Thursday, December 12, 2024

മുനമ്പം വഖഫ് ആണോ അല്ലയോ? വാദങ്ങൾ പരിശോധിക്കാം

മുനമ്പം വഖഫല്ല എന്ന UDF നിലപാടിൽ കനത്ത വിള്ളലുണ്ടായത് മാധ്യമങ്ങളിൽ ഈ ദിനങ്ങളിൽ വൻവാർത്തയായി. വി. ഡി. സതീശൻ വഖഫ് വിഷയത്തിൽ ഒറ്റപ്പെടുമെന്നും മുസ്ലീം ലീഗും മുസ്ലീം പ്രസ്ഥാനങ്ങളും സതീശന്റെ കരം വിട്ട് അബ്ദു റഹ്മാന്റെ കരം പിടിച്ചുകഴിഞ്ഞെന്നും ഒരു മാസം മുമ്പ് ABC മലയാളത്തിനു നൽകിയ അഭിമുഖത്തിൽ ഞാൻ വ്യക്തമായി പറഞ്ഞിരുന്നു. ആ നിരീക്ഷണത്തിലേക്ക് എന്നെ നയിച്ചത് കുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുള്ള മുസ്ലീം നേതാക്കളുടെയും മുസ്ലീം ലീഗിന്റെ മുഖപത്രമായ ചന്ദ്രികയുടെയും നിലപാടുകളാണ്. മുനമ്പം വഖഫ് ഭൂമിയാണ് എന്നുപറയാതെ, പ്രശ്നം രമ്യമായി പരിഹരിക്കണം എന്ന് യാന്ത്രികമായി ആവർത്തിച്ച് ഉരുവിടുന്നതു കണ്ടപ്പോഴേ കാര്യങ്ങൾ എനിക്ക് വ്യക്തമായിരുന്നു. ഈ വിഷയത്തിൽ സർക്കാർ എടുക്കുന്ന ഏതു നിലപാടിനോടും പൂർണ്ണമായും യോജിക്കും എന്നൊക്കെയുള്ള ഡയലോഗുകൾ ഡീൽ ഉറപ്പിച്ചുകഴിഞ്ഞു എന്നതിന്റെ വ്യക്തമായ സൂചനകളുമായിരുന്നു.

സർക്കാരിന്റെ നിലപാട്

മുനമ്പം വഖഫ് ഭൂമിയാണ് എന്നതാണ് ന്യൂനപക്ഷ വകുപ്പുമന്ത്രിയായ ശ്രീ. അബ്ദു റഹ്മാന്റെയും, തദ്വാരാ സർക്കാരിന്റെയും നിലപാട്. വഖഫ് ബോർഡിന്റെ നടപടികളുടെ ചുവടുപിടിച്ചാണ് സർക്കാർ ഈ നിലപാട് പുലർത്തുന്നത്. 1989-1991 കാലഘട്ടത്തിൽ ഫാറൂഖ് കോളേജിന്റെ പക്കൽനിന്ന് നാട്ടുകാർ വാങ്ങിയ മുനമ്പം ഭൂമി വഖഫാണ് എന്ന് വഖഫ് ബോർഡ് 2009 ജൂൺ 24 ന് കൽപനയിറക്കുകയും 2019 ൽ വഖഫ് ബോർഡിന്റെ ആസ്തി വിവരപ്പട്ടികയിലേക്ക് എഴുതിച്ചേർക്കുകയും സർക്കാർരേഖകളിൽ അവരുടെ ഉടമസ്ഥാവകാശം നീക്കംചെയ്യുകയും ചെയ്തതിലൂടെയാണ് മുനമ്പം നിയമപരമായി വഖഫ് ഭൂമിയായി മാറിയത്.

