ചൈനയെ മറികടന്ന് ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമാകാന്‍ ഇന്ത്യ ഒരുങ്ങുമ്പോള്‍ നഗരങ്ങളിലേക്കുള്ള വന്‍ കുടിയേറ്റത്തിന്റെ ആവേശത്തിലാണ് രാജ്യത്തെ യുവജനത. മനുഷ്യചരിത്രത്തില്‍ തന്നെ ഗ്രാമങ്ങളില്‍ നിന്നും നഗരങ്ങളിലേക്ക് ഉണ്ടായിട്ടുള്ള കുടിയേറ്റത്തില്‍ രണ്ടാമതാണ് ഇന്ത്യയില്‍ നിലവില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന കുടിയേറ്റം.
ഏറ്റവും കൂടുതല്‍ യുവതൊഴിലാളികളുള്ള രാഷ്ട്രമെന്ന നിലയില്‍ ഇന്ത്യയ്ക്ക് ലഭിച്ചിരിക്കുന്ന ഈ പുതിയ പദവി അതിന്റെ ഏറ്റവും വലിയ വെല്ലുവിളികൂടിയായി മാറിയിരിക്കുകയാണ്. യുവജനങ്ങള്‍ക്ക് വേണ്ടത്ര തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്നത് ജനസംഖ്യയില്‍ മുന്നേറുന്ന അവസരത്തില്‍ വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നു. ഇതാണ് കുടിയേറ്റത്തിന് ആക്കം കൂട്ടുന്നത്. ആളുകള്‍ക്ക് ഗ്രാമങ്ങളില്‍ നിന്ന് വേണ്ടത്ര പണം സമ്പാദിക്കാനാവുന്നില്ല. അതിനാല്‍ വലിയ നഗരങ്ങളില്‍ മികച്ച അവസരങ്ങള്‍ തേടാനുള്ള പ്രതീക്ഷയും കൊണ്ട് ദശലക്ഷക്കണക്കിന് യുവാക്കള്‍ ഗ്രാമങ്ങളില്‍ നിന്ന് പുറത്തേക്ക് ഒഴുകുന്നു.
ഈയാഴ്ച പുറത്തിറക്കിയ ഒരു യുഎന്‍ റിപ്പോര്‍ട്ടില്‍ രാജ്യത്തെ യുവജനങ്ങളുടെ ഉത്കണ്ഠ പ്രതിഫലിച്ചിരുന്നു. ജനസംഖ്യയുമായി ബന്ധപ്പെട്ട കാര്യങ്ങളിലും സാമ്പത്തിക പ്രശ്നങ്ങളിലും 63% ഇന്ത്യക്കാരും വളരെ ഉത്കണ്ഠാകുലരാണെന്ന് റിപ്പോര്‍ട്ടിലൂടെ വ്യക്തമായി. രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ അതിവേഗം വളരുകയും ലോകത്തിന് വലിയ വിപണി സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ഇവിടുത്തെ തൊഴിലില്ലായ്മ നിരക്ക് 8% ആണെന്ന് സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ ഇക്കണോമി വ്യക്തമാക്കുന്നു.
വിദ്യാഭ്യാസം നേടുന്ന യുവാക്കള്‍ക്കിടയിലാണ് ഉത്കണ്ഠ കൂടുതല്‍. നാട്ടിലോ സ്വന്തം രാജ്യത്തോ അനുയോജ്യമായ ജോലി ലഭിക്കുന്നില്ലെങ്കില്‍ എത്രയും വേഗം നഗരങ്ങളിലേയ്‌ക്കോ വിദേശത്തേയ്‌ക്കോ പോലും കുടിയേറാന്‍ തയാറാണ് യുവജനങ്ങള്‍. വീട്ടില്‍ ഇരുന്നു തന്നെ ചെയ്യാവുന്ന സ്വയംതൊഴിലില്‍ ഏര്‍പ്പെടുന്ന സ്ത്രീകളുടെ എണ്ണവും വര്‍ദ്ധിക്കുകയാണ്.
ഈ നൂറ്റാണ്ടിന്റെ മധ്യത്തോടെ കുറഞ്ഞത് 800 ദശലക്ഷം ഇന്ത്യക്കാരെങ്കിലും നഗര കേന്ദ്രങ്ങളില്‍ താമസമാക്കുമെന്ന് കണക്കാക്കപ്പെടുന്നു. അതാകട്ടെ, ജനസംഖ്യയുടെ പകുതിയിലധികം വരും. ജനങ്ങളുടെ പ്രതീക്ഷകളോടും നിരാശകളോടുമൊപ്പം ഇന്ത്യ എങ്ങനെ മുന്നേറുന്നു എന്നത് രാജ്യത്തിന്റെ തിങ്ങിനിറയുന്ന നഗരങ്ങളാണ് ഇനി നിര്‍ണ്ണയിക്കാന്‍ പോകുന്നത്.