നിര്‍മിത ബുദ്ധി ഉപയോഗിച്ച് ഇന്ത്യ ആഭ്യന്തരമായി വികസിപ്പിച്ച ചാറ്റ് ജിപിടി മാതൃകയിലുള്ള സേവനമായ ഹനൂമാന്‍ മാര്‍ച്ചില്‍ വിപണിയിലെത്തും. കേന്ദ്രസര്‍ക്കാരും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഉടമ മുകേഷ് അംബാനിയും രാജ്യത്തെ മുന്‍നിര സാങ്കേതിക സ്ഥാപനങ്ങളുമായി ചേര്‍ന്ന് രൂപീകരിച്ച ഭാരത് ജിപിടിയാണ് പുതിയ സംവിധാനത്തിന്റെ പിന്നണിയില്‍.
നിര്‍മിത ബുദ്ധിയുടെ വിപണിയില്‍ ഇന്ത്യയുടെ വിപണി പങ്കാളിത്തം വര്‍ധിപ്പിക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഹിന്ദി ഉള്‍പ്പെടെ വിവിധ പ്രദേശിക ഭാഷകളില്‍ വലിയ സമസ്യകള്‍ക്ക് ഉത്തരം നേടാന്‍ സഹായിക്കുന്ന ഹനൂമാന്റെ മാതൃക കഴിഞ്ഞ ദിവസം മുംബൈയില്‍ അവതരിപ്പിച്ചിരുന്നു. ആദ്യഘട്ടത്തില്‍ ആരോഗ്യ സേവനം, വിദ്യാഭ്യാസം, ധനകാര്യം, ഗവേണന്‍സ് എന്നീ മേഖലകളില്‍ ഉപയോക്താക്കള്‍ക്ക് 11 ഇന്ത്യന്‍ ഭാഷകളില്‍ ഹാനൂമാനിലൂടെ സംവദിക്കാനാകും. സംഭാഷണങ്ങളെ എഴുത്ത് രൂപത്തിലേക്ക് അതിവേഗം മാറ്റാനും സാധ്യമാകുമെന്ന് ഭാരത് ജിപിടി അവകാശപ്പെടുന്നു.
പൂര്‍ണമായും പ്രവര്‍ത്തന സജ്ജമാകുമ്പോള്‍ 22 പ്രാദേശിക ഭാഷകളില്‍ സേവനങ്ങള്‍ ലഭ്യമാകും. ഇതോടൊപ്പം സംഭാഷണങ്ങളെ വിഡിയൊകളാക്കി മാറ്റാനും കഴിയും. ഓപ്പണ്‍ സോഴ്‌സില്‍ ലഭ്യമാകുന്നതിനാല്‍ ഡെവലപ്പര്‍മാര്‍ക്കും ഗവേഷകര്‍ക്കും പ്രയോജനപ്പെടുത്താം.
നിര്‍മാണ പങ്കാളികള്‍
റിലയന്‍സ് ജിയോയും ഐഐടി ബോംബെ ഉള്‍പ്പെടെയുള്ള മുന്‍നിര സാങ്കേതികവിദ്യാ സ്ഥാപനങ്ങളും കേന്ദ്ര സര്‍ക്കാരും സംയുക്തമായാണ് ഹനൂമാന്‍ വികസിപ്പിച്ചത്.
ലോകത്താദ്യമായാണ് പൊതു, സ്വകാര്യ പങ്കാളിത്തത്തില്‍ നിര്‍മിത ബുദ്ധിയിലധിഷ്ഠിതമായ സേവനം വികസിപ്പിക്കുന്നത്. നിരവധി ഇന്ത്യന്‍ കമ്പനികള്‍ നിര്‍മിത ബുദ്ധിയിലധിഷ്ഠിതമായ സേവനങ്ങള്‍ ഇറക്കിയിട്ടുണ്ടെങ്കിലും ഹനൂമാന്‍ വ്യത്യസ്ത മാതൃകയാണ്.