വഖഫ് അനുകൂല വാദഗതികൾ

a) മുനമ്പം വഖഫ് ഭൂമിയാണെന്നു പറയാൻ വഖഫ് ബോർഡിന് ഒറ്റക്കാരണമേയുള്ളൂ; സിദ്ധിഖ് സേട്ടു എന്ന വ്യക്തി ഫാറൂഖ് കോളേജ് മാനേജിംഗ് കമ്മറ്റിയുടെ പേരിൽ 1950 നവംബർ മാസം ഒന്നാം തീയതി രജിസ്റ്റർ ചെയ്ത 2115-ാം നമ്പർ ആധാരത്തിൽ കാണുന്ന ‘വഖഫ് ആധാരം’ എന്നും ‘വഖഫായി’ എന്നുമുള്ള രണ്ടു പ്രയോഗങ്ങൾ. ആ ‘കാരണം’ ആണ് 1995 ലെ വഖഫ് ആക്ടിന്റെ 40-ാം വകുപ്പിലെ ഒന്നാം ഉപവകുപ്പിലെ പഴുതുകൾ ഉപയോഗിച്ച് വഖഫ് ബോർഡിന് മുനമ്പം ഭൂമി വഖഫാണെന്നു ‘വിശ്വസിക്കാൻ കാരണം’ ആയി ഭവിച്ചത്.

b) മുനമ്പം വഖഫ് ഭൂമിയാണെന്നു വാദിക്കുന്നവരുടെ മറ്റൊരു വാദം പറവൂർ സബ് കോടതിയിലും ഹൈക്കോടതിയിലും മുനമ്പം ഭൂമി വഖഫ് ഭൂമിയാണെന്ന വിധിയുണ്ട് എന്നതാണ്. ഇത് സത്യമാണോ എന്നു പരിശോധിക്കാം. ഇവിടെ ആദ്യമായി തിരിച്ചറിയേണ്ടത്, മുനമ്പം ഭൂമി വഖഫാണോ, അല്ലയോ എന്നോ സിദ്ദിഖ് സേട്ടു ഫാറൂഖ് കോളേജിന് എഴുതിക്കൊടുത്തത് വഖഫ് ഡീഡ് ആണോ ഗിഫ്റ്റ് ഡീഡ് ആണോ എന്നോ ഉള്ള ചോദ്യങ്ങൾ വഖഫ് ട്രൈബ്യൂണലിനു മുന്നിലല്ലാതെ മറ്റൊരു കോടതിയിലും മുഖ്യ പരിഗണനാവിഷയമായി ഇതുവരെ പരിഗണിക്കപ്പെട്ടിട്ടില്ല എന്നതാണ്. 1967 മുതൽ 1971 വരെ പറവൂർ കോടതിയിൽ നടന്ന കേസിന്റെ വിധിയിൽ 43-ാമത്തെ നമ്പരായി കാണുന്ന ഒരു passing പരാമർശത്തെ വഖഫ് വിധിയായി ചിത്രീകരിക്കുന്നവർ ആടിനെ പട്ടിയാക്കാൻ ശ്രമിക്കുകയാണ്. വഖഫ് ആധാരം എന്ന് ശീർഷകത്തിൽ കണ്ടതുകൊണ്ടു മാത്രം വഖഫ് ഡീഡായി ഒരു പ്രമാണത്തെ പരിഗണിക്കാനാവില്ല എന്ന കോടതിവിധികൾ നിലവിലുണ്ട്. ആ വിവേകപൂർണ്ണമായ നിലപാട് 1971 ൽ ഹൈക്കോടതി പരിഗണിച്ച കേസിന്റെ 1975 ലെ വിധിയിൽ കാണാം. അതിൽ ഒരിടത്തും വഖഫ് ഡീഡ് എന്ന സൂചനയില്ല. മറിച്ച്, മൂന്നിടത്ത് വ്യക്തമായി കാണുന്നത് ഗിഫ്റ്റ് ഡീഡ് എന്നാണ്.

