യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വധിക്കാൻ ഇറാൻ പുതിയതും അതീവ രഹസ്യവുമായ പദ്ധതി തയ്യാറാക്കിയതായി ഇസ്രായേലിന്റെ മുന്നറിയിപ്പ്. ഇസ്രായേൽ കൈമാറിയ ഈ പുതിയ രഹസ്യാന്വേഷണ വിവരങ്ങൾ ഈ ആഴ്ച യു.എസിന് ലഭിച്ചതായി അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. യു.എസും ഇറാനും തമ്മിലുള്ള സൈനിക ആക്രമണങ്ങൾ വൻ യുദ്ധഭീതിയായി വളരുന്നതിനിടയിലാണ് ഈ പുതിയ വെളിപ്പെടുത്തൽ.
ട്രംപിനെ വധിക്കാനുള്ള ഇറാന്റെ ഭീഷണികളെക്കുറിച്ച് വാഷിംഗ്ടൺ നേരത്തെ തന്നെ നിരീക്ഷിക്കുന്നുണ്ടായിരുന്നു. എന്നാൽ ഇസ്രായേൽ ഇപ്പോൾ നൽകിയിരിക്കുന്നത് തികച്ചും പുതിയതും കൃത്യമായ പദ്ധതികളെക്കുറിച്ചുള്ളതുമായ വിവരങ്ങളാണ്. 2020 ജനുവരിയിൽ ട്രംപിന്റെ ആദ്യ ഭരണകാലത്ത് ഇറാന്റെ പ്രമുഖ ജനറൽ ഖാസിം സുലൈമാനിയെ വധിക്കാൻ ഉത്തരവിട്ടതിലുള്ള പ്രതികാരമായി ട്രംപിനെ വധിക്കുമെന്ന് ഇറാൻ വർഷങ്ങളായി പ്രഖ്യാപിക്കുന്നതാണ്.
“അവർക്ക് അമേരിക്കൻ നേതാവിനെ – അതായത് എന്നെ ഇല്ലാതാക്കണം. ഞാൻ അവരുടെ എല്ലാ ലിസ്റ്റിലും ഒന്നാമതുണ്ടെന്ന് ഇന്ന് രാവിലെയും ഞാൻ കണ്ടു,” നാറ്റോ ഉച്ചകോടിക്ക് ശേഷം എയർഫോഴ്സ് വണ്ണിൽ യാത്ര ചെയ്യവെ ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു.
നാറ്റോ ഉച്ചകോടിക്ക് ശേഷം തുർക്കിയിൽ നിന്ന് മടങ്ങുമ്പോൾ ട്രംപ് തന്റെ പുതിയ അത്യാധുനിക വിമാനത്തിന് പകരം പഴയ വിമാനം ഉപയോഗിച്ചത് വലിയ ചർച്ചയായിരുന്നു. ഖത്തർ സമ്മാനിച്ച പുതിയ അത്യാധുനിക വിമാനം സുരക്ഷാ കാരണങ്ങളാൽ ബ്രിട്ടനിലേക്ക് നേരത്തെ അയക്കുകയായിരുന്നു. തുടർന്ന് ട്രംപ് പഴയ വിമാനത്തിൽ ബ്രിട്ടനിലെത്തുകയും അവിടെ നിന്ന് വിമാനം മാറിയാണ് വാഷിംഗ്ടണിലേക്ക് പോയതും.

