ്ടി. മുത്തശ്ശി അകത്തേയ്ക്ക് പോകൂ എന്ന് വലേരി പറഞ്ഞു. അവര്‍ അവനെ കാറിന്റെ ഡ്രൈവിംഗ് സീറ്റിലേക്ക് തള്ളിയിടുകയും അയാള്‍ക്ക് നേരെ തോക്ക് ചൂണ്ടുകയും ചെയ്തു’. വീര പറഞ്ഞു. പിന്നീട് അവനെ കണ്ടിട്ടില്ല.
കീവിന്റെ പടിഞ്ഞാറന്‍ മേഖലയിലെ ഏത് ഗ്രാമത്തില്‍ ചെന്നാലും ഇതുപോലെ അപ്രത്യക്ഷനായ ഒരാളെക്കുറിച്ചുള്ള ഒരു കഥ കേള്‍ക്കാന്‍ കഴിയും.
മരിയ സയെങ്കോ എന്ന യുവതിയുടെ പിതാവ് മൈക്കോള, ഹുറിവ്ഷിന എന്ന ഗ്രാമത്തിലാണ് തമസിച്ചിരുന്നത്. എങ്കിലും അവളുടെ കുഞ്ഞിനെ കാണാന്‍ അദ്ദേഹം മിക്കവാറും എല്ലാ ദിവസവും വന്നിരുന്നു. പക്ഷേ റഷ്യന്‍ അധിനിവേശത്തിന്റെ തുടക്കത്തില്‍ ഒരു ദിവസം അദ്ദേഹം അപ്രത്യക്ഷനായി. ”അവന്‍ വീടുവിട്ടിറങ്ങി, തിരിച്ചുവന്നില്ല,” മരിയ പറഞ്ഞു. ‘ആരും അവനെ എവിടെയും കണ്ടിട്ടില്ല.’
56 കാരനായ പാര്‍ട്ട് ടൈം കാര്‍ മെക്കാനിക്കായ മൈക്കോള മെഡ്വിഡ് മാര്‍ച്ച് 18-നോ 19-നോ വീട്ടില്‍ നിന്നു പോയതാണ്. അതിനുശേഷം ഇതുവരെ അദ്ദേഹത്തെ ആരും കണ്ടിട്ടില്ല. മരിച്ചെന്നോ ജീവിച്ചിരിപ്പുണ്ടെന്നോ തെളിവുമില്ല. മരിയ ഓണ്‍ലൈനില്‍ ഒരു ഓട്ടോമേറ്റഡ് സര്‍വീസ് വഴി പോലീസ് റിപ്പോര്‍ട്ട് ഫയല്‍ ചെയ്ത കാത്തിരിക്കുകയാണിപ്പോള്‍.
മാര്‍ച്ച് 11 ന് ഗ്രാമത്തിലുള്ള സുഹൃത്ത് പെട്രോള്‍ ആവശ്യമാണെന്ന് പറഞ്ഞപ്പോള്‍ അത് എത്തിച്ചുകൊടുക്കാന്‍ പോയതാണ്, യാകിവ് എന്ന ചെറുപ്പക്കാരന്‍. പിന്നീട് വെടിയുണ്ടകള്‍ നിറഞ്ഞ യാകിവിന്റെ കാര്‍ ഹൈവേയില്‍ നിന്ന് കണ്ടെത്തുകയാണുണ്ടായത്. യാകിവിനെ കണ്ടെത്തിയുമില്ല. ”ഞങ്ങള്‍ എല്ലായിടത്തും വിളിച്ചു, എല്ലാ റിപ്പോര്‍ട്ടുകളും ഫയല്‍ ചെയ്തു, പക്ഷേ…” യാകിവിന്റെ സഹോദരി യൂലിയ പറഞ്ഞു.
പോലീസ് ഓഫീസില്‍, കാണാതായവരെ സംബന്ധിച്ച് റിപ്പോര്‍ട്ടുകള്‍ വന്നുകൊണ്ടിരിക്കുന്നു. ഒരു ദിവസം കുറഞ്ഞത് 10 എണ്ണമെങ്കിലും. ഇങ്ങനെ ലഭിക്കുന്ന പരാതികളില്‍ കാണാതായവരെ ആദ്യം അന്വേഷിക്കുന്നത് മരിച്ചവരുടെ ലിസ്റ്റിലാണ്.
ബെലാറസിലേക്കും റഷ്യയിലേക്കും റഷ്യന്‍ സൈന്യം കൊണ്ടുപോയ ആളുകളെക്കുറിച്ചുള്ള കഥകളും ഇപ്പോള്‍ ധാരാളമായി പുറത്തുവരുന്നുണ്ട്. അവരില്‍ പലരേയും തടവുകാരുടെ കൈമാറ്റ സമയത്ത് വിട്ടയയ്ക്കുകയും ചെയ്തിരുന്നു. അതുകൊണ്ട് കാണാതായ പ്രിയപ്പെട്ടവര്‍ക്കായി കാത്തിരിക്കുന്ന എല്ലാവരും പ്രതീക്ഷിക്കുകയാണ്, തങ്ങളുടെ പ്രിയപ്പെട്ടവര്‍ ഒരു ദിവസം മടങ്ങിവരുമെന്നുതന്നെ..