c) കേരള നിയമസഭയിൽ മുനമ്പം ഭൂമി വഖഫാണെന്നു പരാമർശമുണ്ട് എന്നതാണ് മറ്റൊരു വാദം. ഇത് തികച്ചും വസ്തുതാവിരുദ്ധമാണ്. ഫാറൂഖ് കോളേജും നാട്ടുകാരും തമ്മിൽ 1961 ൽ പ്രശ്നമുണ്ടായപ്പോൾ മുനമ്പംകാരെ പൊലീസ് അറസ്റ്റു ചെയ്തത്  സംബന്ധിച്ച് നിയമസഭയിൽ അടിയന്തര പ്രമേയത്തിന് അനുമതി തേടിയ സി. ജി. ജനാർദനൻ MLA യോട് ആഭ്യന്തരമന്ത്രി പി. റ്റി. ചാക്കോ പറഞ്ഞത് ആ ഭൂമി ഫാറൂഖ് കോളേജിന്റെ വകയാണ് എന്നാണ്, വഖഫ് ഭൂമിയാണ് എന്നല്ല.

വഖഫ് പ്രതികൂല വാദഗതികൾ

വഖഫിന് അനുകൂലമായി മേൽപറഞ്ഞ മൂന്നു വാദങ്ങളാണ് നിലവിലുള്ളത്. എന്നാൽ മുനമ്പം വഖഫല്ല എന്നു തെളിയിക്കാൻ അഞ്ചു വാദങ്ങളെങ്കിലും നിലവിലുണ്ട്. അവ നമുക്ക് ഇനി പരിശോധിക്കാം.

a) ഒരു വസ്തു വഖഫാണോ അല്ലയോ എന്ന് തീരുമാനിക്കുമ്പോൾ ആദ്യമായി പരിഗണിക്കേണ്ട വിഷയം വഖഫുണ്ടാക്കി എന്ന് പറയുന്ന വ്യക്തിക്ക് (വാഖിഫ്) വഖഫായി പ്രഖ്യാപിച്ച വസ്തുവിൽ പരിപൂർണ്ണ ഉടമസ്ഥത ഉണ്ടായിരുന്നോ എന്ന കാര്യമാണ്. അതിന്റെ അടിസ്ഥാനത്തിലാണ് 1950 നവംബർ ഒന്നാം തീയതി സിദ്ദിഖ് സേട്ടു ഫറൂഖ് കോളേജ് മാനേജിംഗ് കമ്മിറ്റിയുടെപേരിൽ രജിസ്റ്റർ ചെയ്ത 2115-ാം നമ്പർ ആധാരം പരിശോധിക്കപ്പെടേണ്ടത്.

സിദ്ദിഖ് സേട്ടു വഖഫായി പ്രഖ്യാപിച്ചു എന്ന് വഖഫ് ബോർഡ് അവകാശപ്പെടുന്ന വസ്തു മുനമ്പത്തെ (1947 ലെ) മുൻ സർവ്വേ 1/18 ലെയും 8/18 മുതൽ 17/18 വരെയും 19/18 മുതൽ 24/18 വരെയും 27/18 മുതൽ 40/18 വരെയും 42/18 മുതൽ 46/18 വരെയും ഉൾപ്പെട്ട വസ്തുക്കളും കൂടാതെ, പണ്ടാരവക വെറുംപാട്ടം പൊയിൽ നികത്തുപുരയിടങ്ങളും പൊയിലും ആണ്. ഇതെങ്ങനെ സിദ്ദിഖ് സേട്ടുവിന് ലഭിച്ചു എന്നും അതിൽ പരിപൂർണ്ണ ഉടമസ്ഥാവകാശം 1950 നവംബർ ഒന്നിന് അദ്ദേഹത്തിനുണ്ടായിരുന്നോ എന്നും പരിശോധിക്കേണ്ടതുണ്ട്. ഇക്കാര്യത്തിൽ അതിസൂക്ഷ്മമായ അന്വേഷണവും പഠനവുമാണ് ശ്രീ. സ്റ്റാലിൻ ദേവൻ നടത്തിയിട്ടുള്ളത്.

