ഫ്രാൻസിസ് പാപ്പായുടെ അപ്പസ്തോലിക യാത്രയുടെ നാലാം ഘട്ടത്തിൽ അദ്ദേഹം സന്ദർശിക്കുന്ന രാജ്യമാണ് സിംഗപ്പൂർ. അവിടെ പാപ്പായ്ക്കായി ഇരിപ്പിടമൊരുക്കുന്നത് ഒരു ഇന്ത്യൻ വംശജൻ ആണ്. സിംഗപ്പൂരിൽ താമസിക്കുന്ന ഇന്ത്യൻ വംശജനും ആശാരിയുമായ ഗോവിന്ദരാജ് മുത്തയ്യയ്ക്കാണ് ഈ അപൂർവ അവസരം ലഭിച്ചത്. ഈ അഭിമാനകരമായ ദൗത്യത്തിനായി തന്നെ തിരഞ്ഞെടുത്തതിന്റെ സന്തോഷം പറഞ്ഞറിയിക്കാനാവാത്തതാണെന്ന് അദ്ദേഹം വെളിപ്പെടുത്തുന്നു.
ജൂലൈ അവസാനം സിംഗപ്പൂരിലെ റോമൻ കത്തോലിക്കാ അതിരൂപതയിൽ നിന്ന് അദ്ദേഹത്തിന് അപ്രതീക്ഷിതമായി ലഭിച്ച ഫോൺ കോൾ തന്റെ കരിയറിൽ ഒരിക്കലും മറക്കാൻ പറ്റാത്തതും വിലയേറിയതുമായിരുന്നെന്ന് മുത്തയ്യ പറയുന്നു. സമയപരിധി വളരെ കുറവായിരുന്നെങ്കിലും ഒരു മാസത്തിനുള്ളിൽ പൂർണ്ണമായും കൈകൾക്കൊണ്ട് നിർമ്മിച്ച കസേരകൾ പൂർത്തിയാക്കാൻ മുത്തയ്യയ്ക്ക് കഴിഞ്ഞു.
“എനിക്ക് കോൾ വന്നപ്പോൾ, ആദ്യത്തെ ചോദ്യം: ‘നിങ്ങൾ ഫർണിച്ചറുകൾ നിർമ്മിക്കുന്നെണ്ടെന്നു ഞങ്ങൾക്ക് അറിയാം. ഞങ്ങൾക്ക് വേണ്ടി ഒരു കസേര നിർമ്മിച്ച് തരാൻ സാധിക്കുമോ?’ എന്നായിരുന്നു. ചെയ്തു തരാൻ സാധിക്കുമെന്ന് മുത്തയ്യ മറുപടിയും നൽകി. ഫോണിൽ വിളിച്ചയാൾ തുടർന്നു, ‘ഇത്, ഒരു സാധാരണ കസേരയല്ല, അതിന് ചില പ്രത്യേകതകൾ ഉണ്ട്.’ അപ്പോൾ മുത്തയ്യ സാധാരണ പറയാറുള്ളത് പോലെ ഏത് തരം കസേരയാണ് വേണ്ടതെന്ന് മോഡൽ വരച്ചു കാണിക്കുകയാണെങ്കിൽ അതുപോലെ തന്നെ നിർമ്മിച്ച് തരാമെന്ന് സമ്മതിക്കുകയും ചെയ്തു. അപ്പോൾ അദ്ദേഹം പറഞ്ഞു, “ആ കസേര മാർപ്പാപ്പയ്ക്ക് വേണ്ടിയുള്ളതാണ്” ഞാൻ ചോദിച്ചു: ‘ക്ഷമിക്കണം, ആരാണ്?’ അദ്ദേഹം ഒരിക്കൽക്കൂടി ആവർത്തിച്ചു, “മാർപ്പാപ്പയ്ക്ക് വേണ്ടി”. മുത്തയ്യ അന്നത്തെ ഫോൺ സംഭാഷണം ഓർമ്മിക്കുകയാണ്.
സെപ്റ്റംബർ 11 മുതൽ 13 വരെയാണ് ഫ്രാൻസിസ് പാപ്പായുടെ സിംഗപ്പൂർ സന്ദർശനം. 87-കാരനായ മാർപ്പാപ്പയ്ക്ക് പ്രസിഡൻ്റ് തർമൻ ഷൺമുഖരത്‌നം, പ്രധാനമന്ത്രി ലോറൻസ് വോങ് എന്നിവരുമായുള്ള കൂടിക്കാഴ്ചകൾ ഉൾപ്പെടെയുള്ള തിരക്കാർന്ന സന്ദർശന പദ്ധതികളാണുള്ളത്. കാത്തലിക് ജൂനിയർ കോളേജിൽ യുവജനങ്ങളുമായി മതാന്തര സംഭാഷണത്തിൽ പങ്കെടുക്കുമ്പോഴാണ് മുത്തയ്യ നിർമ്മിച്ച കസേരയിൽ പാപ്പാ ഇരിക്കുക.
മതാന്തര സംഭാഷണത്തിനുപയോഗിക്കുന്ന ഈ കസേരയ്ക്ക് പിന്നിൽ മറ്റൊരു സവിശേഷതയുമുണ്ട്. ഹിന്ദു മത വിശ്വാസിയായ മുത്തയ്യ, സിംഗപ്പൂരിൽ ഈയിടെ പുതുക്കിപ്പണിത ക്ഷേത്രങ്ങളിൽ നിന്നും മുസ്ലിം പള്ളികളിൽ നിന്നും അവർ ഉപയോഗിച്ച ശേഷിക്കുന്ന മരത്തടികൾ ശേഖരിച്ചാണ് ഫ്രാൻസിസ് പാപ്പായ്ക്ക് വേണ്ടി കസേര നിർമ്മിച്ചത്. അതോടൊപ്പം പതിനെട്ടാം നൂറ്റാണ്ടിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടുകൊണ്ട് തികച്ചും സാധാരണമെങ്കിലും വേറിട്ട് നിൽക്കുന്ന കൊത്തുപണികൾ ഈ കസേരയെ ശ്രദ്ധേയമാക്കുന്നു. അതിരൂപതയുടെ ആവശ്യപ്രകാരം കേവലം ഒരു മാസം കൊണ്ടാണ് മുത്തയ്യ കസേരയുടെ നിർമ്മാണം പൂർത്തിയാക്കിയത്.
വിവർത്തനം: സുനീഷ വി. എഫ്