Sunday, November 24, 2024

‘എല്ലാ ദിവസവും രാവിലെ ഉണരുമ്പോള്‍, ആദ്യത്തെ ചിന്ത, സഹോദരന്‍ എപ്പോള്‍ മടങ്ങിവരും എന്നതാണ്’; ഹമാസ് ബന്ദിയാക്കിയ യുവാവിന്റെ സഹോദരി വേദന പങ്കുവയ്ക്കുന്നു

കഴിഞ്ഞ ഒക്ടോബര്‍ ഏഴിന് ഹമാസ് തട്ടിക്കൊണ്ടുപോയി ബന്ധിയാക്കിയ 40 കാരനായ തന്റെ സഹോദരന്‍ ഷ്‌ലോമി സിവിനെ വീണ്ടെടുക്കുക എന്നത് മാത്രമാണ് ആദി കിക്കോസാഷ്വിലി എന്ന യുവതിയുടെ നിലവിലെ ജീവിതലക്ഷ്യം. അന്ന് ഹമാസ് ഭീകരര്‍ തെക്കന്‍ ഇസ്രായേലിലേക്ക് ഇരച്ചുകയറിയപ്പോള്‍, സൂപ്പര്‍നോവ ഡെസേര്‍ട്ട് റേവ് ഫെസ്റ്റിവലില്‍ സുരക്ഷാ വിഭാഗത്തില്‍ ജോലി ചെയ്യുകയായിരുന്നു ഷ്‌ലോമി.

രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തില്‍, ഇനി ഗാസയില്‍ ശേഷിക്കുന്ന 132 ബന്ദികളില്‍ 27 പേരെങ്കിലും അടിമത്തത്തില്‍ മരിച്ചതായി ഇസ്രായേല്‍ ഉദ്യോഗസ്ഥര്‍ പറയുന്നു. എന്നാല്‍ തന്റെ സഹോദരന്‍ ജീവിച്ചിരിപ്പുണ്ടെന്ന് കരുതുന്നതായി ഐഡിഎഫ് അവളുടെ കുടുംബത്തെ അറിയിച്ചിട്ടുണ്ടെന്ന് കിക്കോസാഷ്വിലി പറഞ്ഞു. ആ പ്രതീക്ഷയാണ് അവളെ മുന്നോട്ട് നയിക്കുന്നത്. പക്ഷേ കോളജ് വിദ്യാര്‍ത്ഥിനിയായ അവള്‍ക്ക് തന്റെ പഠനത്തില്‍ പോലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്. എന്നാല്‍ താന്‍ കാരണം സഹോദരി പഠനം ഉഴപ്പിയെന്ന് അറിഞ്ഞാല്‍ തന്റെ സഹോദരന്‍ വേദനിക്കുമെന്നും കിക്കോസാഷ്വിലി പറഞ്ഞു.

ഒക്ടോബര്‍ ഏഴിന് രാവിലെയാണ് താന്‍ സഹോദരനുമായി അവസാനമായി സംസാരിച്ചതെന്നും അവന്‍ തിരികെ വിളിക്കുന്നതിനായി ഞങ്ങള്‍ ഇപ്പോഴും കാത്തിരിക്കുകയാണെന്നും കിക്കോസാഷ്വിലി പറയുന്നു. ബന്ദികളെ രക്ഷിക്കാന്‍ ഐഡിഎഫ് തങ്ങളാല്‍ കഴിയുന്നതെല്ലാം ചെയ്യുന്നുണ്ടെന്ന് അവര്‍ വിശ്വസിക്കുന്നു. എല്ലാ ദിവസവും രാവിലെ ഉണരുമ്പോള്‍, ആദ്യത്തെ ചിന്ത,സഹോദരന്‍ എപ്പോള്‍ മടങ്ങിവരും എന്നതാണെന്ന് കിക്കോസാഷ്വിലി പറഞ്ഞു.

‘ഒക്ടോബര്‍ 7-ലെ അരുംകൊല ഇസ്രായേല്‍ ജനതയെ അവരുടെ വിശ്വാസത്തിലും പ്രതീക്ഷയിലും പ്രാര്‍ത്ഥനയിലും ഒന്നിപ്പിച്ചു. ഇസ്രായേലിന് പുറത്തുള്ള ആളുകളോട് എനിക്ക് ചിലത് പറയാനുണ്ട്. ‘ഉണരുക, ഉണര്‍ന്ന് പ്രവര്‍ത്തിക്കുക. ഇത് നന്മയും തിന്മയും തമ്മിലുള്ള, വെളിച്ചവും ഇരുട്ടും തമ്മിലുള്ള, സത്യവും നുണയും തമ്മിലുള്ള പോരാട്ടമാണ്. ഹമാസ് ഞങ്ങളെ തകര്‍ത്തു, പക്ഷേ അവര്‍ ഞങ്ങളെ പൂര്‍ണ്ണമായും തകര്‍ക്കാന്‍ ഞങ്ങള്‍ സമ്മതിക്കില്ല’.

 

Latest News