ആറു വയസ്സുള്ള ഏകമകൾ ആമിനയെ മാത്രം അവശേഷിപ്പിച്ച് ബാപ്പ മൂസ അബ്ദുൾ കരീം സേട്ടു 1945 മേടം ആറിന് മരണപ്പെട്ടപ്പോൾ അദ്ദേഹത്തിന്റെ പേരിലുണ്ടായിരുന്ന വസ്തുവകകളുടെ റിസീവർ ആയി 1946 ൽ കോടതി നിയോഗിച്ച ആളാണ് സിദ്ദീഖ് സേട്ടു എന്ന് 1947 (1122) കർക്കിടകമാസം  പന്ത്രണ്ടാം തീയതി രജിസ്റ്റർ ചെയ്യപ്പെട്ട ഭാഗപത്രത്തിൽ കാണുന്നു. അതിൽ പറയുന്ന വസ്തുക്കളിൽ ഒരു ഭാഗമാണ് 1950 ലെ ആധാരത്തിൽ ഉൾപ്പെട്ടിട്ടുള്ളത്. അത്തരമൊരു വസ്തു, കുട്ടി മൈനർ ആയിരിക്കുമ്പോൾതന്നെ (11 വയസ്സ്) വഖഫാക്കാൻ സിദ്ധിഖ് സേട്ടുവിന് ശരി-അത്ത് നിയമപ്രകാരവും മറ്റ് സെക്കുലർ നിയമപ്രകാരവും കഴിയുമോ എന്ന ചോദ്യമാണ് മുനമ്പം വഖഫ് വിഷയത്തിന്റെ ഗതിതന്നെ മാറ്റിമറിക്കുന്നത്.

ശരി-അത്ത് നിയമപ്രകാരം ഒരു വ്യക്തി മരണപ്പെട്ടാൽ അയാളുടെ വസ്തുക്കളിൽ ആദ്യ അവകാശികൾ ഭാര്യ, കുട്ടികൾ, മാതാപിതാക്കൾ എന്നിവരാണ്. മൂസാ സേട്ടു മരണപ്പെട്ടത് ഉദ്ദേശം മുപ്പതാം വയസ്സിലാണ്. അദ്ദേഹത്തിന്റെ മാതാപിതാക്കളും ഭാര്യയും അന്ന് ജീവിച്ചിരുന്നു. എന്നാൽ മൂസയുടെ മരണാനന്തരം അദ്ദേഹത്തിന്റെ സ്വത്തുക്കളുമായി ബന്ധപ്പെട്ട് 1947 ൽ നടന്ന ഭാഗപത്രത്തിൽനിന്നും താഴെപ്പറയുന്ന കാര്യങ്ങൾ വെളിവാകുന്നു: മൂസയുടെ നാലു സഹോദരിമാർതമ്മിൽ ടി വസ്തുവിന്റെ അവകാശം സംബന്ധിച്ച് എറണാകുളം അഞ്ചികൈമൾ ഡിസ്ട്രിക്ട് കോർട്ടിൽ വ്യവഹാരങ്ങൾ നിലനിന്നിരുന്നു; മുഴുവൻ വസ്തുക്കളും കോടതി നിയമിച്ച സിദ്ദിഖ് സേട്ടുവിൽ നിക്ഷിപ്തമായിരുന്നു; മൈനറായ ആമിനയുടെ സംരക്ഷണത്തിനായി അദ്ദേഹത്തെത്തന്നെ നിയമിച്ചിരുന്നു. ഭാഗപത്രത്തിൽ മൂസയുടെ ഭാര്യയോ, മാതാപിതാക്കളോ കക്ഷികളായിരുന്നില്ല എന്നുമാത്രമല്ല, അവരെക്കുറിച്ച് ഒരു പരാമർശം പോലുമില്ല.

ആമിനയുടെ റിസീവറും ഗാർഡിയനുമായി ഒരു കോടതി നിയോഗിച്ചു എന്നു പറയപ്പെടുന്ന (കോടതി ഉത്തരവിന്റെ വിശദാംശങ്ങൾ ഭാഗപത്രത്തിലില്ല) സിദ്ദിഖ് സേട്ടുവും മൂസയുടെ സഹോദരിമാരായ മറിയം ബായി, ജിംബു ബായി, ഫാത്തിമാ ബായി, റുക്കു ബായി എന്നിവർ ചേർന്ന് 1947 കർക്കിടകം 12 ന് 70-ാം നമ്പരായി ഭാഗപത്രം നടത്തിയപ്പോൾ മൈനറായ ആമിനയ്ക്ക് പട്ടിക തിരിച്ച് ഭാഗം നൽകിയിരുന്നില്ല. എന്നാൽ ജിംബു ബായിക്ക് നൂറുകണക്കിന് ഏക്കർ ലഭിച്ചു. അതിൽ ഒരു ഭാഗമാണ് മുനമ്പത്തെ വിവാദവസ്തു. ജിംബു ബായി തനിക്ക് ഭാഗാധാരപ്രകാരം ലഭിച്ച വസ്തുക്കളിൽനിന്നും 404.76 ഏക്കർ വസ്തു സിദ്ദിഖ് സേട്ടുവിന് 1948-ൽ 875-ാം നമ്പർ തീറാധാരമായി കൊടുത്തു എന്നാണ് രേഖ.

ആമിന മൈനർ ആയിരിക്കെ ബാപ്പ മൂസയുടെ സ്വത്ത് ജംബു ബായിക്കും ഫാത്തിമാ ബായിക്കുമായി വീതിച്ചുനൽകി എന്നാണ് ഭാഗാധാരത്തിൽ കാണുന്നത്. അതിൽനിന്നും ഒരു ഭാഗമാണ് (മുനമ്പം) ജംബുഭായി സിദ്ദിഖ് സേട്ടുവിന് വിറ്റതെന്ന് തീറാധാരത്തിൽ കാണുന്നു. കുട്ടി പ്രായപൂർത്തിയാകുമ്പോൾ ഭാഗാധാരം ചോദ്യം ചെയ്യാനുള്ള അവകാശം അവൾക്ക് ഉണ്ടായിരിക്കെ, എന്നന്നേക്കുമായി അതു വഖഫ്  ചെയ്യാൻ 1950 ൽ സിദ്ദിഖ് സേട്ടുവിന് ഒരു കാരണവശാലും സാധിക്കുമായിരുന്നില്ലല്ലോ. ഇതിനാണ് ഇസ്‌ലാം മതപണ്ഡിതർ, വഖഫ് ബോർഡ്, സർക്കാർ എന്നിവർ മറുപടി പറയേണ്ടത്.

b) വഖഫ് നിയമത്തിന്റെ നാലാം വകുപ്പുപ്രകാരം ഒരു വസ്തു വഖഫ് ആയി പ്രഖ്യാപിക്കുന്നതിനുമുമ്പ് സർവേ കമ്മീഷണർ സർവേ നടത്തേണ്ടതുണ്ട്. അത്  നടത്താതിരുന്നാൽ വഖഫ് പ്രഖ്യാപനം അസാധുവായിരിക്കും എന്നാരു വിധി സുപ്രീം കോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട് (cf. 2023 KHC OnLine 6590). 2009 ലെ വഖഫ് പ്രഖ്യാപനത്തിനുമുമ്പോ, പിമ്പോ മുനമ്പം ഭൂമി സർവേയ്ക്കു വിധേയമായിട്ടില്ല എന്നതിന് മുനമ്പത്തെ നാട്ടുകാർതന്നെ സാക്ഷി. സർവേ നടത്തി അതിരുകൾ തിരിച്ചല്ലാതെ എങ്ങനെയാണ് വഖഫ് ബോർഡിന് ഭൂമി വഖഫായി പ്രഖ്യാപിക്കാൻ കഴിഞ്ഞത്.

ഇതിനുപിന്നിൽ ആരും ഇതുവരെ പരാമർശിക്കാത്ത, എന്നാൽ പഴമക്കാർക്കെല്ലാം അറിയാവുന്ന ഒരു യാഥാർഥ്യമുണ്ട്. വടക്കേക്കര വില്ലേജിൽ 18/1 ആയി കൊടുത്തിരിക്കുന്ന 404.76 ഏക്കർ ഭൂമി പുറമ്പോക്കു കനാലിന്റെ പടിഞ്ഞാറുവശത്താണെന്ന് 1971 ലെ സബ് കോടതി വിധിപ്പകർപ്പിന്റെ ആദ്യ പേജിൽതന്നെ കാണാം. പുറമ്പോക്കു കനാലിനു പടിഞ്ഞാറുവശത്ത് 60 ഏക്കർ വെള്ളവും 114 ഏക്കർ ഭൂമിയും ഇന്ന് നിലവിലുണ്ട്. ബാക്കിയുള്ള 250 ഏക്കറോളം ഭൂമി കടലെടുത്തുപോയി എന്നതാണ് വസ്തുത. അതായത്, സിദ്ദീഖ് സേട്ടു ഫാറൂഖ് കോളേജിനു കൊടുത്ത ഭൂമി കിഴക്കുപടിഞ്ഞാറായാണ് കിടക്കുന്നത്. ഇത് പഴയ തിരുവതാംകൂർ രാജ്യത്തിന്റെ ഭാഗവുമാണ്. എന്നാൽ, 2003 ഒക്ടോബർ 17-ാം തീയതി പരസ്യപ്പെടുത്തിയിട്ടുള്ള റീസർവേ വിവരമനുസരിച്ച് ബ്ലോക്ക് ഒന്നിന്റെ കിടപ്പ് തെക്കുവടക്കായിട്ടാണ്. അതായത്, 404.76 ഏക്കർ പഴയ കൊച്ചിരാജ്യത്തിലും പഴയ തിരുവതാംകൂർ രാജ്യത്തിലുമായി വ്യാപിച്ചുകിടക്കുന്നതായിട്ടാണ്. ഇത് വലിയ ഒരു മറിമായമാണ്. ഞാൻ മനസ്സിലാക്കുന്നതനുസരിച്ച്, അഡ്വ. എം. വി. പോളും ഫാറൂഖ് കോളേജും ചേർന്നുനടത്തിയ ഒരു മഹാദ്ഭുതമാണിത്. കടലെടുത്ത ഭൂമിക്കുപകരം സർക്കാർവക ഭൂമി ഫാറൂഖ് കോളേജിന്റെ സ്വന്തമായ മാറിയ ഈ മാജിക്ക് ഇപ്പോൾ സർക്കാർരേഖകളിലും കാണാം. ഇതിൽ ഭരണകൂടത്തിന്റെയും രാഷ്ട്രീയപ്രസ്ഥാനങ്ങളുടെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയുമെല്ലാം കള്ളക്കളി നടന്നിട്ടുണ്ട് എന്ന വസ്തുത അന്വേഷണവിധേയമാക്കേണ്ടതാണ്.

c) 1950-ലെ ഡീഡിൽ ഫാറൂഖ് കോളേജിന് ക്രയവിക്രയ സർവസ്വാതന്ത്ര്യമുണ്ട് എന്ന് എഴുതിവച്ചിട്ടുണ്ടല്ലോ. എങ്കിൽ ആ ഡീഡ് എങ്ങനെ വഖഫ് ഡീഡാകും?

d) ഫാറൂഖ് കോളേജ് നിലച്ചുപോവുകയോ, മുസ്ലീം സമുദായത്തിന്റെ വിദ്യാഭ്യാസ ഉന്നതി എന്ന ലക്ഷ്യത്തിനായി ഭൂമി ഉപയോഗിക്കാതിരിക്കുകയോ ചെയ്താൽ വസ്തു തന്റെ പിൻഗാമികളിലേക്ക് തിരികെയെത്തണം എന്ന് ഡീഡിൽ കാണുന്നുണ്ടല്ലോ. അങ്ങനെ വ്യവസ്ഥ വച്ചാൽ അത് എങ്ങനെ ഒരു വഖഫ് ആകും?

e) ഒരു ലക്ഷം ഉറുപ്പിക വില നിശ്ചയിച്ചായിരുന്നു സിദ്ദിഖ് സേട്ടു ഭൂമി ഫാറൂഖ് കോളേജിനു നൽകിയത് എന്ന് കോഴിക്കോട് സർവകലാശാല വൈസ് ചാൻസലർ, ഫാറൂഖ് കോളേജ് പ്രിൻസിപ്പാൾ, വഖഫ് ബോർഡ് ചെയർമാൻ എന്നിങ്ങനെ വിവിധ തസ്തികകൾ വഹിച്ചിരുന്ന പ്രൊഫ. കെ. എ. ജലീൽ 2001 ൽ രചിച്ച ‘തിരിഞ്ഞുനോക്കുമ്പോൾ’ എന്ന തന്റെ ആത്മകഥയിൽ എഴുതിവച്ചിട്ടുണ്ടല്ലോ (അധ്യായം 18; പേജ് 109). പണം വാങ്ങി വിറ്റത് എങ്ങനെ വഖഫ് ഭൂമിയാകും?

നീതി ഉറപ്പാക്കുന്ന ഭേദഗതി അനിവാര്യം

ഇത്തരം വാദപ്രതിവാദങ്ങൾ ഗൗരവമായി പരിശോധിക്കാൻ നിലവിൽ സ്വതന്ത്രസംവിധാനങ്ങളില്ല എന്നതാണ് ഇന്നത്തെ ദുരന്തം. വഖഫ് ട്രൈബ്യൂണലിൽ വഖഫ് വിരുദ്ധവാദങ്ങൾക്ക് പിന്തുണ ലഭിക്കില്ല എന്ന ഭയം അടിസ്ഥാനരഹിതമല്ല. സർക്കാർ നിയോഗിച്ചിരിക്കുന്ന ജുഡീഷ്യൽ കമ്മീഷന്റെ പരിഗണനാവിഷയമായി ഇത് വന്നതായി കാണുന്നില്ല. ഈ വാദഗതികളെ പരിശോധിക്കാതെയുള്ള അന്വേഷണം തീർച്ചയായും അപൂർണ്ണമായിരിക്കും. എന്നാൽ, അത് നടന്നാൽതന്നെയും ഈ വിഷയത്തിന്റെ പാൻ-ഇന്ത്യൻ സ്വഭാവം മറക്കാനാവില്ലല്ലോ. മുനമ്പം പോലുള്ള അനുഭവങ്ങളും വഖഫ് അസെറ്റ് മാനേജ്മെന്റ് സിസ്റ്റം ഓഫ് ഇന്ത്യ എന്ന വഖഫ് കൗൺസിലിന്റെ പോർട്ടൽ വെളിവാക്കുന്ന അധിവേശ ബാഹുല്യവും മൂലം പൗരന്മാർക്ക് ഇന്നുണ്ടായിട്ടുള്ള ഭയം നീങ്ങിപ്പോകാനും ഭരണഘടന നൽകുന്ന നീതിയും സ്വാതന്ത്ര്യവും സമത്വവും സാഹോദര്യവും ഉറപ്പുവരുത്താനും വഖഫ് ആക്ട് ഭേദഗതി ചെയ്യുക എന്നത് അനിവാര്യമാണ്. അങ്ങനെയേ ഇന്ത്യൻ മതേതരത്വവും ജനാധിപത്യവും സംരക്ഷിക്കപ്പെടുകയുള്ളൂ.

ഫാ. ജോഷി മയ്യാറ്റിൽ
കടപ്പാട്: ശ്രീ. സ്റ്റാലിൻ ദേവൻ

LEAVE A REPLY

Please enter your comment!
Please enter your name here

Latest News